Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമപ്രവർത്തക ഗൗരിലങ്കേഷിനെ വധിക്കാൻ പ്രതിഫലം ലഭിച്ചത് 13,000 രൂപ; താൻ വധിക്കാൻ തയ്യാറായത് ഹിന്ദുസംഘടനാ നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി; അന്വേഷണസംഘത്തിന് മുന്നിൽ കുറ്റമേറ്റു പറഞ്ഞ് പരശുറാം വാഗ്മർ

മാധ്യമപ്രവർത്തക ഗൗരിലങ്കേഷിനെ വധിക്കാൻ പ്രതിഫലം ലഭിച്ചത് 13,000 രൂപ;  താൻ വധിക്കാൻ തയ്യാറായത് ഹിന്ദുസംഘടനാ നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി; അന്വേഷണസംഘത്തിന് മുന്നിൽ കുറ്റമേറ്റു പറഞ്ഞ് പരശുറാം വാഗ്മർ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധത്തിൽ പ്രതിക്ക് പ്രതിഫലമായി ലഭിച്ചത് 13,000 രൂപ. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പരശു റാം വാഗ്മർ പ്രതിഫല വിവരങ്ങൾ പുറത്തുവിട്ടത്. 

അറസ്റ്റിലായ പുണെ സ്വദേശി അമോൽ കെലയാണ് പണം കൈമാറിയത്. ഗൗരി ലങ്കേഷിനെ വധിക്കാൻ ആസൂത്രണം നടത്തിയത് അമോൽകലെയും മൂന്നംഗ സംഘവുമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.ഇവരാണ് പരശുറാം വാഗ്മറിന് നിർദ്ദേശങ്ങൾ നൽകിയത്. ദൗത്യം ഏറ്റെടുത്ത ശേഷം അമോൽകലെ 3000 രൂപ നൽകി.

വിജയപുരയിലെ വീട്ടിൽനിന്ന് ബെംഗളൂരുവിലെത്താനാണ് പണം കൈമാറിയത്. ഗൗരിയെ വധിച്ചതിന് ശേഷം ബെലഗാവിയിലെത്തിയ പരശുറാമിന് 10,000 രൂപ കൂടി നൽകി. വധിക്കാൻ നൽകിയ നാടൻ പിസ്റ്റൾ മൂന്നംഗ സംഘം തിരിച്ചുവാങ്ങി. എന്നാൽ ഇവരെ കണ്ടെത്താനായില്ല. മൂന്നംഗ സംഘത്തിൽ രണ്ടുപേർ കന്നഡയിലും ഒരാൾ ഹിന്ദിയിലുമാണ് സംസാരിച്ചതെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ അറസ്റ്റിലായ ആറു പേരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അഡീഷണൽ ചീഫ് മെട്രൊ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളായ കെ.ടി. നവീൻ കുമാർ, സുജിത്ത് കുമാർ എന്ന പ്രവീൺ, പരശുറാം വാഗ്മർ, അമോൽ കലെ, അമിത് ദിഗ്വേക്കർ, മനോഹർ എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡിയാണ് നീട്ടിയത്.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ പരശുറാമിനെ പ്രേരിപ്പിച്ചത് അമോൽ കലെയും മൂന്നംഗ സംഘവുമാണ് പരശുറാമിന്റെ മൊഴി. യു ട്യൂബിൽ വന്ന ഗൗരിയുടെ പ്രസംഗം ശേഖരിച്ച് പരാശുറാമിനെ കാണിച്ചു. ഗൗരി ആരാണെന്ന് പരശുറാമിന് ആദ്യം അറിയില്ലായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു. വധിക്കാനുള്ള നിർദ്ദേശം പരശുറാം ആദ്യം അവഗണിച്ചെങ്കിലും പിന്നീട് സംഘത്തിന്റെ നിർബന്ധത്തിന് വഴങ്ങി ആയുധപരിശീലനത്തിന് ചേരുകയായിരുന്നു. ബെലഗാവിലെ വനത്തിൽ വെടിവെപ്പ് പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയതും മൂന്നംഗ സംഘമാണ്.

വധിക്കാൻ നിർദ്ദേശം നൽകിയ മൂന്നംഗ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വെടിവെക്കാനുപയോഗിച്ച 7.65 എം.എം. പിസ്റ്റൾ കണ്ടെത്തണമെങ്കിൽ ഇവരെ പിടികൂടണം. നാടൻ തോക്ക് മധ്യപ്രദേശിൽനിന്ന് സംഘടിപ്പിച്ചതാണെന്നാണ് വിവരം. ഇതേക്കുറിച്ച് മധ്യപ്രദേശ് പൊലീസും അന്വേഷണം തുടങ്ങി. ഇതേ തോക്കാണ് പുരോഗമന സാഹിത്യകാരൻ എം.എം. കലബുർഗിയുടെ വധത്തിനും ഉപയോഗിച്ചതെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. അതിനാൽ മൂന്നംഗ സംഘത്തെ കണ്ടെത്താൻ കഴിഞ്ഞാൽ കലബുർഗി വധത്തിലും പ്രതികളെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ബെംഗളൂരുവിൽ നിന്നും അറസ്റ്റിലായ മാണ്ഡ്യ മദ്ദൂർ സ്വദേശി നവീൻ കുമാറിനെ ചോദ്യം ചെയ്യതതിലൂടയാണ് ഗൗരി ലങ്കേഷ് വധത്തിലെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്. ഹിന്ദുയുവസേന സ്ഥാപകാംഗമാണ് നവീൻ കുമാർ. ഗാരിയെ വധിക്കാൻ രഹസ്യകേന്ദ്രത്തിൽ നാലുപേരോടൊപ്പം വെടിവെപ്പ് പരിശീലനം ലഭിച്ചതായി ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.

ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ 2017 സെപ്റ്റംമ്പർ അഞ്ചിനാണ് ഗൗരിലങ്കേഷ് കൊല്ലപ്പെടുന്നത്. സംവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആദ്യഘട്ടത്തിൽ ആരോപണമുയർന്നിരുന്നെങ്കിലും പിന്നീട് തീവ്രഹിന്ദുസ്വഭാവമുള്ള സംഘടനയിലെ നേതാക്കളെ അറസ്റ്റു ചെയ്യുകയായിരുന്നു.

പ്രതികളുടെ രേഖാ ചിത്രങ്ങളാണ് പൊലീസിനെ പ്രതികളെ പിടികൂടാൻ സഹായകമായത്. കൽബുർഗി വധത്തിലും ഇവർക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. 'ഗൗരി ലങ്കേഷ് പത്രികെ' എഡിറ്ററായ ഗൗരി, കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയുമായിരുന്നു ഗാരി ലങ്കേഷ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കേഷ്, മാവോയിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP