Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിന്ന നിൽപ്പിൽ ഷോക്കേറ്റ പോലെ വിരണ്ട് ഓടിയപ്പോൾ കയറിട്ട് കുരുക്കാൻ ചെന്ന ഉടമയെയും നാട്ടുകാരെയും കണ്ടം വഴി ഓടിച്ച് എരുമ; മൂന്നുദിവസം നാടിനെ മുൾമുനയിലാക്കി മൂന്നുവയസുകാരിയുടെ മാസ് പ്രകടനം; അനുനയത്തിന് എരുമ 'നോ' പറഞ്ഞതോടെ 'വയ്ക്കടാ വെടി' എന്ന് ഉടമ; ആനയെ മയക്കുന്ന ഡോക്ടർ വന്ന് വച്ച രണ്ടു വെടിയിലും മയങ്ങാതിരുന്ന എരുമ തലതാഴ്‌ത്തിയത് മൂന്നാം വെടിയിൽ; ജെല്ലിക്കെട്ട് സിനിമ മോഡൽ സംഭവം തിരുവല്ലയിൽ

നിന്ന നിൽപ്പിൽ ഷോക്കേറ്റ പോലെ വിരണ്ട് ഓടിയപ്പോൾ കയറിട്ട് കുരുക്കാൻ ചെന്ന ഉടമയെയും നാട്ടുകാരെയും കണ്ടം വഴി ഓടിച്ച് എരുമ; മൂന്നുദിവസം നാടിനെ മുൾമുനയിലാക്കി മൂന്നുവയസുകാരിയുടെ മാസ് പ്രകടനം; അനുനയത്തിന് എരുമ 'നോ' പറഞ്ഞതോടെ 'വയ്ക്കടാ വെടി' എന്ന് ഉടമ; ആനയെ മയക്കുന്ന ഡോക്ടർ വന്ന് വച്ച രണ്ടു വെടിയിലും മയങ്ങാതിരുന്ന എരുമ തലതാഴ്‌ത്തിയത് മൂന്നാം വെടിയിൽ; ജെല്ലിക്കെട്ട് സിനിമ മോഡൽ സംഭവം തിരുവല്ലയിൽ

എസ്.രാജീവ്

 തിരുവല്ല : ജെല്ലിക്കെട്ട് സിനിമയിൽ കയറു പൊട്ടിച്ച് വിരണ്ടോടി ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്‌ത്തിയത് പോത്താണെങ്കിൽ തിരുവല്ലയിലെ പെരുംതുരുത്തിയിൽ നാട്ടുകാരെയും പൊലീസടക്കമുള്ള ഉദ്യോഗസ്ഥരെയും മൂന്നു ദിവസങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിയത് മൂന്നു വയസുകാരി എരുമ. കയറും പൊട്ടിച്ച് ഉടമയുടെ വീട്ടിൽ നിന്നും എം സി റോഡിലൂടെ വഴിയാത്രക്കാരെ വിരട്ടി 'എരുമയോടിയത് ഒന്നര കിലോമീറ്റർ. ഓട്ടത്തിനൊടുവിൽ ഏക്കർ കണക്കിന് വരുന്ന ചതുപ്പുനിലത്തിലിറങ്ങിയ എരുമയെ അനുനയിപ്പിച്ച് കരകയറ്റാൻ ശ്രമിച്ച ഉടമയെയും നാട്ടുകാരെയും കണ്ടം വഴി ഓടിച്ച് എരുമയുടെ മാസ് പ്രകടനം.

പൂട്ടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെ മൂന്നാം ദിവസം മയക്കുവെടി വെച്ച് എരുമയെ തളച്ച ആശ്വാസത്തിലാണ് നാട്ടുകാരും പൊലീസും. ബുധനാഴ്ച വൈകുന്നേരത്തോടെ തിരുവല്ല പെരുംതുരുത്തിയിലാണ് സംഭവം അരങ്ങേറിയത്. ളായിക്കാട് മംഗലശ്ശേരിൽ ജോജോയുടെ എരുമയാണ് ശനിയാഴ്ച സന്ധ്യയോടെ കയറ് പൊട്ടിച്ച് വിരണ്ടോടിയത്. റോഡിലൂടെ വിരണ്ടോടിയ എരുമ വരുന്ന വഴി കണ്ണിൽക്കണ്ടവരെയെല്ലാം വിറപ്പിച്ചു. തുടർന്നാണ് പുഷ്പഗിരി മെഡിസിറ്റിക്ക് പിന്നിലെ അഞ്ചേക്കറോളം വരുന്ന ചതുപ്പുനിലത്തിലിറങ്ങിയത്.

എരുമയെ പിടികൂടാൻ ഉടമയടക്കമുള്ളവർ ചതുപ്പിലിറങ്ങിയതോടെ എരുമ അവർക്ക് നേരെ തിരിഞ്ഞു. തുടർന്ന് ഇരുട്ട് വ്യാപിച്ചതോടെ ഉദ്യമം ഉപേക്ഷിച്ച് ഉടമയും നാട്ടുകാരും മടങ്ങി . ഞായറാഴ്ച പുലർച്ചെ എരുമയെ തിരഞ്ഞ് ഉടമയും സുഹൃത്തുക്കളും എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ എരുമയെ ചതുപ്പുനിലത്തിന്റെ വടക്ക് ഭാഗത്ത് കണ്ടെത്തി. കുരുക്കിട്ട് പിടികൂടാൻ കയറുമായി ചതുപ്പിലിറങ്ങിയവരെയെല്ലാം എരുമ വിരട്ടി കരയ്ക്ക് കയറ്റി. അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങളെല്ലാം പാഴായതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ സംഭവം വാർഡ് മെമ്പർ ക്രിസ്റ്റഫർ ഫിലിപ്പ് തഹസിൽദാർ കെ ശ്രീകുമാറിനെ അറിയിച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.

എരുമയെ കരകയറ്റാൻ ഫയർഫോഴ്‌സ് സംഘം നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ജില്ലാ സംരക്ഷണ വകുപ്പ് ഓഫീസർ ഡോ. അംബികയും കോട്ടയത്തു നിന്നുള്ള എലിഫെന്റ് സ്‌ക്വാഡും സ്ഥലത്തെത്തി. പിന്നീട് വൈകിട്ട് ആറരയോടെ സ്ഥലത്തെത്തിയ സബ് കലക്ടർ വിനയ് ഗോയൽ മയക്കുവെടി വെച്ച് എരുമയെ തളയ്ക്കാൻ എലിഫെന്റ് സ്‌ക്വാഡിലെ ഡോ. ബിനുവിന് നിർദ്ദേശം നൽകി. ആദ്യ രണ്ടു വെടിയിൽ മയങ്ങാതിരുന്ന എരുമയെ മൂന്നാം വെടിയിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. വെടി കൊണ്ട് ഒരു മണിക്കൂറിന് ശേഷമാണ് എരുമയെ തളയ്ക്കാനായത്. തളച്ച എരുമയെ മിനി ലോറിയിൽ ഉടമയുടെ വീട്ടിലേക്ക് കൊണ്ടു പോയതോടെയാണ് മൂന്നു ദിവസമായി നീണ്ടു നിന്ന ഉദ്യേഗങ്ങൾക്ക് വിരാമമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP