Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

വെറുതെ ഒരു കത്തെഴുതിയപാടെ ഓടി എത്തി; ക്ഷണിക്കാമെന്ന് പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചവർ ഞെട്ടിത്തരിച്ചു; രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് ആംഗീകാരം നൽകി ആദരിച്ചു; കലാമിന്റെ അത്ഭുത സ്‌നേഹം അനുഭവിച്ച ഒരു മലയാളി വൈദികന് പറയാനുള്ളത്

വെറുതെ ഒരു കത്തെഴുതിയപാടെ ഓടി എത്തി; ക്ഷണിക്കാമെന്ന് പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചവർ ഞെട്ടിത്തരിച്ചു; രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് ആംഗീകാരം നൽകി ആദരിച്ചു; കലാമിന്റെ അത്ഭുത സ്‌നേഹം അനുഭവിച്ച ഒരു മലയാളി വൈദികന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തു ഫാദർ ടോമി കരിയിലകുളം. മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന ഒരു കുന്നിൻ പ്രദേശത്ത് പൂട്ടിക്കിടന്നിരുന്ന ഒരു റെഡ് ക്രോസ് ആശുപത്രി ഏറ്റെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എയിഡ്‌സ് പുനരധിവാസ കേന്ദ്രമാക്കി മാറ്റിയ സാമൂഹ്യ സേവകൻ. മതം മാറ്റണം എന്നു പറഞ്ഞ് അടുത്തു കൂടുന്നവരോട് സ്വന്തം മതത്തിന്റെ മഹത്വം വ്യക്തമാക്കി കൊടുത്ത് അവിടെ തന്നെ ഉറപ്പിച്ച് നിർത്തുന്ന മലയാളിയായ വൈദികൻ. 100 രൂപ പാവങ്ങൾക്ക് കൊടുത്താൽ 1000 രൂപയുടെ പ്രശസ്തി വേണമെന്ന് ശഠിക്കുന്നവർക്കിടയിൽ ആരും അറിയാതെ അപൂർവ്വ നന്മ ലോകത്തിന് മുമ്പിൽ പ്രചരിപ്പിക്കുന്ന നീതിമാനായ മുനുഷ്യസ്‌നേഹി. പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച പോസ്റ്റീവ് ജീവിതങ്ങളിൽ ഇടം പിടിച്ച സാമൂഹ്യ സേവകൻ

ഈ വൈദികനും ഉണ്ട് നിറഞ്ഞ മനസ്സോടെ പറയാൻ ഒരു കലാം സ്മരണ. വർഷങ്ങൾക്ക് മുമ്പ് പൂട്ടിക്കിടക്കുന്ന റെഡ് ക്രോസ് ആശുപത്രി ഏറ്റെടുത്ത് വലുതാക്കുന്നതിനിടെയിൽ ആശുപത്രിയിലേക്ക് അന്നത്തെ രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം എത്തിയ കഥയാണ് ഫാദർ ടോമി കരിയിലകുളത്തിന് പറയാനുള്ളത്. ഒരു മുൻപരിചയവും ഇല്ലാതിരിക്കെ ഒരാളുടേയും ശുപാർശ കൂടാതെ വെറുതെ അയച്ച ഒരു കത്ത് ജീവിതം മാറ്റി മറിച്ച സംഭവം ഫാ. ടോമി മറുനാടൻ മലയാളിയോട് വിശദീകരിച്ചു.

1994 മുതൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലുള്ള ബെൽ എയർ ഹോസ്പിറ്റൽ, എയിഡ്‌സ് രോഗികളെ ശുശ്രൂഷിച്ചുവരുന്നു. എച്ച് ഐ വി ബാധിതരോടും എയിഡ്‌സ് രോഗികളോടും കഠിനമായ ഭയവും വെറുപ്പും പുലർത്തിയിരുന്ന ഒരു കാലം എല്ലാവരാലും അവഗണിക്കപ്പെടുന്ന ഈ രോഗികളനുഭവിക്കുന്ന അവഗണനയിലേയ്ക്ക് രാഷ്ട്രത്തിന്റെ ശ്രദ്ധ തിരിക്കാൻ ഒരു മാർഗ്ഗം എന്ന നിലയിലാണ് ബെൽ എയറിന്റെ ഡയറക്ടറായ ഞാൻ 2003 ഏപ്രിൽ മൂന്നാം തീയതി ഇന്ത്യൻ പ്രസിഡന്റായിരുന്ന അബ്ദുൾ കലാമിനെ ഈ രോഗികളെ സന്ദർശിക്കാനായി പാഞ്ചഗണിയിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്തയക്കുന്നത്. ഞാൻ പ്രസിഡന്റിനെ ക്ഷണിച്ച് കത്തെഴുതിയതറിഞ്ഞ് ഒരുപാടുപേരെന്നെ കളിയാക്കി. ഇന്ത്യൻ പ്രസിഡന്റ് ഒരു ഗ്രാമീണ മേഖലയിലെ ആശുപത്രിയിലേയ്‌ക്കെന്നോ?

എന്നാൽ 2003 മെയ് 17ാം തീയതി എനിക്ക് രാഷ്ട്രപതി ഭവനിൽ നിന്നൊരു ഫാക്‌സ് സന്ദേശം കിട്ടി. മെയ് 28ാം തീയതി പ്രസിഡന്റ് ബെൽ എയർ ആശുപത്രി സന്ദർശിക്കുന്നുവെന്ന്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ദിവസമാണന്ന്. പിറ്റേദിവസം രാത്രി അന്ന് ഇംഗ്ലണ്ടിലായിരുന്ന എന്റെ അനുജൻ എന്നെ ഫോണിൽ വിളിച്ചു ചോദിക്കുകയാണ് 'അബ്ദുൾ കലാം ബെൽ എയറിലേയ്ക്ക് വരുന്നുവെന്നത് സത്യമാണോ' എന്ന്. വാർത്ത ശരിയാണെന്നറിഞ്ഞ എന്നോടന്നു പറഞ്ഞ വാക്കുകളാണ് ഈ സന്ദർശനം ഒരു സംഭവമാക്കിമാറ്റാൻ എനിക്ക് പ്രചോദനം ലഭിച്ചത്. ആശുപത്രികാമ്പസിലെ ഒരു ഏരിയാ മുഴുവൻ ദിവസങ്ങൾ കൊണ്ട് വെട്ടി നിരത്തി പടുകൂറ്റൻ വേദി സജ്ജമാക്കി. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 2500 വ്യക്തികൾക്ക് ഇരിപ്പിടവും പന്തലും ഒരുങ്ങി.

പിന്നീടുള്ള ദിവസങ്ങൾ സംഭവബഹുലമായിരുന്നു. കളക്ടർ മുതലുള്ള നിരവധി ഉദ്യോഗസ്ഥർ. ഐജി, ഡിജിപി, എസ്‌പി ലെവലിലുള്ള പൊലീസുദ്യോഗസ്ഥന്മാർ, സ്‌റ്റേറ്റ് ഇന്റലിജൻസ്, സെൻട്രൽ ഇന്റലിജൻസ് എല്ലാവരുടെയും ശ്രദ്ധ പാഞ്ചഗണിയിൽ. മഹാരാഷ്ട്രയിലെ പത്രമാദ്ധ്യമങ്ങളിലും വാർത്താ ചാനലുകളിലും ബെൽ എയർ ഹോസ്പിറ്റലും എയിഡ്‌സ് എന്ന മഹാരോഗവും വിശദമായി ചർച്ച ചെയ്യപ്പെട്ടു. എയർ ഫോഴ്‌സ്, പാഞ്ചഗണിയിൽ 3 ഹെലിപാഡുകൾ ഒരുക്കി. ഡൽഹിയിലേയ്ക്ക് ഹോട്ട്‌ലൈക്കടക്കം പ്രസിഡന്റിനായി ഒരു സേഫ് ഹൗസും തയ്യാറായി. ഒരാഴ്ച കൊണ്ട് നടന്ന ഒരുക്കങ്ങൾ അവിശ്വസനീയവും അത്ഭുതാവവുമായിരുന്നു.

2003 മെയ് 28ാം തീയതി രാവിലെ 8.30ന് വായുസേനാ ഹെലികോപ്ടറിൽ പാഞ്ചഗണിയിലിറങ്ങിയ പ്രസിഡന്റിന്റെ വാഹനവ്യൂഹം ആശുപത്രി ക്യാമ്പസിലെത്തി. എയിഡ്‌സ് രോഗികളോട് കുശലം പറഞ്ഞും, ഡോക്ടർമാരോടും നഴ്‌സുമാരോടും അഭിനന്ദനം പറഞ്ഞും കലാം എല്ലാവരുടെയും ഹൃദയം കവർന്നു. ആശുപത്രി സന്ദർശനത്തിനു ശേഷം സമ്മേളന വേദിയിലെത്തിയ കലാമിന് നിലവിളക്ക് തെളിയിക്കാൻ ദീപം കൈമാറിയപ്പോൾ കലാം ശുദ്ധമലയാളത്തിൽ എന്നോട് ചോദിക്കുകയാണ് 'അച്ചൻ ഏതു സഭക്കാരനാണെന്ന്'. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു നിമിഷമാണത്.

തന്റെ പ്രസംഗത്തിൽ ഞങ്ങളുടെ ശുശ്രൂശഷയെ അഭിനന്ദിക്കുകയും എന്റെ പേര് പറഞ്ഞ് പ്രകീർത്തിക്കുകയും ചെയ്ത കലാം ഒരു നിരന്തര പ്രേരണയായി എന്റെ മനസിലുണ്ട്. കലാമിന്റെ സന്ദർശനത്തിനുശേഷം ഒരു മാസത്തിനുള്ളിൽ നാഷണൽ എയിഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ (എൻഎസിഓ) ഡയറക്ടർ ജനറലും ഹെൽത്ത് മിനിസ്റ്റീരിയൽ സെക്രട്ടറിയുമായിരുന്ന എസ് വൈ ഖുറേഷി എന്നെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു. (ചീഫ് ഇലക്ഷൻ കമ്മീഷണറായാണ് അദ്ദേഹം റിട്ടയർ ചെയ്തത്.)

എൻ എ സി ഓ ഓഫീസിലെത്തിയ എന്നോട് ആവേശഭരിതനായ ഖുറേഷി സാർ പറഞ്ഞത് തന്നെ രാഷ്ട്രപതി ഭവനിലേയ്ക്ക് വിളിപ്പിച്ച, പ്രസിഡന്റ് കലാം ബെൽ എയറിനെകുറിച്ചും എന്നെക്കുറിച്ചും പറഞ്ഞ കാര്യമാണ്. നാഷണൽ പ്രോഗ്രമിൽ ഫാ. ടോമിയുടെ സഹായം തേടണമെന്ന്. അങ്ങനെയാണ് ഞാൻ എൻ എ സി ഓയിൽ ടെക്‌നിക്കൽ റിസോഴ്‌സ് ഗ്രൂപ്പ് അദ്ധ്യക്ഷനായതും യു എൻ ഗ്ലോബൽ ഫണ്ടിന്റെ കണ്ട്രി കോഓർഡിനേറ്റിങ് മെക്കാനിസം അംഗമായും നിയമിക്കപ്പെട്ടത്. ഭാരതത്തിലെ എയിഡ്‌സ് ചികിത്സാ, ശുശ്രൂഷാ മേഖലകളിൽ കാര്യമായ സംഭാവന ചെയ്യാൻ എനിക്കു കഴിഞ്ഞതും അബ്ദുൾ കലാമിന്റെ ഇടപെടൽ കൊണ്ടാണ്.

കോട്ടയം എരുമേലി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളം കാൽ നൂറ്റാണ്ടായി മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലാണ് പ്രവർത്തിക്കുന്നത്. ജോലി തേടി സത്താറ ജില്ലയിൽ പോയ സീറോ മലബാർ വിശ്വാസികൾക്ക് കുർബാന അർപ്പിക്കാനായി അയച്ചതാണ് ഫാദർ ടോമിയെ അദ്ദേഹത്തിന്റെ സഭ. അതിനിടെയാണ് പാഞ്ചഗണിയിൽ അടച്ചു പൂട്ടപ്പെട്ട നിലയിൽ കിടന്ന റെഡ് ക്രോസ് ആശുപത്രി കണ്ടെത്തിയത്. ആ ആശുപത്രി ഏറ്റെടുത്ത് വലുതാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എച്ച് ഐ വി പുനരധിവാസ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ആ വൈദികൻ. ഒപ്പം എല്ലാ സൗകര്യമുള്ള സാധാരണ ആശുപത്രിയും റെസിഡൻഷ്യൽ സ്‌കൂളും അമേരിക്കയിൽ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നേഴ്‌സിങ് കോളേജും ആരംഭിച്ചു. ഇവയിൽ നിന്നൊക്കെ ലഭിക്കുന്ന വരുമാനം ആശുപത്രിയുടെ വികസനത്തിന് ചെലവിട്ട് മാതൃക കാട്ടി.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഈ മലയാളി വൈദികന്റെ ഉപദേശമാണഅ ഇപ്പോൾ ആരോഗ്യ മേഖലയിൽ പല പരീക്ഷണങ്ങൾക്കും സ്വീകരിക്കുന്നത്. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ ഗ്രാമങ്ങൾ തോറും നേഴ്‌സുമാർക്ക് പ്രത്യേക പരിശീലനം നൽകി നേഴ്‌സിങ്ങ് പ്രാക്ടീഷ്യനേഴ്‌സ് ആക്കാനുള്ള ഫാ. ടോമിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേഴ്‌സിങ് തൊഴിലിന്റെ അന്തസ് കൂട്ടുന്ന ഈ പരിഷ്‌കാരം നടപ്പിലാക്കിയാൽ ഗ്രാമങ്ങളിലെ പ്രത്യേക പരിശീലനം സിദ്ധിച്ച നേഴ്‌സുമാർക്ക് ഡോക്ടർമാരുടെ ജോലി ചെയ്യാൻ സാധിക്കും. ഇതു മാത്രമാണ് ഇന്ത്യൻ ആരോഗ്യ രംഗത്തെ പ്രതിസന്ധി മാറികാടക്കാനുള്ള എളുപ്പവഴിയെന്നാണ് ഫാ. ടോമി പറയുന്നത്.

തന്റെ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടമായി ഫാ. ടോമി കരുതുന്നത് ഇതുവരെ ഒരാളെ പോലും മതം മാറ്റിയില്ല എന്നതാണ്. പാഞ്ചഗണിയിൽ മറാത്തികളായ ചെറുപ്പക്കാർ പോലും ടോമിയച്ഛന്റെ വാക്കുകൾക്ക് ഏറെ വിലകൊടുക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP