Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'മനോരമയുടെ ഓഫീസിലേക്ക് വിളിച്ചിട്ട് ചോദിക്കണം; ഇന്നലത്തെ പ്രോഗ്രാം ഇവർ ആരും ടെലികാസറ്റ് ചെയ്തിട്ടില്ലല്ലോ; ഇന്ന് എന്തു വകുപ്പിലാണത് ചെയ്യുന്നത് ? അത് ചെയ്യുന്നത് നല്ലതിനായിരിക്കില്ലെന്ന് അൽപ്പം ഒരു ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കണം; ഒരു പത്ത് ഫോൺ കോൾ പോവുകയാണെങ്കിൽ നല്ലതായിരിക്കും': സിസ്റ്റർ ലൂസിയുടെ സമരം പൊളിക്കാനായി മനോരമയെ ഭീഷണിപ്പെടുത്താൻ മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ്ക്കലിന്റെ ആഹ്വാനം

'മനോരമയുടെ ഓഫീസിലേക്ക് വിളിച്ചിട്ട് ചോദിക്കണം; ഇന്നലത്തെ പ്രോഗ്രാം ഇവർ ആരും ടെലികാസറ്റ് ചെയ്തിട്ടില്ലല്ലോ;  ഇന്ന് എന്തു വകുപ്പിലാണത് ചെയ്യുന്നത് ? അത് ചെയ്യുന്നത് നല്ലതിനായിരിക്കില്ലെന്ന് അൽപ്പം ഒരു ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കണം; ഒരു പത്ത് ഫോൺ കോൾ പോവുകയാണെങ്കിൽ നല്ലതായിരിക്കും': സിസ്റ്റർ ലൂസിയുടെ സമരം പൊളിക്കാനായി മനോരമയെ ഭീഷണിപ്പെടുത്താൻ  മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ്ക്കലിന്റെ ആഹ്വാനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'ഒരു പൂട്ടിയിടൽ അപാരത' എന്ന പേരിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പുറത്തിറക്കിയതിന് പൊലീസ് കേസെടുത്തിട്ടും സിസ്റ്റർ ലൂസിയെ വിടാതെ പിന്തുടർന്ന മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ്ക്കൽ. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന നവമാധ്യമകൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ഹൈക്കോടതിക്ക് സമീപം വഞ്ചി സ്‌ക്വയറിൽ നടത്തുന്ന ഐക്യദാർഢ്യ സമ്മേളനം പൊളിക്കാനായി മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ ഫാദർ നോബിൾ പാറയ്ക്കൽ ശ്രമിക്കുന്നതിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്.

നോബിളിന്റെ ശബ്ദസന്ദേശം ഇങ്ങനെയാണ്.'പ്രിയമുള്ളവരെ, നമ്മുടെ പ്രോഗ്രാമിന്റെ അവിടെ വഞ്ചി സ്‌ക്വയറിൽ മനോരമയുടെയും മീഡിയാവണ്ണിന്റെയും, ഒ ബി വാൻ വന്ന് കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഒരു പക്ഷേ ലൈവ് ടെലികാസ്റ്റിങ്ങും മറ്റും അവർ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയില്ല. തുടങ്ങിക്കഴിഞ്ഞാൽ നമുക്ക് ഇവരെ നിയന്ത്രിക്കാനാവില്ല. പരമാവധി ഇപ്പോൾ തന്നെ കാര്യങ്ങൾ ചെയ്യണം. മീഡിയാവൺ വിഷയമല്ല. മനോരമയുടെ ഓഫീസിലേക്ക് വിളിച്ചിട്ട് ചോദിക്കണം. ഇന്നലത്തെ പ്രോഗ്രാം ഇവർ ആരും ടെലികാസറ്റ് ചെയ്തിട്ടില്ലല്ലോ. ഇന്ന് എന്തു വകുപ്പിലാണത് ചെയ്യുന്നത്. അത്് ചെയ്യുന്നത് നല്ലതിനായിരിക്കില്ലെന്ന് അൽപ്പം ഒരു ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കണം. ഒരു പത്ത് ഫോൺകോൾ പോവുയാണെങ്കിൽ നല്ലതായിരിക്കും. മനോരമയുടെ ഓഫീസിലേക്ക്...'.സഭാവിശ്വാസികൾക്കിടയിൽ ഈ ഓഡിയോ വളരെപ്പെട്ടെന്ന് വൈറലാവുകയാണ്. ഭീഷണി മുഴക്കി റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ പിന്തിരപ്പിക്കാനുള്ള ശ്രമത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കനെതിരെ പ്രതികരിച്ചു എന്നതിന്റെ പേരിലാണ് മാനന്തവാടി രൂപത സിസ്റ്റർ ലൂസിക്കെതിരെ തിരിഞ്ഞത്. രണ്ട് മാസങ്ങൾക്ക് മുമ്പ് കന്യാസ്ത്രീയെ അവഹേളിക്കും വിധം വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചിന്് സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതിയിൽ മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ്ക്കൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തിരുന്നു. സിസ്റ്ററെ കാണാൻ മഠത്തിലെത്തിയ മാധ്യമപ്രവർത്തകരുടെ സിസി ടിവി ദൃശ്യങ്ങളുപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളിൽ അപവാദപ്രചരണം നടന്നത്. വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്ത ഫാദർ നോബിൾ പാറക്കലായിരുന്നു. കന്യാസ്ത്രീയെ കാണാൻ രാത്രിയിൽ പുരുഷന്മാർ എന്ന വിധത്തിലാക്കി എഡിറ്റു ചെയ്താണ് വീഡിയോ പ്രചരിപ്പിച്ചത്. സിസി ടിവി ദൃശ്യങ്ങൾ കൈമാറിയ മഠത്തിലെ കന്യാസ്ത്രീകൾ എന്നിവരുൾപ്പെടെ ആറുപേർക്കെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചരണം നടത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

്മദർ സുപ്പീരിയർ ഉൾപ്പെടെ ആറുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.. 'ഒരു പൂട്ടിയിടൽ അപാരത'' എന്നതടക്കമുള്ള പരിഹാസപരാമർശങ്ങളുള്ള വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിസ്റ്ററിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് ഇന്ന് മഠത്തിൽ എത്തിയ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

സംഭവം വിവാദമാകുകയും കേസെടുക്കുകയും ചെയ്തതോടെ വിശദീകരണവുമായി ഫാദർ നോബിളും രംഗത്തെത്തിയിരുന്നു. മഠത്തിനുള്ളിൽ പുരുഷന്മാർ കയറുന്നതിലാണ് പ്രശ്‌നമെന്നും ചൂണ്ടിക്കാട്ടി നോബിൾ വീണ്ടും വീഡിയോ പോസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. ആവൃതിയുടെ നിയമങ്ങളെ ലംഘിക്കുകയാണ് ചെയ്തത് എന്നാണ് ഫാദർ നോബിൾ പറയുന്നത്. കത്തോലിക്കാസന്ന്യാസം തെരുവിൽ അപമാനിക്കപ്പെടുമ്പോൾ അസ്വസ്ഥമാകുന്ന ആയിരമായിരം സന്യസ്തജീവിതങ്ങൾക്കു വേണ്ടി വാദിക്കാൻ, സത്യം പറയാൻ ആരുമില്ലാതാകുന്നുവോ? സത്യം പറയുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വലിയ സംഘടിതശക്തികളെക്കുറിച്ച് കൂടി കരുതലുള്ളവരാകുകയെന്നും നോബിൾ പറഞ്ഞിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ വിഷയത്തിലും ഫാദർ റോബിന്റെ പീഡന കേസിലും ഇവർക്ക് വേണ്ടി ശക്തിയുക്തം വാദിച്ച വ്യക്തിയാണ് ഫാദർ നോബിൾ. സഭയ്ക്ക് നിരന്തരം അപമാനം ഉണ്ടാക്കുന്ന പിആർഒക്കെതിരെ നടപടി വേണമെന്ന ആവശ്യം വിശ്വാസികൾക്കിടയിലും ശക്തമായി ഉയർന്നിട്ടുണ്ട്. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം ചെയ്ത കന്യാസ്ത്രീമാർക്ക് പിന്തുണ നൽകിയതിന് സി. ലൂസി കളപ്പുരയെ എഫ്സിസി സന്യാസസഭയിൽ നിന്നും പുറത്താക്കിയത്.

സിസ്റ്റർ ലൂസിയെ കാണാനെത്തിയത് മാധ്യമ പ്രവർത്തകർ

സിസ്റ്റർക്ക് ഒപ്പമുണ്ടായിരുന്നത് രണ്ട് മാധ്യമ പ്രവർത്തകരാണെന്ന് തെളിഞ്ഞതോടെ ഫാദർ നോബിൾ അടക്കമുള്ളവരെ വാദങ്ങൾ പൊളിഞ്ഞിരുന്നു. യെസ് ന്യൂസിന്റെ എംഡിയും മാധ്യമ പ്രവർത്തകനായ മിൽട്ടൻ ഫ്രാൻസിസും ഭാര്യ ബിന്ദു മിൽട്ടനും, യെസ് ന്യൂസിന്റെ വയനാട് ലേഖകൻ മഹേഷുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. അന്ന് നടന്ന സംഭവങ്ങൾ മിൽട്ടൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചത്് ഇങ്ങനെയാണ്. 'കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് ഞങ്ങൾ സിസ്റ്റർ ലൂസിയെ കാണാൻ കാരയ്ക്കാമല മഠത്തിൽ എത്തിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഒപ്പം ഭാര്യ ബിന്ദുവും, യെസ് ന്യൂസിന്റെ വയനാട് ലേഖകൻ മഹേഷുമുണ്ടായിരുന്നു. പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ് സിസ്റ്റർ ലൂസി അവിടെ താമസിച്ചിരുന്നത്. ശരിക്കും ഒരു ഏകാന്ത തടവുപോലെ. അവർക്ക് ഭക്ഷണം പോലും കിട്ടുന്നുണ്ടായിരുന്നില്ല. പറമ്പിലെ മാവിലെ മാങ്ങയായിരുന്നു പലപ്പോഴും അവരുടെ ആശ്രയം. കോൺവെന്റിലെ എല്ലാവരും കൃത്യമായി ലക്ഷ്യത്തോടെ അവരെ ഒറ്റപ്പെടുത്തി തകർക്കാനാണ് ശ്രമിച്ചത്. പുറത്ത് ഇരിക്കാൻ സൗകര്യമില്ലാത്തതുകൊണ്ടാണ് ഞങ്ങൾ അകത്തേക്ക് കയറിയത്. ഈ വീഡിയോയിൽ സിസ്റ്റർ ലൂസി മഠത്തിന്റെ പിൻവാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാര്യയുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് കളയാനും അവർ ശ്രദ്ധിച്ചു.'- മിൽട്ടൻ വ്യക്തമാക്കി.

നേരത്തെയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിസ്റ്റർ ലൂസി മിൽട്ടനെ വിളിപ്പിച്ചത്. അവർ എഴുതുന്ന ആത്മകഥയുടെ കൈയെഴുത്തു പ്രതി ഏൽപ്പിക്കാനും കൂടിയായിരുന്നു ഈ സന്ദർശനം. കൈയെഴുത്തുപ്രതി മഠത്തിലാണ് സിസ്റ്റർ ലൂസി സൂക്ഷിച്ചിരുന്നത്. ഇത് മഠത്തിലെ മദർ സുപ്പീരിയർ ഉൾപ്പടെയുള്ളവർ നശിപ്പിച്ചു കളയുമെന്ന ഭയം സിസ്റ്ററിനുണ്ടായിരുന്നു. അതിനാൽ ഇതിന്റെ മാനുസ്‌ക്രിപ്റ്റ് ഞങ്ങളെ എൽപ്പിക്കയായിരുന്നു.

'ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. സഭയുടെ പിആർഒയെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റർ കൊടുത്ത കേസ് പിൻവലിച്ചാൽ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിൻവലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയോടെ അറിവോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തിൽ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദർ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരും'', -മിൽട്ടൻ ഫ്രാൻസിസ് പ്രതികരിച്ചത് അങ്ങനെയാണ്.

ഈ സംഭവങ്ങൾക്ക് ശേഷവും ഫാദർ നോബിളിന് ഒരു മാറ്റും വന്നിട്ടില്ല എന്നതിന്റെ സൂചനകളാണ് പുതിയ ഓഡിയോയിലൂടെ വ്യക്തമാകുന്നത്. സമരം പൊളിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP