Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴിമതിയുടെ കറപുരളാത്ത സുധാകരൻ വരുന്ന വാർത്തകേട്ട് കരാറുകാർക്കെല്ലാം നെഞ്ചിടിപ്പ്; പി സി ജോർജിനേക്കാൾ മൂർച്ചയേറിയ നാക്കും ഉഡായിപ്പുകാർക്ക് പാരയാകും; സുധാകരൻ വരുന്നു... എല്ലാം ശരിയാകും

അഴിമതിയുടെ കറപുരളാത്ത സുധാകരൻ വരുന്ന വാർത്തകേട്ട് കരാറുകാർക്കെല്ലാം നെഞ്ചിടിപ്പ്; പി സി ജോർജിനേക്കാൾ മൂർച്ചയേറിയ നാക്കും ഉഡായിപ്പുകാർക്ക് പാരയാകും; സുധാകരൻ വരുന്നു... എല്ലാം ശരിയാകും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തുടർച്ചയായ മൂന്നാം അങ്കത്തിലും അമ്പലപ്പുഴയിൽ നിന്ന് ജയിച്ചുകയറിയ ജി സുധാകരൻ ഒരു കവി കൂടിയാണ്. കവികൾ ലോലഹൃദയരാകുമെന്ന പൊതുവിശ്വാസം പക്ഷേ, സുധാകരന്റെ പെരുമാറ്റത്തിലും ഭരണത്തിലും പ്രതീക്ഷിച്ചാൽ തെറ്റി. ചിലപ്പോഴെങ്കിലും പി സി ജോർജെന്ന രാഷ്ട്രീയക്കാരനെ വെല്ലുന്ന നാക്കും കാർക്കശ്യവും സുധാകരനെന്ന ഭരണകർത്താവിനെ വ്യത്യസ്തനാക്കുന്നു. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് കൈകാര്യംചെയ്ത സഹകരണ, ദേവസ്വം, കയർ വകുപ്പുകളി്ൽ പലരും ഈ കാർക്കശ്യച്ചൂടിൽ വിയർത്തിട്ടുണ്ട്. ഇപ്പോൾ മന്ത്രിസഭയിലെ രണ്ടാമൂഴത്തിൽ മുൻ വകുപ്പുകൾ വിട്ട് സുധാകരൻ പൊതുമരാമത്ത് വകുപ്പ് 'കൈകാര്യം' ചെയ്യുമെന്ന് കേൾക്കുമ്പോൾത്തന്നെ വിയർത്തുതുടങ്ങുകയാണ് കള്ളപ്പണിക്കാരായ കരാറുകാർ. കാരണം മറ്റൊന്നുമല്ല മുൻപ് കൈകാര്യം ചെയ്ത ദേവസ്വം, സഹകരണ വകുപ്പുകളിലെ കൃത്രിമക്കാരെ മുഴുവൻ നേർവഴിക്കു നടത്താൻ സുധാകരൻ നടത്തിയ ഇടപെടലുകൾ തന്നെ.

ജി. സുധാകരൻ പൊതുമരാമത്തുകാരെ പണ്ടുമുതലേ നോട്ടമിട്ടയാളാണെന്നതും കള്ളത്തരം കാട്ടുന്ന കരാറുകാരുടെ നെഞ്ചിടിപ്പു കൂട്ടുന്നു. റോഡ് പൊളിച്ചിട്ട ശേഷം മുങ്ങിനടന്ന കരാറുകാരെ സുധാകരൻ നോട്ടമിട്ട് പിൻതുടർന്നു പിടികൂടിയ സംഭവങ്ങൾ പലതുണ്ട്. ഇത്തവണ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം പോലും റോഡിനു വേണ്ടി സുധാകരൻ സമരരംഗത്തിറങ്ങി. ഇത്തരത്തിൽ റോഡ് വിഷയം ഒരു 'വീക്ക്‌നസ്' ആയ സുധാകരൻ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാകുമ്പോൾത്തന്നെ കള്ളപ്പണിക്കാർ വിറച്ചുതുടങ്ങുന്നതിൽ അതിശയിക്കാനില്ലല്ലോ. വി എസ്. അച്യുതാനന്ദന്റെ, അമ്പലപ്പുഴ പറവൂരിലെ കുടുംബവീടിനു സമീപത്തുകൂടിയുള്ള പഴയ നടക്കാവ് റോഡ് പൂർത്തിയായത് സുധാകരന്റെ നേതൃത്വത്തിൽ നടന്ന നിരവധി സമരങ്ങളെ തുടർന്നായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് നവീകരിക്കാനായി റോഡ് പൊളിച്ചത്. എന്നാൽ പിന്നീട് പണി മുടങ്ങി. ഇക്കാര്യത്തിൽ സുധാകരനും പഴി കേൾക്കേണ്ടിവന്നു. കളക്ടറുടെ ചേംബറിൽ ഉൾപ്പെടെ നടത്തിയ കുത്തിയിരിപ്പ് സമരങ്ങൾക്കൊടുവിലാണ് റോഡ് പൂർത്തിയായത്.

ആലപ്പുഴ നഗരത്തിൽ എസ്.ഡി.വി സ്‌കൂൾ മതിലിനോടു ചേർന്ന് കനാൽക്കരയിലൂടെയുള്ള റോഡ് എട്ടുമീറ്റർ വീതിയിൽ പുനർനിർമ്മിക്കാനായി വെട്ടിപ്പൊളിച്ച കരാറുകാരനും സുധാകരന്റെ സമരച്ചൂടറിഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പ്രകടനം കടന്നുപോവേണ്ട റോഡ് താത്കാലികമായെങ്കിലും തുറന്നുകൊടുക്കണം എന്ന ആവശ്യ ഉയർന്നപ്പോൾ കരാറുകാരൻ മുങ്ങി. സമ്മേളനത്തലേന്ന് രാവിലെ ഏഴുമണിയോടെ സുധാകരന്റെ നേതൃത്വത്തിൽ റോഡിൽ സമരം. സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും എ.ഡി.എമ്മുമൊക്കെ അന്ന് സുധാകരന്റെ ശകാരത്തിനുമുന്നിൽ ശരിക്കും വിയർത്തു. പിറ്റേന്ന് പ്രകടനം ആരംഭിക്കുന്നതിനു മുമ്പ് റോഡ് താത്കാലികമായി ശരിയാക്കി തുറന്നുനൽകി.

പറവൂർ-പൂന്തുരം റോഡിന്റെ അറ്റകുറ്റപ്പണി കരാറുകാരനെക്കൊണ്ട് നിന്നനിൽപ്പിൽ പൂർത്തിയാക്കിച്ചത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം. പൊളിച്ചിട്ട റോഡ് അടിയന്തരമായി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ കളക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ പണിതുടങ്ങാമെന്ന് കരാറുകാരൻ പറഞ്ഞപ്പോൾ എങ്കിൽ രണ്ടു ദിവസം കഴിഞ്ഞേ കളക്ടറേറ്റിൽ നിന്നു പോകുന്നുള്ളൂ എന്നായി സുധാകരൻ. കരാറുകാരൻ അന്നുരാത്രിയിൽ തന്നെ യന്ത്രസാമഗ്രികൾ എത്തിച്ച് പണി തുടങ്ങിവച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അഴിമതിയുടെ നെല്ലിപ്പടിയിൽ നിൽക്കുന്ന പൊതുമരാമത്ത് വകുപ്പിനെ ഉടച്ചുവാർക്കാനും ശുദ്ധീകരിക്കാനും സുധാകരൻ കച്ചമുറുക്കിയിറങ്ങുമെന്ന് ഇതുവരെയുള്ള അനുഭവങ്ങൾതന്നെ സാക്ഷ്യം.

മുൻപ് സഹകരണ മന്ത്രിയായിരുന്നപ്പോൾ വകുപ്പ് സാധാരണക്കാർക്കും പാവങ്ങൾക്കും കൈത്താങ്ങാകുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് സുധാകരൻ കൊണ്ടുവന്നത്. വിലക്കയറ്റം രൂക്ഷമായപ്പോഴായിരുന്നു കൺസ്യൂമർഫെഡും ത്രിവേണി സ്റ്റോറുകളും ജനകീയവൽക്കരിച്ച് നിത്യോപയോഗ സാധനങ്ങളെത്തിക്കാൻ സുധാകരൻ നടപടിയെടുത്തത്. ഇതോടൊപ്പം പാവപ്പെട്ടവരുടെ പെൺമക്കളുടെ വിവാഹത്തിന് സഹായമേകാൻ മംഗല്യസൂത്ര സഹകരണസംഘം തുടങ്ങിയതും ശ്രദ്ധനേടി. കേപ്പിനു കീഴിൽ സഹകരണ ആശുപത്രി, സഹകരണ എൻജിനീയറിങ് കോളേജ്, സഹകരണ എംബിഎ കോളേജ്, സഹകരമ ഫിനിഷിങ് കോളേജുകൾ എന്നിവ തുടങ്ങി. ദേവസ്വം വകുപ്പിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ജീവനക്കാരുടെ കയ്യടിനേടി. കാലാകാലങ്ങളായി തുടർന്നുപോന്ന പല തട്ടിപ്പുകളും കയ്യോടെ പിടികൂടിയ സുധാകരൻ അന്ന് പലർക്കും ്അനഭിമതനാകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP