Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ ഇന്ധന സെസ് തിരിച്ചടിച്ചു; പ്രതീക്ഷിച്ച വരുമാനം നേടാനാകാതെ സർക്കാർ; സംസ്ഥാനത്തെ ഇന്ധന വിൽപന ഇടിഞ്ഞു; ഇലക്ട്രിക് വാഹനങ്ങളിലേക്കു ആളുകൾ മാറിയതും ചരക്കു വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഡീസൽ നിറയ്ക്കുന്നതു പതിവാക്കിയതും തിരിച്ചടിയായി

വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ ഇന്ധന സെസ് തിരിച്ചടിച്ചു; പ്രതീക്ഷിച്ച വരുമാനം നേടാനാകാതെ സർക്കാർ; സംസ്ഥാനത്തെ ഇന്ധന വിൽപന ഇടിഞ്ഞു; ഇലക്ട്രിക് വാഹനങ്ങളിലേക്കു ആളുകൾ മാറിയതും ചരക്കു വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഡീസൽ നിറയ്ക്കുന്നതു പതിവാക്കിയതും തിരിച്ചടിയായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഇന്ധന സെസ് ഏർപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വില അതിർത്തി സംസ്ഥാനങ്ങളേക്കാൾ ഉയർന്ന നിലയിലായിരുന്നു. എന്നാൽ പ്രതിപക്ഷം വിമർശനം കടുപ്പിച്ചെങ്കിലും തീരുമാനത്തിൽ നിന്നും പിന്മാറാതിരിക്കുകയായിരുന്നു സർക്കാർ. ഇതിനായി കടുംപിടുത്തം പിടിക്കുകയും ചെയ്തു. ഇപ്പോൾ സെസ് ഏർപ്പെടുത്തിയതു കൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം.

വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം വില കൂട്ടിയപ്പോൾ സംസ്ഥാനത്തെ ഇന്ധന വിൽപനയിൽ ഇടിവ് എന്നാണ് പുറത്തുവരുന്ന വാർത്ത. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. സ്വകാര്യ വാഹനങ്ങൾ ഇന്ധന ഉപയോഗം കുറച്ചതും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയതും ചരക്കു വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഡീസൽ നിറയ്ക്കുന്നതു പതിവാക്കിയതുമാകാം ഈ കുറവിനു കാരണമെന്നാണ് പത്രവാർത്ത വിശദീകരിക്കുന്നത്.

വിൽപന ഇടിഞ്ഞതോടെ നികുതിയിനത്തിൽ സർക്കാരിനു നഷ്ടവും ഏറെയുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 1 മുതലാണ് പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സർക്കാർ ഏർപ്പെടുത്തിയത്. ഇതോടെ പെട്രോളിന് 109.42 രൂപയും (തിരുവനന്തപുരത്ത്) ഡീസലിന് 98.24 രൂപയുമായി വില ഉയർന്നു. ഈ മാർച്ചിൽ 21.21 കോടി ലീറ്റർ പെട്രോൾ വിറ്റപ്പോൾ ഏപ്രിലിൽ വിൽപന 19.73 കോടി ലീറ്ററായി താഴ്ന്നു. 1.48 കോടി ലീറ്ററിന്റെ കുറവാണുണ്ടായത്. ഡീസലാകട്ടെ മാർച്ചിൽ 26.66 കോടി ലീറ്റർ വിറ്റെങ്കിൽ ഏപ്രിലിൽ 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലീറ്റർ കുറവ്.

2022 ഏപ്രിലിൽ 19.98 കോടി ലീറ്റർ പെട്രോളും 23.78 കോടി ലീറ്റർ ഡീസലുമാണു വിറ്റത്. ഒരു ലീറ്റർ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി. വിൽപന കുറഞ്ഞതു വഴി രണ്ടിലും കൂടി 150 കോടി രൂപയോളമാണു മാർച്ച്ഏപ്രിൽ നികുതി വരുമാന വ്യത്യാസം.

പ്രതിമാസം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഇന്ധനത്തിന്റെ വിൽപന ഓരോ മാസവും കൂടുകയാണ് ചെയ്യുക. കോവിഡ് കാലത്തു മാത്രമാണ് ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞത്. സെസ് ഏർപ്പെടുത്തിയതോടെ സംസ്ഥാനാന്തര ചരക്കു വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നതു മറ്റു സംസ്ഥാനങ്ങളിൽ നിന്നാക്കി. കെഎസ്ആർടിസി പോലും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

നേരത്തെ പെട്രോളിനും ഡീസലിനും 2 രൂപ വീതം സെസ് ഏർപ്പെടുത്തുമ്പോൾ 930 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നതെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്താക്കിയത്. വർഷം 750 കോടി രൂപ കിട്ടണമെങ്കിൽ പെട്രോളും ഡീസലും ചേർത്ത് സംസ്ഥാനത്ത് ഒരു വർഷം 375 കോടി ലീറ്റർ ഇന്ധനം വിൽക്കണം. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം 465 കോടി ലീറ്റർ ഇന്ധനം സംസ്ഥാനത്തു വിറ്റെന്നാണ് റോജി എം.ജോണിനു നിയമസഭയിൽ മന്ത്രി മറുപടി നൽകിയിരുന്നു.

2 രൂപ വീതം സെസ് ഏർപ്പെടുത്തുമ്പോൾ വർഷം 930 കോടിയെങ്കിലും വരുമാനമായി സർക്കാരിനു ലഭിക്കേണ്ടതാണ്. കിട്ടുമെന്നു മന്ത്രി പറഞ്ഞതിനെക്കാൾ 180 കോടി അധികമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുന്ന വിധത്തിലാണ് ഇപ്പോഴത്തെ കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP