Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടു രൂപയ്ക്ക് പ്രതിമാസം 16 കിലോഗ്രാം അരി ലഭിക്കേണ്ട സ്ഥാനത്ത് 10 രൂപയ്ക്ക് രണ്ടു കിലോ അരി നൽകി തട്ടിപ്പ് ; റേഷൻ കടക്കാരൻ മാസങ്ങളായി പറ്റിക്കുകയായിരുന്നെന്ന വിവരം പാവപ്പെട്ട കുടുംബത്തിന് മനസിലായത് മറ്റൊരു റേഷൻകടയിൽ പോയപ്പോൾ; ഇ പോസ് മെഷീനിലും കൃത്രിമം നടത്തി പണം തട്ടാൻ വ്യാപാരിയുടെ കുറുക്കുവഴി; എളങ്കുന്നപ്പുഴയിലെ മാസങ്ങൾ നീണ്ട റേഷൻ തട്ടിപ്പ് പുറത്തായതിങ്ങനെ

രണ്ടു രൂപയ്ക്ക് പ്രതിമാസം 16 കിലോഗ്രാം അരി ലഭിക്കേണ്ട സ്ഥാനത്ത് 10 രൂപയ്ക്ക് രണ്ടു കിലോ അരി നൽകി തട്ടിപ്പ് ; റേഷൻ കടക്കാരൻ മാസങ്ങളായി പറ്റിക്കുകയായിരുന്നെന്ന വിവരം പാവപ്പെട്ട കുടുംബത്തിന് മനസിലായത് മറ്റൊരു റേഷൻകടയിൽ പോയപ്പോൾ; ഇ പോസ് മെഷീനിലും കൃത്രിമം നടത്തി പണം തട്ടാൻ വ്യാപാരിയുടെ കുറുക്കുവഴി; എളങ്കുന്നപ്പുഴയിലെ മാസങ്ങൾ നീണ്ട റേഷൻ തട്ടിപ്പ് പുറത്തായതിങ്ങനെ

ആർ പീയൂഷ്

കൊച്ചി: സ്ഥിരമായി റേഷൻ വാങ്ങിയിരുന്ന കട തുറക്കാത്തതിനാൽ അടുത്തുള്ള മറ്റൊരു റേഷൻ കടയിൽ സാധനം വാങ്ങാനെത്തിയ കാർഡുടമ തനിക്ക് ലഭിച്ച റേഷൻ സാധങ്ങളും അതിന്റെ വിലയും കണ്ട് ഞെട്ടി. സ്ഥിരം വാങ്ങുന്ന റേഷൻ കടയിലെ വിലയേക്കാൾ കുറവും കൂടുതൽ റേഷൻ സാധനങ്ങളും. കാര്യം മനസ്സിലാവാതെ ചോദിച്ചപ്പോൾ കടയുടമ പറഞ്ഞു നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന വിലയിലും തൂക്കത്തിലുമുള്ള സാധനങ്ങളാണ് തന്നത് എന്ന്. അപ്പോഴാണ് തന്നെ സ്ഥിരമായി റേഷൻ വാങ്ങുന്ന റേഷൻ കടക്കാരൻ മാസങ്ങളായി പറ്റിക്കുകയായിരുന്നു എന്ന് വിവരം അറിയുന്നത്. വിവരം സപ്ലൈ ഓഫീസറെ രേഖാമൂലം അറിയിക്കുകയും അന്വേഷണത്തിൽ കടക്കാരൻ കബളിപ്പിച്ചതായി തെളിഞ്ഞതിനെ തുടർന്നും റേഷൻ കട താൽക്കാലികമായി സസ്പെൻഡ് ചെയ്തു.

എളങ്കുന്നപ്പുഴയിലെ റേഷൻ വ്യാപാരിയാണ് രണ്ടു രൂപ നിരക്കിൽ 16 കിലോഗ്രാം അരി മാസം തോറും ലഭിക്കേണ്ട ദരിദ്ര കുടുംബത്തിന് 10 രൂപ നിരക്കിൽ 2 കിലോഗ്രാം അരി മാത്രം നൽകി മാസങ്ങളായി കബളിപ്പിച്ചുവന്നത്. കാർഡ് ഉടമകൾക്ക് ഏതു റേഷൻ കടയിൽനിന്നും സാധനങ്ങൾ വാങ്ങാമെന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു റേഷൻ കടയിൽ അരി വാങ്ങാൻ ചെന്നപ്പോഴാണ് ഇതുവരെ തട്ടിപ്പിന് ഇരയാകുകയായിരുന്നുവെന്ന വിവരം കുടുംബം അറിയുന്നത്. ഇതിനെ തുടർന്നാണ് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയത്. പ്രാഥമികാന്വേഷണത്തിൽ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടർന്ന് എളങ്കുന്നപ്പുഴയിലെ റേഷൻ കട ജില്ലാ സപ്ലൈ ഓഫിസർ ബെന്നി ജോസഫ് സസ്പെൻഡ് ചെയ്തു.

മുൻഗണനാ വിഭാഗത്തിൽ (ബിപിഎൽ) ഉൾപ്പെട്ട കുടുംബത്തിൽ 4 അംഗങ്ങളുണ്ട്. ഓരോ അംഗത്തിനും 4 കിലോഗ്രാം അരി വീതം 2 രൂപ നിരക്കിൽ ആകെ 16 കിലോഗ്രാം അരിയാണ് ഇവരുടെ പ്രതിമാസ റേഷൻ വിഹിതം. 10 രൂപ നിരക്കിൽ 2 കിലോഗ്രാം അരിക്കേ അർഹതയുള്ളൂ എന്നാണ് റേഷൻ കടക്കാരൻ പറഞ്ഞിരുന്നത്. ഇതു വിശ്വസിച്ച കുടുംബം മാസങ്ങളായി 20 രൂപയ്ക്ക് രണ്ട് രൂപയുടെ അരിയാണ് വാങ്ങിയിരുന്നത്. ഒരു തവണ അരി വാങ്ങാൻ ചെന്നപ്പോൾ റേഷൻ കട തുറന്നിട്ടില്ലായിരുന്നു. തുടർന്ന് തൊട്ടടുത്ത പ്രദേശത്തെ റേഷൻ കടയിൽനിന്നു സാധനങ്ങൾ വാങ്ങിയപ്പോൾ 16 കിലോഗ്രാം അരി 2 രൂപ നിരക്കിൽ ലഭിച്ചു. കാര്യം തിരക്കിയപ്പോഴാണ് തങ്ങൾക്ക് ഇത്രയും അരിക്ക് അർഹതയുണ്ടായിരുന്നുവെന്നു കുടുംബം അറിയുന്നത്. താലൂക്ക് സപ്ലൈ ഓഫിസർ നടത്തിയ അന്വേഷണത്തിൽ റേഷൻ കടക്കാരൻ ഇ പോസ് മെഷിനിൽ കൃത്രിമം നടത്തി ഈ കുടുംബത്തിന്റെ റേഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നു ബോധ്യമായി.

കടയിൽ കണക്കിൽപെടാത്ത 577 കിലോഗ്രാം അരിയും 78 കിലോഗ്രാം ഗോതമ്പും കണ്ടെത്തുകയും ചെയ്തു. റേഷൻ സാധനങ്ങൾ വാങ്ങുന്നവർ ബില്ല് കൃത്യമായി പരിശോധിച്ചാൽ തട്ടിപ്പിന് ഇടവരില്ലെന്നാണ് സപ്ലൈ വകുപ്പ് അധികൃതർ പറയുന്നത്. വാങ്ങിയതിൽ നിന്നു വ്യത്യാസമുള്ള തൂക്കവും വിലയും ബില്ലിൽ കണ്ടാൽ വ്യക്തത വരുത്തണം. ഏതാനും മാസം മുൻപു സപ്ലൈ വകുപ്പ് അധികൃതരുടെ പരിശോധനയിൽ ജില്ലയിലെ നൂറോളം റേഷൻ കടകളിലെ ഇ പോസ് മെഷിനുകളിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചിരുന്നു. പല റേഷൻ കട നടത്തിപ്പുകാർക്കും കുറ്റാരോപണ നോട്ടിസ് നൽകി. ഒരു ഒടിപി നമ്പർ ഉപയോഗിച്ച് ഒട്ടേറെ കാർഡ് ഉടമകളുടെ പേരിൽ റേഷൻ നൽകിയ കടകൾക്കെതിരെയായിരുന്നു നടപടി.

റേഷൻ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അർഹരായവർക്ക് മാത്രം റേഷൻ സാധനങ്ങൾ നൽകുന്നതിനുമാണ് സർക്കാരിന്റെ സംരംഭമായ ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ പദ്ധതി നടപ്പാക്കിയത്. ഒരു കുടുംബത്തിലെ ഒരംഗം നേരിട്ടെത്തി റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ വിരലടയാളം മെഷീനിൽ രേഖപ്പെടുത്തും. ഇത് അനർഹർ റേഷൻ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നതിനും കടകൾ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകൾക്കും അവസാനമാകുമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ പദ്ധതി നടപ്പാക്കിയിട്ടും തട്ടിപ്പുകൾക്ക് ഒരു കുറവുമില്ല.

രാജ്യത്ത് കേരളം ഒഴികെയുള്ള ഇ പോസ് മെഷീനുകൾ ത്രാസുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ത്രാസുമായി ബന്ധിപ്പിക്കാതെയാണ് മെഷീനുകൾ പ്രവർത്തിക്കുന്നത്. ഇത് തട്ടിപ്പുകൾ നടത്തുന്നതിന് അവസരമൊരുക്കും. എത്ര കിലോ അരി ബില്ലടിച്ച ഉപയോക്താവിന് അത് ലഭിച്ചുവെന്ന് കൃത്യമായി വിവരങ്ങൾ കിട്ടണമെങ്കിൽ മെഷീനുകൾ ത്രാസുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം ബില്ലിൽ ഒന്നടിക്കുകയും ഉപയോക്താവിന് ബില്ലിലെ അളവ് അനുസരിച്ച് നൽകാതിരിക്കാനും സാധ്യതയുണ്ട്. കൂടാതെ കൈയിൽ കൊണ്ടു പോയി നടക്കാവുന്നവയായതുകൊണ്ട് തന്നെ പല കൃത്രിമങ്ങളും നടക്കാനിടയുണ്ട്.

ഒരു പക്ഷെ റേഷൻ ആവശ്യമില്ലാത്തവരുടെ നമ്പർ അടിച്ചും വിരലടയാളം പതിപ്പിച്ചും റേഷൻ കടയുടമകൾ കൃത്രിമം കാണിക്കാനിടെയുണ്ടെന്നും മാത്രമല്ല കാർഡുടമയുടെ നമ്പർ ആധാരമാക്കി സാധനങ്ങൾ നൽകുന്നതും കൃത്രിമം നടക്കുന്നതിന് കാരണമായേക്കുമെന്ന് ഈ രംഗത്തെ സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. ഇത്തരത്തിലാണ് എളങ്കുന്നപുഴയിലെ റേഷൻ വ്യാപാരിയും തട്ടിപ്പ് നടത്തിയത്. തട്ടിപ്പുകൾ ഏറെയും നടത്തുന്നത് ഗ്രാമീണ മേഖലയിലാണ്. അതും സാങ്കേതിക പരിജ്ഞാനമില്ലാത്ത ആളുകളെയാണ്. എങ്ങനെയാണ് എന്താണ് ഈ സംവിധാനമെന്നും എത്ര റേഷൻ വിഹിതമുണ്ടെന്നും അറിയാത്ത സാധാരണക്കാരാണ് പറ്റിക്കപ്പെടുന്നവരിൽ ഏറെയും. അതിനാൽ തന്നെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ എല്ലാ റേഷൻ ഉപഭോക്താക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചെങ്കിൽ മാത്രമേ ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP