Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കാറിന്റെ ഡോർ തുറന്നപ്പോൾ നീട്ടിപ്പിടിച്ച തോക്കുമായി പൊലീസുകാരൻ; ജോർജ്ജ് ഫ്ളോയ്ഡിന്റെ മുഖത്ത് ദൃശ്യമാകുന്നത് ഭയം മാത്രം; തന്നെ വെടിവയ്ക്കരുതേ എന്ന് കരഞ്ഞ് അപേക്ഷിക്കുന്ന ഫ്ളോയ്ഡ്; അവസാനം, ലോകത്തിന്റെ മനസാക്ഷിയെ നടുക്കിയ ആ ദീനരോദനവും ''എനിക്ക് ശ്വാസം മുട്ടുന്നു''; പൊലീസുകാരുടെ ബോഡിക്യാമിൽ നിന്നും ലഭിച്ച, ജോർജ്ജ് ഫ്ളോയ്ഡ് കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ

കാറിന്റെ ഡോർ തുറന്നപ്പോൾ നീട്ടിപ്പിടിച്ച തോക്കുമായി പൊലീസുകാരൻ; ജോർജ്ജ് ഫ്ളോയ്ഡിന്റെ മുഖത്ത് ദൃശ്യമാകുന്നത് ഭയം മാത്രം; തന്നെ വെടിവയ്ക്കരുതേ എന്ന് കരഞ്ഞ് അപേക്ഷിക്കുന്ന ഫ്ളോയ്ഡ്; അവസാനം, ലോകത്തിന്റെ മനസാക്ഷിയെ നടുക്കിയ ആ ദീനരോദനവും ''എനിക്ക് ശ്വാസം മുട്ടുന്നു''; പൊലീസുകാരുടെ ബോഡിക്യാമിൽ നിന്നും ലഭിച്ച, ജോർജ്ജ് ഫ്ളോയ്ഡ് കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്തെ തന്നെ നടുക്കിയ കൊലപാതകമായിരുന്നു ജോർജ്ജ് ഫ്ളോയ്ഡിന്റേത്. ഒരു ജനതയുടെ ഉയർത്തെഴുന്നേല്പിന് തന്നെ വഴിയൊരുക്കിയ ഒരു ചരിത്രസംഭവം. ഒരുപക്ഷെ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കടുത്ത കറുപ്പ് നിറത്തിൽ എഴുതപ്പെടാൻ പോകുന്ന ഒരു ദുരന്തം. അതിനെതുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ അലയൊലികൾ ലോകമെങ്ങും ആഞ്ഞടിച്ചു. വംശവിവേചനത്തിനെതിരായ പ്രക്ഷോഭത്തിന്റെ അലയൊലികൾ ഇനിയൂം പൂർണ്ണമായും അടങ്ങിയിട്ടില്ല. അത്തരം സാഹചര്യത്തിലാണ് ഈ കൊലപാതകത്തിൽ പങ്കെടുത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമിൽ നിന്നും കിട്ടിയ ദൃശ്യങ്ങൾ ഒരു പ്രധാന മാധ്യമത്തിന് ചോർന്ന് കിട്ടുന്നത്.

ഡോർ തുറക്കുന്ന ജോർജ്ജ് ഫ്ളോയ്ഡിന്റെ ശിരസ്സിന് നേരെ തോക്കുചൂണ്ടുന്ന പൊലീസുകാരനേയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഫ്ളോയ്ഡ് അന്ത്യശ്വാസം വലിക്കുന്നതിന് തൊട്ടുമുൻപത്തെ ദൃശ്യത്തിൽ അവസാനിക്കുന്ന ഈ ടേപ്പിൽ ഭയചകിതനായ ഫ്ളോയ്ഡ് പൊലീസുകാരോട് തന്നെ വെടിവയ്ക്കരുത് എന്ന് കരഞ്ഞപേക്ഷിക്കുന്നത് കാണാം. ഒരിറ്റു അനുകമ്പക്കായുള്ള ഈ പാവം മനുഷ്യന്റെ അപേക്ഷ നിഷ്‌കരുണം തട്ടിത്തെറിപ്പിച്ച്, അയാളെ ക്രൂരമായി പീഡിപ്പിച്ച് ഈ പൊലീസുകാർ കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ഇതിൽ വ്യക്തമായി കാണാം.

കാറിൽ നിന്നും പിടിച്ചിറക്കി പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഫ്ളോയ്ഡ് തനിക്ക് ക്ലാസ്ട്രോഫോബിയ (ഇരുളിനെയും ഇരുണ്ട സ്ഥലങ്ങളേയും ഭയക്കുന്ന ഒരുതരം മാനസികാവസ്ഥ) ഉണ്ടെന്നും കാറിന്റെ പുറകിൽ കയറ്റരുതെന്നും പറയുന്നുണ്ട്.പിന്നീടാണ് താഴെ വീഴുന്ന ഫ്ളോയ്ഡിന്റെ കഴുത്തിൽ ഡെറെക് ചോവിൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്റെ കാൽമുട്ട് അമർത്തിപ്പിടിക്കുന്നത്. ഒരു ഘട്ടത്തിൽ ഫ്ളോയ്ഡ് സ്വന്തം മരണം പ്രവചിക്കുന്നുമുണ്ട്, തീർത്തും നിസ്സഹായതയോടെ. ഒരുപക്ഷെ ഞാൻ ഇപ്പോൾ മരിച്ചേക്കാം എന്ന വാക്ക് മനസാക്ഷിയുള്ള ആരുടെയും ഉറക്കം കെടുത്തുന്നതാണ്, അത് പറയുമ്പോഴുള്ള ആ ദയനീയ മുഖഭാവവും.

ഈ വീഡിയോയും അതിലെ സംഭാഷണങ്ങളുടെ എഴുത്തുരൂപവും ജൂലായിൽ മിന്നിപോളിസിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ കോടതിക്ക് വെളിയിൽ പ്രദർശിപ്പിക്കരുത് എന്ന് കോടതി ഉത്തരവിട്ടതിനെ തുടർന്ന്, കോടതിയിൽ കാണിച്ച ശേഷം ഇത് ഭദ്രമായി സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത്. സംഭവത്തിൽ ഉൾപ്പെട്ട അലക്സ് ക്യുങ്ങ് എന്ന പൊലീസുകാരന്റെ ബോഡിക്യാമിൽ നിന്നുള്ള 18 മിനിറ്റ് ദൃശ്യങ്ങളും തോമസ് ലേയ്ൻ എന്ന ഉദ്യോഗസ്ഥന്റെ കാമറയിൽ നിന്നുള്ള 10 മിനിറ്റ് നീണ്ട ദൃശ്യവുമാണ് ഈ വീഡിയോ ക്ലിപ്പിൽ ഉള്ളത്.

ഒരു ഷോപ്പിൽ നിന്നും സിഗരറ്റ് വാങ്ങുവാൻ 20 ഡോളറിന്റെ കള്ളനോട്ട് നൽകി എന്നിടത്തുനിന്നാണ് സംഭവം ആരംഭിച്ചത്. ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരായിരുന്നു സംഭവസഥലത്ത് ആദ്യം എത്തുന്നത്. പിന്നീട് ഇവരുടെ സഹായത്തിനായാണ് ചോവിനും ടാവു തവോയും എത്തുന്നത്. ഇതിൽ ഷോവിനാണ് കൊലപാതകം ചെയ്തത്. അതിന് കൂട്ടുനിന്നതിന്റെ പേരിലായിരുന്നു മറ്റ് പൊലീസുകാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതും അവരുടെ പേരിൽ കേസെടുത്തതും.

കള്ളനോട്ട് നൽകി എന്ന് ആരോപിക്കപ്പെടുമ്പോഴും സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ഫ്ളോയ്ഡ് ശ്രമിച്ചില്ലഎന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. മറിച്ച് തന്റെ രണ്ട് സുഹൃത്തുക്കളുമൊത്ത് പൊലീസ് വരുന്നതും കാത്ത് കാറിൽ ഇരിക്കുകയായിരുന്നു. ആദ്യമെത്തിയ പൊലീസുകാർ നേരെ കടയിലേക്കാണ് പോയത്. കടക്കാരൻ കാര്യം വിവരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. തുടർന്നാണ് അവർ കാറിനടുത്തെത്തുന്നതും, ഡോറിൽ ഫ്ളാഷ്ലൈറ്റ് അടിക്കുന്നതും ഫ്ളോയ്ഡ് ഡോർ തുറക്കുന്നതുമെല്ലാം.

നേരത്തേ ഒരിക്കൽ വെടിയേറ്റതിനാൽ ഫ്ളോയ്ഡിന് പൊലീസിനേയും തോക്കിനേയും ഭയമാണെന്ന് ഒരു സുഹൃത്ത് പൊലീസ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. അതൊന്നും വകവയ്ക്കാതെയാണ് തലക്ക് നേരെ നീട്ടിപ്പിടിച്ച തോക്കുമായി പൊലീസുകാരൻ ഫ്ളോയ്ഡിന്റെ പൊലീസ് വാഹനത്തിന് സമീപത്തേക്ക് നയിക്കുന്നത്. ചെറിയൊരു ബലപ്രയോഗത്തിന് ശേഷമാണെങ്കിലും പൊലീസുകാർ ഫ്ളോയ്ഡിനെ കാറിന്റെ പുറകിലെ വാതിൽ തുറന്ന് അകത്ത് കയറ്റുന്നുണ്ട്. പിന്നീട് കാണുന്നത്, കാറിന്റെ സൈഡ് ഡോർ തുറന്ന് പുറത്തിറങ്ങുന്ന ഫ്ളോയ്ഡിന്റെ ദൃശ്യമാണ്. കാറിനകത്ത് സംഭവിച്ചതെ എന്താണെന്ന് വ്യക്തമല്ല.

പിന്നീടാണ് ഫ്ളോയ്ഡ് നിലത്ത് വീഴുന്നതും ഷോവിൻ തന്റെ കാൽമുട്ടുകൊണ്ട് അയാളുടെ കഴുത്തിൽ അമർത്തുന്നതും. ഒമ്പത് മിനിറ്റോളമാണ് ആ പൊലീസുദ്യോഗസ്ഥൻ തന്റെ കാൽമുട്ടുകൊണ്ട് കഴുത്തിൽ അമർത്തിപ്പിടിച്ചത്. ലോകത്തെ നടുക്കിയ ആ ദീനരോദനം വ്യക്തമായി കേൾക്കാം''എനിക്ക് ശ്വാസം മുട്ടുന്നു...'' പിന്നെ ഒരു ചെറിയ നിശബ്ദത. അതോടെ വീഡിയോ തീരുകയാണ്. വംശവെറിയുടെ നേർക്കാഴ്‌ച്ചകളുമായി പുറത്തുവന്ന ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP