Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവി പാറ്റ് സ്‌ളിപ്പുകളും എണ്ണണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടത് ഈ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചേക്കുമെന്ന ആശങ്കയിൽ; ഫലം വൈകുമെന്നും കൂടുതൽ സ്റ്റാഫിനെ വേണ്ടി വരുമെന്നും പറഞ്ഞ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും നടത്തിയ എതിർപ്പ് ഫലിച്ചില്ല; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് വിവി പാറ്റ് യന്ത്രങ്ങളിലെ സ്‌ളിപ്പുകൾ എണ്ണാൻ തീരുമാനിച്ചതോടെ പോരാട്ടത്തിൽ പാതിജയം നേടി പ്രതിപക്ഷ പാർട്ടികൾ; വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന പ്രത്യേക പ്രിന്ററായ വിവി പാറ്റ് പ്രവർത്തനം ഇങ്ങനെ

വിവി പാറ്റ് സ്‌ളിപ്പുകളും എണ്ണണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടത് ഈ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചേക്കുമെന്ന ആശങ്കയിൽ; ഫലം വൈകുമെന്നും കൂടുതൽ സ്റ്റാഫിനെ വേണ്ടി വരുമെന്നും പറഞ്ഞ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും നടത്തിയ എതിർപ്പ് ഫലിച്ചില്ല; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് വിവി പാറ്റ് യന്ത്രങ്ങളിലെ സ്‌ളിപ്പുകൾ എണ്ണാൻ തീരുമാനിച്ചതോടെ പോരാട്ടത്തിൽ പാതിജയം നേടി പ്രതിപക്ഷ പാർട്ടികൾ; വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന പ്രത്യേക പ്രിന്ററായ വിവി പാറ്റ് പ്രവർത്തനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വോട്ടിങ് മെഷീനിൽ കൃത്രിമംകാട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന ആക്ഷേപം പലപ്പോഴും ഉയരുന്നതിനിടെ ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത് ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിലെ സുപ്രധാന വിധിയാണ്. വോട്ടിങ് മെഷിനിൽ വിശ്വാസമില്ലെന്നും ഫലം പലപ്പോഴും തിരിമറി നടത്തി ഫലം അട്ടിമറിക്കപ്പെടുന്നു എന്നും പറഞ്ഞ് കോൺഗ്രസും ആംആദ്മിയും ഇടതുപക്ഷവും ഉൾപ്പെടെ 21 പ്രതിപക്ഷ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

വിവി പാറ്റ് മെഷിനിലെ സ്‌ളിപ്പുകളും എണ്ണണമെന്നും വോട്ടിങ് മെഷിനിലെയും വിവി പാറ്റിലെയും വോട്ടുകൾ തുല്യമാണോ എന്ന് പരിശോധിക്കണമെന്നും ആയിരുന്നു ആവശ്യം. ഇക്കാര്യത്തിൽ പ്രതിപക്ഷം ഒന്നടങ്കം വിവി പാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറുവശത്ത് ബിജെപിയും ഇലക്ഷൻ കമ്മിഷനും ഇതു വേണ്ടെന്ന നിലപാട് എടുത്തതും ചർച്ചയായി. ഫലം പുറത്തുവരുന്നത് വൈകുമെന്നും കൂടുതൽ സ്റ്റാഫിനെ വോട്ടെണ്ണാൻ നിയോഗിക്കേണ്ടിവരുമെന്നും എല്ലാം പറഞ്ഞാണ് ബിജെപിയും ഇലക്ഷൻ കമ്മിഷനും എതിർത്തത്.

പക്ഷേ, ഈ വാദം തള്ളിക്കൊണ്ടാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് വിവി പാറ്റ് യന്ത്രങ്ങളിലെ വോട്ട് എണ്ണാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് വിവി പാറ്റ് എന്നതും ചർച്ചയാവുകയാണ്. ആദ്യമായാണ് ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടിങ് യന്ത്രത്തിനുമൊപ്പം രാജ്യത്ത് എല്ലാ മണ്്ഡലങ്ങളിലും വിവി പാറ്റ് യന്ത്രങ്ങൾ കൂടെ ഉൾപ്പെടുത്തിയ തിരഞ്ഞെടുപ്പ് സംവിധാനം നടപ്പിൽ വരുന്നത്.

ഏതായാലും തങ്ങളുടെ വാദത്തിന് പാതിവിജയം നേടിയെന്നാണ് ഇപ്പോൾ പ്രതിപക്ഷം ആശ്വസിക്കുന്നത്. ഓരോ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുമുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് വിവി പാറ്റ് യ്ന്ത്രങ്ങളാണ് എണ്ണാൻ തീരുമാനിച്ചത്. റാൻഡം സിലക്ഷൻ രീതിയിലാണ് മണ്ഡലങ്ങളേതെന്ന് തീരുമാനിക്കുക. അതിനാൽ ഏതു മണ്ഡലത്തിലെ ഏതു യന്ത്രം വേണമെങ്കിലും വോട്ടെണ്ണാൻ തിരഞ്ഞെടുക്കപ്പെടാം. ഇതോടെ കൃത്രിമം നടക്കാൻ സാധ്യത കുറവെന്ന വിലയിരുത്തലാണ് വന്നിട്ടുള്ളത്.

വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന യന്ത്രം

വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടർമാർക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാൻ സാധിക്കുമെന്നതാണ് വിവി പാറ്റ് മെഷിന്റെ പ്രത്യേകത. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തപ്പെട്ടത് എന്ന് വോട്ടർക്ക് അപ്പോൾ തന്നെ ഉറപ്പിക്കാനാകും.

ഇത്തരത്തിൽ തത്സമയം തന്നെ ഫീഡ്ബാക്ക് ലഭിക്കുന്നതോടെ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നോ എന്ന് അറിയാൻ വോട്ടർമാർക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിഗ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും അതേസമയം രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. അതായത് തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം നടന്നാൽ പോലും വിവി പാറ്റിൽ തൽസമയം പ്രിന്റാകുന്ന വോട്ട് രേഖയിൽ പിന്നീട് മാറ്റംവരുത്തുക സാധ്യമല്ല.

ഇതാണ് പ്രത്യേകത. ഫലത്തിൽ ഇക്കുറി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങൾ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാരപ്രദമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിന്നീട് ആരോപണം ഉയർന്നാലും വിവി പാറ്റ് രേഖകൾ വീണ്ടും പരിശോധിക്കാനുമാകും. നിലവിൽ സാമ്പിൾ എന്ന നിലയിലാണ് വിവി പാറ്റ് വോട്ട് എണ്ണാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ളതെങ്കിലും ്അതുതന്നെ കൃത്രിമം തടയാൻ ഫലപ്രദമാകുമെന്നും ഉറപ്പായി. ഇക്കുറി ബിജെപി വലിയ കൃത്രിമം നടത്തി അധികാരം പിടിച്ചേക്കുമെന്ന ആശങ്കയുള്ള ഇടതുപക്ഷവും കോൺഗ്രസും ആംആദ്മിയും മമതയും ഉൾപ്പെടെ ഇത്തരമൊരു ആവശ്യവുമായി രംഗത്തുവരികയായിരുന്നു.

വിവിപാറ്റുകളുടെ പ്രവർത്തന രീതി ഇങ്ങനെ

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ. വോട്ടർക്ക് മാത്രം കാണാൻ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീൻ സ്ഥാപിക്കുക. ഒരു വോട്ടർ വോട്ട് ചെയ്യുമ്പോൾ അത് വിവിപാറ്റിലും രേഖപ്പെടുത്തപ്പെടും വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാസ് പ്രിന്റൗട്ട് ആയി പുറത്തു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർത്ഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്റ് സമയം നൽകും.

എന്നാൽ ആ രസീതുകൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. അതത് ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടികളിൽ രസീതുകൾ നിക്ഷേപിക്കപ്പെടും. ഫലത്തിൽ മുമ്പ് കൈകൊണ്ട് ബാലറ്റിൽ സീൽ കുത്തി വോട്ടുചെയ്ത ശേഷം അത് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതിന് പകരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വോട്ടുചെയ്ത് അത് ശരിയാണോ എന്ന് ഉറപ്പിച്ച് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നു എന്ന് മാത്രം. വോട്ട് മാറിയാണ് രേഖപ്പെടുത്തപ്പെട്ടത് എങ്കിൽ അപ്പോൾതന്നെ മനസ്സിലാക്കാനാകും. എങ്കിൽ പഴയ ബാലറ്റ് തന്നെ പോരേ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. കാരണം വോട്ട് ഒരേസമയം പ്രിന്റൗട്ടായി വരുന്നതിനൊപ്പം മെഷിനിലും രേഖപ്പെടുത്തപ്പെടും. ഇത് കൗണ്ടിങ് എളുപ്പത്തിലാക്കുമെന്നതാണ് പഴയകാല ബാലറ്റും വിവി പാറ്റ് രീതിയും തമ്മിലുള്ള വ്യത്യാസം.

ഇത്തരത്തിൽ പേപ്പർ രസീതുകൾ ബോക്‌സുകളിൽ നിക്ഷേപിക്കുന്നതുകൊണ്ട് വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉയരുകയാണെങ്കിൽ ഇവ എണ്ണാൻ സാധിക്കും. വിവിപാറ്റ് മെഷിനുകൾ വോട്ടർമാർക്ക് പ്രവർത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. ഇന്ത്യയിൽ ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോഗിച്ചത് 2013ൽ നാഗാലാന്റിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്. രാജ്യത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും വിവി പാറ്റ് എത്തി എന്നതാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP