Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്ഷേത്രത്തിനും ക്ഷേത്രത്തിലേക്കുള്ള വഴിക്കും ലക്ഷങ്ങൾ വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകി ഇസ്ലാംമത വിശ്വാസി; കോഴിക്കോട് മടവൂർ കുഴിപ്പറമ്മൽ ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകിയത് മുതിർന്ന കോൺഗ്രസ് നേതാവ് കെസി അബു; സ്വപ്‌നത്തിൽ പോലും റോഡിനെ കുറിച്ച് ചിന്തിക്കാത്ത അഞ്ച് ദളിത് കുടുംബങ്ങൾക്കും വീട്ടിലേക്ക് വാഹനം എത്തുന്ന വഴി; ഏറ്റവും സന്തോഷം നൽകുന്ന നിമിഷമെന്ന് കെസി അബു മറുനാടനോട്

ക്ഷേത്രത്തിനും ക്ഷേത്രത്തിലേക്കുള്ള വഴിക്കും ലക്ഷങ്ങൾ വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകി ഇസ്ലാംമത വിശ്വാസി; കോഴിക്കോട് മടവൂർ കുഴിപ്പറമ്മൽ ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകിയത് മുതിർന്ന കോൺഗ്രസ് നേതാവ് കെസി അബു; സ്വപ്‌നത്തിൽ പോലും റോഡിനെ കുറിച്ച് ചിന്തിക്കാത്ത അഞ്ച് ദളിത് കുടുംബങ്ങൾക്കും വീട്ടിലേക്ക് വാഹനം എത്തുന്ന വഴി; ഏറ്റവും സന്തോഷം നൽകുന്ന നിമിഷമെന്ന് കെസി അബു മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: ക്ഷേത്രത്തിലേക്കുള്ള വഴിയും ക്ഷേത്രമുൾപ്പെടുന്ന 18 സെന്റ് സ്ഥലവും ക്ഷേത്ര കമ്മറ്റിക്ക് സൗജന്യമായി വിട്ടു നൽകി കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ മുൻ അദ്ധ്യക്ഷൻ കെ സി അബു മാതൃകയായി. കോഴിക്കോട് മടവൂർ വില്ലേജിലെ പൈമ്പാലുശ്ശേരിയിലെ കുഴിപ്പറമ്മൽ കരിയാത്തൻ കാവിനാണ് കെസി അബു ലക്ഷങ്ങൾ വിലവരുന്ന ഭൂമിയും ക്ഷേത്രത്തിലേക്കുള്ള വഴിയും സൗജന്യമായി വിട്ടുനൽകിയത്. കാവിന് ചുറ്റുമുള്ള 18.5 സെന്റ് സ്ഥലം ക്ഷേത്രം ഭാരവാഹികളുടെ പേരിൽ കെസി അബു രജിസ്റ്റർ ചെയ്തു നൽകി. അഞ്ചര മീറ്റർ വീതിയിൽ 150 മീറ്റർ നീളത്തിൽ ക്ഷേത്രത്തിലേക്കും സമീപത്തെ അഞ്ച് ദളിത് കുടുംബങ്ങൾക്കുമുള്ള വഴിയും ഇതിനോടനുബന്ധിച്ച് അദ്ദേഹം സൗജന്യമായി വിട്ടു നൽകിയിരിക്കുകയാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കാവ് നേരത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു. എന്നാൽ അപ്പോഴും നിലവിലെ കുഴിപ്പറമ്മൽ ചക്കാലക്കൽ കുടുംബത്തിലുള്ളവർ ഇവിടെ ആചാരങ്ങളും ഉത്സവങ്ങളുമെല്ലാം നടത്താറുണ്ടായിരുന്നു. എന്നാൽ പിന്നീട് കെസി അബു ഈ കാവുൾപ്പെടുന്ന റബ്ബർ തോട്ടം വിലകൊടുത്ത് വാങ്ങിയതോടെയാണ് കാവിരിക്കുന്ന സ്ഥലവും അതിന് ചുറ്റുമുള്ള ഭൂമിയും അവിടേക്കുള്ള വഴിയും തങ്ങൾക്ക് സ്വന്തമായി ലഭിച്ചതെന്ന് ക്ഷേത്ര ഭാരവാഹികളായ ഇ ചന്ദ്രൻ, ശശി ചക്കാലക്കൽ എന്നിവർ മറുനാടൻ മലയാളിയോട് പറഞ്ഞു. നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവ്വികർ പ്രാർത്ഥന കർമ്മങ്ങൾ നിർവഹിച്ചു പോന്നിരുന്ന കാവാണിത്.

പരിമിതമായ സൗകര്യങ്ങളിലാണ് അന്ന് ഇവിടെ ആചാരങ്ങൾ നടത്തിയിരുന്നത്. പെട്രോമാക്സിന്റെ വെളിച്ചത്തിലാണ് ഉത്സവങ്ങൾ നടത്തിയിരുന്നത്. വരുന്നവർക്ക ഇരിക്കാനുള്ള സൗകര്യങ്ങൾ പോലുമില്ലായിരുന്നു. ആളുകൾ വീട്ടിൽ നിന്ന് പൊതിച്ചോറുകൾ കൊണ്ടുവന്നാണ് അന്നദാനം നടത്തിയിരുന്നത്. കെട്ടിടങ്ങളോ മറ്റ് വലിയ സൗകര്യങ്ങളോ ഇവിടെ ഇല്ലായിരുന്നു. അവ നിർമ്മിക്കാനുള്ള സൗകര്യങ്ങളുമുണ്ടായിരുന്നില്ല. പ്രധാനമായും ഇങ്ങോട്ടുള്ള വഴിയായിരുന്ന തടസ്സം. ഇടുങ്ങിയ ഒരാൾക്ക് മാത്രം നടന്നു പോകാൻ കഴിയുമായിരുന്ന വഴിയായിരുന്ന ഇങ്ങോട്ട് ഉണ്ടായിരുന്നത്.

ഉത്സവത്തിന്റെ സമയത്തെല്ലാം കാവടിയാട്ടക്കാർ അവരുടെ വസ്താലങ്കാരത്തോടു കൂടി ക്ഷേത്രത്തിലേക്ക് ഈ വഴി വരാൻ ബുദ്ധിമുട്ടാറുണ്ടായിരുന്നു. ഈ പ്രദേശത്ത് താമസിക്കുന്ന അഞ്ചോളം ദളിത് കുടുംബങ്ങൾക്കും ആ നടവഴിയായിരുന്നു ആകെയുള്ള ആശ്രയം. ക്ഷേത്രം വികസിപ്പിക്കാനുള്ള സ്ഥലവുമുണ്ടായിരുന്നില്ല. ചുറ്റും സ്വകാര്യ വ്യക്തികളുടെ റബ്ബർ തോട്ടങ്ങളായിരുന്നു. എന്നാൽ ഞങ്ങളെല്ലാം അബൂക്കയെന്ന് കെസി അബു ഈ സ്ഥലം വാങ്ങിയതോടെയാണ് ഞങ്ങൾക്ക് ക്ഷേത്രത്തിന്റെ കാര്യത്തിലും ഇങ്ങോട്ടുള്ള വഴിയുടെ കാര്യത്തിലും പ്രതീക്ഷ വന്നത്. ഞങ്ങൾ ക്ഷേത്രത്തിന്റെയും ഈ കുടുംബങ്ങളുടെ വഴിയുടെയും കാര്യം അബൂക്കയോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഞങ്ങൾക്ക് മറുപടി നൽകിയത് നിങ്ങൾക്ക് ആവശ്യമുള്ള അത്രയും ഭൂമി കാവിന് ചുറ്റും എടുത്തോളൂ എന്നായിരുന്നു.

എത്ര ഭൂമിയാണ് എന്ന് ഞങ്ങൾ അങ്ങോട്ട് പറയുകയാണ് ചെയ്തത്. അടുത്ത ദിവസം തന്നെ അദ്ദേഹം അത് അളന്ന് തിട്ടപ്പെടുത്തി ക്ഷേത്രത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് തരികയും ചെയ്തു. ഈ കുടുംബങ്ങൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഈ വഴിയിലൂടെ വാഹനങ്ങൾ തങ്ങളുടെ മുറ്റത്ത് എത്തുമെന്നത്. അതിനെല്ലാം ഇപ്പോൾ പരിഹാരം ഉണ്ടായിരിക്കുകയാണ്. അബൂക്കയോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ പോലും കലാപങ്ങൾ നടക്കുന്ന നാട്ടിൽ ഒരു ക്ഷേത്രത്തിന് വേണ്ടി ലക്ഷങ്ങൾ വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകാൻ തയ്യാറായ മുസ്ലിം മതവിശ്വാസിയായ അബൂക്ക നാടിനാകെ മാതൃകയാണെന്നും ക്ഷേത്രം ഭാരവാഹികളായ ഇ ചന്ദ്രനും, ശശി ചക്കാലക്കലും മറുനാടൻ മലയാളിയോട് പറഞ്ഞു.

മഴക്കാലം കഴിയുന്നതോടു കൂടി ക്ഷേത്രത്തിലേക്കും സമീപത്തെ കുടുംബങ്ങൾക്കുമുള്ള വഴിക്കായി അബൂക്ക വിട്ടുതന്ന സ്ഥലത്ത് റോഡിന്റെ നിർമ്മാണം ആരംഭിക്കും. ഇപ്പോൾ താത്കാലികമായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി വഴിയൊരുക്കുകയാണ് ചെയ്തത്. അടുത്ത് തന്നെ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി ഈ വഴി അഞ്ചര മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ശശി ചക്കാലക്കൽ പറഞ്ഞു.

68 വർഷത്തെ തന്റെ ജീവിത കാലയളവിനുള്ളിൽ താൻ ഇതുവരെ ചെയ്ത പ്രവർത്തികളിൽ ഏറ്റവും പുണ്യമായതാണ് ഈ പ്രവർത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ലക്ഷങ്ങൾ വിലവരുന്ന ഭൂമി ക്ഷേത്രത്തിനും സമീപത്തെ ദളിത് കുടുംബങ്ങളുടെ വഴിക്കുമായി വിട്ടുനൽകിയ കെസി അബു മറുനാടൻ മലയാളിയോട് പറഞ്ഞു. വർഷങ്ങളായി ഉത്സവങ്ങളും പ്രാർത്ഥനകളും നടക്കുന്ന ഒരു ക്ഷേത്രമായിരുന്നു കുഴിപ്പറമ്മൽ കരിയാത്തൻ കാവ് എങ്കിലും അവർക്ക് സ്വന്തമായി ഒരു ഭൂമിയുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ അവിടെ ഉത്സവങ്ങൾക്ക് കാണിക്കകളായി ലഭിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാനോ മറ്റ് കാര്യങ്ങൾക്കോ അവർക്ക് സൗകര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ ഈ സ്ഥലം വാങ്ങിയപ്പോൾ ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആളുകൾ അവരുടെ ബുദ്ധിമുട്ടുകൾ എന്നോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ തന്നെ അവരോട് പറയുകയായിരുന്നു അവർക്കാവശ്യമുള്ള സ്ഥലം അളന്നെടുക്കാൻ. അത് അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയുമാണുണ്ടായത്.

ഈ സ്ഥലത്ത് അവരിപ്പോൾ ഒരു മടപ്പുരയും സ്റ്റേജുമെല്ലാം നിർമ്മിച്ചിട്ടുണ്ട്. ആ മടപ്പുരയിലാണ് ഇപ്പോൾ അവർക്ക് നേർച്ചയായി ലഭിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതും അവർ യോഗം ചേരുന്നതുമെല്ലാം. ഇത്തരം ഒരു കാര്യം ചെയ്യാനായതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഉമ്മർ കോയ സാഹിബിന്റെ ഒരു പാർട്ടി ക്ലാസിൽ പങ്കെടുത്തിരുന്നു. അതിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഈ പ്രവർത്തി ചെയ്യാൻ എനിക്ക് പ്രേരണയായത്. മതങ്ങൾ മനുഷ്യരെ തമ്മൽ അടിപ്പിക്കാനല്ല, മറിച്ച് മനുഷ്യരെ തമ്മിൽ അടുപ്പിക്കാനാണ് എന്നായിരുന്നു അദ്ദേഹം ആ ക്ലാസിൽ പറഞ്ഞത്. ആ വാക്കുകൾ ഞാനിപ്പോഴും ഓർക്കുന്നു. അത്രയൊന്നും സുഖകരമല്ലാത്തൊരു മതേതര കാലാവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്. നമ്മളെല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്.

എല്ലാവരുടെയും സിരകളിൽ ഒഴുകുന്ന രക്തം ഒന്നാണ്. അതിന്റെ നിറം ചുവപ്പാണ്. നമ്മുടെ ആരാധനാലയങ്ങളോട് കാണിക്കുന്ന ഭക്തിയും ബഹുമാനവും ആദരവുമെല്ലാം ഇതര സമുദായക്കാരുടെ ആരാധനാലയങ്ങളോടും കാണിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇത്രയും സ്ഥലം ക്ഷേത്രത്തിന് വേണ്ടി വിട്ടുനൽകിയത്. പണത്തിനപ്പുറം മാനവികതയുടെയും മതമൈത്രിയുടെയും മൂല്യമാണ് താൻ കണക്കാക്കുന്നതെന്നും കെസി അബു മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ പ്രവർത്തി ആർക്കെങ്കിലും പ്രചോദനമാകുന്നെങ്കിൽ സന്തോഷമുണ്ടെന്നും തന്റെ 68 വർഷത്തെ ജീവിതത്തിനിടക്ക് ഏറ്റവും സംതൃപ്തി നൽകിയതും പുണ്യമുള്ളതുമായ പ്രവർത്തിയായി ഇതിനെ കണക്കാക്കുന്നു എന്നും കെസി അബു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP