Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടാപ്പിങ്ങുകാരൻ വേലായുധൻ സ്വാമിയുടെ ശിഷ്യർ റിട്ടയേർഡ് ഐജിയും സിനിമ താരങ്ങളും; ഉണ്ണി സ്വാമിക്കു വേണ്ടി കിണ്ടി കമിഴ്‌ത്താൻ സി.പി.എം നേതാവ്; ട്രാവൽസും റിയൽ എസ്റ്റേറ്റ് ബിസിനസുമുള്ള തലയിൽ ശിവലിംഗമുള്ള എക്‌സ്‌റേ സ്വാമിയും പട്ടണക്കാട്ടെ ദിവ്യൻ; ദൈവത്തിന്റെ സ്വന്തം നാട്ടിൽ സംഭവിക്കുന്നത് എന്ത്?

ടാപ്പിങ്ങുകാരൻ വേലായുധൻ സ്വാമിയുടെ ശിഷ്യർ റിട്ടയേർഡ് ഐജിയും സിനിമ താരങ്ങളും; ഉണ്ണി സ്വാമിക്കു വേണ്ടി കിണ്ടി കമിഴ്‌ത്താൻ സി.പി.എം നേതാവ്; ട്രാവൽസും റിയൽ എസ്റ്റേറ്റ് ബിസിനസുമുള്ള തലയിൽ ശിവലിംഗമുള്ള എക്‌സ്‌റേ സ്വാമിയും പട്ടണക്കാട്ടെ ദിവ്യൻ; ദൈവത്തിന്റെ സ്വന്തം നാട്ടിൽ സംഭവിക്കുന്നത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ടാപ്പിങ്ങുകാരനായ വേലായുധൻ, വേലായുധൻ സ്വാമിയായപ്പോൾ ശിഷ്യർ റിട്ടയേർഡ് ഐജിയും സിനിമ താരങ്ങളും. മലപ്പുറത്തെ കോൺഗ്രസുകാരനായിരുന്ന ഉണ്ണിദൈവത്തിന്റെ വിശ്വാസികളിൽ ഇപ്പോൾ കൂടുതലും സി.പി.എം നേതാക്കൾ. പട്ടണക്കാട് മേനാശേരിയിലെ സ്വാമിയുടെ തലയുടെ എക്സ്റേ എടുത്തപ്പോൾ തെളിഞ്ഞതു ശിവലിംഗമാണത്രേ. അന്ന് മുതൽ ശിവലിംഗ സ്വാമിയും കളത്തിലിറങ്ങി.

ഡിവൈഎഫ്‌ഐ യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ആൾ ദൈവങ്ങൾക്കെതിരെ സമരം നടത്തുന്നത് കാണാറുണ്ട്. എന്നാൽ ഈ ആൾദൈവങ്ങളുടെ പ്രധാന ശിഷ്യന്മാർ ഈ പാർട്ടികളിലെയൊക്കെ നേതാക്കളുമാണ്. അതുകൊണ്ട് തന്നെ സമരങ്ങൾക്കെല്ലാം അത്രക്കുള്ള ശക്തിയെ ഉള്ളുതാനും. ഇലക്ഷൻ അടുക്കുമ്പോൾ രാഷ്ട്രീയക്കാരുടെയും സിനിമ റിലീസിന് മുൻപായി സിനിമ താരങ്ങളുടെയും തിരക്കാണ് ഈ സ്വാമിമാരുടെ ആശ്രമത്തിൽ.

ടാപ്പിങ്ങുകാരൻ വേലായുധൻ എങ്ങനെ വേലായുധൻ സാമിയായതെന്നും ഇത്രയും ശിഷ്യ സമ്പത്ത് ഉണ്ടാകാനുള്ള കാരണവും എന്താണെന്ന് അറഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെട്ടുപോകും. റബർ ടാപ്പിങ്ങായിരുന്നു മലപ്പുറം വൈലാശേരിയിലെ വേലായുധന്റെ പണി. ആദ്യകാലങ്ങളിൽ നിലമ്പൂരിൽ മദ്യവിൽപനയുമുണ്ടായിരുന്നു. ഒരു ദിവസം പുലർച്ചെ ടാപ്പിങിനിടെയാണത്രേ വേലായുധന്റെ ദേഹത്തു ദേവി കയറിയത്, ഇത് മറ്റാരും കണ്ടിട്ടില്ല പറഞ്ഞതു വേലായുധൻ തന്നെ. ഉറഞ്ഞുതുള്ളിയ വേലായുധൻ പിന്നെ വേലായുധൻ സ്വാമിയായാണ് നാടൊട്ടുക്കും ഭക്തരെ സൃഷ്ടിച്ചത്.

രാത്രിയായാൽ സെലിബ്രിറ്റീസിന് മാത്രമെ സ്വാമിയെ കാണാൻ അനുവാദമുള്ളു. പാർട്ടിക്കാർക്ക് രാത്രി മാത്രമെ വരാൻ സാധിക്കുകയുള്ളു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പാർലമെന്റംഗങ്ങളും സിനിമാ താരങ്ങളും റിട്ടയേർഡ് ഐ.ജിയും അടക്കമുള്ളവർ ഇയാളുടെ ശിഷ്യരണ്. അതുകൊണ്ട് തന്നെയാണ് സ്വാമിക്ക് ഇത്രയധികം മാർക്കറ്റും. ആൾെദെവങ്ങൾക്കുനേരെ ഡി.െവെ.എഫ്.ഐ. നടത്തിയ മാർച്ച് സ്വാമിക്കെതിരേയും സംഘടിപ്പിച്ചിരുന്നു. പക്ഷേ മാർച്ച് ഉദ്ഘാടനം ചെയ്ത് അന്നത്തെ ഡി.െവെ.എഫ്.ഐ ജില്ലാ നേതാവിന് ഹൃദയാഘാതം വന്നതോടെ 'സ്വാമി കോപം' പേടിച്ച് ഡിവൈഎഫ്ഐക്കാരെ പിന്നീട് അത് വഴി കണ്ടിട്ടില്ല.

രാഷ്ട്രീയക്കാർക്കും സംഘടനകൾക്കും കെയയച്ചു സംഭാവന നൽകുന്നതിലും മുന്നിലാണു സ്വാമി. അതുകൊണ്ടു എല്ലാ പാർട്ടികളിലെ നേതാക്കൾക്കും സ്വാമിയെ തൊടാൻ അൽപം പേടിയുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടിക്കടുത്താണു വേലായുധൻ സാമിയുടെ കാളിമുത്തപ്പൻ ക്ഷേത്രം. ആഭരണങ്ങളും അലങ്കാരങ്ങളുമണിഞ്ഞ് ഉറഞ്ഞുതുള്ളി വേലായുധൻ സ്വാമി വെളിപാടു പറയും, ദോഷപരിഹാര ക്രിയകളും നടത്തും.

ഇലക്ഷൻ അടുക്കുമ്പോൾ രാഷ്ട്രീയക്കാരുടെയും സിനിമ റിലീസിന് മുൻപായി സിനിമ താരങ്ങളുടെയും തിരക്കാണ് ഈ സ്വാമിയുടെ ആശ്രമത്തിൽ. മദ്യവും കോഴിയുമാണ് പ്രധാന വഴിപാട്. വൈലാശേരി ക്ഷേത്രത്തിലെ പൂരത്തിനു കാളിമുത്തപ്പനായാണ് വേലായുധ സ്വാമി ദർശനം നൽകുന്നത്. ഇരുപത് ആന ഉത്സവത്തിനുണ്ടാകും. വേലായുധൻസ്വാമിക്ക് സ്വന്തമായി രണ്ട് ആനകളുണ്ട്.

മലപ്പുറത്തെ ഉണ്ണിസ്വാമി എല്ലാ പാർട്ടിക്കാരുടെയും സ്വന്തം സ്വാമിയാണ്. മലപ്പുറം കാളികാവിലെ ഉണ്ണിസ്വാമി വേലായുധൻ സ്വാമിയുടെ ശിഷ്യനായിരുന്നു. പിന്നീടു ഗുരുവുമായി തെറ്റി സ്വതന്ത്ര ആൾെദെവമായി. ആൾ പഴയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. പക്ഷേ വിശ്വാസികളിൽ സി.പി.എം. നേതാക്കൾ വരെയുണ്ടെന്നാണ് പറയുന്നത്. കണ്ണൂരിൽ സി.പി.എം നേതാവ് കടുത്ത മത്സരം നേരിട്ടപ്പോൾ പാതിരാത്രി ഉണ്ണിസ്വാമിയുടെ അരികിലെത്തി മഞ്ഞൾ അഭിഷേകവും സ്വർണക്കിണ്ടി സമർപ്പണവും നടത്തിയാണ് നേതാവ് വിശ്വാസം തെളിയിച്ചത്.

കമ്മ്യൂണിസ്റ്റുകാരുടെ പാർട്ടി ദൈവമാണ് ഉണ്ണിയപ്പൻ എന്ന ഉണ്ണിസ്വാമി. കാളികാവ് പൂളക്കുന്നിൽ ശത്രുസംഹാരത്തിനായുള്ള കടുത്ത പ്രയോഗങ്ങളുമായാണ് ഉണ്ണി സ്വാമി വിഹരിക്കുന്നത്. മലപ്പുറം കരുളായിയിലെ ഭൂമിക്കുന്നിലെ ഉണ്ണിയപ്പൻ സ്വാമിയും പാർട്ടിക്കു വേണ്ടപ്പെട്ടയാളാണ്. നാടൊട്ടുക്ക് ആൾെദെവങ്ങളുടെ കേന്ദ്രങ്ങളിലേക്ക് ഡിവൈഎഫ്ഐ. മാർച്ച് നടത്തിയപ്പോൾ ഉണ്ണിയപ്പൻ സ്വാമി അറിഞ്ഞുപോലുമില്ല. ഉണ്ണിയപ്പന്റെ ഒരു മകൻ ബ്ലോക്ക് പഞ്ചായത്തംഗവും മകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്, അതും പാർട്ടി ടിക്കറ്റിൽ വിജയിച്ച്.

എക്‌സറെ പ്രതിഷ്ടയായിട്ടുള്ള പട്ടണക്കാട്ടെ എക്സ്റേ സ്വാമിക്കും വിശ്വാസികൾ ധാരാളമുണ്ട്. ആലപ്പുഴ ജില്ലയിൽ പട്ടണക്കാട് മേനാശേരിയിലെ സ്വാമിയുടെ തലയുടെ എക്സ്റേ എടുത്തപ്പോൾ തെളിഞ്ഞതു ശിവലിംഗമാണത്രേ. തലയിൽ ശിവലിംഗം വന്ന സ്വാമിക്കു ദെവമാകാനാണോ പാട്. സ്വന്തം വീടിന്റെ രണ്ടാംനില ശിവയോഗി സ്വാമി ക്ഷേത്രമാക്കി. പ്രതിഷ്ഠ സംശയംവേണ്ട, ആ എക്സ്റേ ഫിലിം തന്നെ.

ഭക്തർ പ്രതിഷ്ഠയായ എക്സ്റേ നോക്കി പ്രാർത്ഥിക്കണം. ഭക്തന്റെ സർവ്വ വ്യാധികളും തന്റെ തലയുടെ എക്സറേ ഫിലിമിൽ സമർപ്പിച്ചാൽ മോക്ഷമുണ്ടാകും എന്നാണ് സ്വാമി ഭക്തരെ ഉപദേശിക്കുന്നത്. ആയിരക്കണക്കിനാണു സ്വാമിയുടെ ഭക്തർ. ഇടയ്ക്കിടക്ക് ഭക്തരെ കെകൊണ്ട് അടിക്കും. അതാണു സ്വാമിയുടെ രീതി. ഭക്തരേറെയും ആലപ്പുഴ ജില്ലയ്ക്കു പുറത്താണ്. വളരെ തിരക്കുള്ള സ്വാമിയുടെ ദർശനം വേണമെങ്കിൽ മുൻകൂട്ടി അനുവാദം വേണം.

ഭക്തന്റെ വിവരശേഖരണത്തിലൊക്കെ സ്വാമി പക്കാ ആണ്. ഓരോ ഭക്തന്റെയും പൂർണവിവരങ്ങൾ തന്റെ രജിസ്റ്ററ്റിൽ കുറിച്ചുവച്ച് ഓരോരുത്തർക്കും രജിസ്റ്റർ നമ്പരും കൊടുത്തിട്ടുണ്ട്. ഫോണിലൂടെ സ്വാമിയോട് സംസാരിക്കുമ്പോൾ ഈ നമ്പർ നിർബന്ധമായും പറയണം. റിയൽ എസ്റ്റേറ്റ്, ട്രാവൽസ് എന്നീ ഇടപാടുകളും സ്വാമിക്കുണ്ട്. പണ്ട് കാഥികനായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

കേന്ദ്രസർക്കാരിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അച്യുതന്റെ മകൻ മൗനിബാബയായ കഥയും രസകരമാണ്. മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും മൗനിബാബ ശിഷ്യഗണങ്ങൾക്കും സഹചാരികൾക്കും മുന്നിൽ ചോദ്യചിഹ്നമാണ്. ബാബ മരിച്ചിട്ടില്ലെന്നുപോലും കരുതുന്നവരുണ്ട്. കണ്ണൂർ- കാസർഗോഡ് അതിർത്തിയിൽ ബാബയുടെ ആശ്രമമായ പ്രശാന്തി ദുരൂഹതകളെല്ലാം ഉള്ളിലൊളിപ്പിച്ച് നിലനിൽക്കുന്നു.

കേന്ദ്രസർക്കാരിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കണ്ണൂർ തായലവളപ്പിൽ അച്യുതന്റെ മകനാണ് പിൽക്കാലത്ത് മൗനിബാബ എന്നറിയപ്പെട്ടത്. പരവതാനി- രത്നക്കല്ല് കയറ്റുമതിക്കാരനായിരുന്ന കൃഷ്ണൻകുട്ടി എന്ന കൃഷ്ണാജി. ഇംഗ്ലണ്ടും അമേരിക്കയുമായിരുന്നു അദ്ദേഹത്തിന്റെ വ്യാപാര സാമ്രാജ്യം. ഷിർദിസായി ബാബയുടെ ശിഷ്യനായ മെഹർബാബയുടെ ശിഷ്യനായശേഷം 1960കളുടെ അവസാനം മുതൽ മൗനം വരിക്കുകയും ആംഗ്യഭാഷ ഉപയോഗിക്കുകയും ചെയ്തുപോന്ന കൃഷ്ണാജി പിന്നീട് മൗനീബാബയായി അറിയപ്പെടുകയായിരുന്നു.

ചെറുവത്തൂരിലെ കണ്ണാടിപ്പാറയിൽ പ്രശാന്തിനിലയം ഉൾപ്പെട്ട 34 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ബാബയുടെ ജീവിതം ഇപ്പോഴും ചർച്ചയാക്കുന്നത്. നിയമപ്രകാരം വിവാഹം ചെയ്തിരുന്നില്ലെങ്കിലും 1958മുതൽ ബാബയുടെ ഒപ്പമുണ്ടായിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ സാവിത്രിയമ്മയുടെ കെവശമാണ് ഈ സ്വത്തുക്കൾ. എന്നാൽ ട്രസ്റ്റ് രൂപവൽക്കരിച്ച് സ്ഥലം പൊതുഉപയോഗത്തിനായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2010ലാണ് ബാബ മരിച്ചത്. എന്നാൽ 2003ൽത്തന്നെ ഒസ്യത്ത് എഴുതിയിരുന്നെങ്കിലും രജിസ്റ്റർ ചെയ്തിരുന്നില്ല. അതേസമയം മൗനിബാബ രാജ്യാന്തരബന്ധമുള്ള വ്യക്തിയായതിനാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് നാട്ടിൽ നിലനിൽക്കുന്ന സംശയങ്ങൾ ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ആഭ്യന്തരവകുപ്പിനു പരാതിയും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP