Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭക്ഷണത്തിനും മദ്യപാനത്തിനും ഒരു പോലെ ഇണങ്ങുന്ന ഒരു പേര് തിരക്കിയപ്പോൾ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ലഭിച്ചു; ഡ്രൈഡേയായ മെയ് ദിനത്തിൽ പിറവിയെടുത്ത ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങളായത് 18 ലക്ഷം പേർ; സ്ത്രീ-പുരുഷ വേർതിരിവുകളില്ലാത്ത സമത്വസുന്ദരമായ ഗ്രൂപ്പ്; സൈബർ ലോകത്ത് വൈറലായ മദ്യപരുടെ സീക്രട്ട് ഗ്രൂപ്പിന്റെ കഥ മറുനാടനോട് തുറന്നു പറഞ്ഞ് വിനിതയും അജിത്തും ഉമേഷും

ഭക്ഷണത്തിനും മദ്യപാനത്തിനും ഒരു പോലെ ഇണങ്ങുന്ന ഒരു പേര് തിരക്കിയപ്പോൾ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ലഭിച്ചു; ഡ്രൈഡേയായ മെയ് ദിനത്തിൽ പിറവിയെടുത്ത ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങളായത് 18 ലക്ഷം പേർ; സ്ത്രീ-പുരുഷ വേർതിരിവുകളില്ലാത്ത സമത്വസുന്ദരമായ ഗ്രൂപ്പ്; സൈബർ ലോകത്ത് വൈറലായ മദ്യപരുടെ സീക്രട്ട് ഗ്രൂപ്പിന്റെ കഥ മറുനാടനോട് തുറന്നു പറഞ്ഞ് വിനിതയും അജിത്തും ഉമേഷും

അരുൺ ജയകുമാർ

കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വളരെ കുറവാണ്. പേര് കേൾക്കുമ്പോൾ കള്ളുകുടിക്കാനുള്ള പ്രോത്സാഹനം നൽകുന്ന കൂട്ടായ്മയാണ് എന്നൊക്കെ തോന്നുമെങ്കിലും സംഗതി അതല്ല. അതല്ലേ ഇത് എന്ന് ചോദിച്ചാൽ അത് തന്നെയാണ്. നല്ല ഭക്ഷണം നല്ല യാത്രകൾ പോകാൻ പറ്റിയ സ്ഥലങ്ങൾ അവിടെ നിന്ന് കിട്ടുന്ന സന്തോഷവും ഫീലുമൊക്കെ മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവർക്ക് പുതിയ സ്ഥലങ്ങൾ എക്സപ്ലോർ ചെയ്യാനുമൊക്കെ ഉള്ള ഒരു ഗൈഡ്ലൈനായി പ്രവർത്തിക്കുകയാണ് ജിഎൻപിസി എന്ന ഗ്രൂപ്പ്. നല്ല കള്ള് കുടി ശീലങ്ങൾ ഗ്രൂപ്പിലൂടെ ലഭ്യമാകും എന്ന് കുതി അടിച്ച് പാമ്പായി വഴിയിൽ കിടക്കുന്ന ചേട്ടന്മാരുടെ ഉത്തരവാദിത്വമൊന്നും ഗ്രൂപ്പ് ഏറ്റെടുക്കില്ല.

ഗ്രൂപ്പിന്റെ ലക്ഷ്യം. നല്ല മദ്യപാനവും, ഡ്രിൻക് മിക്‌സിംഗും, വിവിധ ഭക്ഷണ രീതികളും,യാത്രകളും, നല്ല ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെയ്ക്കുക്കാനൊരിടം, ഇതായിരുന്നു ഗ്രൂപ്പിന്റെ തുടക്കകാലത്തെ ലക്ഷ്യങ്ങൾ. പാവപ്പെട്ടവനും പണക്കാരനും തമ്മിൽ യാതൊരുവിധ വിത്യാസങ്ങളുമില്ലെന്നാണ് ജിഎൻപിസിയുടെ പ്രധാന സ ിശേഷത. സ്ത്രീകൾ പുരുഷന്മാർ എന്ന വേർതിരിവില്ലാതെ എല്ലാവരുടേയും പോസ്റ്റുകളെ ഒരുപോലെ ഗ്രൂപ്പ് അംഗങ്ങൾ ലൈക്കും കമന്റും ഇട്ട് പ്രോൽസാഹിപ്പിക്കുന്നുണ്ട്.രാഷ്ട്രീയം പറയാനോ ജില്ല തിരിച്ചുള്ള പ്രാദേശികവാദത്തിനോ ഗ്രൂപ്പിൽ സ്ഥാനമില്ലെന്നും തീരുമാനിച്ചതാണ്.

വളരെ കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് ഏറ്റവുമധികം അംഗങ്ങളുള്ള ലോകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഗ്രൂപ്പായി മാറിയ ജിഎൻപിസിയുടെ സ്ഥാപകൻ തിരുവനന്തപുരത്തെ ബിസിനസ്സ്മാനും ഫുഡ് വ്‌ളോഗറുമായ അജിത്ത് കുമാറാണ്. നിലവിൽ ലോകത്തിലെ ഏറ്റവുമധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ജിഎൻപിസിയാണ്. ഒരു കൗതുകത്തിന് തുടങ്ങിയ ഗ്രൂപ്പ് ഇന്ന് ഇത്രത്തോളം വളരുകയും അതിന്റെ പ്രവർത്തനങ്ങൾ ഏത് തരത്തിലുള്ളതാണെന്നും ഗ്രൂപ്പ് സ്ഥാപകനും മറ്റൊരു അഡമിനായ ഭാര്യ വിനിതയും മോഡറേറ്റർ ഉമേഷും തിരുവനന്തപുരം പുഞ്ചക്കരിയിലെ നല്ല നാടൻ ഭക്ഷണവും തണുത്ത കള്ളും കിട്ടുന്ന ഷാപ്പിൽ വെച്ച് മറുനാടൻ മലയാളിയോട് വിശദീകരിച്ചു.

ഗ്രൂപ്പ് ആരംഭിച്ചത് എങ്ങനെ?

2017 മെയ് ദിനത്തിന്റെ അന്നാണ് ഇത്തരം ഒരു ഗ്രൂപ്പിനെക്കുറിച്ചുള്ള ഐഡിയ ആദ്യമായി മനസ്സിൽ തോന്നിയിത്. മെയ് ദിനം എന്നത് ഒരു ഡ്രൈ ഡേ ആണല്ലോ. ചുമ്മ കുറച്ച നേരം ഫേസ്‌ബുക്കിൽ ചിലവഴിച്ചപ്പോളാണ് ട്രാവലിനും ഫുഡിനും ഒക്കെ ഫേസ്‌ബുക്കിൽ ഗ്രൂപ്പുകൾ ഉണ്ടല്ലോ, എന്തുകൊണ്ടാണ് അൽപം കഴിക്കുന്നവർക്ക് മാത്രം ഒരു വേദി ഇല്ലാത്തതെന്ന്. അങ്ങനെയാണ് ഈ ചിന്ത വന്നത്. പക്ഷേ വെറും കള്ളുകുടി മാത്രമായാൽ അത് പോസിറ്റിവ് ആയിരിക്കില്ലെന്ന് മാത്രമല്ല നെഗറ്റീവ് റിസൽട്ട് ആയിരിക്കും നൽകുക എന്നതും ചിന്തിച്ചു. ഡ്രിങ്കസ് എന്ന് പറഞ്ഞാൽ അതിൽ വെള്ളവും, ചായയും, കട്ടനും ഒക്കെ ഉൾപ്പെടും എന്നതാണ് സത്യം.

ആ ചിന്തയാണ് പിന്നെ ജിഎൻപിസി എന്ന ഗ്രൂപ്പിലേക്ക്എത്തിച്ചത്. ഭക്ഷണത്തിനും മദ്യപാനത്തിനും ഒരുപോലെ ഇണങ്ങുന്ന ഒരു പേര് നോക്കി. അങ്ങനെ, ഉച്ചയോടെയാണ് 'ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ' എന്ന പേര് തീരുമാനിച്ചത്. പിന്നെ ഫ്രണ്ട്‌ലിസ്റ്റിലെ എണ്ണൂറ് പേരേയും ആഡ് ചെയ്ത് മെയ് 1ന് ഗ്രൂപ്പ് ആരംഭിച്ചു. ഗ്രൂപ്പിലെ സുഹൃത്തുക്കളോട്, ഒരു പോസറ്റിൽ പറഞ്ഞു, 'നിങ്ങൾ യാത്ര ചെയ്യുമ്പോഴും, വല്ലപ്പോഴും രണ്ടെണ്ണമടിക്കുമ്പോഴുമുള്ള ചിത്രങ്ങളും ചെറിയ കുറിപ്പോടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ.'' വളരെ നല്ല പ്രതികരണമാണ് പിന്നീട് ലഭിച്ചത്. അന്ന് തന്നെ ആയിരത്തി ഒരുനൂറായി അംഗങ്ങൾ. മിക്കവറും ആളുകൾ പോസ്റ്റുകൾ ഇടുന്ന നിലയിലേക്ക് വളരെവേഗം കാര്യങ്ങളെത്തി. അങ്ങനെ 2018 മെയ് 24 വരെ 75,000 അംഗങ്ങളായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.ഭക്ഷണത്തിന്റേയും യാത്രയുടേയും ഉല്ലാസ വേളകളുടേയും പിന്നെ അലമ്പില്ലാതെ രണ്ടെണ്ണം അടിക്കുന്നതിന്റേയും ഫോട്ടോകൾ ഗ്രൂപ്പിൽ വന്ന് തുടങ്ങി. സ്ത്രീകൾ പോലും വൈനും ബിറുമൊക്കെ അടിക്കുന്ന ഫോട്ടോകൾ കുടുംബസമേതമുള്ളവ ഷെയർ ചെയ്യാനും തുടങ്ങി.

'മെയ് ദിനത്തിലാണ് നമ്മുടെ ഗ്രൂപ്പിന്റെ ഒന്നാം വാർഷികം. അത് നമ്മുക്കൊന്ന് ആഘോഷിക്കാം. അതിന് മുമ്പായി നമ്മുക്ക് ഗ്രൂപ്പ് അംങ്ങളുടെ എണ്ണം ഒരു ലക്ഷം ആക്കിയാലോ എന്ന് ആലോചിച്ചിരുന്നു. ആദ്യം ഇത് തുടങ്ങുമ്പോൾ പ്രതീക്ഷിട്ടിരുന്നത് പരമാവധി അമ്പതിനായിരം വരെ ആകും എന്നേ കരുതിയിരുന്നുള്ളു. എല്ലാവരും കുറച്ച് സുഹൃത്തുക്കളെ ആഡ് ചെയ്യണേ'. ഏപ്രിൽ ഇരുപത്തിനാലിന് ഷെയർ ചെയ്ത ഈ പോസ്റ്റാണ് ഗ്രൂപ്പിന്റെ ഭാവി തന്നെ മാറ്റിമറിച്ചത്. അങ്ങനെ 75,000 പേരും 10 ഉം 16 ഉം പേരെ വെച്ച് ആഡ് ചെയ്തു. പെട്ടന്ന് നാല് ലക്ഷം പേരായി. പിന്നീട് ഏതൊക്കെ ഡേറ്റിൽ ആഘോഷം നടത്തണമെന്ന് വിചാരിക്കുന്നോ, ആ ഡേറ്റിലൊക്കെ മിനിമം ഒരു ലക്ഷം പേരെങ്കിലും പുതിയ അംഗങ്ങളാകും. ചില ദിവസങ്ങളിൽ ഒന്നരലക്ഷം അംഗങ്ങൾ വരെ ചേർന്നിട്ടുണ്ട്. ആറ് ലക്ഷത്തിന്റെ സെലിബ്രേഷൻ എന്ന് പറഞ്ഞ് പോസ്റ്ററടിച്ചപ്പോളേക്കും എട്ട് ലക്ഷമായി അംഗങ്ങൾ. പിന്നെ 9 ലക്ഷം അംഗങ്ങളായതിന്റെ ആഘോഷമാണ് തിരുവനന്തപുരത്ത് മെയ് 26 ന് നടന്നത്. സംവിധായകൻ സോഹൻ റോയി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഇപ്പോൾ ആകെ 18  ലക്ഷത്തോളം പേർ അംഗങ്ങൾ ആണ്. ഏകദേശം ഒന്നര ലക്ഷത്തോളം ആളുകളെ ഇനിയും അപ്രൂവ് ചെയ്യാതെ ഇരിക്കുകയാണ്.

ഭാവി പ്രവർത്തനങ്ങൾ എന്തെല്ലാമാണ്..?

ഈ മാസം കഴിഞ്ഞാലുടൻ പത്ത് ലക്ഷം അംഗങ്ങളായതിന്റെ ആഘോഷം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവിൽ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ, ഗ്രൂപ്പ് അംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്നുണ്ട്. അത് ഏകോപിപ്പിച്ച്, കൃത്യമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ന്യൂസിലാന്റിലെ 120 ജിഎൻപിസി അംഗങ്ങൾ ചേർന്ന് അവിടെ ബുദ്ധിമുട്ടുള്ള മലയാളികളെ സഹായിച്ചിരുന്നു. ഇപ്പോൾ ബഹ്‌റിനിലും ദുബായിലുമൊക്കെ അംഗങ്ങൾ സ്വന്തം നിലയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വിദേശത്ത് വെച്ച് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ പണമില്ലാതെ വരുന്നവർക്കുള്ള സഹായങ്ങളും, ബ്ലഡ് ഡോണേഷനും സുഖമില്ലാത്ത പാവപ്പെട്ടവർക്കുള്ള ചികിത്സയുമൊക്കെ ഗ്രൂപ്പ് അംഗങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ചാരിറ്റി ഒന്നും വേണ്ടെന്നാണ് ആദ്യം കരുതിയിരുന്നത എന്നാൽ ജനുവിൻ ആണെന്ന് തോന്നിയവ അപ്രൂവ് ചെയ്യുകയായിരുന്നു പിന്നീട്.

ഗ്രൂപ്പ് കൊണ്ടുള്ള ഗുണങ്ങൾ എന്തോക്കെ?

ടെൻഷൻ ഒക്കെ അടിച്ചാണ് നമ്മുടെ ഒക്കെ ലൈഫ്. അതിനിടയിൽ പലതുംമറക്കുന്നു. ഇതിനൊക്കെ ഒരു പരിഹാരം എന്നത് ഉല്ലാസകരമായ ജീവിത രീതിയാണ്. പ്രകൃതി രമണീയമായ സ്ഥങ്ങളിൽ ഒക്കെ ഉല്ലാസയാത്രകൾ പോകുന്നതും നല്ല ഭക്ഷണ ശീലവുമൊക്കെ എല്ലാവർക്കും എത്തിക്കാൻ കഴിയും എന്നതാണ് സത്യം. പിന്നെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇപ്പോൾ അംഗങ്ങൾ ഉണ്ട്. പിന്നെ ഒരു ഉദാഹരണം പറയാം. ഒരിക്കൽ ഗ്രൂപ്പിലെ ഒരു അംഗം കോട്ടയത്ത് വെച്ച് ഒരു ആവശ്യം വന്നപ്പോൾ അത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഉടനെ തന്നെ നിരവധിയാളുകളാണ് അതെക്കുറിച്ച് കൃത്യമായ ഇൻഫർമേഷൻ ലഭിച്ചത്. ജോലി നഷ്ടപ്പെട്ട് കുടുംബ കാര്യം നോക്കാൻ കഴിയാത്ത മറ്റൊരാൾ ഇട്ട പോസ്റ്റ് കണ്ട് 600ൽപരം അവസരങ്ങളാണ് അയാൾക്ക് ലഭിച്ചത്. പിന്നെ എല്ലാ ഗ്രൂപ്പിലും ഉള്ളത് പോലെ സ്ത്രീകൾക്ക് പഴ്സണൽ മെസ്സേജ് അയക്കുന്നവർ ഒക്കെ ഇവിടെയും ഉണ്ടായിരുന്നു. പിന്നെ സ്‌ക്രീൻഷോട്ട് ഒക്കെ ഇട്ട് താക്കീതുകൊടുത്ത് ആണ് അത്തരം പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP