Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഇന്ത്യയുടെ റെഡ് സ്‌പോട്ടെന്ന് കരുതിയ കാസർകോടിപ്പോൾ രാജ്യത്തിന്റെ പ്രൈഡ് സ്‌പോട്ട്! 175 രോഗികളിൽ 160 പേരും രോഗ ശാന്തിയുമായി വീട്ടിൽ പോയി; കുതിച്ചുയർന്ന രോഗ വ്യാപനത്തെ തടഞ്ഞത് തന്ത്രങ്ങൾ ഒരുക്കിയ ട്രിപ്പിൾ ലോക് ഡൗൺ തന്നെ; 1999ലെ പഴയ എ എസ് പിയുടെ രക്ഷകന്റെ റോളിലുള്ള തിരിച്ചുവര് ആശ്വാസമായത് ആരോഗ്യ കേരളത്തിന് തന്നെ; മർക്കടമുഷ്ടി ഒഴിവാക്കി കാസർകോടിനെ വീട്ടിൽ ഇരുത്തിയത് സാഖറെ മാജിക് തന്നെ; കോവിഡുകാലത്ത് ഐജി വിജയ് സാഖറെ കണ്ണൂരിലേക്ക് ദൗത്യം മാറ്റുമ്പോൾ

ഇന്ത്യയുടെ റെഡ് സ്‌പോട്ടെന്ന് കരുതിയ കാസർകോടിപ്പോൾ രാജ്യത്തിന്റെ പ്രൈഡ് സ്‌പോട്ട്! 175 രോഗികളിൽ 160 പേരും രോഗ ശാന്തിയുമായി വീട്ടിൽ പോയി; കുതിച്ചുയർന്ന രോഗ വ്യാപനത്തെ തടഞ്ഞത് തന്ത്രങ്ങൾ ഒരുക്കിയ ട്രിപ്പിൾ ലോക് ഡൗൺ തന്നെ; 1999ലെ പഴയ എ എസ് പിയുടെ രക്ഷകന്റെ റോളിലുള്ള തിരിച്ചുവര് ആശ്വാസമായത് ആരോഗ്യ കേരളത്തിന് തന്നെ; മർക്കടമുഷ്ടി ഒഴിവാക്കി കാസർകോടിനെ വീട്ടിൽ ഇരുത്തിയത് സാഖറെ മാജിക് തന്നെ; കോവിഡുകാലത്ത് ഐജി വിജയ് സാഖറെ കണ്ണൂരിലേക്ക് ദൗത്യം മാറ്റുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരിപ്പൂരിൽ വിമാനം ഇറങ്ങി കറങ്ങി നടന്ന ദുബായിക്കാരൻ. കണ്ണൂരും കാസർകോടും എല്ലായിടത്തും ഈ ആൾ പോയിരുന്നു. അതുകൊണ്ട് തന്നെ കോവിഡിൽ കാസർകോടിന് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ നെറുകയിലാണ് കാസർകോട്. തിരിച്ചറിഞ്ഞ 175 രോഗികളിൽ 160 പേരും രോഗം ഭേദമായി വീട്ടിൽ പോയി. 15 പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഒരു ഘട്ടം കഴിഞ്ഞ ശേഷം കാസർകോട് രോഗ വ്യാപനവും ഉണ്ടായില്ല. ഇതാണ് കാസർകോടിനെ യഥാർത്ഥത്തിൽ രക്ഷിച്ചത്.

ഇന്ത്യയുടെ റെഡ് സ്‌പോട്ടാകുമെന്ന് കരുതിയ കാസർകോടിനെ രാജ്യത്തിന്റെ പ്രൈഡ് സ്‌പോട്ടാക്കിയത് ആരോഗ്യ രംഗത്തെ കേരള മാതൃകയിലൂടെ മാത്രമല്ല. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രാപകലില്ലാതെ ഓടി നടന്നു. കാസർകോടിനെ അടുത്ത് അറിയുന്ന ഉദ്യോഗസ്ഥൻ. കാസർകോടിനെ നേരെയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരീക്ഷണം വിജയം കണ്ടു. വീരേന്ദ്ര വിജയ് സാഖറെ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അങ്ങനെ മഹാമാരിയെ പ്രതിരോധിക്കാനെത്തി. വീട്ടിന് പുറത്തിറങ്ങുന്നവരെ നിയന്ത്രിച്ചും ശാസിച്ചും കാസർകോട് രോഗ വ്യാപന തോത് അതിവേഗം കുറച്ചു. ട്രിപ്പിൾ ലോക് ഡൗണിന്റെ മികവായിരുന്നു ഇതിന് കാരണം.

കാസർകോട് സബ് ഡിവിഷൻ പരിധിയിലെ ഓരോ പ്രദേശങ്ങളും വിജയ് സാഖറെയ്ക്കു പരിചിതമാണ്. 1999 ലാണു സാഖറേ ആദ്യമായി കാസർകോട് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്നത്. ഏഴു മാസം കാസർകോട് എഎസ്‌പി ചുമതല. ജില്ലയിലെ അക്രമസംഭവങ്ങൾ പലതും അടിച്ചമർത്താൻ അദ്ദേഹത്തിനായി. 21 വർഷങ്ങൾക്കു ശേഷം സാഖറെ വീണ്ടും കാസർകോടെത്തിയതു രക്ഷകന്റെ വേഷത്തിലാണ്.
കോവിഡ് പോരാട്ടത്തിൽ ജില്ല കണ്ടത് വിജയ്‌സാഖറെയിലെ കർക്കശക്കാരനായ പൊലീസുകാരനെ തന്നെയാണ്. ശക്തമായ പൊലീസ് സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിൽ കോവിഡ് വ്യാപനം ഇല്ലാതാക്കി. അതിന് ശേഷം യാത്ര കണ്ണൂരിലേക്ക്. ഈ സാഖറെ മാതൃക കണ്ണൂരിനേയും തുണയ്ക്കുമെന്നാണ് കേരളാ പൊലീസിന്റേയും സർക്കാരിന്റേയും പ്രതീക്ഷ. അങ്ങനെ ലോക് ഡൗൺ കാലത്തെ പൊലീസ് ഹീറോയാകുകയാണ് വിജയ് സാഖറെ.

കൊച്ചിയിലെ കമ്മീഷണറായിരുന്നു സാഖറെ. കൊച്ചിയിലും കോവിഡ് ഉണ്ട്. എന്നാൽ അവിടെ കോവിഡിനെ പിടിച്ചു കെട്ടാൻ കളക്ടര് സുഹാസിനെ പോലൊരു കർശനക്കാരനുണ്ട്. ഇത് മനസ്സിലാക്കിയാണ് കാസർകോട്ടേക്ക് സാഖറയെ വിടുന്നത്. ഇത് തന്നെയാണ് കാസർകോടിനെ രക്ഷിച്ചെടുത്തത്. സാഖറെയെ കാസർഗോട്ടേക്കു നിയോഗിക്കാൻ മന്ത്രിസഭ ഒറ്റക്കെട്ടായാണു തീരുമാനമെടുത്തത്. കാസർഗോട്ട് എത്തിയ സാഖറെ ആദ്യം ചെയ്തതു ജനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ്. ദൗത്യത്തിന്റെ പ്രാരംഭദിനങ്ങളിൽ ദിവസം നാലുമണിക്കൂറോളം മാത്രമായിരുന്നു ഉറക്കം. പൊലീസിന്റെ മർക്കടമുഷ്ടി ഒഴിവാക്കി, ജനങ്ങളുമായി ഇടപഴകി. ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. സ്വന്തം കുടുംബത്തിലെ ഒഴിവാക്കാൻ പറ്റാത്ത ആവശ്യം പോലും മാറ്റിവച്ചു. ഈ സ്‌നേഹം കാസർകോടിനെ അനുസരണയുള്ള ജില്ലയാക്കി.

അസുഖബാധിതയായ നാലുവയസുകാരിയെ അർധരാത്രി സ്വന്തം വാഹനത്തിൽക്കയറ്റി ആശുപത്രിയിലെത്തിച്ചതും നിത്യേന എണ്ണൂറിലേറെപ്പേർക്കു ഭക്ഷണമെത്തിച്ചതുമൊക്കെ സാഖറയെ വ്യത്യസ്തനാക്കി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണു കാസർഗോഡ് ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 20 മുതൽ രോഗവ്യാപനം വർധിച്ചതോടെ ജില്ല അടച്ചുപൂട്ടി. സ്ഥിതി അതിവേഗം വഷളാവുകയാണെന്നു മനസിലാക്കിയ സർക്കാർ ഒരു മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെ സ്പെഷൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചു. അങ്ങനെ സാഖറെ കൊച്ചിയിൽ നിന്ന് കാസർകോട്ടെത്തി.

സ്പെഷൽ ഓഫീസറും സംഘവും മാർച്ച് 24-നു കാസർഗോട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കാൻ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. എല്ലാ ദിവസവും വൈകിട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ലോക്ക്ഡൗൺ നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർക്കെല്ലാം സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. മാർച്ച് 25-നു കാസർഗോട്ട് നടപ്പാക്കിയ ട്രിപ്പിൾ ലോക്ക്ഡൗണും സാഖറെയുടെ ആശയമായിരുന്നു. ലോക്ക്-1 പ്രകാരം റോഡ് ബ്ലോക്കുകളും തുടർച്ചയായ മൊബൈൽ പട്രോളിങ്ങുമാണു പ്രധാനമായും നടപ്പാക്കിയത്. കർണാടകയിൽനിന്നും കണ്ണൂർ ജില്ലയിൽനിന്നുമുള്ള അതിർത്തികൾ അടച്ചു.

മതിയായ കാരണമില്ലാതെ വീടിനു പുറത്തിറങ്ങിയവരെയെല്ലാം തിരിച്ചയയ്ക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തു. അനുസരിക്കാത്തവർക്കെതിരേ നിയമനടപടി സ്വീകരിച്ചു, വാഹനങ്ങൾ പിടിച്ചെടുത്തു.അത്യാവശ്യകാര്യങ്ങൾക്കായി സർക്കാർ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ ലോക്ക്ഡൗണിൽ ഇളവ് നൽകിയിരുന്നു. ഇതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. തുടർന്ന് വിപണികളിൽ ആളുകളുടെ പ്രവേശനം നിയന്ത്രിക്കാൻ ടൈം വൗച്ചറുകൾ നൽകി. ഇത് ആളുകളുടെ ഒത്തുചേരൽ വളരെയധികം കുറച്ചു. കുറച്ച് ദിവസത്തേക്കെങ്കിലും അവശ്യവസ്തുക്കൾ ഒന്നിച്ചുവാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനകം പുറത്തിങ്ങുന്നവരുടെ എണ്ണം പകുതിയോളം ചുരുങ്ങി.

ഡ്രോൺ ടീമുകളെ വിന്യസിച്ച് ഒത്തു ചേരലുകൾ നിയന്ത്രിച്ചു. സമ്പർക്കവിലക്കുള്ളവർ വീടുകളിൽ തുടരുന്നത് ഉറപ്പുവരുത്താൻ പൊലീസ് പാറാവ് ഏർപ്പെടുത്തി. ഓരോ ബൈക്ക് പട്രോളിങ് സംഘവും 10-12 വീടുകൾ നിരീക്ഷിച്ചു. കോവിഡ് പ്രതിരോധപദ്ധതി നടപ്പാക്കാൻ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചു. സമ്പർക്കവിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താനാണ് ഇതു പ്രധാനമായും പ്രയോജനപ്പെട്ടത്. 20,000-ൽ അധികം വ്യക്തികളെ ട്രാക്ക് ചെയ്യാൻ പ്രത്യേകം ആപ്പ് ഉപയോഗിച്ചു. വ്യക്തിയുടെ സമ്മതത്തോടെയാണു മൊബൈൽ ഫോണുകളിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തത്. 5000-ൽ അധികം ലംഘനങ്ങൾ ഇങ്ങനെ കണ്ടെത്തി. മുന്നൂറിലധികം പേരെ ഹോം ക്വാറന്റൈനിൽനിന്നു സർക്കാർ ക്വാറന്റൈനിലേക്കു മാറ്റി. ഇവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.

വൈദ്യസഹായം ലഭ്യമാക്കാൻ ടെലി മെഡിസിൻ പ്ലാറ്റ്ഫോം ഉപയോഗിച്ചു. ആളുകളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ മാർച്ച് 28-ന് അമൃതം ഹോം ഡെലിവറി സേവനം ആരംഭിച്ചു. ഈ സംരംഭങ്ങളിലൂടെ പൊലീസ് ഒപ്പമുണ്ടെന്ന സന്ദേശം നൽകാൻ സാധിച്ചു. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എസ്‌ഐമാർ നയിക്കുന്ന 80 സംഘങ്ങൾ രൂപീകരിച്ചു.അങ്ങനെ ട്രിപ്പിൾ ലോക്കിൽ കാസർകോട് രോഗത്തെ അതിജീവിച്ചു. അങ്ങനെ ഹോട് സ്‌പോട്ടിനെ ഗോൾഡൺ സ്‌പോട്ടാക്കുകയാണ് സാഖറെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP