Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

പാരീസിലെ തെരുവുകളിൽ നിറയുന്നത് ചാർലി ഹെബ്ദോയുടെ വിവാദ കാർട്ടുണുകൾ; ഒരു മോസ്‌ക്ക് പൂട്ടി; നിരവധി ഇമാമുമാർ നിരീക്ഷണത്തിൽ; തലയറുക്കപ്പെട്ട അദ്ധ്യാപകൻ സാമുവേൽ പാറ്റിക്ക് നൽകിയത് പരമോന്നത സിവിലിയൻ ബഹുമതി; മതനിന്ദ തങ്ങളുടെ മൗലികാവകാശമെന്ന് തറപ്പിച്ച് പറഞ്ഞ് ഇമ്മാനുവൽ മാക്രോൺ; ഇസ്ലാമിക തീവ്രവാദത്തിന്റെ വേരറുക്കാൻ ഫ്രാൻസ്

പാരീസിലെ തെരുവുകളിൽ നിറയുന്നത് ചാർലി ഹെബ്ദോയുടെ വിവാദ കാർട്ടുണുകൾ; ഒരു മോസ്‌ക്ക് പൂട്ടി; നിരവധി ഇമാമുമാർ നിരീക്ഷണത്തിൽ; തലയറുക്കപ്പെട്ട അദ്ധ്യാപകൻ സാമുവേൽ പാറ്റിക്ക് നൽകിയത് പരമോന്നത സിവിലിയൻ ബഹുമതി; മതനിന്ദ തങ്ങളുടെ മൗലികാവകാശമെന്ന് തറപ്പിച്ച് പറഞ്ഞ്  ഇമ്മാനുവൽ മാക്രോൺ; ഇസ്ലാമിക തീവ്രവാദത്തിന്റെ വേരറുക്കാൻ ഫ്രാൻസ്

മറുനാടൻ ഡെസ്‌ക്‌

പാരീസ്: എന്ത് മറച്ചുപടിക്കാൻ ആണോ ഇസ്ലാമിക തീവ്രവാദി ഫ്രാൻസിൽ അദ്ധ്യാപകന്റെ തലയറുത്തത് അതേ വസ്തു പരസ്യമായി പ്രദർശിപ്പിച്ച് ഫ്രാൻസിന്റെ തിരിച്ചടി. പാരീസിന്റെ തെരുവുകളിലും കൂറ്റൻ കെട്ടിട സമുച്ചയങ്ങളിലുമെല്ലാം ഇപ്പോൾ നിറയുന്നത്, ചാർലി ഹെബ്ദോയുടെ വിവാദ കാർട്ടൂൺ ആണ്. ആവിഷ്‌ക്കാര സ്വതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ ഈ കാർട്ടൂൺ കാണിച്ചതിനാണ് അവർ അദ്ധ്യാപകന്റെ തലയറുത്തത്. പക്ഷേ ഇപ്പോൾ ലോകം മുഴുവൻ ഇവ കാണുകയാണ്. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണ് എന്ന് പറയുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുമേൽ മക്രാൺ തീവ്രവാദം ഫ്രാൻസ് ഒരിക്കലും പൊറുപ്പിക്കില്ലെന്ന് ആണയിടുന്നു.

സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം തുടങ്ങി മാനുഷിക മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഫ്രഞ്ച് ജനത ഇപ്പോൾ മത വിമർശനത്തിനും ലോകത്തിന് മാതൃകയാവുകയാണ്. പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂണുകൾ ഫ്രാൻസിൽ ഒരിക്കലും പിൻവലിക്കില്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ അറിയിച്ചത്. 'ഞങ്ങൾ കാർട്ടൂണുകൾ ഉപേക്ഷിക്കില്ല, നമ്മുടെ ഭാവി സ്വന്തമാക്കാൻ വേണ്ടിയാണ് ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അവർക്കൊരിക്കലും അത് ലഭിക്കില്ല,' മക്രോൺ പറഞ്ഞു.

പാരീസിലെ സൊർബോൺ സർവകലാശാലയിൽ സാമുവൽ പാറ്റിയുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വെച്ച് സാമുവേൽ പാറ്റിക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലെജിയൻ ഓഫ് ഹോണർ പുരസ്‌കാരം നൽകി മക്രോൺ ആദരിച്ചു. ജനാധിപത്യത്തേയും മതേതരത്വത്തെയും ഭയപ്പെടുന്ന ഭീരുക്കളാണ് സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

അദ്ധ്യാപകനെ ഒറ്റിക്കൊടുക്കാൻ രണ്ട് വിദ്യാർത്ഥികൾ കൂട്ടുനിന്നും എന്നതും ഫ്രാൻസിനെ ഞെട്ടിച്ചിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതകത്തിനു കൂട്ടുനിന്നതിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കേസന്വേഷണം നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ ഫ്രാങ്കോയ്‌സ് മാധ്യമങ്ങൾക്ക് നൽകിയ വിവര പ്രകാരം അദ്ധ്യാപകനെ കാണിച്ചു കൊടുത്തതിന് 350 യൂറോയോളം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ട്. ഈ വിദ്യാർത്ഥികളുൾപ്പെടെ ഏഴുപേരാണ് നിലവിൽ അദ്ധ്യാപകന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അദ്ധ്യാപകന്റെ ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ പിതാവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. അദ്ധ്യാപകൻ ക്ലാസിൽ കാർട്ടൂൺ കാണിച്ചത് ഈ രക്ഷിതാവിനോട് വിദ്യാർത്ഥി പറഞ്ഞിരുന്നു. ഈ വിദ്യാർത്ഥി അന്ന് ക്ലാസിൽ വന്നില്ലായിരുന്നു. മറ്റു കുട്ടികൾ പറഞ്ഞത് കേട്ടാണ് വിദ്യാർത്ഥി പിതാവിനെ വിവരം ധരിപ്പിച്ചത്. തുടർന്ന് ഇയാൾ അദ്ധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടത്തിയിരുന്നു.

ഒക്ടോബർ 16 നാണ് സാമുവേൽ പാറ്റി കൊല്ലപ്പെട്ടത്. അബ്ദുള്ള അൻസൊരൊവ് എന്ന പതിനെട്ടുകാരൻ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. വിവാദമായ ഷാർലേ ഹെബ്ദോ മാഗസിനിലെ കാർട്ടൂണാണ് അദ്ധ്യാപകൻ ക്ലാസിൽ കാണിച്ചത്. കാർട്ടൂൺ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ ക്ലാസിൽ നിന്ന് പുറത്തുപോവാമെന്ന് അദ്ധ്യാപകൻ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാർലെ ഹെബ്ദോയുടെ കാർട്ടൂണുകൾ സെപ്റ്റംബറിലാണ് പുനഃപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. യൂറോപ്പിൽ ഏറ്റവും കുടുതൽ മുസ്ലിങ്ങളുള്ളത് ഫ്രാൻസിലാണ്. 2017 ലെ സർവേ പ്രകാരം ഫ്രാൻസ് ജനസംഖ്യയുടെ 8.8 ശതമാനമാണ് മുസ്ലിങ്ങളുടെ എണ്ണം

മോസ്‌ക്കുകൾ അടച്ചുപൂട്ടുന്നു

കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഒരു വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയയിട്ടുണ്ട്. പാരീസിലെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഈ പള്ളിയിലെ അധികൃതർ കൊല്ലപ്പെട്ട അദ്ധ്യാപകനെ വിമർശിച്ചുകൊണ്ട് വീഡിയോ പുറത്തു വിട്ടിരുന്നു. അദ്ധ്യാപകൻ കൊല്ലപ്പെടുന്നതിനു മുമ്പായിരുന്നു ഈ വീഡിയോ പുറത്തു വന്നത്. ആറുമാസത്തേക്കാണ് പള്ളി അടച്ചു പൂട്ടുന്നതെന്നാണ് ഫ്രാൻസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

മതവിദ്വേഷം പ്രചരിപ്പിച്ച മറ്റ് മൂന്ന് മോസ്‌ക്കുകൾക്കെതിരെയും നടപടി സ്വീകരിക്കാൻ അധികൃതർ ഒരുങ്ങുകയാണ്. തേസമയം, ഇസ്സാംമതമൗലിക വാദികളുമായി ബന്ധമുള്ള സംഘടനകളിൽ വ്യാപകമായി പൊലീസ് റെയ്ഡ് തുടരുകയാണ്. തീവ്ര മതവിശ്വാസികളായി സർക്കാർ നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്ന 213 വിദേശികളെ നാടുകടത്താൻ അധികൃതർ തയ്യാറെടുക്കുകയാണ്. ഇതിൽ 150 ഓളം പേർ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.ഫ്രാൻസിലെ മുസ്ലിം ഗ്രൂപ്പുകൾ വിദേശ രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികൾ മക്രോൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ് വിലക്കുന്ന ശക്തമായ നിയമങ്ങളാണ് പുതുതായി കൊണ്ടു വന്നിരിക്കുന്നത്.ഒപ്പം പള്ളികളിലെ ഇമാമിന് ഫ്രാൻസിൽ പ്രവർത്തിക്കാൻ സർക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്തു നിന്നും ഫ്രാൻസിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. കുട്ടികൾക്ക് മതപഠനം കുറയ്ക്കാനായി വീടുകളിൽ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കുന്നുണ്ട്. ഈ നയങ്ങൾ പ്രകാരം ഫ്രാൻസിലെ മുസ്ലിം സംഘടനകൾക്ക് ഇനി വിദേശരാജ്യങ്ങളിൽ നിന്നുള്ള ഫണ്ടിങ് ഗണ്യമായി കുറയും. നിയമങ്ങൾ കർശനമാക്കി ഇസ്ലാമിസ്റ്റുകൾക്കുനേരെ പിടിമുറക്കാനാണ് ഫ്രാൻസ് ശ്രമിക്കുന്നത്.

നേരത്തെ വിവിധ മേഖലകളിൽ നിന്നും ഈ നയത്തിനെതിരെ വിമർശനമുയർന്നിരുന്നു. എന്നാൽ നിലവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ നയങ്ങൾക്ക് ജനപിന്തുണയേറും എന്നാണ് നിരീക്ഷകർ പറയുന്നത്.

ചാർലി ഹെബ്ദോ ആക്രമണം ഉണ്ടാക്കിയ മാറ്റങ്ങൾ

ഫ്രാൻസിൽ ഇസ്ലാമോഫോബിയ വർധിച്ചതിൽ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു 2015 ജനുവരി ഏഴിന് നടന്ന ഈ ആക്രമണം. ഷാർലോ ഹെബ്ദോ എന്ന മാഗസിനിൽ വന്ന മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂണിന്റെ പേരിൽ മാഗസിന്റെ ഓഫീസിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് ജീവനക്കാരുൾപ്പെടെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഈ കാർട്ടൂൺ വരച്ച ജീൻ കാബുറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അൽ ഖ്വയ്ദയുടെ അറേബ്യൻ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാർട്ടൂൺ തയ്യാറാക്കിയതിന്റെ പ്രതികാരമാണിതെന്നാണ് ഇവർ പറഞ്ഞത്. ആക്രമണം നടത്തിയ സെയ്ദ്, ഷരീഫ് എന്നീ സഹോരങ്ങളായ പ്രതികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘർഷത്തിൽ 17 പേർ കൂടി കൊല്ലപ്പെട്ടു. നഗരത്തിലെ യഹൂദരുടെ ഒരു സൂപ്പർമാർക്കറ്റും ആക്രമിക്കപ്പെട്ടിരുന്നു.

ഫ്രാൻസിനെ പിടിച്ചു കുലുക്കിയ ഈ സംഭവത്തിനു ശേഷം വീണ്ടും ഭീകരാക്രമണങ്ങൾ രാജ്യത്ത് നടന്നു. 2016 ൽ 86 പേരുടെ പേരുടെ മരണത്തിനിടയാക്കിയ ഐ.എസിന്റെ ട്രക്ക് ആക്രമണം ഇതിനുദാഹരണമാണ്. 456 പേർക്ക് ആ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു . ഫ്രാൻസിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആൾക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാൾ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇതിനു പിന്നാലെ സിറിയൻ ആഭ്യന്തര സംഘർഷ സമയത്ത് ഏറ്റവും കൂടുതൽ പേർ ഐ.എസിലേക്ക് ചേർന്ന യൂറോപ്യൻ രാജ്യവും ഫ്രാൻസ് ആയിരുന്നു.

യൂറോപ്പിൽ ആകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയും നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും വർധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP