Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികാരമേറ്റ് ആദ്യമായി പിണറായി ഡൽഹിയിൽ എത്തിയപ്പോൾ മോദി ചോദിച്ചത് ഗെയിൽ പദ്ധതി നടപ്പാവുമോ എന്ന്; എല്ലാപണിയും പൂർത്തിയായിട്ടും ഒന്നരകിലോമീറ്റർ ഉടക്കിക്കിടന്നത് ശരിയാക്കിയത് മോദിയുടെ മിടുക്കിൽ; 700 കോടിവരെ സംസ്ഥാനത്തിന് നികുതിവരുമാനം കിട്ടുന്ന പദ്ധതിയിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിണറായി; ഗെയിൽ പദ്ധതിയിലൂടെ തെളിയുന്നത് പുതിയ വികസന സംസ്‌കാരം

അധികാരമേറ്റ് ആദ്യമായി പിണറായി ഡൽഹിയിൽ എത്തിയപ്പോൾ മോദി ചോദിച്ചത് ഗെയിൽ പദ്ധതി നടപ്പാവുമോ എന്ന്; എല്ലാപണിയും പൂർത്തിയായിട്ടും ഒന്നരകിലോമീറ്റർ ഉടക്കിക്കിടന്നത് ശരിയാക്കിയത് മോദിയുടെ മിടുക്കിൽ; 700 കോടിവരെ സംസ്ഥാനത്തിന് നികുതിവരുമാനം  കിട്ടുന്ന പദ്ധതിയിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിണറായി; ഗെയിൽ പദ്ധതിയിലൂടെ തെളിയുന്നത് പുതിയ വികസന സംസ്‌കാരം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: രാഷ്ട്രീയമായി എതിർചേരികളിൽ നിൽക്കുമ്പോഴും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലം കാണുന്നത്, കേരള വികസനത്തിൽ വൻ കുതിപ്പ് ഉണ്ടാകുമെന്ന് കരുതുന്ന ഗെയിൽ പദ്ധതിയുടെ പുർത്തീകരണത്തിലൂടെയാണ്. സംസ്ഥാനത്ത് ഗെയിൽ (ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈൻ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കയാണ്. 'ഡിസംബർ ആദ്യവാരം പദ്ധതി കമ്മിഷൻ ചെയ്യും. പദ്ധതി പൂർണതോതിലായാൽ 500 മുതൽ 700 കോടി വരെ നികുതിവരുമാനം ലഭിക്കും. പദ്ധതിയിലെ തടസം നീക്കാൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ട്'- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ആണിത്. പിണറായ അധികാരമേറ്റ് ആദ്യ കൂടിക്കാഴ്ചയിൽ മോദി ചോദിച്ചതും ഗെയിൽ പദ്ധതി നടപ്പാക്കാൻ പറ്റുമോ എന്നതിനെ കുറിച്ചായിരുന്നു.

കാസർകോട് ചന്ദ്രഗിരിപ്പുഴയിൽ അവസാന പൈപ്പ് ലൈൻ സ്ഥാപിച്ചു കഴിഞ്ഞു. മൊത്തം 510 കിലേമീറ്റർ വരുന്നതിൽ വെറും 40 കിലോമീറ്റർ മാത്രമാണ് യുഡിഎഫിനെ കൊണ്ട് ചെയ്യാൻ കഴിഞ്ഞത്. ഉപേക്ഷിക്കുമെന്ന ഘട്ടത്തിലെത്തിയ പദ്ധതി എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ ജീവൻ വെക്കുകയായിരുന്നു. കൊച്ചി -മംഗലാപുരം പൈപ്പ്ലൈൻ ഡിസംബർ ആദ്യം കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുപോലെ കൂറ്റനാട് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന ലൈനും, 2021 ജനുവരിയിൽ കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ രണ്ടുലൈനുകളും ചേർന്ന് ആയിരകോടിയോളം നികുതിവരുമാനമാണ് കേരളത്തിന് കിട്ടുന്നത്.

പ്രതിഷേധങ്ങളെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ എതാണ്ട് നിർത്തിവെക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാകരാറുകളും റദ്ദാക്കി ഗെയിലും പദ്ധതി അവസാനിപ്പിക്കാൻ പോകുന്ന ഘട്ടത്തിലാണ്, 2016ൽ ഇടതുസർക്കാർ അധികാരത്തിൽ കയറിയത്. ഇതോടെ സ്ഥലമെടുപ്പിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിയത് അടക്കമുള്ള നടപടികളിലൂടെ പദ്ധതിക്ക് വേഗം കൂട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക പ്രോജക്റ്റ് സെൽ തുടങ്ങി. 5781 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. വാഹനങ്ങൾക്കായി ഇനി സിഎൻജി സ്റ്റേഷനുകൾ തുടങ്ങാൻ കഴിയും. ഇന്ധനച്ചെലവ് ശരാശരി 20 ശതമാനം കുറയും. പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കൊണ്ടുവരാൻ കഴിയുന്നത് കേരളത്തിൽ ചരിത്ര നേട്ടമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പദ്ധതിക്ക് ആദ്യ അനുമതി നൽകിയത് വി എസ് സർക്കാർ ആണെന്നും പിണറായി ഓർമ്മിപ്പിച്ചു.

'എല്ലാപണിയും പുർത്തിയായിട്ടും അവസാനത്തെ ഒന്നര കിലോമീറ്റർ വിവിധ സങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. അതോടെ സംസ്ഥാന സർക്കാർ ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചു. അതിന്റെ ഭാഗമായി ഗെയിലിന്റെ ഒരു പ്രധാന ഉദ്യോഗസ്ഥനെ ഇനി പണിതീർത്തിട്ട് മാത്രം കേരളത്തിൽ നിന്ന് പോന്നാൽ മതി എന്ന ധാരണയുടെ ഭാഗമായി ഇങ്ങോട്ട് അയച്ചിട്ടുണ്ട്. അവർ ഇവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തനം നടത്തി. അങ്ങനെയാണ് പദ്ധതി പുർത്തിയായത്. ഈ സമയത്ത് വേണ്ട നടപടി സ്വീകരിച്ച പ്രധാനമന്ത്രിയോടുള്ള നന്ദി അറിയിക്കുന്നു.'- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ വികസന സംസ്‌കാരത്തിലും സമാനതകൾ ഇല്ലാത്തതായി മാറുകയാണ് ഗെയിൽ പദ്ധതി.

പ്രധാനമന്ത്രി ആവശ്യപ്പെട്ട പദ്ധതി

മഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ഡൽഹിയിലെത്തിയ പിണറായി വിജയനോട് ഗെയിൽ പദ്ധതി
നടപ്പാകുമോ എന്നതായിരുന്നു പ്രധാനമന്ത്രി ആദ്യം ചോദിച്ച ചോദ്യം. പദ്ധതി നടപ്പിലാക്കിയിരിക്കുമെന്ന മറുപടിയാണ് അന്ന് മുഖ്യമന്ത്രി നല്കിയത്. കൊച്ചി മംഗളൂരു ലൈനിൽ പൈപ്പിടൽ പൂർത്തിയായപ്പോൾ അത് വികസനത്തിലും പുതിയ രാഷ്ട്രീയ സംസ്‌കാരം ചൂണ്ടിക്കാട്ടുകയാണ്.

വി എസ് അച്യുതാനന്ദൻ സർക്കാരാണ് പദ്ധതിക്ക് ഏകജാലക അനുമതി നല്കിയത്. ഭരണമാറ്റം ഉണ്ടായതോടെ ഉമ്മൻ ചാണ്ടി സർക്കാർ ദൗത്യം ഏറ്റെടുത്തു. ആ 5 വർഷ കാലയളവിൽ പൈപ്പിട്ടത് വെറും 40 കിലോമീറ്റർ ദൈർഘ്യത്തിൽ. സ്ഥലമേറ്റെടുപ്പ് പോലും നടക്കില്ലെന്നായപ്പോൾ ഗെയിൽ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചു.ഉപേക്ഷിക്കപ്പെടുന്ന് കരുതപ്പെട്ട പദ്ധതിയാണ് പിണറായി വിജയൻ സർക്കാർ പൊടിതട്ടിയെടുത്തത്. നല്ല വിലകൊടുത്ത് ഭൂമി എറ്റെടുത്തു. വർഗ്ഗീയ സംഘടനകളും കപടപരിസ്ഥിതി വാദികളും പദ്ധതിയെ അട്ടിമറിക്കാനാണ് ശ്രമിച്ചത് എന്നതും മറക്കാനാവില്ല.

രണ്ടുമാസത്തോളമായി കാസർകോട്ട് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ പൈപ്പിടുന്നത് തടസ്സപ്പെട്ടിരുന്നു. ഇതോടെ, 24 ഇഞ്ച് വ്യാസത്തിലുള്ള പൈപ്പിനു പകരം പുഴയിലൂടെ താൽകാലികമായി ആറിഞ്ച് പൈപ്പിട്ടാണ് ശനിയാഴ്ച രാത്രിയോടെ പദ്ധതി പൂർത്തിയാക്കിയത്. ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ തുരങ്കം നിർമ്മിച്ച് 24 ഇഞ്ച് വ്യാസമുള്ള പൈപ്പ് കടത്താനായിരുന്നു പദ്ധതി. ചട്ടഞ്ചാലിൽ ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കുള്ള തൈര മാണിയടുക്കത്തുനിന്ന് തെക്ക് ചെങ്കളയിലെ ബേവിഞ്ചയിലേക്കു തുരങ്കം നിർമ്മിച്ച് പൈപ്പ് കടത്തിവിട്ടെങ്കിലും ഇടയ്ക്ക് 540 മീറ്ററിൽ കുടുങ്ങി. പൈപ്പ് മുന്നോട്ടേക്കും പിന്നോട്ടേക്കും പോകാതായി. പദ്ധതി വൈകുന്നത് ഒഴിവാക്കാൻ താത്കാലികമായി പുതിയ ചെറിയ തുരങ്കം നിർമ്മിച്ച് ആറിഞ്ച് പൈപ്പിടാൻ അധികൃതർ തീരുമാനിച്ചു. ഈ പൈപ്പിലൂടെ വാതകം കടത്തിവിട്ട് പദ്ധതി കമ്മിഷൻ ചെയ്തശേഷം വീണ്ടും വലിയ പൈപ്പ് തിരിച്ചെടുത്ത് തുരങ്കംവഴി കടത്തിവിടാനുള്ള പ്രവൃത്തി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊച്ചിയിൽനിന്ന് തൃശ്ശൂർവഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാടാണ് പ്രധാന ജങ്ഷൻ. ഇവിടെനിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബെംഗളൂരു കുഴലും തുടങ്ങുന്നത്. ബെംഗളൂരു കുഴലിന്റെ ഭാഗമായുള്ള കൂറ്റനാട്-വാളയാർ പ്രകൃതിവാതകക്കുഴൽ ഡിസംബറൽ കമ്മിഷൻ ചെയ്യും. ഗെയിൽ പ്രകൃതിവാതകക്കുഴൽ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടിയോളം രൂപ കിട്ടും.

സിറ്റി ഗ്യാസ് പദ്ധതിക്കും തുടക്കം

മംഗലാപുരത്തെ വ്യാവസായിക യൂണിറ്റുകൾക്ക് നാളെമുതൽ ഗെയിൽ പൈപ്പ് ലൈനിൽ നിന്ന് ഗ്യാസ് ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു്ള്ള ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി 2007ലാണ് തുടക്കം കുറിച്ചത്. 2014ൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. എന്നാൽ പൂർത്തിയായില്ല. കോഴിക്കോട് മുക്കത്തും പരിസരപ്രദേശങ്ങളിലും പദ്ധതിക്കെതിരെ രൂക്ഷമായ എതിർപ്പാണ് ഉയർന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ അറൂനുറ് കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്ന് ആരോപിച്ചാണ് എതിർപ്പുയർന്നത്. പക്ഷേ ഈ പ്രശ്നം പരിഹരിക്കാൻ സർക്കാറിനായി.

ഗെയിൽ കുഴലിൽനിന്ന് സിറ്റി ഗ്യാസ് വിതരണ കണക്ഷനെടുക്കാനായി വിവിധയിടങ്ങളിൽ ടാപ് ഓഫ് സംവിധാനമൊരുക്കിയിട്ടുണ്ട്. കൊച്ചി കളമശ്ശേരിയിലുള്ള ടാപ് ഓഫിൽനിന്ന് കണക്ഷനെടുത്ത് 2016ൽത്തന്നെ സിറ്റി ഗ്യാസ് വിതരണം തുടങ്ങിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ കുന്നംകുളം, പാലക്കാട് മലമ്പുഴ, മലപ്പുറം നറുകര, കോഴിക്കോട് ഉണ്ണികുളം, കണ്ണൂർ കൂടാളി, കാസർകോട് അമ്പലത്തറ എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസിനായുള്ള ടാപ് ഓഫ് ഉള്ളത്. അതതു പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും. ഇത് വൈകാതെ തുടങ്ങാൻ കഴിയും എന്നാണ് അറിയുന്നത്. അതോടെ വാട്ടർകണക്ഷൻപോലെ ആവും ഗ്യാസ് കണക്ഷനും. ടാങ്കറുകളിൽ പാചക വാതകം കൊണ്ടുവരുന്ന രീതി ഇതോടെ മാറും. അതുവഴിയുണ്ടാവുന്ന അപകടങ്ങളും കുറക്കാൻ കഴിയും. തെക്കൻ ജില്ലകളിലേക്ക് തൽകാലം പ്രകൃതിവാതകക്കുഴലില്ല. പകരം ജില്ലാ അടിസ്ഥാനത്തിൽ വലിയ ഇന്ധന ടാങ്ക് പോലെ സംഭരണശേഷി കൂടിയ എൽ.എൻ.ജി. പാക്കേജ് സ്റ്റേഷനുകൾ സ്ഥാപിച്ച് കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ പ്രകൃതിവാതകം എത്തിക്കും. ഈ നിലക്ക് സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് തന്നെയാണ് ഗെയിലിലൂടെ കളം ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP