Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അരൂരിലെ തോൽവിക്ക് കാരണം 'പൂതന' പ്രയോഗം അല്ലെന്ന് മന്ത്രി ജി സുധാകരൻ; തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽകെട്ടിവെക്കാൻ ചിലർ ശ്രമിക്കുന്നു; തന്റെ പൂതന പരാമർശം കൊണ്ട് ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ഒരു വോട്ടും നഷ്ടമായിട്ടില്ല; യഥാർത്ഥ കാരണങ്ങളെ മറക്കാൻ ആണ് ഈ ആരോപണം ഉന്നയിക്കുന്നത്; ചില മാധ്യമങ്ങൾ തന്നെ ലക്ഷ്യമിട്ട് വാർത്ത നൽകുന്നു; ഷാനിമോൾ ജയിച്ചത് നിരങ്ങിയെന്നും സുധാകരൻ

അരൂരിലെ തോൽവിക്ക് കാരണം 'പൂതന' പ്രയോഗം അല്ലെന്ന് മന്ത്രി ജി സുധാകരൻ; തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽകെട്ടിവെക്കാൻ ചിലർ ശ്രമിക്കുന്നു; തന്റെ പൂതന പരാമർശം കൊണ്ട് ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ഒരു വോട്ടും നഷ്ടമായിട്ടില്ല; യഥാർത്ഥ കാരണങ്ങളെ മറക്കാൻ ആണ് ഈ ആരോപണം ഉന്നയിക്കുന്നത്; ചില മാധ്യമങ്ങൾ തന്നെ ലക്ഷ്യമിട്ട് വാർത്ത നൽകുന്നു; ഷാനിമോൾ ജയിച്ചത് നിരങ്ങിയെന്നും സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

 ആലപ്പുഴ: ഇടതുപക്ഷത്തിന്റെ കോട്ടയായി വിലയിരുത്തപ്പെട്ട അരൂരിൽ സിപിഎം സ്ഥാനാർത്ഥി മനു സി പുളിക്കൻ പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് സിപിഎം. ഇവിടെ തോൽവിക്ക് ഇടയാക്കിയത് മന്ത്രി ജി സുധാകരന്റെ വാവിട്ട വാക്കുകളാണെന്ന വിമർശനം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. സൈബർ ലോകത്തും നിരവധി പേർ ഈ അഭിപ്രായം രേഖപ്പെടുത്തുന്നു. എന്നാൽ താൻ കാരണമാണ് സ്ഥാനാർത്ഥി തോറ്റതെന്ന വാദം അംഗീകരിക്കാൻ ജി സുധാകരൻ തയ്യാറല്ല. അരൂരിലെ തോൽവിക്ക് കാരണം താനാണെന്ന പ്രചാരണത്തിനെതിരെ തുറന്നടിച്ചു കൊണ്ട് സുധാകരൻ രംഗത്തുവന്നു.

തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽകെട്ടിവെക്കാൻ ചിലർ ശ്രമിക്കുകയാണ്. തന്റെ പൂതന പരാമർശം കൊണ്ട് ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ഒരു വോട്ടും നഷ്ടമായിട്ടില്ല. യഥാർത്ഥ കാരണങ്ങളെ മറക്കാൻ ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. ചില മാധ്യമങ്ങൾ തന്നെ ലക്ഷ്യമിട്ട് വാർത്ത നൽകുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. കടപ്പുറത്തെയും കായലോരത്തെയും വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. ഇത് പാർട്ടി സൂക്ഷ്മമായി പരിശോധിക്കണം. അവിടങ്ങളിൽ ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ് നഷ്ടമായത്. അരൂരിൽ ഷാനിമോൾ അനുകമ്പ കൊണ്ട് ജയിച്ചതല്ല. നിരങ്ങിയാണ് ഷാനിമോൾ ജയിച്ചത്. സീറ്റ് നഷ്ടപ്പെട്ടതിൽ സങ്കടമുണ്ട്. അതിന്റെ കാര്യങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സുധാകരൻ പറഞ്ഞു.

അതേസമയം അരൂരിൽ സീറ്റു കൈവിട്ടു പോകാൻ പല ഘടകങ്ങളും ഇടയാക്കിയിണ്ടെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തൽ. അടിയൊഴുക്കുകളാണ് സ്വാധീനിച്ച പ്രധാന ഘടകമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹിക സാഹചര്യങ്ങൾ കണക്കാക്കാതെയുള്ള സ്ഥാനാർത്ഥി നിർണയവും തിരിച്ചടിയായതായി വിലയിരുത്തുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ 'പൂതന' വിവാദം, തുടരെ തോൽവി നേരിട്ട യു.ഡി.എഫ്. സ്ഥാനാർത്ഥിയോടുള്ള സഹതാപം എന്നിവയും തിരിച്ചടിക്ക് കാരണമായി. എൻ.ഡി.എ.യുടെ വോട്ടുചോർച്ചയും നിർണായകമായി.

അരൂരിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് 3671 വോട്ടുകളും എൽ.ഡി.എഫിന് 2182 വോട്ടുകളും കൂടുതൽ ലഭിച്ചപ്പോൾ എൻ.ഡി.എ. ക്ക് 9972 വോട്ടുകൾ കുറഞ്ഞു. എൻ.ഡി.എ.യിലെ ഈ വോട്ടുചോർച്ചയാണ് അട്ടിമറിയായത്. എൻ.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. വോട്ടുകളും മുന്നണിക്ക് ലഭിച്ചില്ല. അത് യു.ഡി.എഫിന് ലഭിച്ചിരിക്കാമെന്നാണ് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ അഭിപ്രായം.

'പൂതനമാർക്കുള്ള ഇടമല്ല അരൂർ' എന്ന മന്ത്രി ജി. സുധാകരന്റെ പ്രയോഗം സൃഷ്ടിച്ച വിവാദവും എൽ.ഡി.എഫിന് ക്ഷീണമുണ്ടാക്കി. ചട്ടലംഘനത്തിന്റെ പേരിൽ റോഡുനിർമ്മാണം ചോദ്യംചെയ്ത ഷാനിമോൾക്കെതിരേ കേസെടുത്തതും അവർക്ക് അനുകമ്പ നേടിക്കൊടുത്തു. മുസ്ലിം വിഭാഗത്തിൽപ്പെട്ട എ.എം. ആരിഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ ആ വിഭാഗത്തിൽനിന്ന് ലഭിച്ചിരുന്ന പിന്തുണ ഇത്തവണ ഷാനിമോൾക്ക് ലഭിച്ചതായും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38,619 വോട്ടുകൾക്കായിരുന്നു ആരിഫ് ജയിച്ചത്.

ഭൂരിപക്ഷ വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മണ്ഡലത്തിൽ ആ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന് വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിനു മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുമുന്നണികളും നിർത്തിയത് ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. സമുദായം നോക്കാതെ വെള്ളാപ്പള്ളി പിന്തുണയ്ക്കുമെന്നായിരുന്നു മന്ത്രി ജി. സുധാകരൻ പ്രതികരിച്ചത്. എന്നാൽ എസ്.എൻ.ഡി.പി.യുടെ സഹായം ഇവിടെ എൽ.ഡി.എഫിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP