Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

ഇന്ധന സെസ് പിൻവലിച്ചാൽ അത് തന്റെ തോൽവിയായി മാറുമെന്ന് പിണറായിക്ക് ഭയം; യുഡിഎഫ് ക്രെഡിറ്റ് കൊണ്ടുപോകുന്നതും സഹിക്കില്ല; എങ്കിൽ ജനം വലഞ്ഞാലും പിന്നോട്ടില്ലെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി; പ്രതിഷേധം അറിയിക്കാൻ ജനകീയ സർവേയുമായി യുഡിഎഫും; ഇന്ധന സെസിനിടെ ഇരട്ടിപ്രഹരമായി വെള്ളക്കര വർധനവും

ഇന്ധന സെസ് പിൻവലിച്ചാൽ അത് തന്റെ തോൽവിയായി മാറുമെന്ന് പിണറായിക്ക് ഭയം; യുഡിഎഫ് ക്രെഡിറ്റ് കൊണ്ടുപോകുന്നതും സഹിക്കില്ല; എങ്കിൽ ജനം വലഞ്ഞാലും പിന്നോട്ടില്ലെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി; പ്രതിഷേധം അറിയിക്കാൻ ജനകീയ സർവേയുമായി യുഡിഎഫും; ഇന്ധന സെസിനിടെ ഇരട്ടിപ്രഹരമായി വെള്ളക്കര വർധനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വറചട്ടിയിലേക്ക് എന്ന നിലയിലാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ. ഒരു വശത്ത് വിലക്കയറ്റം രൂക്ഷമാണ്. അതിനിടെ അത് വീണ്ടും വർധിപ്പിക്കുന്ന വിധത്തിലാണ് ഇന്ധന സെസ് അടക്കമുള്ള മറ്റു നികുതികൾ എത്തിയത്. എൽഡിഎഫിനുള്ളിൽ പോലും ഇന്ധന സെസ് കുറയ്ക്കണമെന്ന ആവശ്യം ഉയരുമ്പോഴും സർക്കാറർ അതിന് തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ . എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടാഭിപ്രായം ഉണ്ട്.പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്നതിനാൽ ,കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്.ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക.സെസ് കുറച്ചില്ലെങ്കിൽ യുഡിഎഫ് സമരം ശക്തമാക്കും.

അതേസമയം ,സെസ് നില നിർത്തി ഭൂമിയുടെ ന്യായ വില വർദ്ധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറക്കുന്നതും ചർച്ചയിൽ ഉണ്ട്. അതിനിടെ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നു മറുപടി പറയാനിരിക്കെ, ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കുന്നതിന്റെ സൂചനകളില്ല. 3 ദിവസത്തെ ബജറ്റ് ചർച്ച ഇന്നു സമാപിക്കുന്നതു മന്ത്രിയുടെ മറുപടിപ്രസംഗത്തോടെയാണ്. ഇളവുകളും അധിക പദ്ധതികളും ഇന്നാണു പ്രഖ്യാപിക്കുക.

ഇന്ധന വില വർധന പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങേണ്ട എന്ന പൊതുനിലപാടിലേക്ക് എൽഡിഎഫ് മാറിയതായാണു സൂചന. അതേസമയം, ഭൂമിയുടെ ന്യായവിലയിൽ ഒറ്റയടിക്ക് 20% വർധന വരുത്തിയതു പുനരാലോചിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇന്ധന സെസിന്റെ കാര്യം എടുത്തുപറഞ്ഞില്ലെങ്കിലും ബജറ്റ് നിർദേശങ്ങളെ നിയമസഭയിൽ ശക്തമായി പ്രതിരോധിക്കാൻ എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇന്ധന സെസ് പിൻവലിക്കുന്നതിനോട് മുഖ്യമന്ത്രിക്കും യോജിപ്പില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇന്ധന സെസ് മാറ്റില്ലെന്നു മുഖ്യമന്ത്രി പറഞ്ഞെന്ന മട്ടിലുള്ള പ്രചാരണം പങ്കെടുത്തവർ നിഷേധിച്ചു. മുഖ്യമന്ത്രി സംസാരിച്ചശേഷം 'ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം, ഉണ്ടെങ്കിൽ മാത്രം' എന്നു പാർലമെന്ററികാര്യമന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ആരും സംസാരിച്ചില്ല. 'എങ്കിൽ ശരി' എന്ന പിണറായിയുടെ വാക്കുകളോടെ യോഗം പിരിഞ്ഞു. സിപിഐ നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെയും സിപിഐയുടെയും ഉൾപ്പെടെ പല എൽഡിഎഫ് എംഎൽഎമാരും മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സെസിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ജനകീയ സർവേയുമായി യുഡിഎഫ്

അതേസമയം കേരള ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുൻപിൽ സത്യഗ്രഹമിരിക്കുന്ന എംഎൽഎമാരായ മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, ഷാഫി പറമ്പിൽ, സി.ആർ.മഹേഷ് എന്നിവരെ സ്പീക്കർ എ.എൻ.ഷംസീർ അടക്കമുള്ളവർ ഇന്നലെ സന്ദർശിച്ചിരുന്നു. യുഡിഎഫ് നേതാക്കൾക്കു പുറമേ, ഏതാനും മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും സഭാ കവാടത്തിൽ എംഎൽഎമാരെ സന്ദർശിക്കാനെത്തി. ധനമന്ത്രി കെ.എൻ.ബാലഗോപാൽ എത്തിയില്ലെന്നതും ശ്രദ്ധേയമായി.

അതിനിടെ ഇന്ധന സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിലും വെള്ളക്കരം കൂട്ടിയതിലും ജനങ്ങൾക്കുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കാൻ ജനകീയ സർവേയുമായി യുഡിഎഫ്. നിയമസഭാ കവാടത്തിൽ രണ്ടുദിവസമായി സമരം ചെയ്യുന്ന ഡോ. മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നീ എംഎൽഎമാരാണു 'കേരള ബജറ്റ് ജനവിധിയെഴുത്ത്' എന്ന പേരിൽ സമൂഹമാധ്യമ സർവേക്കു തുടക്കമിട്ടത്. നികുതി നിർദേശങ്ങളിൽ പ്രതിപക്ഷത്തിനു മാത്രമേ പ്രതിഷേധമുള്ളൂ, ജനങ്ങൾക്കില്ലെന്നു മുഖ്യമന്ത്രി എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ പറഞ്ഞതിനു മറുപടിയായാണു സർവേയെന്ന് എംഎൽഎമാർ പറഞ്ഞു.

എംഎൽഎമാരുടെയും മറ്റു യുഡിഎഫ് നേതാക്കളുടെയും ഫേസ്‌ബുക് പേജ് വഴിയും വാട്‌സാപ് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ വഴിയുമാണു സർവേ ലിങ്ക് പ്രചരിപ്പിക്കുന്നത്. ഇന്ധനവില, വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂമി ന്യായവില, കെട്ടിടനികുതി, പൂട്ടിക്കിടക്കുന്ന വീടിന്റെ നികുതി, മദ്യവില, ഭൂമി റജിസ്‌ട്രേഷൻ ഫീസ്, ഇരുചക്ര വാഹന നികുതി, കാറുകളുടെ നികുതി എന്നീ ഇനത്തിലുണ്ടായ വർധനയിൽ ഓരോരുത്തരെയും ഏറ്റവുമധികം ബാധിക്കുന്ന 3 കാര്യങ്ങളാണു ലിങ്കിലെ ഗൂഗിൾ ഫോം വഴി അറിയിക്കേണ്ടത്. ഇന്നു നിയമസഭയിൽ ധനമന്ത്രി ബജറ്റ് ചർച്ചയ്ക്കു മറുപടി പറയുന്നതിനു മുൻപു വിവരങ്ങൾ ക്രോഡീകരിച്ചു സഭയിൽ ഉന്നയിക്കും.

ഇരട്ടിപ്രഹരമായി വെള്ളക്കര വർധന

നാട്ടുകാർക്ക് ഇരട്ടിപ്രഹരമാണ് വെള്ളക്കരം വർധിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. പരിഷ്‌കരിച്ചുള്ള ജല അഥോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതോടെ വിവിധ സ്ലാബുകളിലായി മാസം 50- 500 രൂപ വർധിക്കുമെന്നുറപ്പായി. ബജറ്റിലെ അധികഭാരങ്ങൾക്കു പിന്നാലെ, വാട്ടർ ചാർജും കൂട്ടിയതിനെ ന്യായീകരിക്കാനുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ നിയമസഭയിലെ ശ്രമം പരിഹാസ്യമായി.

ഒരു കുടുംബത്തിനു ദിവസം 100 ലീറ്റർ മതിയാകില്ലേ എന്നു സഭയിൽ ചോദിച്ച മന്ത്രി, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ഒരാൾക്ക് 100 ലീറ്റർ എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നീട് അവകാശപ്പെട്ടു. സഭയിൽ ചാർജ് വർധന അറിയിക്കാതെ ഉത്തരവിറക്കിയതിന് മന്ത്രിയെ സ്പീക്കർ എ.എൻ.ഷംസീർ റൂളിങ്ങിലൂടെ വിമർശിക്കുകയും ചെയ്തു. ലീറ്ററിന് ഒരു പൈസ വീതമാണു വർധന. 1000 ലീറ്ററിനു 10 രൂപ വീതം കൂടും. ബിപിഎൽ കുടുംബങ്ങൾക്കു മാസം 15,000 ലീറ്റർ വരെ സൗജന്യം.

മിനിമം ഉപയോഗിക്കുന്നവർ (5000 ലീറ്റർ വരെ) നിലവിൽ ഒരുമാസം 22.05 രൂപ നൽകിയിരുന്നത് ഇനി 72.05 രൂപയാകും 226% വർധന. മാസം 5000 10,000 ലീറ്റർ ഉപയോഗിക്കുന്നവരുടെ നിരക്ക് 22.05 44.10 രൂപയിൽനിന്ന് 72.05 144.10 രൂപയായി ഉയരും. 50,000 ലീറ്റർ ഉപയോഗിക്കുന്നവരുടെ നിരക്ക് 500 രൂപ കൂടും. നാലംഗ കുടുംബത്തിന്റെ ശരാശരി ഉപയോഗം മാസം 20,000 ലീറ്റർ എന്നു കണക്കാക്കിയാൽ 200 രൂപയുടെ അധികബാധ്യതയാകും വരിക. വാട്ടർ അഥോറിറ്റി 2 മാസത്തിലൊരിക്കലാണു ബിൽ നൽകുന്നത്. സംസ്ഥാനത്തെ 41.41 ലക്ഷം ശുദ്ധജല കണക്ഷനുകളിൽ 39.79 ലക്ഷവും വീടുകളിലാണ്.

അതേസമയം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിനിയോഗത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം നൽകുന്ന വാട്ടർ ബില്ലിൽ പുതുക്കിയ നിരക്കുവർധന ഭാഗികമായേ ഉൾപ്പെടൂ. ഫെബ്രുവരി 3 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഉപയോഗമനുസരിച്ചുള്ള മേയിലെ ബില്ലിൽ മാത്രമേ പുതുക്കിയ നിരക്ക് പൂർണമായി ഉൾപ്പെടുകയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP