Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഡിയയുടെ ചൂഷണം തുറന്നുകാട്ടിയ ഗഫൂർ ഇപ്പോഴും ആക്റ്റീവാണ്; പുതിയ പോരാട്ടം ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് തട്ടിപ്പിനെതിരെ; കസ്റ്റമർ കെയറിൽ വിളിച്ചാൽ ഉദ്യോഗസ്ഥർ മലക്കംമറിയുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഐഡിയയുടെ ചൂഷണം തുറന്നുകാട്ടിയ ഗഫൂർ ഇപ്പോഴും ആക്റ്റീവാണ്; പുതിയ പോരാട്ടം ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് തട്ടിപ്പിനെതിരെ; കസ്റ്റമർ കെയറിൽ വിളിച്ചാൽ ഉദ്യോഗസ്ഥർ മലക്കംമറിയുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

എം പി റാഫി

മലപ്പുറം: മൊബൈൽ സേവനം നൽകുന്ന കമ്പനികളുടെ പിടിച്ചുപറിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് മലപ്പുറം വെള്ളില സ്വദേശി കളത്തിങ്ങൽ അബ്ദുൽ ഗഫൂർ. കൂട്ടിലങ്ങാടി പള്ളിപ്പുറം റോഡിൽ മൊബൈൽ ഗാലക്‌സി എന്ന പേരിൽ മൊബൈൽ ഷോപ്പ് നടത്തി വരുന്ന ഈ യുവാവ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷക്കണക്കിനു ഉപഭോക്തക്കൾക്കു വേണ്ടി ശബ്ദിച്ചു വരികയാണ്. ഗഫൂർ ചൂണ്ടിക്കാട്ടുന്ന ചൂഷണങ്ങൾ അധികൃതർ അംഗീകരിക്കേണ്ടി വരികയും ഒടുവിൽ ആവശ്യം പരിഹരിക്കാൻ നിർബന്ധിതരാകുകയും ചെയ്യാറുണ്ട്.

അനേകം ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങളും പ്രശ്‌നങ്ങളും ഏറ്റെടുത്ത് ഗഫൂർ പ്രതിഷേധം ഉയർത്തുന്നതോടെ പൊതുജന പിന്തുണ ലഭിക്കുകയും അത് ബന്ധപ്പെട്ട കമ്പനി അധികൃതർക്ക് തലവേദനയായി മാറുകയും ചെയ്യും. അപ്പോൾ പ്രശ്‌നങ്ങൾ തിരുത്താൻ കമ്പനികളും നിർബന്ധിതരാകും.

സോഷ്യൽ മീഡിയ വഴിയാണ് ഗഫൂർ മിക്ക ചൂഷണങ്ങളും തുറന്നു കാട്ടിയിട്ടുള്ളത്. ഇത്് വിവിധ മൊബൈൽ സേവനങ്ങൾ നൽകുന്ന കമ്പനികളുടെ ഉപഭോക്താക്കൾ ഏറ്റെടുക്കുന്നതോടെ പ്രശ്‌നങ്ങൾ വലിയ ചർച്ചയായി മാറും. ഇതോടെ കമ്പനികൾ നിലപാട് മാറ്റുകയും ചെയ്യുന്നു. കഴിഞ്ഞ 11 വർഷമായി മൊബൈൽ കട നടത്തി വരുന്ന അബ്ദുൽ ഗഫൂർ ഇത്തരത്തിൽ മൊബൈൽ ഉപഭോക്താക്കൾക്കിടയിലും സുപരിചിതനാണ്.

എട്ടുമാസം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഗഫൂറിന്റെ ശബ്ദരേഖക്ക് വൻ പിന്തുണ ലഭിച്ചിരുന്നു. ഐഡിയയുടെ പിടിച്ചുപറിക്കെതിരെയായിരുന്നു അന്ന് ഗഫൂർ പ്രതികരിച്ചത്. ഇത് മറുനാടൻ മലയാളി വാർത്തയാക്കുകയും കസ്റ്റമർ കെയറുമായുള്ള ഗഫൂറിന്റെ സംഭാഷണം പുറത്തു വിടുകയും ചെയ്തതോടെ ഇതിന് ഏറെ സ്വീകാര്യത ലഭിച്ചു. ഉപഭോക്താവിന്റെ റിക്വസ്റ്റോ അനുമതിയോ ഇല്ലാതെ ഐഡിയ വാല്യൂ ആഡഡ് സർവ്വീസ് ആക്ടിവേഷൻ എന്നപേരിൽ 30 രൂപ ഈടാക്കുകയായിരുന്നു.

ഈ സംഭവത്തിൽ കസ്റ്റമർ കെയറിന് വിളിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഗഫൂർ വിട്ടുകൊടുത്തില്ല. 30 രൂപ തിരികെ നൽകാമെന്ന് ഐഡിയ എക്‌സിക്യൂട്ടീവിന് സമ്മതിക്കേണ്ടി വന്ന ശബ്ദരേഖയായിരുന്നു അത്. മലപ്പുറം വെള്ളില യു.കെ പടിയിലെ അബ്ദുൽ ഗഫൂർ യൂട്യൂബിലിട്ട ഈ ശബ്ദരേഖ പിന്നീട് വൈറലായി. അന്ന് ഐഡിയ 30 രൂപ റീഫണ്ട് ചെയ്തിരുന്നതായി ഗഫൂർ തന്നെ മറുനാടൻ മലാളിയോട് വ്യക്തമാക്കുകയുണ്ടായി.

ഇത്തരത്തിൽ ടെലികോം മേഖലയിലെ വിവിധ തട്ടിപ്പുകൾക്കെതിരെ നിരന്തര ഇടപെടലുകൾ ഗഫൂർ ഇപ്പോഴും തുടരുന്നു. മൊബൈൽ നെറ്റ് വർക്കിംങ് കമ്പനികളുടെ വിവിധ ചൂഷണങ്ങൾക്കെതിരെ മൊബൈൽ ഫോൺ റീട്ടൈലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (എംപി.ആർ.എ.കെ)യൂണിറ്റിന്റെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ഈയിടെ ബോധവൽക്കരണവും പരാതി ശേഖരണവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മുൻപന്തിയിലും ഗഫൂർ ഉണ്ടായിരുന്നു.

തന്റെ പോരാട്ടത്തിന്റെ തുടർച്ചയായി ഗഫൂർ ഇപ്പോൾ ബിഎസ്എൻഎലിന്റെ ചൂഷണം തുറന്നു കാണിക്കുന്ന തിരക്കിലാണ്. ബി.എസ്.എൻ.എൽ നെറ്റ് പ്ലാൻ റീചാർജ് ചെയ്താൽ മെയിൻ ബാലൻസിൽ നിന്നും കസ്റ്റമർ അറിയാതെ തുക ഈടാക്കുന്നതിനെതിനെതിരെയാണ് ഗഫൂർ പുതിയ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്. ടി ആർ എ ഐ-ട്രായി( ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) യുടെ നിബന്ധനകൾ സ്വകാര്യ കമ്പനികളടക്കം അംഗീകരിച്ചെങ്കിലും ബി.എസ്.എൻ.എൽ അംഗീകരിക്കാതെ ചൂഷണം തുടരുകയാണ്. ഇതു ചൂണ്ടിക്കാട്ടിയുള്ള ഗഫൂറിന്റെ ശബ്ദരേഖയും വൈറലായിരിക്കുകയാണ്.

മിക്ക ആളുകളും അറിയാതെ ഇരയാകുന്ന ചൂഷണമാണിത്. അറിയുന്നവരാകട്ടെ പ്രതികരിക്കാൻ തയ്യാറാകുകയുമില്ല. ഇനി പരാതിപ്പെട്ടാലും അത് എന്തായെന്ന് പിന്നീട് തിരക്കാറുമില്ല. ഇത് കമ്പനികൾക്ക് സൗകര്യമാകുന്ന സാഹചര്യത്തിലാണ് ഗഫൂർ പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നെറ്റ് ബാലൻസ് തീർന്നാൽ മെയിൻ അക്കൗണ്ടിൽ നിന്നും തുക നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികൾ ഉയർന്നിരുന്നു.

ഈ സാഹചര്യത്തിൽ ട്രായ് 2015 സെപ്റ്റംബർ മാസത്തിൽ ടെലികോം ഓപ്പറേറ്റർമാർക്ക് റീഅമെന്റ്‌മെന്റ് ആക്ട് പ്രകാരം പ്രത്യേക നിദേശങ്ങൾ നൽകി. ഇതുപ്രകാരം 'സ്റ്റോപ്പ്' എന്ന് 1925 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ നിങ്ങൾ ഏതെങ്കിലും നെറ്റ് പാക്ക് റീചാർജ് ചെയ്തിട്ടുണ്ടെങ്കിൽ ഡാറ്റാ ബാലൻസ് തീർന്നാൽ ഉടൻ നെറ്റ് ഡിസ്‌കണക്ട് ആവും. എന്നാൽ ഈ നിർദ്ദേശം പുറത്തിറക്കി ഏകദേശം ഒരു വർഷം പിന്നിട്ടിട്ടും ഇത് ബി എസ് എൻ എൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെയാണ് ഇപ്പോൾ ഗഫൂറിന്റെ പോരാട്ടം.


സ്വകാര്യ കമ്പനികളിൽ നിന്നും വ്യത്യസ്തമായി ബിഎസ്എൻഎൽലിൽ ഈ മെസേജ് 1925 ലേക്ക് കസ്റ്റമർ അയക്കുകയാണെങ്കിൽ ആജീവനാന്തം നെറ്റ് ഉപയോഗിക്കാനേ പറ്റില്ലെന്ന സ്ഥിതിയാണ് വന്നുചേരുക. വീണ്ടും നെറ്റ് ഉപയോഗിക്കണമെങ്കിൽ 'സ്റ്റാർട്ട്' എന്ന് 1925 ലേക്ക് മെസേജ് അയക്കുകയും വേണം. ഇങ്ങനെ സ്‌റ്റോപ്പും സ്റ്റാർട്ടും അയച്ചില്ലെങ്കിൽ ഡാറ്റാ ബാലൻസ് തീർന്നാൽ ഇതിനു പിന്നാലെ മെയിൻ അക്കൗണ്ടിലെ ബാലൻസ് നഷ്ടപ്പെടുകയും ചെയ്യും.

ഒരു പ്രത്യേക പ്ലാൻ റിചാർജ് ചെയ്ത് സ്വകാര്യ കമ്പനികളുടെ നെറ്റ് പാക്ക് ഉപയോഗിച്ചീൽ പ്ലാനിൽ അനുവദിച്ച തുക മാത്രമാണ് ഉപയോഗിക്കേണ്ടി വരിക. എന്നാൽ ബിഎസ്എൻഎൽ ആകട്ടെ പ്ലാൻ കഴിഞ്ഞാലും അനിയന്ത്രിതമായി മെയിൻ ബാലൻസിൽ നിന്നും തുക കസ്റ്റമർ അറിയാതെ ഈടാക്കി കൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോൾ. ബിഎസ്എൻഎൽ പഌൻ ഉപയോഗിക്കുന്ന നിരവധി പേർക്ക് ഈ പരാതിയുണ്ടെങ്കിലും പലരും എന്തുചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ്.

പ്രശ്‌നം നിസ്സാരമെന്ന് തോന്നാമെങ്കിലും ദിവസവും മൊബൈൽ ഡാറ്റ ആക്റ്റീവായി കിടക്കുന്നതിലൂടെ തുക നഷ്ടപ്പെടുന്നവർ നൂറുകണക്കിന് വരും. സ്മാർട് ഫോണുകളിൽ ചില അപഌക്കേഷനുകൾ ഇടക്ക് ഓട്ടോമാറ്റിക് ആയി മൊബൈൽ ഡാറ്റാ ആക്റ്റീവ് ആക്കുന്ന സാഹചര്യവുമുണ്ട്. ഫോണിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെ നിർത്തണമെന്ന് അറിയാത്തവരാണ് പണം നഷ്ടപ്പെടുന്നവരിൽ അധികവും.

ട്രായിയുടെ നിർദ്ദേശത്തിനു വിരുദ്ധമായുള്ള ബിഎസ്എൻഎലിന്റെ ഈ ചൂഷണം അവസാനിപ്പിക്കണമെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിലും മറ്റും പ്രചാരണം നടത്തി വരികയാണ് ഗഫൂർ ഇപ്പോൾ. ഉപഭോക്താക്കളെ ബോധവൽക്കരിക്കുകയും ചൂഷണത്തിൽ നിന്നും മുൻകരുതലെടുക്കാനുള്ള ഉപദേശവുമാണ് ഗഫൂറിന് നൽകാനുള്ളത്.

ബി.എസ്.എൻ.എൽ പ്രതിനിധികളുമായി ഈ വിഷയത്തിൽ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദ രേഖ സോഷ്യൽ മീഡിയകളിൽ വൈറലായിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ പല പ്രതിനിധികളോട് സംസാരിച്ചെങ്കിലും വ്യക്തമായ ഒരു മറുപടി നൽകാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.

കമ്പനിയിലെ ഉദ്യോഗസ്ഥർക്കും ഇതേ കുറിച്ച് വലിയ ധാരണയുമില്ലെന്ന് ഗഫൂർ പറയുന്നു. വിഷയം അറിയാവുന്നവർ തന്നെ പരിമിതികളുണ്ടെന്ന മറുപടിയായിരുന്നു. എന്നാൽ ഏറ്റെടുത്ത വിഷയത്തിൽ നിന്നും പിന്തിരിയാതെ ഫോളോ ചെയ്യുകയാണ് ഗഫൂർ. വിഷയം ധരിപ്പിക്കാനായി ആദ്യം ജൂനിയർ എഞ്ചിനീയറെ വിളിച്ചു കാര്യമൊന്നുമുണ്ടായില്ല. ഇവിടെ നിന്ന് പബ്ലിക്ക് റിലേഷൻ ഓഫീസറുടെ നമ്പർ നൽകി. എന്നാൽ ഈ ഉദ്യോഗസ്ഥനെ വിളിച്ചപ്പോൾ വിഷയം അറിയുകയേ ഇല്ലെന്നായിരുന്നു മറുപടി.

പിന്നീട് രണ്ടുപേരെ വിളിച്ച ശേഷം അഞ്ചാമത് വിളിച്ചത് മാർക്കറ്റിങ് മാനേജരെയായിരുന്നു. ഇദ്ദേഹത്തിന് കാര്യവും ഉന്നയിച്ച വിഷയവും ന്യായമാണെന്ന് ബോധ്യപ്പെട്ടെങ്കിലും ഗഫൂറിന്റെ നമ്പർ വാങ്ങിയതല്ലാതെ ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. അടുത്ത നടപടിക്കൊരുങ്ങും മുമ്പ് ബിഎസ്എൻഎൽ സർക്കിൾ ഓഫിസിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് ഗഫൂർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP