Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ എടുത്ത സുകുമാരൻ നായരുടെ തീരുമാനത്തെ പിന്തുണച്ചു; ഇടതു മുന്നണിക്കൊപ്പം നിൽക്കുമ്പോഴും സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞു വിമർശനങ്ങളും; കെ ബി ഗണേശ് കുമാർ എംഎൽഎ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ എത്തുന്നത് ജനറൽ സെക്രട്ടറിയുടെ ആശിർവാദങ്ങളോടെ

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ എടുത്ത സുകുമാരൻ നായരുടെ തീരുമാനത്തെ പിന്തുണച്ചു; ഇടതു മുന്നണിക്കൊപ്പം നിൽക്കുമ്പോഴും സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞു വിമർശനങ്ങളും; കെ ബി ഗണേശ് കുമാർ എംഎൽഎ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ എത്തുന്നത് ജനറൽ സെക്രട്ടറിയുടെ ആശിർവാദങ്ങളോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തേക്ക് മുൻ മന്ത്രിയും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേശ്‌കുമാർ എത്തിയത് ജി സുകുമാരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെയാണ്. സുകുമാരൻ നായർക്ക് പകരക്കാരനായി ഭാവിയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സെക്രട്ടറി സ്ഥാനത്തേക്ക് പോലും ഗണേശ് കുമാർ എത്തിയാൽ അത്ഭുതപ്പെടാനില്ല. ആ പദവിയിലേക്ക് എത്തുമെന്ന് കരുതിയ പലരും ഇപ്പോൾ സുകുമാരൻ നായരുമായി പിണങ്ങി പുറത്തുപോയ അവസ്ഥയിലാണ്. കുറച്ചുകാലമായി സംസ്ഥാന സർക്കാറിന്റെ പല തീരുമാനങ്ങളെയും വിമർശിച്ചു കൊണ്ടാണ് ഗണേശ്‌കുമാർ രംഗത്തുവന്നിരുന്നത്.

ഇടതുമുന്നണിയുടെ നേതാവായിരിക്കെ തന്നെ സർക്കാർ തീരുമാനങ്ങളെ അടക്കം വിമർശിച്ചിരുന്നു. വൈക്കം സത്യാഗ്രഹ ശതാബ്ധി ആഘോഷത്തിൽ നിന്നും എൻഎസ്എസ് വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ സുകുമാരൻ നായരെ പിന്തുണച്ചാണ് ഗണേശ് രംഗത്തുവന്നത്. അതിന് കാര്യകാരണങ്ങൾ സഹിതമായിരുന്നു ഗണേശിന്റെ വിശദീകരണം. താഴ്ന്ന ജാതിക്കാർക്കു വേണ്ടി അമ്മ മഹാറാണിയെ കണ്ടത് മന്നത്ത് പത്മനാഭൻ ആയിരുന്നുവെന്നായിരുന്നു ഗണേശ് ചൂണ്ടിക്കാട്ടിയത്.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽനിന്ന് വിട്ടു നിൽക്കാനുള്ള കാരണം അന്വേഷിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ വിളിച്ചിരുന്നു. സുകുമാരൻ നായരുടെ വിശദീകരണം ശരിയാണ്. എൻഎസ്എസ് ഒരിക്കലും ഭരണകക്ഷിക്കോ, ആഘോഷം നടത്തുന്നവർക്കോ എതിരല്ല. മന്നത്ത് പത്മനാഭനെ മറന്നുള്ള ആഘോഷ പരിപാടി ശരിയല്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന് മുമ്പു തന്നെ ചങ്ങനാശേരിയിലെ കുടുംബ ക്ഷേത്രം പട്ടികജാതിക്കാർക്ക് മന്നത്ത് പത്മനാഭൻ തുറന്നു കൊടുത്തിരുന്നുവെന്നും എംഎൽഎ പറഞ്ഞു.

തൊട്ടുകൂടായ്മ നിലനിന്ന കാലത്ത് മന്നത്തിന്റെ അമ്മ നടത്തിയ സാമൂഹ്യ ഇടപെടലും ഗണേശ് ഓർമിപ്പിച്ചു. കേരളത്തിൽ ശ്രീനാരായണ ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത് നായന്മാരാണ്. ക്ഷേത്രത്തിൽ പൂജ നടത്താൻ തമിഴ്‌നാട്ടിൽനിന്നു കൊണ്ടുവന്ന നമ്പൂതിരിമാർ പിന്നീട് നായന്മാരെ അടിമകളാക്കിയെന്ന് കെ ബി ഗണേശ് കുമാർ പറയുകയുണ്ടായി.

അടുത്തതായി മന്ത്രിയായി ഊഴം ലഭിക്കേണ്ടത് ഗണേശ്‌കുമാറിനാണ്. അതിനുള്ള സമയം അടുക്കുമ്പോഴും സർക്കാറിനെതിരായ വിമർശനങ്ങളിൽ മാത്രം ഗണേശ് മയപ്പെടുത്തിയിരുന്നില്ല. കേരളത്തിൽ തൽക്കാലം ആരും ബിസിനസോ സംരഭങ്ങളോ തുടങ്ങരുതന്നും ഉള്ള പണം ബാങ്കുകളിൽ നിക്ഷേപിക്കലാണ് ബുദ്ധിയെന്നും ഗണേശ് അടുത്തിടെ പറഞ്ഞതും വിവാദത്തിലായിരുന്നു. പ്രവാസികൾ ഇപ്പോൾ നിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാൽ നാട്ടിലെത്തിയാൽ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും കെ.ബി ഗണേശ് കുമാർ എംഎൽഎ. തൽക്കാലത്തേക്ക് ആരും കേരളത്തിൽ വ്യവസായമോ വ്യാപാരമോ നടത്താൻ ഒരുങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആ പണം ബാങ്കിൽ നിക്ഷേപിക്കുന്നതാണെന്നും ഗണേശ് കുമാർ മുന്നറിയിപ്പ് നൽകുകയുണ്ടായി.

അടുത്തിടെ എഐ ക്യാമറാ സംവിധാനത്തെയും തുറന്നെതിർത്തു കൊണ്ട് ഗണേശ്കുമാർ രംഗത്തു വന്നിരുന്നു. ജനകീയമല്ല ഈ തീരുമാനമെന്നതു കൊണ്ടാണ് ഗണേശ് കുമാർ വിമർശനം ഉന്നിയിച്ചത്. ഇപ്പോൾ വീണ്ടും തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കയാണ് ഗണേശ്. പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെന്ന് കെ ബി ഗണേശ് കുമാർ എം എൽ എ തുറന്നടിക്കുകയുണ്ടായി.

'സ്‌കൂട്ടറിൽ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്നതിന് ഫൈൻ ഈടാക്കുന്നതിന് എതിര് പറഞ്ഞ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയക്കാരൻ ഞാൻ മാത്രമേയുള്ളൂ. മുഖ്യമന്ത്രിക്കിത് കേൾക്കുമ്പോൾ ദേഷ്യം വരില്ലേന്ന് അന്ന് പലരുമെന്നോട് ചോദിച്ചു. സത്യം പറയുമ്പോൾ എന്തിനാണ് ദേഷ്യം വരുന്നത്. മുഖ്യമന്ത്രി തന്നെ പറഞ്ഞു ഇക്കാര്യത്തിൽ ഇടപെടുമെന്ന്. ഞാൻ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. അതാണ് മുഖ്യമന്ത്രി കേട്ടത്. പ്രശ്‌നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയപ്രവർത്തകർ. അത് സർക്കാരിനെ നാറ്റിക്കലല്ല. അതിനർത്ഥം ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നുവെന്നാണ്. എന്നെ നിയമസഭയിൽ പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം പറയേണ്ടത് സഭയിലാണ്. അതുകൊണ്ടാണ് അവിടെ പറയുന്നത്. മിണ്ടാതിരുന്നാൽ ഇയാളെ മന്ത്രിയാക്കും. അങ്ങനെയുള്ള യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും വേണ്ട.'- ഗണേശ് കുമാർ പറഞ്ഞു.

കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ,മാനപ്പള്ളി മോഹൻ കുമാർ വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവർ ഇന്ന് എൻഎസ്എസ് പ്രതിനിധി സഭയിൽ നിന്നും ഇങ്ങിപ്പോയിരുന്നു. ഇതോടെ. നാടകീയ നീക്കങ്ങൾക്കൊടുവിൽ കെബി ഗണേശ് കുമാറിനെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തുകയുംചെയ്തു. കലഞ്ഞൂർ മധുവിന് പകരമാണ് ഗണേശ് കുമാറിന്റെ വരവ്. എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഗണേശിന്റെ അച്ഛൻ ബാലകൃഷ്ണപിള്ള. ഇപ്പോൾ ഗണേശും അതേ പദവിയിൽ എത്തുന്നു.

300 അംഗ പ്രതിനിധി സഭയിൽ നിന്നാണ് 6 പേർ ഇറങ്ങി പോയത്. ജനറൽ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ മധു പറഞ്ഞു. ധനമന്ത്രി കെ. എൻ. ബാലഗോപലിന്റെ സഹോദരൻ കൂടിയാണ് കലഞ്ഞൂർ മധു. 26 വർഷമായി മധു ഡയറക്ടർ ബോർഡ് അംഗമാണ്. ഇന്ന് മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നുള്ള ഇറങ്ങിപോക്ക്. ഇടതു മുന്നണിയിലെ ധാരണ പ്രകാരം ആറു മാസത്തിനുള്ളിൽ മന്ത്രിയാകേണ്ട വ്യക്തിയാണ് കെബി ഗണേശ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP