Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

75 വയസ്സുള്ള അമ്മായിഅമ്മയുടെ കൈയും കാലും അടിച്ചൊടിച്ചു; വീട് കുത്തിതുറന്ന് വയോധികയെ രക്ഷിച്ചവർ മരുമകളെ വെറുതെ വിട്ടു; നിസ്സാരകുറ്റങ്ങൾ പറഞ്ഞ് അച്ഛമ്മയെ കൊച്ചുമകനും വേദനിപ്പിച്ചു; ഹരിപ്പാട്ടെ പീഡനത്തിൽ ബബിതയ്ക്ക് തുണയാകുന്നത് മകന്റെ ക്വട്ടേഷൻ ഇടപാടുകൾ

75 വയസ്സുള്ള അമ്മായിഅമ്മയുടെ കൈയും കാലും അടിച്ചൊടിച്ചു; വീട് കുത്തിതുറന്ന് വയോധികയെ രക്ഷിച്ചവർ മരുമകളെ വെറുതെ വിട്ടു; നിസ്സാരകുറ്റങ്ങൾ പറഞ്ഞ് അച്ഛമ്മയെ കൊച്ചുമകനും വേദനിപ്പിച്ചു; ഹരിപ്പാട്ടെ പീഡനത്തിൽ ബബിതയ്ക്ക് തുണയാകുന്നത് മകന്റെ ക്വട്ടേഷൻ ഇടപാടുകൾ

ആലപ്പുഴ : ഹരിപ്പാട് അമ്മായിയമ്മയെ മൃഗീയമായി പീഡിപ്പിച്ച് കൈയും കാലും കണ്ണും അടിച്ചു തകർത്ത മരുമകളെ പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് ഹരിപ്പാട് മണ്ണാറശ്ശാല വിപിൻ ഭവനത്തിൽ വാട്ടർ അഥോറിറ്റി ജീവനക്കാരനായിരുന്ന കുട്ടപ്പൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മാളിനെ (75) മരുമകളുടെ മർദ്ദനമേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരനിലയിൽ പ്രവേശിപ്പിച്ചത്. മൂത്ത മകൻ ബാബുവിന്റെ ഭാര്യ ബബിത (40) ആണ് വയോധികയെ നിരന്തരം ഉപദ്രവിച്ചു ശരീരമാസകലം മുറിവേൽപ്പിച്ചത്.

ആലപ്പുഴയിൽ താമസിക്കുന്ന മകൾ നിർമ്മല ഹരിപ്പാട് മുനിസിപ്പാലിറ്റി ജാഗ്രതാ സമിതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുനിസിപ്പൽ അധികൃതരും പൊലീസും വീട്ടിലെത്തി വീട് കുത്തി തുറന്ന് വയോധികയെ ആശുപത്രിയിലെത്തിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ.സുധാ സുശീലന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ആർ.രതീഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ വൃന്ദ എസ്.കുമാർ, എന്നിവരും ജാഗ്രതാ സമിതി അംഗങ്ങളും ഹരിപ്പാട് എസ്.ഐ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസും എത്തിയായിരുന്നു വയോധികയെ ആശുപത്രിയിലെത്തിക്കാൻ സാഹചര്യം ഒരുക്കിയത്.

എന്നാൽ പൊലീസും അധികൃതരും എത്തുമ്പോൾ പ്രതിയായ മരുമകൾ ബബിത വീട്ടിലുണ്ടായിരുന്നു. ഇവർ അമ്മായിഅമ്മയെ തൊഴിക്കുന്നതും കാൽ അടിച്ചൊടിക്കുന്നതും പ്രദേശവാസികൾ മൊബൈൽ ഫോണിൽ പകർത്തി നൽകിയിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ കൈയിലുണ്ടായിട്ടും ബബിതയെ പിടിക്കാൻ പൊലീസ് തയ്യറായില്ലെന്ന് ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ.സുധാ സുശീലൻ പറഞ്ഞു. പ്രതിയെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ നാളെ വാർത്തസമ്മേളനം വിളിക്കാൻ ഒരുങ്ങുകയാണ് ചെയർപേഴ്സൺ. വയോധികയുടെ നില ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ അതീവഗുരുതരാവസ്ഥയിൽ തുടരുമ്പോഴും പ്രതി വീട് വിട്ടു പോയെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടിക്കാനോ അന്വേഷിക്കാനോ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

പ്രതി ബബിതയെ ഭരണപക്ഷത്തുള്ള ചില ഉന്നതർ സഹായിക്കുന്നതായും പ്രദേശവാസികൾ പറയുന്നുണ്ട്. ബബിതയുടെ മകൻ ക്വട്ടേഷൻ സംഘാഗമായതാണ് പരിസരവാസികൾ ഈ വീടുമായി സഹകരിക്കാത്തത്. ഇടപ്പെട്ടാൽ രാത്രികാലങ്ങളിൽ മകനും സംഘവും തങ്ങളെയും ആക്രമിക്കുമോയെന്ന ഭയത്തിലായിരുന്നു നാട്ടുക്കാർ. മർദ്ദനം സഹിക്കാതെ വന്നപ്പോഴാണ് നാട്ടുക്കാരിൽ ചിലർ ആലപ്പുഴയിലെ മകളെ വിവരം അറിയിച്ചത്. ഇതോടെയാണ് ജാഗ്രതാ സമിതിയും പൊലീസും ഇടപ്പെട്ടത്. പൊലീസ് സംഘം എത്തിയപ്പോൾ ഗൗരിക്കുട്ടിയമ്മാളിന്റെ ദേഹത്ത് വെള്ളം കോരിയൊഴിച്ച് വസ്ത്രങ്ങൾ ആകെ നനഞ്ഞ നിലയിലായിരുന്നു.

കൈയിൽ നിന്ന് ചോര ഒലിക്കുന്നുമുണ്ടായിരുന്നു.ഇടതു കൈയ്ക്ക് ഒടിവും പുറത്ത് അടിയേറ്റ് കരുവാളിച്ച പാടുകളും വിരലുകളിൽ മുറിവും ഉണ്ടായിരുന്നു.നേരാംവണ്ണം ആഹാരം കൊടുക്കാതെ കഠിന ജോലികൾ ചെയ്യിക്കുകയും ചെയ്തിരുന്നു. നിസ്സാര കുറ്റങ്ങൾ ആരോപിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു പതിവ്. 9000 രൂപയോളം കുടുംബപെൻഷനുള്ള ഗൗരിക്കുട്ടിയമ്മാളിനെ വീടിന് പുറത്തുള്ള ഷെഡ്ഡിനുള്ളിൽ വൃത്തി ശൂന്യമായ പരിതസ്ഥിതിയിലാണ് പാർപ്പിച്ചിരുന്നത്.സംഭവ സ്ഥലത്ത് നിന്ന് ജാഗ്രതാ സമിതിയും പൊലീസും ചേർന്ന് ഗൗരിക്കുട്ടിയെ ബലമായി മോചിപ്പിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹോപദ്രവത്തെ തുടർന്ന് ഭയചകിതയായ ഗൗരിക്കുട്ടിക്ക് സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു.ഇവരെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്കു മാറ്റി.

ഇവരുടെ മൂത്ത മകൻ ബാബു വിദേശത്താണ്. ഇയാളുടെ ഭാര്യ ബബിതയും മക്കളുമാണ് നാട്ടിലുള്ളത്. ഇവരോടൊപ്പമായിരുന്നു ഗൗരിക്കുട്ടിയുടെ താമസം.ബബിതയുടെ മകൻ ക്വട്ടേഷൻ ടീമംഗമായതിനാൽ അയൽവാസികൾ ഭയന്ന് സംഭവത്തിൽ ഇടപെട്ടിരുന്നില്ല. ഗൗരിക്കുട്ടിയെ ഉപദ്രവിക്കുന്ന രംഗങ്ങൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇതും ജാഗ്രതാ സമിതിക്ക് കൈമാറിയിട്ടുണ്ട്. ഗൗരിക്കുട്ടിയമ്മാളിനെ ദേഹോപദ്രവം ഏല്പിച്ചതിനെതിരേയും സീനിയർ സിറ്റിസൺസ് ആക്ടും പ്രകാരവും ബബിതയ്ക്കെതിരേ കേസ്സെടുത്തതായും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും ഹരിപ്പാട് എസ്.ഐ.എസ്സ്.എസ്സ്.ബൈജു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP