Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം; അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചു; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു; അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്; സർക്കാറിനെതിരെ ജി സുരേഷ് കുമാർ

രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം; അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചു; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു; അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്; സർക്കാറിനെതിരെ ജി സുരേഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നലെയാണ് വിതരണം ചെയ്തത്. ഈ നടപടിക്കെതിരെ സൈബർ ഇടത്തിൽ പ്രതിഷേധം ഉയരുമ്പോൾ സമാനമായി എതിർപ്പുയർത്തി പ്രശസ്ത നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാർ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കിൽ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു.അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാമെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി.

2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. ജെ.സി.ഡാനിയേൽ അവാർഡ് ഏറ്റു വാങ്ങാൻ സംവിധായകൻ ഹരിഹരൻ എത്താതിരുന്നതു ഫലത്തിൽ നന്നായി.മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരനു വേണ്ടി മേശപ്പുറത്തു നിന്ന് അവാർഡ് എടുക്കാനെത്തിയത്.

സ്റ്റാംപ് പ്രകാശനവും അവാർഡ് സ്മരണിക പ്രകാശനവും നേരിട്ടു നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ തോന്നാതിരുന്നതു കഷ്ടമാണെന്നും സുരേഷ്‌കുമാർ പറഞ്ഞു. ഇന്നലെയാണ് അമ്പതാമത് ചലച്ചിത്ര പുരസ്‌ക്കാരം സമ്മനിച്ചത്. താരങ്ങളെയെല്ലാം ക്ഷണിച്ചു വരുത്തിയ ശേഷം മേശപ്പുറത്തുവെച്ച പുരസ്‌ക്കാരം താരങ്ങൾ എടുക്കുകായിരുന്നു.

ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന്റെ മാതൃകയിൽ അടുത്ത വർഷം മുതൽ ടെലിവിഷൻ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന് വേണ്ടി ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഏറ്റുവാങ്ങി. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സ്വഭാവ നടി സ്വാസിക വിജയ്, മികച്ച ചിത്രമായ വാസന്തിയുടെ സംവിധായകർ ഷിനോസ് റഹ്മാൻ, സജസ് റഹ്മാൻ, പ്രത്യേക ജൂറി പരാമർശം നേടിയ നിവിൻ പോളി, അന്നബെൻ, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ഐ.എഫ്.എഫ്.കെയുടെ പേരിലുള്ള തപാൽ സ്റ്റാമ്പ് കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശനം ചെയ്തു. ഇങ്ങനെ പ്രകാശനം നിർവ്വഹിക്കാമെങ്കിൽ എന്തുകൊണ്ട് നേരിട്ടു നൽകിയില്ലെന്ന ചോദ്യം ഉയരുകയായിരുന്നു. വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങൾ ജേതാക്കൾ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP