Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാണ് യഥാർത്ഥത്തിൽ ഫാ. ഉഴുന്നാലിനെ മോചിപ്പിച്ചത്? സഭയും കേന്ദ്രവും കേരളവും മുതൽ വത്തിക്കാൻ വരെ അവകാശ വാദം ഉന്നയിച്ചു രംഗത്ത്: അമിത അവകാശ വാദത്തിന് പോവാതെ യഥാർത്ഥ രക്ഷകൻ; എല്ലാവർക്കും പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മലയാളി വൈദികന് രക്ഷകനായത് ഒമാൻ സുൽത്താൻ മാത്രം

ആരാണ് യഥാർത്ഥത്തിൽ ഫാ. ഉഴുന്നാലിനെ മോചിപ്പിച്ചത്? സഭയും കേന്ദ്രവും കേരളവും മുതൽ വത്തിക്കാൻ വരെ അവകാശ വാദം ഉന്നയിച്ചു രംഗത്ത്: അമിത അവകാശ വാദത്തിന് പോവാതെ യഥാർത്ഥ രക്ഷകൻ; എല്ലാവർക്കും പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മലയാളി വൈദികന് രക്ഷകനായത് ഒമാൻ സുൽത്താൻ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആരാണ് ഫാ: ടോം ഉഴുന്നാലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്? അവകാശവും ആവേശവുമായി അവകാശ വാദം ഉന്നയിച്ചു രംഗത്തുണ്ട്. കേരളവും കേന്ദ്രവും മാത്രമല്ല ബിജെപിയും കോൺഗ്രസ്സും വത്തിക്കാനും വരെ ആശ്വാസത്തിനൊപ്പം തങ്ങളുടെ ശ്രമങ്ങളെ കുറിച്ചു പറയുന്നു. എന്നാൽ ഫാ: ടോം പുറം ലോകം കണ്ടതിന് ഒരേ ഒരു കാരണക്കാരനേയുള്ളൂ. അത് മറ്റാരുമല്ല ഒമാനിലെ സുൽത്താൻ. പണത്തിന് പണവും നയതന്ത്രത്തിന് നയതന്ത്രവും പയറ്റിയാണ് സുൽത്താൻ മലയാളി വൈദികനെ പുറത്തു കൊണ്ടു വന്നത്.

ഒമാന്റെ സഹായത്തോടെ യെമനിൽനിന്നു ബന്ദികളെ മോചിപ്പിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒക്ടോബറിൽ യെമനിൽനിന്നു തട്ടിക്കൊണ്ടുപോയ ഓസ്‌ട്രേലിയക്കാരനെ ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിൽ മോചിപ്പിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് അച്ചനെ രക്ഷിക്കാനും ഒമാന്റെ സഹായം തേടിയത്. ഫാ. ടോമിനെപ്പോലെ യെമനിൽനിന്ന് ഒമാനിലെത്തിച്ചശേഷമാണ് അദ്ദേഹവും നാട്ടിലേക്കു മടങ്ങിയത്. ഗോത്രവിഭാഗക്കാർ വഴി നടത്തിയ മധ്യസ്ഥ ചർച്ചയിലൂടെയാണ് അന്നു മോചനം സാധ്യമായതെന്നാണ് ഒമാൻ അറിയിച്ചത്. എന്നാൽ മോചിപ്പിക്കപ്പെട്ടയാളുടെ പേരു വെളിപ്പെടുത്തിയില്ല. ഇനിയും ഭീഷണിക്ക് ഇരയാകാൻ സാധ്യതയുള്ളതുകൊണ്ടും കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചും പേരു വെളിപ്പെടുത്തേണ്ടെന്ന് ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരു ഫുട്‌ബോൾ കോച്ചാണു മോചിതനായതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രം പുറത്തുവന്നു.

വിമതസേനയായ ഹൂതികൾ 2014 സെപ്റ്റംബറിൽ യെമൻ തലസ്ഥാനം സനാ പിടിച്ചെടുത്തശേഷം പാശ്ചാത്യർ ഉൾപ്പെടെ പന്ത്രണ്ടോളം പേരാണു ബന്ദികളാക്കപ്പെട്ടത്. സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാനായി ഗോത്രവർഗക്കാരാണ് ആദ്യം പലരെയും തട്ടിക്കൊണ്ടുപോയത്. ഇവരിൽ മിക്കവരും മോചിതരായി. അൽ ഖായിദ തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്ന യുഎസ് മാധ്യമപ്രവർത്തകൻ ലൂക്ക് സോമേഴ്‌സിനെയും ഒരു ദക്ഷിണാഫ്രിക്കൻ അദ്ധ്യാപകനെയും രക്ഷപ്പെടുത്താൻ യുഎസ് കമാൻഡോകൾ ശ്രമിച്ചെങ്കിലും ഇരുവരും കൊല്ലപ്പെട്ടു. കേന്ദ്രവും കേരളവും വത്തിക്കാനും ഇതിന്റെ നേട്ടം അവകാശപ്പെടുന്നുണ്ട്. എന്നാൽ അമിതമായ ഒന്നും ഒമാൻ ഭരണാധിപൻ ഫാ ടോമിന്റെ മോചനത്തിൽ അവകാശപ്പെടുന്നില്ല.

പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തിൽ പുറംലോകം കാണാതെ തടവിൽ കഴിയുമ്പോഴും പ്രാർത്ഥനയിൽ ദൈവത്തെ മുറുകെപ്പിടിച്ചു. കേന്ദ്ര സർക്കാരും മറ്റുള്ളവരും നിരന്തരം ഇടപെട്ടിട്ടു. വത്തിക്കാനും വേണ്ടത് ചെയ്തു. നാട്ടുകാരും വീട്ടുകാരും എല്ലാം പ്രാർത്ഥനയിലായി. ഇതിനിടെയിൽ ദൈവപുരുഷനായി ഒമാൻ സുൽത്താൻ മാറി. അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി ഫാദർ മോചിതനായി. 2016 മാർച്ച് നാലിനു തെക്കൻ യെമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിൽ നിന്നാണു ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അന്നുമുതൽ ഇന്നോളം, നീണ്ട പതിനെട്ടുമാസവും ടോമിനായി പ്രാർത്ഥനകളും പ്രവർത്തനങ്ങളും സജീവമായിരുന്നു.

വിദേശകാര്യ മന്ത്രാലയവും വകുപ്പുമന്ത്രി സുഷമ സ്വരാജും വത്തിക്കാനും ജനപ്രതിനിധികളും വിദേശ രാജ്യങ്ങളും കൂട്ടായി ശ്രമിച്ചു. തിരികെയെത്തിയ ഫാ. ടോം ഉഴുന്നാലിന്റെ നാവിൽ നിറയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനോടും വത്തിക്കാൻ അധികൃതരോടുമുള്ള നന്ദി വാക്കുകൾ മാത്രമായിരുന്നു. യെമനുമായി ബന്ധപ്പെട്ടാണ് ഒമാൻ അധികൃതർ മോചന വഴി തേടിയത്. ടോമിനെ കണ്ടെത്തുന്നതിനുള്ള നടപടികൾക്കുശേഷം തീവ്രവാദികളുടെ കേന്ദ്രത്തിൽനിന്നു സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാൻ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയായിരുന്നു. അതിവേഗത്തിൽ തിരിച്ചെത്തിക്കുന്നതിനുള്ള സുൽത്താന്റെ നിർദ്ദേശവും ഫാദർ ടോമിന്റെ മോചനം എളുപ്പമാക്കി. യെമനിൽ കുടുങ്ങിക്കിടന്ന ഓസ്ട്രേലിയ, യുഎസ് പൗരന്മാർക്ക് ഉൾപ്പടെ സുരക്ഷിതമായി സ്വന്തം വീടണയാൻ ഒമാൻ സർക്കാർ വഴിയൊരുക്കിയിട്ടുണ്ട്.

യെമനിൽ കുടങ്ങിക്കിടന്ന മലയാളികൾ ഉൾപ്പടെയുള്ളവർ മസ്‌കത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. യെമനുമായി മികച്ച ബന്ധം ഒമാൻ പുലർത്തുന്നതും ടോമിന്റെ കാര്യത്തിൽ നീക്കങ്ങൾ എളുപ്പമാക്കി. ഫാ.ടോമിന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള ചർച്ചയിൽ യെമൻ ഉപപ്രധാനമന്ത്രി അൽമെഖ്ലാഫി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലായിരുന്നു സുഷമയും അബ്ദുൽമാലിക്കും കൂടിക്കാഴ്ച നടത്തിയത്.

ഫാദറിനെ തട്ടിക്കൊണ്ട് പോയത് പ്രാർത്ഥനയ്ക്കിടെ

യെമനിലേക്കു സ്വന്തം ഇഷ്ടപ്രകാരമാണ് ടോം ഉഴുന്നാലിൽ പോയത്. മറ്റു വൈദികർ ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. മടങ്ങിയെത്താൻ സഭയും ആവശ്യപ്പെട്ടിരുന്നു. മുൻപു നാലുവർഷം യെമനിൽ കർമനിരതനായിരുന്നതിന്റെ അനുഭവത്തിലാണ് ടോം വീണ്ടും യാത്ര തിരിച്ചത്.

ബെംഗളൂരു ക്രിസ്തുജ്യോതി തിയോളജി കോളജിൽ അഡ്‌മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷമായിരുന്നു ഇപ്രാവശ്യത്തെ യെമൻ യാത്ര. യുദ്ധം ആരംഭിച്ചതിനാൽ അബുദാബിയിലും ഇന്ത്യൻ എംബസി പ്രവർത്തിക്കുന്ന ജിബൂത്തിയിലും തങ്ങി മൂന്നു മാസത്തോളമെടുത്താണു യെമനിലെത്തിയത്. തലസ്ഥാനമായ സനായിലേക്ക് ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധിയായാണു ചെന്നത്. ഏഡനിലെത്താൻ പിന്നെയും ഒരു മാസമെടുത്തു. മദർ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാർ' (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനിൽ നടത്തിയിരുന്ന വയോധികസദനത്തിലാണ് ഉഴുന്നാലിൽ എത്തിയത്.

80 പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. ആശുപത്രിയിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോഴാണ് ഭീകരർ വയോധികസദനത്തിലേക്ക് ഇരച്ചുകയറിയതെന്നു സിസ്റ്റർ സാലി ഓർത്തെടുത്തു. രണ്ടു സുരക്ഷാ ജീവനക്കാരെ കൊന്ന ശേഷമാണ് അവർ അകത്തു കടന്നത്. ആ സമയം ഫാ. ടോം ഉഴുന്നാലിൽ ചാപ്പലിൽ പ്രാർത്ഥിക്കുകയായിരുന്നു.

ഭീകരരെ കണ്ട സിസ്റ്റർ സാലി, ഫാ. ടോമിനെ വിവരം അറിയിക്കാൻ ഫോൺ ഡയൽ ചെയ്തു. അപ്പോഴേക്കും ഭീകരർ സിസ്റ്ററുടെ മുറിയിലേക്ക് ഓടിയെത്തി. സ്റ്റോർ മുറിയോടുചേർന്നുള്ള വാതിലിന്റെ മറവിൽ ഒളിച്ചുനിന്നു. ശബ്ദം ഇല്ലാത്ത തോക്കുപയോഗിച്ചായിരുന്നു ഭീകരരുടെ വെടിവയ്പ്. വയോധികസദനത്തിലെ അന്തേവാസികളോടു ചോദിച്ച് അവിടെ എത്ര പേരുണ്ട് എന്നു മനസ്സിലാക്കിയ ഭീകരർ മൂന്നുതവണ കൂടി മുറിയിൽ കടന്നുവന്നെങ്കിലും ഭാഗ്യത്തിനു സിസ്റ്ററെ കണ്ടെത്താനായില്ല.

ഭീകരർ എത്തിയ വിവരം അറിഞ്ഞ ഫാ. ടോം ആദ്യം ചെയ്തതു സക്രാരിയിലുള്ള തിരുഓസ്തി സ്വയം കഴിക്കുകയായിരുന്നു. ആക്രമിക്കാനെത്തിയവർ അതു നശിപ്പിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്. ഫാ. ടോമിനെ തുണികൊണ്ടു കൈകളും കണ്ണും കെട്ടി പിടിച്ചുകൊണ്ടുപോകുന്നതു വയോധികസദനത്തിൽ ചികിൽസയിലായിരുന്ന ആളുടെ ബന്ധുവായ ബാലനാണു നേരിട്ടു കണ്ടത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടു പോയത്.

തുണയായത് സുൽത്താന്റെ രാജകീയ ഉത്തരവ്

ഫാ.ടോം ഉൾപ്പെടുന്ന സലേഷ്യൻ സന്യാസ സഭാംഗങ്ങളും സിറോ മലബാർ സഭാ പ്രതിനിധികളും മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഫോ.ടോമിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി തുടർച്ചയായി സംസ്ഥാന, കേന്ദ്ര സർക്കാരുകളെ സമീപിച്ചു. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളും കേരളത്തിൽനിന്നുള്ള എംപിമാരും ഫാ.ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമിക്കാൻ േകന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. പാർലമെന്റിലും ഈ വിഷയം പലതവണ ഉന്നയിക്കപ്പെട്ടു. വത്തിക്കാനും പ്രശ്‌നത്തിൽ ഇടപെട്ടു. വത്തിക്കാൻ സർക്കാറിന്റെ ആവശ്യത്തെ തുടർന്നാണ്് ഒമാൻ സർക്കാർ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടുന്നത്.

യെമനുമായി നേരിട്ട് ഇടപെട്ടുള്ള നീക്കമാണ് ഇന്ത്യ നടത്തിയത്. ഒപ്പം വിഷയത്തിൽ ഇടപെടാൻ വത്തിക്കാൻ ഒമാൻ സർക്കാറിനോടും ആവശ്യപ്പെടുകയായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് വൈദികന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ സുൽത്താൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെ കാര്യങ്ങൾക്കു ചൂടുപിടിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കർദിനാൾമാർക്ക് ഉറപ്പു നൽകിയിരുന്നു. ഫാ. ടോമിന്റെ മോചനത്തിനുള്ള നടപടി ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവാ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസ് എന്നിവരാണു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉഴുന്നാലിലിന്റെ മോചനശ്രമങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സാമ്പത്തിക കാര്യം) അമർ സിൻഹയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. മോചന ശ്രമത്തിന്റെ ഭാഗമായി വത്തിക്കാനുമായി ബന്ധപ്പെട്ടു. യെമൻ, സൗദി അറേബ്യ, ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങളെയും മോചനശ്രമത്തിന്റെ ഭാഗമാക്കാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിനായിരുന്നു. ഇതും ഗുണം ചെയ്തു.

മാർപ്പാപ്പയുടെ വാക്കുകൾ വെറുതെയായില്ല

ഫാ. ടോം ഭീകരരുടെ പിടിയിലായി ഒരു മാസം കഴിഞ്ഞ്, കഴിഞ്ഞ വർഷം ഏപ്രിൽ 10ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തപ്പോൾ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: സായുധ പോരാട്ടമുള്ള മേഖലകളിൽ തട്ടിയെടുക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു. പ്രത്യേകിച്ചും, കഴിഞ്ഞ മാർച്ച് നാലിന് യെമനിലെ ഏഡനിൽ തട്ടിയെടുക്കപ്പെട്ട സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ ഞാൻ അനുസ്മരിക്കുന്നു'. അതുകൊണ്ട് തന്നെയാണ് മോചിതനായ ഫാദറിനെ റോമിലേക്ക് കൊണ്ടു പോയത്. മാർപ്പാപ്പയുടെ അനുഗ്രവുമായി അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

യമെന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുൽത്താന്റെ അഭ്യർത്ഥനപ്രകാരം ഒമാൻ അധികൃതർ യെമെനി പാർട്ടികളുമായി ചേർന്ന് നടത്തിയ പ്രവർത്തനമാണ് മോചനത്തിനിടയാക്കിയതെന്നായിരുന്നു വാർത്താക്കുറിപ്പ്. വൈകാതെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഒമാന്റെ പരമ്പരാഗതവസ്ത്രം ധരിച്ച് സുൽത്താൻ ഖാബൂസിന്റെ ചിത്രത്തിനുമുന്നിൽ നിൽക്കുന്ന ഉഴുന്നാലിലിന്റെ ചിത്രമാണ് ഒമാൻ ആദ്യം പുറത്തുവിട്ടത്. ആരോഗ്യവാനായാണ് അദ്ദേഹം ഇതിൽ കാണപ്പെട്ടത്. അദ്ദേഹം മസ്‌കറ്റിലെത്തുന്ന ദൃശ്യങ്ങൾ പിന്നീട് ഒമാൻ ടി.വി. പുറത്തുവിട്ടു.

ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്താണ് ഫാ. ടോമിന്റെ മോചനം സാധ്യമാക്കിയത്. യൈമനിൽ ഇന്ത്യയുടെ നയതന്ത്രകാര്യാലയം ഉണ്ടായിരുന്നില്ല. അതിനാൽ, അന്വേഷണം കാര്യമായി നടന്നില്ല. 2017 ഏപ്രിൽ 15-ന് ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയോ കഴിഞ്ഞ മേയിൽ പുറത്തുവന്നു. തീരെ അവശനാണെന്നും രോഗങ്ങൾകാരണം വയ്യെന്നും ഫാ. ടോം പതിയെപ്പറയുന്ന ദൃശ്യമായിരുന്നു അത്. കേന്ദ്രസർക്കാരിന് ആദ്യ ഘട്ടത്തിൽ കാര്യമായി ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. യെമെനിലെ സർക്കാരും നിസ്സഹായാവസ്ഥയിൽ. ഇതുകാരണം നയതന്ത്രതലത്തിൽ മോചനത്തിന്റെ വഴി തുറന്നില്ല. യെമെൻ സർക്കാരിനെതിരെ പോരാട്ടം നടത്തുന്ന വിമതരും സർക്കാരിനെ സഹായിക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യ സൈന്യവും പ്രതിസന്ധി സൃഷ്ടിച്ചു. അനുരഞ്ജനം ഒമാൻ ഏറ്റെടുത്തതാണ് നിർണ്ണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP