Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനത്തിൽ തോട്ടം വികസിപ്പിക്കാൻ ചെല്ലും ചെലവും കൊടുത്തു കൊണ്ടുവന്നു; വനനയം മാറിയപ്പോൾ നിർദാക്ഷിണ്യം ഇറക്കി വിട്ടു; പോകാൻ ഇടമില്ലാതെ ഗവിയിലെ ആദിവാസികളും തോട്ടം തൊഴിലാളികളും; കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട് അഞ്ഞൂറോളം കുടുംബങ്ങൾ

വനത്തിൽ തോട്ടം വികസിപ്പിക്കാൻ ചെല്ലും ചെലവും കൊടുത്തു കൊണ്ടുവന്നു; വനനയം മാറിയപ്പോൾ നിർദാക്ഷിണ്യം ഇറക്കി വിട്ടു; പോകാൻ ഇടമില്ലാതെ ഗവിയിലെ ആദിവാസികളും തോട്ടം തൊഴിലാളികളും; കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട് അഞ്ഞൂറോളം കുടുംബങ്ങൾ

ശ്രീലാൽ വാസുദേവൻ

 പത്തനംതിട്ട: അരനൂറ്റാണ്ടു മുമ്പ് കാട്ടിലേക്ക് അവരെ വിളിച്ചു കയറ്റിയത് അവിടെ തോട്ടം നിർമ്മിക്കാനായിരുന്നു. തോട്ടം പടർന്നു പന്തലിച്ചു. കാശു സമ്പാദിച്ച് വനംവികസന കോർപ്പറേഷനും തടിച്ചു കൊഴുത്തു. അമ്പതു കൊല്ലത്തിനിപ്പുറം തൊഴിലാളി കുടുംബങ്ങൾ കോർപ്പറേഷന് അനഭിമതരായി. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ഗവി മാറിയതോടെ ഇവിടെ നിന്നും കുടിയിറക്കപ്പെടുന്ന അഞ്ഞുറോളം ആദിവാസി-തൊഴിലാളി കുടൂംബങ്ങൾ എങ്ങോട്ടു പോകണമെന്ന് അറിയാതെ ദുരിതത്തിലുമായി.

ഈ കുടുംബങ്ങൾ ഇവിടെ നേരിടുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ്. കുടിയിറക്കു ഭീഷണി നേരിടുന്ന ഇവർ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. കൊടുംകാടിനുള്ളിൽ ഒറ്റപ്പെട്ട് പ്രകൃതിയോടും വന്യജീവികളോടും പടവെട്ടിയാണ് ആദിവാസികളും കേരളാ ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷന്റെ ഏലത്തോട്ടങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികളും ജീവിതം തള്ളി നീക്കുന്നത്.

1976 ൽ കെഎഫ്ഡിസി തോട്ടം പണികൾക്കായി ഇവിടേക്ക് കൊണ്ടുവന്ന കുടുംബങ്ങളെയാണ് ഇപ്പോൾ കുടിയിറക്കാൻ നോക്കുന്നത്. തുടക്കത്തിൽ തോട്ടപ്പണിക്കൊപ്പം ഈറ്റവെട്ടും ഇവർ തൊഴിലായി സ്വീകരിച്ചിരുന്നു. കെ.എഫ്.ഡി.സി പണിതു കൊടുത്ത ലയങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്. തൊഴിലാളികൾ പെൻഷൻ പറ്റി പിരിയുമ്പോൾ ഇതേ കുടുംബത്തിൽ നിന്നുള്ള മറ്റൊരാൾക്ക് ആ ജോലി നൽകിപ്പോന്നിരുന്നു. എന്നാൽ, ഗവി ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമാക്കുകയും ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താൻ തുടങ്ങുകയും ചെയ്തതോടെയാണ് തൊഴിലാളികൾ കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഈറ്റവെട്ട് പൂർണമായും നിർത്തലാക്കി.

കെഎഫ്ഡിസിയുടെ പ്രവർത്തനം കുറച്ചു കൊണ്ടു വരികയാണ് സർക്കാർ ചെയ്തിരിക്കുന്നത്. 1000 ഹെക്ടർ ആയിരുന്ന തോട്ടം മേഖല ഇപ്പോൾ 100 ആക്കി കുറച്ചു. ആശ്രിത നിയമനവും നിർത്തലാക്കി. ഘട്ടം ഘട്ടമായി തൊഴിലാളികളുടെ എണ്ണം കുറച്ച് ഇവരെ പൂർണമായും ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വന്തമായി വീടു വയ്ക്കാൻ ഒരു സെന്റ് ഭൂമി പോലും ഇവർക്കില്ല. പെൻഷൻ പറ്റി പിരിയുന്നവർ കുടുംബത്തെയും കൂട്ടി കൊടുംവനത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ്. 2010 മുതൽ പെൻഷൻ പറ്റിയവരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുകയാണ്.

36 കി.മീറ്റർ അകലെയുള്ള വണ്ടിപ്പെരിയാർ ടൗണിനെ ആശ്രയിച്ചാണ് ഗവി നിവാസികളുടെ ജീവിതം. വിദ്യാഭ്യാസം, വൈദ്യസേവനം, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്കായി കൊടുംകാട്ടിലൂടെ വേണം യാത്ര ചെയ്യാൻ. ഗവി നിവാസികൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയാറാകുന്നില്ല. 25 കുട്ടികൾ കയറുന്ന പഴകിയ വാഹനത്തിലാണ് 75 കുട്ടികളെ തിക്കി നിറച്ച് സ്‌കൂളിൽ കൊണ്ടുപോകുന്നത്. വണ്ടി ഇടയ്ക്കിടെ കേടാകും അപ്പോൾ ഇതിലും പഴകിയ ആംബുലൻസിലാണ് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നത്. വള്ളക്കടവ് ചെക്ക് പോസ്റ്റിലുണ്ടായ നിയന്ത്രണം മൂലം ഗവി നിവാസികൾക്ക് ആറു മണിക്ക് ശേഷം വീടുകളിൽ എത്താൻ കഴിയില്ല. ചെക്ക് പോസ്റ്റ് അടയ്ക്കുന്നതിന് മുൻപ് എത്തിയില്ലെങ്കിൽ വണ്ടിപ്പെരിയാറ്റിലും വള്ളക്കടവിലും കടത്തിണ്ണകളിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ്. ഡോക്ടറുടെ സേവനം ലഭിക്കുന്ന ഒരു ഡിസ്‌പെൻസറി പോലും ഗവി പ്രദേശത്തില്ല. 50 വർഷം മുൻപ് പണി കഴിപ്പിച്ച ലയങ്ങൾ ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഇതിന് പുറമേയാണ് രാത്രികാലങ്ങളിലുള്ള ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണം.

അൻപതോളം വരുന്ന ആദിവാസി കുടുംബങ്ങളുടെ സ്ഥിതിയും ദയനീയമാണ്. മരത്തിന്റെ ചുവട്ടിൽ ടാർപ്പയും ചാക്കുമുപയോഗിച്ചുള്ള കുടിലുകളിലാണ് ഇവർ ജീവിക്കുന്നത്. ഉടുക്കാൻ വസ്ത്രമോ കഴിക്കാൻ ഭക്ഷണമോയില്ല. രോഗം വന്നാൽ ചികിൽസിക്കാൻ ഇടമില്ല. വനവിഭവങ്ങൾ ശേഖരിക്കുകയല്ലാതെ മറ്റു ജീവനമാർഗമൊന്നും ഇവർക്കില്ല. കാടിന്റെ മക്കളുടെ കണ്ണീർ കാണാൻ ഇവിടെ ഒരു സർക്കാരുമില്ല. അവർക്കൊക്കെ ചട്ടങ്ങളും നിയമങ്ങളുമാണ് മുഖ്യം. കൊടുംകാട്ടിലേക്ക് ചേക്കേറേണ്ട അവസ്ഥയിലാണ് ഈ പരിഷ്‌കൃത സമൂഹം. അതിനു പോലുമുള്ള അവരുടെ അവകാശം നിഷേധിക്കപ്പെടുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP