Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അഞ്ചുവർഷം മുൻപ് ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചത് 10 ലക്ഷത്തിലേറെപ്പേരെ; ഇപ്പോൾ അവരെയൊക്കെ കുത്തിനു പിടിച്ച് വിമാനത്തിൽ കയറ്റി നാട് കടത്തുന്നു; താത്ക്കാലിക ഷെഡുകൾ ഉപേക്ഷിച്ച് ആൾക്കൂട്ടത്തിൽ മറഞ്ഞ് ആയിരങ്ങൾ; അഭയാർത്ഥികളുടെ പേടിസ്വപ്നമായി മാറിയ ജർമ്മനിയുടെ കഥ

അഞ്ചുവർഷം മുൻപ് ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചത് 10 ലക്ഷത്തിലേറെപ്പേരെ; ഇപ്പോൾ അവരെയൊക്കെ കുത്തിനു പിടിച്ച് വിമാനത്തിൽ കയറ്റി നാട് കടത്തുന്നു; താത്ക്കാലിക ഷെഡുകൾ ഉപേക്ഷിച്ച് ആൾക്കൂട്ടത്തിൽ മറഞ്ഞ് ആയിരങ്ങൾ; അഭയാർത്ഥികളുടെ പേടിസ്വപ്നമായി മാറിയ ജർമ്മനിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: ആധുനിക പാശ്ചാത്യ സംസ്‌കാരത്തിന്റെ മുഖമുദ്ര മാനവികതയാണ്. അതുകൊണ്ടു തന്നെയാണ് മനുഷ്യാവകാശങ്ങൾക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമെല്ലാം അവർ വലിയ മൂല്യം കൽപിക്കുന്നതും. ഈ മാനവികത തന്നെയായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുൻപ് നാടും വീടും ഉപേക്ഷിച്ചെത്തിയ നിരാശ്രയർക്ക് ബലൂണുകളും ബാനറുകളുമായി സ്വാഗതമരുളാൻ ജർമ്മനിയെ പ്രേരിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിൽ, ദൂരദേശങ്ങളിൽ നിന്നെത്തിയ പത്ത് ലക്ഷത്തോളം അപരിചിതർക്കായിരുന്നു അന്ന് ജർമ്മനി അഭയമരുളിയത്.

''നമ്മൾ ശക്തരാണ്. നമുക്കിത് ചെയ്യാൻ സാധിക്കും'' എന്നാണ് ഇവർക്ക് ആതിഥേയം അരുളുമ്പോൾ 2015-ൽ ജർമ്മൻ ചാൻസലർ ഏയ്ഞ്ചെല മാർക്കെൽ പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ജർമ്മനിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം തന്നെ, ക്ഷീണിതരായ അഭയാർത്ഥികൾ കാണപ്പെട്ടു തുടങ്ങി. യഹൂദ ജനതയെ പീഡിപ്പിച്ച കറുത്ത ചരിത്രത്തിന്റെ ഇതളുകൾ കീറിയെറിഞ്ഞ്, ആധുനിക ജർമ്മനി, ഈ നിസ്സഹായരെ ഇരുകൈയും നീട്ടി വരവേറ്റു.

എന്നാൽ, ഇന്ന് ചിത്രം മാറിയിരിക്കുന്നു. അന്ന് ഇരുകൈയും നീട്ടി സ്വീകരിക്കപ്പെട്ടവരിൽ പലരേയും ഇന്ന് ബലം പ്രയോഗിച്ചു പോലും ആഫ്രിക്കയിലേയും മദ്ധ്യ പൂർവ്വ ദേശത്തേയും തെക്കൻ ഏഷ്യയിലേയുമൊക്കെയുള്ള സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുകയാണ് ജർമ്മനി. കിടക്കപ്പായയിൽ നിന്നും പിടിച്ചെഴുന്നേല്പിച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രഹസ്യ വിമാനങ്ങളിലാണ് ഇവരെ നാടുകടത്തുന്നത്. നാടുകടത്തൽ മൂർഛിച്ചതോടെ പല അഭയാർത്ഥികളും ക്യാമ്പുകൾ വിട്ട് തെരുവിലിറങ്ങി ഒളിച്ചു നടക്കുകയാണ്.മറ്റുള്ളവരാകട്ടെ തങ്ങളെ നാടുകടത്തുന്ന ദിനം വരുന്നതും കാത്ത് ക്യാമ്പുകളിൽ ഭയത്തോടെ ജീവിക്കുന്നു.

ഇങ്ങനെ ഒളിച്ച് രക്ഷപ്പെടുന്നവരിൽ പലരും കലായ്സിൽ എത്തി മനുഷ്യക്കടത്തുകാരെ ആശ്രയിക്കുകയാണ് ചാനൽ കടന്ന് മറ്റുള്ളയിടങ്ങളിൽ അഭയം തേടാൻ. കഴിഞ്ഞയാഴ്‌ച്ച ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ചാനൽ വഴി പോയി അപകടത്തിൽ പെട്ട് മരണമടഞ്ഞ ഇറാനിയൻ കുടുംബം ആദ്യം ജർമ്മനിയിൽ അഭയമ്ലഭിക്കുവാനായിരുന്നു ശ്രമിച്ചത്. എന്നാൽ, ജർമ്മനിയുടെ അഭയാർത്ഥി നയം മാറിയതിനാൽ പിന്നീട് ബ്രിട്ടനിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഇത്തരത്തിൽ മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ ബ്രിട്ടനിലെത്തിയ ചിലർ പറയുന്നത് ജർമ്മനി ഒരിക്കലും തങ്ങളെ വേണ്ടതുപോലെ പരിപാലിച്ചിരുന്നില്ല എന്നാണ്. വംശീയ വിദ്വേഷം കത്തിനിൽക്കുന്ന രാഷ്ട്രമാണ്ജർമ്മനി എന്നും അവർ ആരോപിക്കുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ 2015 മുതൽക്കുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. അഭ്യന്തര യുദ്ധത്തിൽ കൊടുംദുരിതത്തിലാണ്ട സിറിയൻ അഭയാർത്ഥികൾക്കായിരുന്നു ജർമ്മനി അന്ന് പ്രവേശനം അനുവദിച്ചത്. എന്നാൽ, ആ സാഹചര്യം മുതലാക്കി ഇസ്ലാമിക തീവ്രവാദികൾ ഉൾപ്പടെ പലരും ജർമ്മനിയിലെത്തി.

എന്നും തനത് വിശ്വാസങ്ങളോടും സംസ്‌കാരത്തോടും ആവശ്യത്തിലധികം വിധേയത്വം പുലർത്തുന്ന ഒരു ജനതയ്ക്ക് ജർമ്മൻ സമൂഹത്തിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ തന്നെ നിരവധി അക്രമങ്ങൾക്ക് ജർമ്മനി സാക്ഷ്യം വഹിച്ചു. ഇതൊക്കെ സാധാരണക്കാരായ ജർമ്മൻകാർക്ക് അഭയാർത്ഥികളോടുള്ള വിരോധം വർദ്ധിപ്പിക്കുവാൻ കാരണമായി. ഇത്തരം മതതീവ്രവാദികളുടെ നടപടികൾ വിനയായത് സാധാരണക്കാരായ, ഒരു ജീവിതം കാംക്ഷിച്ചെത്തിയ അഭയാർത്ഥികളേയാണ്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയവരും അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയവരുമാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നവർ. ഇറാൻ, ഇറാഖ് രാജ്യങ്ങളിൽ നിന്നുള്ളവരും ചുരുക്കമായെങ്കിലും ഉണ്ട്. ഇറാനിൽ നിന്നും അഭയം തേടി മകനോടൊപ്പം എത്തിയ ഒരു എഞ്ചിനീയറുടെ കഥ അറിയാം.

ഇറാനിലെ ഒരു ഊർജ്ജ പ്ലാന്റിലെ എഞ്ചിനീയറായിരുന്നു ഇയാൾ. പ്രതിപക്ഷ കക്ഷികളോടുള്ള ആഭിമുഖ്യം കാരണം ഇയാൾ ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തി എന്നാരോപിച്ച് 150 ചാട്ടവാറടിക്കും 15 വർഷത്തെ തടവിനും വിധിച്ചു. അവിടെനിന്നും രക്ഷപ്പെട്ട് ഓടിയെത്തിയതാണ് ഇയാൾ. എന്നാൽ, ഇറാനിൽ നിന്നുള്ള ചില മതഭ്രാന്തന്മാരുടെ പ്രവർത്തികൾ പ്രത്യേകിച്ച് മതാഭിമുഖ്യം ഒന്നുമില്ലാത്ത ഇയാളുടെ ഭാവിയും തുലച്ചു. ഏതു സമയവും ഇറാനിലേക്ക് തിരിച്ചു പോകേണ്ടി വരും എന്ന ഭയത്തിലാണ് ഇയാൾ.

ഇതുപോലെ നിരവധി ആൾക്കാരുണ്ട്. പക്ഷെ അവർക്കൊന്നും പൂർണ്ണമായും ജർമ്മനിയെ കുറ്റപ്പെടുത്താൻ കഴിയില്ല. യഥാർത്ഥ അഭയാർത്ഥികൾക്കുള്ളിൽ കയറിക്കൂടിയ ചില ആട്ടിൻതോലിട്ട ചെന്നായ്ക്കൾ കാണിച്ച പ്രവർത്തികൾക്കാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് ഇവർക്ക് അറിയാം. ഇപ്പോൾ ഫ്രാൻസിലെ പുതിയ സംഭവ വികാസങ്ങൾ കൂടി ആയതോടെ അഭയാർത്ഥികളോടുള്ള സാധാരണ യൂറോപ്യൻ ജനതയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. കൂടുതൽ രാഷ്ട്രങ്ങളഭയാർത്ഥികൾക്കെതിരെ കടുത്ത നടപടികളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP