Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഹൃദയവിശാലത കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കി ഫ്രഞ്ചുകാർ; ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്താൻ ഒരുങ്ങി മുന്നോട്ട്; അദ്ധ്യാപകൻ സാമുവൽ പാറ്റിയുടെ തലവെട്ടിയ സംഭവത്തിൽ രാജ്യവ്യാപക റെയ്ഡ്; സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം 50തോളം പേർ കസ്റ്റഡിയിൽ; 'ഞാനാണ് സാമുവൽ' കത്തിപ്പടരുന്നു

ഹൃദയവിശാലത കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കി ഫ്രഞ്ചുകാർ; ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്താൻ ഒരുങ്ങി മുന്നോട്ട്; അദ്ധ്യാപകൻ സാമുവൽ പാറ്റിയുടെ തലവെട്ടിയ സംഭവത്തിൽ രാജ്യവ്യാപക റെയ്ഡ്; സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം 50തോളം പേർ കസ്റ്റഡിയിൽ; 'ഞാനാണ് സാമുവൽ' കത്തിപ്പടരുന്നു

മറുനാടൻ ഡെസ്‌ക്‌

പരീസ്: അഭയാർത്ഥികൾ അടക്കമുള്ളവർക്കായി വാതിൽ തുറന്ന് സ്വയം അപകടത്തിലായ രാജ്യമായി മാറിയിരിക്കയാണ് ഫ്രാൻസ്. ഇസ്ലാമിക തീവ്രവാദത്തിന്റെ വളർച്ച ഫ്രഞ്ചുകാരെ ശരിക്കും കരയിച്ചു തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം രാജ്യം പിന്തുടർന്നു പോന്ന ഹൃദയവിശാലത കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയതോടെ കടുത്ത നിലപാടിലേക്ക് കടക്കുകയാണ് രാജ്യം. ഫ്രാൻസിൽ അദ്ധ്യാപകന്റെ കഴുത്തറുത്തു കൊന്ന സംഭവത്തിലെ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് സർക്കാർ തലത്തിലും നടപടികൾ ശക്തമാക്കുന്നത്.

സംഭവത്തിൽ ഫ്രാൻസിൽ വ്യാപകമായ റെയ്ഡ് നടന്നു. ആക്രമണത്തിന് കാരണമായ ഇസ്ലാമിക തീവ്രവാദ ശൃംഖലയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയിഡുകൾ എന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 40 സ്ഥലങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ഇതിൽ 50 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേ സമയം ക്ലാസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചു എന്ന പേരിൽ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെക്കൂടി പ്രതി ചേർത്തു എന്നാണ് വിവരം. അദ്ധ്യാപകനെതിരെ ഫത്വ ഇറക്കിയ രണ്ടുപേരെയാണ് അന്വേഷണ സംഘം പ്രതിചേർത്തത്. ഇവർ ആക്രമണത്തിന് കാരണക്കാരായോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. ഇവർ കൊലപാതകത്തിന് കാരണക്കാരാണെന്ന് നേരത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറഞ്ഞിരുന്നു.

അതേ സമയം സാമുൽ പാറ്റി പഠിപ്പിച്ച സ്‌കൂളിലെ നാല് വിദ്യാർത്ഥികൾ അടക്കം 15 പേർ ഇപ്പോൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. ഇതിൽ വിദ്യാർത്ഥികൾ കൊലപാതകി സ്‌കൂളിൽ അദ്ധ്യാപകനെ ആക്രമിക്കാൻ എത്തിയപ്പോൾ അദ്ധ്യാപകനെ കാണിച്ചു കൊടുത്തവരാണ് എന്നാണ് ചില നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം സാമുവൽ പാറ്റിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ ഒത്തുചേർന്ന പ്രതിഷേധങ്ങൾ ഫ്രാൻസിൽ നടക്കുകയാണ്. 'ഞാനാണ് സാമുവൽ' എന്ന പേരിലുള്ള ഈ കൂടിച്ചേരലുകൾ സോഷ്യൽ മീഡിയ ആഹ്വാനങ്ങളിലൂടെയാണ് ഉണ്ടാകുന്നത്. അതേ സമയം ഫ്രാൻസിനെതിരെയുള്ള ഒരു നീക്കവും ഒരു നിമിഷം പോലും ക്ഷമിക്കാൻ സാധിക്കില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

മൂന്ന് ദിവസം മുൻപാണ് ഫ്രഞ്ച് തലസ്ഥാനം പരീസിൽ നിന്നും 25 മൈൽ ആകലെ സെയ്ന്റി ഹോണറോയിൻ ചരിത്ര അദ്ധ്യാപകനെ തലയറുത്തുകൊലപ്പെടുത്തിയത്. ലോകമെങ്ങും ഞെട്ടലോടെയാണ് ഈ വാർത്ത അറിഞ്ഞത്. അബ്ദുള്ളാഹ് അൻസ്‌റോവ് എന്ന മോസ്‌കോയിൽ ജനിച്ച ചെചെയ്‌നിയൻ വംശജനാണ് കൊലപാതകി ഇയാൾക്ക് 18 വയസാണ്. ഇയാളെ സംഭവ സ്ഥലത്ത് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി.

പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്‌ച്ച സംഭവം അരങ്ങേറിയത്. അബുലാഖ് അൻസോറോവ് എന്ന 18 കാരനാണ്, 47 കാരനായ ചരിത്രാദ്ധ്യാപകന്റെ തലയറത്തുകൊന്നത്. പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കയിൽ ഫ്രഞ്ച് പ്രധാനമന്ത്രി, ജീൻ കാസ്‌ടെക്‌സ്ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ''ഞാൻ സാമുവൽ'' എന്ന മുദ്രാവാക്യവുമായി തെരുവിൽ അണിനിരന്നത്. 2015-ൽ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ചാർലി ഹെബ്‌ഡോയ്‌ക്കെതിരെ നടന്ന ആക്രമണത്തെ അനുസ്മരിപ്പിച്ച് '' ഞാൻ ചാർലി'' എന്ന പ്ലക്കാർഡുകളും ചിലർ ഉയർത്തിപ്പിടിച്ചിരുന്നു. . പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനായിരുന്നു അന്ന് ഈ പത്രസ്ഥാപനം ആക്രമിക്കപ്പെട്ടത്.

മരിച്ച അദ്ധ്യാപകനായ സാമുവൽ പാറ്റിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു മിനിറ്റ് നേരം മൗനം പൂണ്ട ജനക്കൂട്ടം പിന്നീട് കരഘോഷം മുഴക്കുകയും ഫ്രഞ്ച് ദേശീയഗാനം പാടുകയും ചെയ്തു. ഇതിനൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം, പഠിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ഉരുവിടുകയും ചെയ്തിരുന്നു. പാരീസിനു പുറമേ ല്യോൺ, ടൊളൂസ്, സ്റ്റാർസ്‌ബോർഗ്, നാന്റെസ്, മാഴ്‌സില്ലെ, ലില്ലെ, ബോർഡോക്‌സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടന്നു.

അദ്ധ്യാപകന്റെ തലയറത്തു കൊല്ലുന്നത് ഈ ഇസ്ലാമിക തീവ്രവാദി സെൽഫോൺ കാമറയിൽ പകർത്തിയിരുന്നതായാണ് വിശ്വസിക്കുന്നത്. അതിനു ശേഷം അറത്തെടുത്തു മാറ്റിയ തലയുടെ ചിത്രം തന്റെ ഐ എസ് ഐ എസ് സഹപ്രവർത്തകർക്ക് അയച്ചുകൊടുത്തതായും പറയുന്നു. റഷ്യയിൽ ജനിച്ച, ചെൻചിനിയൻ വംശജനായ ഈ ഭീകരന്റെ അർദ്ധ സഹോദരി ഐസിസിൽ ചേരുവാനായി 2014-ൽ സിറിയയിലേക്ക് പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇവർക്കെതിരെ ഭീകരവിരുദ്ധ നിയമം അനുസരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

ക്ലാസ്സിൽ കാർട്ടൂൺ കാണിച്ച സംഭവം പുറത്തേക്ക് ചോർത്തിക്കൊടുത്ത, ക്ലാസ്സിലെ വിദ്യാർത്ഥിനിയുടെ പിതാവ് ബ്രാഹിം ക്‌നിനയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പാറ്റിയെ ഒരു തെമ്മാടി എന്ന് വിശേഷിപ്പിച്ച ഇയാൾ കഴിഞ്ഞയാഴ്‌ച്ച ട്വിറ്ററിലൂടെ ഈ അദ്ധ്യാപകന്റെ പെരുമാറ്റത്തിനെതിരെ പരാതി നൽകുവാൻ സമുദായാംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷമാണ് കൊലപാതകിക്ക് കൊല നടത്താനുള്ള പ്രചോദനം ലഭിച്ച ത് എന്നാണ് വിശ്വസിക്കുന്നത്.

കൊലപാതകത്തിനു ശേഷം, അവിശ്വാസികളുടെ നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ അദ്ധ്യാപകന്റെ മുറിച്ചുമാറ്റിയ തലയുടെ വീഡിയോ ഇയാൾ ചെഞ്ചെൻ ഐസിസ് ടെലഗ്രാം ചാനലുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഈ കൊലപാതകിക്ക് കഴിഞ്ഞ മാർച്ചിൽ 10 വർഷത്തേക്ക് അഭയാർത്ഥി എന്ന നിലയിൽ ഫ്രാൻസിൽ താമസിക്കുവാൻ അനുമതി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെത്തി, സ്‌കൂൾ വിദ്യാർത്ഥികളോട് തന്നെയാണ് അയാൾ കാർട്ടൂൺ പ്രദർശിപ്പിച്ച അദ്ധ്യാപകനെ കാണിച്ചു തരാൻ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP