Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടി സെക്രട്ടറിയുടെ തറവാട്ടു വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയാൽ മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാർ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ഗണപതി ഹോമം കഴിക്കുന്നതിൽ എന്താണ് തെറ്റ്? കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ ഹൈടെക് വീവിങ് മില്ലിലെ ഗണപതി പൂജയെ ചൊല്ലി വിവാദം; 'നവോത്ഥാന ഗണപതി പൂജ' ആണോ എന്നു ചോദിച്ച് വിമർശകർ; സർക്കാർ സ്ഥാപനത്തിലെ പൂജയിൽ പാർട്ടി അണികൾക്കിടയിലും അമർഷം

പാർട്ടി സെക്രട്ടറിയുടെ തറവാട്ടു വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയാൽ മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാർ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ഗണപതി ഹോമം കഴിക്കുന്നതിൽ എന്താണ് തെറ്റ്? കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ ഹൈടെക് വീവിങ് മില്ലിലെ ഗണപതി പൂജയെ ചൊല്ലി വിവാദം; 'നവോത്ഥാന ഗണപതി പൂജ' ആണോ എന്നു ചോദിച്ച് വിമർശകർ; സർക്കാർ സ്ഥാപനത്തിലെ പൂജയിൽ പാർട്ടി അണികൾക്കിടയിലും അമർഷം

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കേരളം ഭരിക്കുന്നത് നവോത്ഥാന മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന, അന്ധവിശ്വാസം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാറാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അടക്കം ശക്തമായ നടപടി കൈക്കൊള്ളുന്ന സർക്കാറാണ് ഒരു ഉദ്ഘാടനത്തിന് മുമ്പ് ഗണപതിഹോമം നടത്തിയത്. പിണറായിയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ ഹൈടെക് വീവിങ് മില്ലിൽ ഉദ്ഘാടനത്തിന് മുൻപ് നടത്തിയ ഗണപതി ഹോമം സിപിഎം അണികൾക്കിടയിലും പൊതു സമൂഹത്തിലും എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നാട്ടിലാണ് സർക്കാർ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു മുൻപ് സ്ഥാപനത്തിനകത്ത് ഗണപതി ഹോമം നടത്തിയതെന്ന വാർത്ത കണ്ണൂർ അണകളിലാണ് വലിയ ചലനം ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ കാർക്കശ്യക്കാരനായ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഉത്തരേന്ത്യൻ രീതി പിന്തുടർന്നത് എന്നതാണ് എതിർപ്പ് ശക്തമാക്കുന്നത്. സംഭവം പുറത്തുവന്നതോടെ നവോത്ഥാന ഗണപതി പൂജയാണോ എന്ന ചോദ്യം ഉയർത്തി വിമർശകർ തന്നെ രംഗത്തുവന്നു.

ഇന്നലെ രാവിലെ 3 ആരംഭിച്ച ഹോമം 5നാണ് സമാപിച്ചത്. പിണറായി തെരുവിലെ ഗണപതി ക്ഷേത്രത്തിലെ ശാന്തിയുടെ കാർമികത്വത്തിലായിരുന്നു പൂജ. രാവിലെ 9.30നായിരുന്നു മില്ലിന്റെ പ്രവർത്തനം മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തത്. ഹോമം നടത്തിയതിന്റെ പ്രസാദം ഉദ്ഘാടനത്തിനെത്തിയവർക്ക് കഴിക്കാൻ ലഭിച്ചപ്പോഴാണ് വിവരം പുറത്തായത്. എന്നാൽ മില്ലിനുള്ളിൽ ഹോമവോ പൂജയോ നടന്നിട്ടില്ലെന്നാണ് അധികൃതരുടെ വാദം. നേരത്തേ ചീമേനി തുറന്ന ജയിലിൽ പൂജ നടത്തിയത് വിവാദമായിരുന്നു.

പ്രവർത്തകർ ഗൃഹപ്രവേശനത്തിനു ഗണപതി ഹോമം നടത്തരുതെന്നു സംസ്ഥാന സമ്മേളനരേഖയിൽ വ്യക്തമാക്കുന്ന സിപിഎം ഭരിക്കുന്ന സർക്കാർ തന്നെ മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന പരിപാടിയിൽ ഹോമം നടത്തിയത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്. നേരത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തറവാട്ടു വീട്ടിൽ തന്നെ വലിയ പൂജ നടന്നത് വിവാദങ്ങൾക്ക് ഇടയാക്കിരുന്നു. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ പൂജ നടത്താമെങ്കിൽ മുഖ്യമന്ത്രിയുടെ നാട്ടിൽ പൂജ നടത്തുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവും ഉയരുന്നുണ്ട്.

നേരത്തെ കോടിയേരിയുടെ വീട്ടിൽ ദോഷ പരിഹാര പൂജയായിരുന്നു നടന്നത്. കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു അന്ന് ചടങ്ങുകൾ നടന്നത്. സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. മലബാറിലെ പ്രമുഖരായ പലതന്ത്രിമാരും പൂജകളിൽ പങ്കെടുത്തിരുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയതായും സൂചനയുണ്ട്.

ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്റെ പേരിൽ പാർട്ടി പ്രാദേശിക ഭാരവാഹികൾക്കും അംഗങ്ങൾക്കും പാർട്ടി അണികൾക്കുമെതിരെ നടപടിയെടുക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാർട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചർച്ചയായിട്ടുണ്ട്. ഏതാനും വർഷം മുമ്പ് കോടിയേരിക്കു വേണ്ടി കാടാമ്പുഴയിൽ പൂമൂടൽ പൂജ കഴിച്ചത് ഏറെ വിവാദമായിരുന്നു. ഗുരുവായൂർ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിച്ച പാർട്ടിയുടെ സെക്രട്ടറിയുടെ വീട്ടിൽ പൂജ നടത്തിയതിലെ വിരോധാഭാസവും ചൂണ്ടിക്കാണിക്കപ്പെടുന്നു. സമാനമായ ആരോപണമാണ് ഇപ്പോൾ ഉണ്ടായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP