Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌ന സുരേഷിന്റെ പെരുമാറ്റം അടിമുടി ദുരൂഹം; ചോദ്യം ചെയ്യാൻ പലവട്ടം വിളിച്ചിട്ടും വരാതെ ഒഴിഞ്ഞുമാറി; ഒടുവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; സ്വപ്‌നയും സരിത്തും സന്ദീപ് നായരും രാജ്യാന്തര സ്വർണക്കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികൾ; മൂവർ സംഘത്തിന്റെ കള്ളക്കടത്ത് തീവ്രവാദപ്രവർത്തനങ്ങൾക്കെന്നും സംശയം; ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് കള്ളക്കടത്തെന്നും കേന്ദ്രസർക്കാർ; യുഎപിഎ ചുമത്തിയതോടെ കേസിൽ ജാമ്യത്തിനും വഴി അടഞ്ഞു

സ്വപ്‌ന സുരേഷിന്റെ പെരുമാറ്റം അടിമുടി ദുരൂഹം; ചോദ്യം ചെയ്യാൻ പലവട്ടം വിളിച്ചിട്ടും വരാതെ ഒഴിഞ്ഞുമാറി; ഒടുവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; സ്വപ്‌നയും സരിത്തും സന്ദീപ് നായരും രാജ്യാന്തര സ്വർണക്കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികൾ; മൂവർ സംഘത്തിന്റെ കള്ളക്കടത്ത് തീവ്രവാദപ്രവർത്തനങ്ങൾക്കെന്നും സംശയം; ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് കള്ളക്കടത്തെന്നും കേന്ദ്രസർക്കാർ; യുഎപിഎ ചുമത്തിയതോടെ കേസിൽ ജാമ്യത്തിനും വഴി അടഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്കെന്നും ഒളിവിൽ പോയ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യേണ്ടത് കേസിൽ നിർണായകമെന്നും കേന്ദ്ര സർക്കാർ. സ്വപ്‌ന, സരിത്ത്, സന്ദീപ് നായർ എന്നീ മൂവർ സംഘം രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികളാണ്. പ്രതികളിൽ സ്വപ്‌നയുടെ പെരുമാറ്റം ദുരൂഹമാണ്. പലവട്ടം കസ്റ്റംസ് വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും വന്നില്ല. ഫോൺ ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.

സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. സന്ദീപിന്റെ ഭാര്യയുടെ മൊഴി പരിശോധിച്ചാൽ സ്വപ്ന സ്വർണകള്ളക്കടത്തിൽ പ്രതിയാണെന്ന് വ്യക്തമാവും. പ്രതി സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാർജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കോടതിയെ അറിയിച്ചു. അഡ്വക്കറ്റ് രവിപ്രകാശ് ആണ് കേന്ദ്രത്തിനു വേണ്ടി ഹാജരായത്. മറ്റു കള്ളക്കടത്ത് സംഘങ്ങൾക്ക് വേണ്ടിയാകാം ഇവർ പ്രവർത്തിച്ചത്. ഇതിന് മുൻപും സ്വപ്ന സുരേഷ് കള്ളക്കടത്തിന് കൂട്ടു നിന്നിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാൻ കഴിയില്ലെന്നും സ്വപ്നയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ കള്ളക്കടത്ത്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യം അറിയൂ. സൗഹൃദത്തിലുള്ള രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്നതാണ് ഈ കള്ളക്കടത്ത്. അതുകൊണ്ട് ഈ രാജ്യാന്തര കള്ളക്കടത്തിനെ നിസാരമായി കാണാൻ സാധിക്കില്ല. കള്ളക്കടത്തിൽ സരിത്തിന്റെ പങ്കും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.കാർഗോ വിട്ടുകിട്ടാൻ സരിത്ത് നേരിട്ടാണ് പണം അടച്ചത്. സാധാരണയായി കോൺസുലേറ്റ് ഓൺലൈൻ മുഖേന പണം അടച്ചാണ് കാർഗോ വാങ്ങാറ്. ഇവിടെ സരിത്ത് സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്താണ് അടച്ചത്. ഇത് ചട്ടവിരുദ്ധമാണ്.
.
ഇതിനു പുറമേ എൻ ഐ എ കേസന്വേഷണം ഏറ്റെടുത്തതിനാൽ ഇനിയുള്ള നടപടികൾക്കായി ഹൈക്കോടതി കേസ് കേൾക്കരുതെന്നും എൻ ഐ എ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ യുഎപിഎയുടെ 43ഡി വകുപ്പു പ്രകാരം മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കരുതെന്നും എൻഐഎ ആവശ്യപ്പെട്ടു. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്ന് കേന്ദ്ര അഭിഭാഷകൻ പറഞ്ഞു. പി.ആർ. സരിത്, സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവർ സ്വർണക്കടത്തിൽ ഇടപെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടിയെടുത്തിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്്.

കഴിഞ്ഞ ആറുമാസത്തിനിടെ എട്ടു ബാഗേജുകൾ എത്തിയെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ബാഗേജ് എടുക്കാൻ സരിത് വരുന്നത് സ്വന്തം കാറിലാണ്. സാധാരണയായി കോൺസുലേറ്റിന് വരുന്ന ബാഗേജുകൾ വാങ്ങാൻ കോൺസുലേറ്റിന്റെ തന്നെ വാഹനങ്ങളാണ് വരാറ്. ബാഗേജ് വാങ്ങിയ ശേഷം സരിത്ത് കാറുമായി പേരൂർക്കട ഭാഗത്തേയ്ക്കാണ് പോകാറ്. സ്വർണം കൈമാറിയ ശേഷം കോൺസുലേറ്റിലേക്ക് തിരികെ വരുമെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.

അതിനാൽ പേരൂർക്കട ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് പൊലീസിനോട് തേടിയിട്ടുണ്ട്. ഇതിലൂടെ കള്ളക്കടത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് കസ്റ്റംസ് കരുതുന്നത്. നിലവിൽ സരിത്തിനൊപ്പം ഇരുത്തി കാർഗോ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഹരിരാജനെയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ബാഗേജ് പിടിച്ചുവച്ച 30 ന് ഇത് വിട്ടുതരാൻ ആവശ്യപ്പെട്ട്ഹരിരാജൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതായി കസ്റ്റംസ് പറയുന്നു. ഉടൻ തന്നെ ബാഗേജ് വിട്ടുതരണമെന്ന ഹരിരാജന്റെ ആവശ്യം അസാധാരണ നടപടിയായാണ് കസ്റ്റംസ് കാണുന്നത്. അതിനാൽ ഇരുവരെയും ഒരുമിച്ച് നിർത്തി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ.

സ്വർണക്കടത്തിൽ പങ്കില്ലെന്നും യു.എ.ഇ. കോൺസുലേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹർജിയിൽ സ്വപ്നയുടെ വാദം. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസായതിനാൽ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോൺസുലേറ്റിന്റെമേൽ കുറ്റങ്ങൾ ചാരാനുള്ള നീക്കം നടത്തുന്നത്. ഇതിനിടെയാണ് എൻഐഎ രാജ്യ ദ്രോഹ കുറ്റവുമായി എത്തുന്നത്. ഇതോടെ കേസിന് പുതിയ മാനം വന്നു. സംസ്ഥാന സർക്കാരിലും അന്വേഷണം നീണ്ടേക്കും. അങ്ങനെ വന്നാൽ മുൻ ഐടി സെക്രട്ടറി ശിവശങ്കർ അടക്കമുള്ളവർ കുടുങ്ങാൻ സാധ്യതയുണ്ട്. അതിൽ എല്ലാം ഉപരി സിപിഎമ്മിലെ പ്രധാന നേതാവിന്റെ മകനാണ് സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നതെന്ന വാദവും ശക്തമാണ്. അതും പിടിക്കപ്പെട്ടാൽ സിപിഎമ്മും സർക്കാരും പ്രതിരോധത്തിലാകും.

മുഖ്യമന്ത്രി, സ്പീക്കർ, മറ്റു മന്ത്രിമാർ തുടങ്ങിയ പ്രമുഖരെ ആരെയും തനിക്ക് അടുത്തറിയില്ലെന്ന് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ പറഞ്ഞിരുന്നു. വിവാദങ്ങൾക്ക് ഇപ്പോഴത്തെ മന്ത്രിസഭയെ ഒന്നും ചെയ്യാൻ കഴിയില്ല. മന്ത്രിസഭയെ ഇൻവെസ്റ്റിഗേറ്റ് ചെയ്യുന്നവർ തോറ്റുപോകും. എന്റെ പിറകിൽ ഒരു മുഖ്യമന്ത്രിയോ ഐടി സെക്രട്ടറിയോ ഇല്ല-ഇതായിരുന്നു ശബ്ദ രേഖയുടെ കാതൽ. വിടാതെ പിന്തുടർന്നാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. തനിക്കെതിരെ എഫ് ഐ ആർ ഇല്ലെന്നും പറഞ്ഞു. ട്വന്റി ഫോറിലായിരുന്നു ഈ ശബ്ദം ആദ്യമെത്തിയത്. അതിന് ശേഷം മറ്റ് ചാനലുകളിലും. ഇതെല്ലാം മുഖ്യമന്ത്രിയേയും മറ്റും രക്ഷിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു.

ഈ നീക്കമാണ് എൻ എ ഐയുടെ ഉറച്ച നിലപാടോടെ പൊളിയുന്നത്. അതിശക്തമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ കേസിൽ എൻ ഐ എ നടത്തും. ആർക്കു വേണ്ടിയാണ് സ്വർണം കൊണ്ടു വന്നതെന്ന് വെളിപ്പെടുത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയാണ്. അത് സർക്കാരിനും തലവേദനയായി മാറും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP