Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാൻസിസ്‌കൻ മഠത്തിലെ ജനറേറ്റർ ഓഫിസിൽ ചാക്കിൽ കെട്ടിയ നിലയിലായിൽ പിടിച്ചെടുത്ത പണത്തിന് കണക്കില്ല; ഫാ ആന്റണി മാടശേരിയെ വെട്ടിലാക്കി 9.66 കോടി ട്രഷറിയിലേക്ക് മാറ്റി പഞ്ചാബ് സർക്കാർ; ഉടൻ രേഖകൾ ഹാജരാക്കാൻ അന്ത്യശാസനവും; കണക്കില്ലെങ്കിൽ ഫ്രാങ്കോയുടെ വിശ്വസ്തൻ അഴിക്കുള്ളിലാകാൻ സാധ്യത; കന്യാസ്ത്രീ പീഡനക്കേസിൽ വെട്ടിലായ ജലന്തർ രൂപതയിലെ കള്ളക്കളികൾ ഓരോന്നായി പുറത്ത്; പീഡനക്കേസ് പ്രതിയുടെ ഫ്രാൻസിസ്‌കൻ സെമിനാരി പ്രതിസന്ധിയിൽ

ഫ്രാൻസിസ്‌കൻ മഠത്തിലെ ജനറേറ്റർ ഓഫിസിൽ ചാക്കിൽ കെട്ടിയ നിലയിലായിൽ പിടിച്ചെടുത്ത പണത്തിന് കണക്കില്ല; ഫാ ആന്റണി മാടശേരിയെ വെട്ടിലാക്കി 9.66 കോടി ട്രഷറിയിലേക്ക് മാറ്റി പഞ്ചാബ് സർക്കാർ; ഉടൻ രേഖകൾ ഹാജരാക്കാൻ അന്ത്യശാസനവും; കണക്കില്ലെങ്കിൽ ഫ്രാങ്കോയുടെ വിശ്വസ്തൻ അഴിക്കുള്ളിലാകാൻ സാധ്യത; കന്യാസ്ത്രീ പീഡനക്കേസിൽ വെട്ടിലായ ജലന്തർ രൂപതയിലെ കള്ളക്കളികൾ ഓരോന്നായി പുറത്ത്; പീഡനക്കേസ് പ്രതിയുടെ ഫ്രാൻസിസ്‌കൻ സെമിനാരി പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയും ജലന്തർ രൂപതാ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാ. ആന്റണി മാടശേരിയിൽനിന്ന് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത കോടികൾ തന്നെ. പിടിച്ചെടുത്ത കോടിക്കണക്കിനു പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആകാത്ത സാഹചര്യത്തിൽ ജലന്ധർ രൂപതയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് വിശദമായ അന്വേഷണം തുടങ്ങും. അതിനിടെ വൈദികന്റെ താമസസ്ഥലത്തുനിന്നു പിടിച്ചെടുത്ത 9.66 കോടി സർക്കാർ ട്രഷറിയിലേക്ക് മാറ്റി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകൾ പൂർണമായും ഹാജരാക്കാനായിട്ടില്ല. അനുവദിക്കപ്പെട്ട സമയത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ പണം സർക്കാരിന്റെ അധീനതയിലാകും. ഈ വിവാദത്തിൽ കച്ചവടതാൽപ്പര്യങ്ങൾക്കാണ് ബിഷപ്പും വിശ്വസ്തരും മുൻഗണന നൽകുന്നതെന്ന ആക്ഷേപം ഉന്നയിക്കുന്ന മറ്റു വൈദികർ, തെളിവുകൾ നിരത്തി വത്തിക്കാനിലേക്ക് കത്തയച്ചതായാണ് വിവരം.

ആകെ 16.67 കോടിയാണ് പിടിച്ചെടുത്തതെന്നും ഇതിൽ നിന്ന് 6.65 കോടി പൊലീസ് മുക്കിയെന്നുമുള്ള ഫാ. മാടശേരിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ഉറവിടം കാട്ടാനാവാത്തതിനാൽ ഈ പരാതിയും കുടുക്കാകും. ഈ അധിക തുകയിലും കണക്ക് പറയേണ്ടി വരും. രൂപതയ്ക്ക് കീഴിലുള്ള സഹോദയാ സ്‌കൂളുകളിൽനിന്ന് ലഭിച്ച തുകയാണ് പിടിച്ചെടുത്തതെന്നായിരുന്നു അച്ചന്റെ വിശദീകരണം. രൂപതയുടെ നിയന്ത്രണത്തിന് പുറത്ത് അദ്ദേഹം നടത്തുന്ന പല ബിസിനസ് സംരംഭങ്ങളെക്കുറിച്ചും എൻഫോഴ്സ്മെന്റ് തെളിവുകൾ ശേഖരിച്ചു. ഡൽഹി അടക്കമുള്ള മേഖലകളിൽ വലിയ സംരംഭങ്ങളുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഖന്ന എസ്എസ്‌പി ക്കു കീഴിലുള്ള പൊലീസ് സംഘമാണ് ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാൻസിസ്‌കൻ മിഷനറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റർ ഓഫിസിൽ റെയ്ഡ് നടത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഈ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.

സഹോദയാ കമ്പനിക്ക് മേൽ രൂപതയ്ക്കുള്ള നിയന്ത്രണവും അവകാശവും വ്യക്തമാക്കാൻ ഫാ. മാടശേരിക്ക് സാധിച്ചിട്ടില്ലുമില്ല. ആരോപണങ്ങളുയർന്നിട്ടും ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ സഹോദയയുടെ ഡയറക്ടർ ജനറൽ കൂടിയായ അദ്ദേഹം തയാറായിട്ടില്ല. വൈദികന്റെ നടപടി സഭാ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. അദ്ദേഹം നടത്തുന്ന കോടികളുടെ ബിസിനസ് സംരംഭങ്ങൾ ബിഷപ് ഫ്രാങ്കോയെയും പ്രതിക്കൂട്ടിലാക്കുകയാണ്. അതിർത്തിമേഖലകളിൽ പുരോഹിതനായി പ്രേഷിതപ്രവർത്തനം തുടങ്ങി, ബിഷപ്പ് പദവിയിലെത്തിയ ഫ്രാങ്കോയ്ക്ക് പഞ്ചാബ് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുണ്ട്. കേന്ദ്ര സർക്കാരിൽ നിർണായക സ്വാധീനമുള്ള നേതാവ്, ബിഷപ്പുമായി അടുത്തബന്ധം പുലർത്തിയിരുന്നു. എന്നാൽ അത് ഇപ്പോൾ അത്രശക്തമല്ല.

സഹോദയ റെണ്ടറിങ് സർവീസസുമായി ബന്ധപ്പെട്ട് പുസ്തകം, യൂണിഫോം എന്നിവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 14 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നുവെന്നും ബാക്കിയായി നിക്ഷേപിക്കാനിരുന്ന 16.65 കോടിയാണ് എൻഫോഴ്സ്മെന്റ് പിടികൂടിയതെന്നുമാണ് ഫാ. മാടശേരി വെളിപ്പെടുത്തിയിരുന്നു. ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റർ ഓഫിസിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെടുത്തത്. പുസ്തക പ്രസാധകരിൽ നിന്ന് പിഴിഞ്ഞെടുത്ത കൈക്കൂലിയാണ് പിടിച്ചെടുത്ത പണമെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. ആദ്യം 14 കോടി നിക്ഷേപിച്ചതിന് പിന്നാലെ മാർച്ച് 29ന് പണം നിക്ഷേപിക്കാം എന്ന കരുതിയിരിക്കുകയായിരുന്നുവെന്നാണ് ഫാ. മാടശേരി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. 'സൗത്ത് ഇന്ത്യൻ ബാങ്ക് ജലന്ധർ ശാഖയിലെ ജീവനക്കാർ പണം എണ്ണി തിട്ടപ്പെടുത്തിയിരുന്നെന്നും ഇവർ പണം ബാങ്കിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് എകെ 47 തോക്കുധാരികളായ 50 പേരടങ്ങുന്ന സംഘം വാറണ്ട് പോലുമില്ലാതെ ഇരച്ചു കയറുകയും പണം പിടിച്ചെടുക്കുകയുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പഞ്ചാബി വായിക്കാൻ അറിയാത്ത തന്നെക്കൊണ്ട് പഞ്ചാബി രേഖകളിൽ ബലമായി ഒപ്പിടീച്ചു. എന്നാൽ തുകയ്ക്ക് കൃത്യം ബില്ലുകളും മറ്റ് രേഖകളുമുണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെ'ന്നുമാണ് വൈദികൻ ആരോപിച്ചിരുന്നത്. ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പണം കണ്ടെടുക്കൽ തീരുമാനം. പുസ്തക പ്രസാധകരിൽ നിന്ന് പിഴിഞ്ഞെടുത്ത കൈക്കൂലിയാണ് പിടിച്ചെടുത്ത പണമെന്നാണ് സൂചന. പുതിയ അധ്യായന വർഷം തുടങ്ങുന്നതിനു മുന്നോടിയായി പ്രസാധകർക്ക് കരാർ നൽകുന്നതിന് ഫാ.ആന്റണി വൻതോതിൽ കൈക്കൂലി വാങ്ങുന്നത് പതിവായിരുന്നു. രൂപതയുടെ കീഴിലുള്ള നൂറിലേറെ സ്‌കൂളുകളിലായി രണ്ടു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇവർക്കുള്ള പുസ്തകവും യൂണിഫോമും അടക്കം സർവ്വസാധനങ്ങളും ഫാ.ആന്റണി എം.ഡി ആയിട്ടുള്ള സഹോദയ സൊസൈറ്റിയാണ് വിതരണം ചെയ്യുന്നത്. ഈ ഇനത്തിൽ എല്ലാം തന്നെ കോടികണക്കിന് രൂപയാണ് ഓരോ വർഷവും ഇയാൾ ഒരേസമയം കരാറുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും രൂപതയിൽ നിന്നും പിഴിഞ്ഞെടുത്തിരുന്നത്.

കരാറുകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിന് പുറമേ തങ്ങളുടെ സംഘത്തിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും യാത്രകൾക്ക് വിമാന ടിക്കറ്റ്, പുതിയ കാറുകൾ എല്ലാം ഇയാൾ ആവശ്യപ്പെട്ടിരുന്നു. അടുത്തകാലത്ത് ഇയാൾ പുതിയ ടയോട്ട എത്തിയോസ് കാറും വാങ്ങിയിരുന്നു. സഹോദയ ഗ്രൂപ്പിന്റെ പേരിൽ ഏഴ് കമ്പനികളാണ് രൂപതയിൽ പ്രവർത്തിക്കുന്നത്. ഈ കമ്പനികളൂടെ എല്ലാം നടത്തിപ്പുകാരൻ ഫാ.മാടശ്ശേരിയാണ്. സഹോദയ സെക്യൂരിറ്റീസ്, ട്രാൻസ്പോർട്ട് എന്നിവ ഇവയിൽ ചിലത് മാത്രം. സഹോദയ സെക്യൂരിറ്റീസിന്റെ മറവിൽ ഫാ.മാടശ്ശേരി തീറ്റിപ്പോറ്റിയിരുന്നത് ഗുണ്ടാസംഘത്തെ തന്നെയായിരുന്നുവെന്നും സൂചനകളുണ്ട്. ഈ വാദങ്ങളെല്ലാം ശരിവയ്ക്കും വിധമാണ് കള്ളപ്പണത്തിന്റെ പിടിച്ചെടുക്കൽ.

രൂപതാ വൈദികരായി ജലന്ധറിൽ എത്തിയ കാലം മുതൽ ഫ്രാങ്കോയുടെ സന്തത സഹചാരിയായ നാലംഗ സംഘത്തിൽ ഫാ.മാടശേരി എപ്പോഴും ഉണ്ടായിരുന്നു. ഫ്രാങ്കോ ഉൾപ്പെട്ട എല്ലാ ഇടപാടുകളിലും ഇയാൾക്കും പങ്കുണ്ട്. വർഷങ്ങൾക്കു മുൻപ് ജലന്ധർ രൂപതാതിർത്തിയിൽ ബ്രിട്ടീഷ് മിഷനറി വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതും അദ്ദേഹത്തിന്റെ മൃതദേഹം കല്ലറയിൽ നിന്ന് കടത്തിക്കൊണ്ട് പോയതും അവസാനം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ ഫ്രാങ്കോ കേരളത്തിൽ എത്തിയപ്പോഴും ഇയാൾ ഒപ്പമുണ്ടായിരുന്നു. ഇതടക്കം അടക്കം എല്ലാ ക്രിമിനൽ ഇടപാടുകളിലും ഇയാൾ ഫ്രാങ്കോയ്ക്കൊപ്പമുണ്ട്. ജലന്ധർ രൂപതയുടെ സമ്പത്ത് ഫ്രാങ്കോ സംഘത്തിനായി ധൂർത്തടിക്കാൻ വകമാറ്റി രൂപതയെ പാപ്പരാക്കിയ വിദഗ്ധനാണ് ഫാ.മാടശ്ശേരി. രൂപതയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പ് ഫാ.മാടശ്ശേരി എം.ഡിയായ നവജീവൻ, സഹോദയ ചാരിറ്റബിൾ സൊസൈറ്റികൾക്കായിരുന്നു. രൂപതയ്ക്കു കിട്ടേണ്ട പണം സ്വന്തം ഗ്രൂപ്പുകളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ ഫാ.മാടശ്ശേരി അതെല്ലാം സ്വകാര്യ സ്വത്താക്കി മാറ്റയെനന്നും ആരോപണമുണ്ട്.

സ്ഥാപക ബിഷപ് ബലാത്സംഗക്കേസിൽ പ്രതി. വികാരി ജനറാൾ കണക്കിൽപെടാത്ത പണവുമായി പിടിയിലായതോടെ പ്രതിസന്ധിയിലായത് ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസി (എഫ്.എം.ജെ)ലെ സെമിനാരി വിദ്യാർത്ഥികളാണ്. നാണക്കേട് ഭയന്ന് വിദ്യാർത്ഥികളിൽ ഏറെയും ഇതിനകം സെമിനാരി വിട്ടു. അവശേഷിക്കുന്നവർ എവിടേക്ക് പോകുമെന്ന് അറിയാതെ ജലന്ധറിൽ പ്രതിസന്ധിയിലും. പ്രതാപ് പുരയിലെ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജലന്ധറിലെ ഓഫിസ് കം റസിഡൻസിൽനിന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണം പിടികൂടിയത്. ചാക്കിൽകെട്ടിയ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇതോടെ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസിന്റെ പ്രവർത്തനവും പ്രതിസന്ധിയാലകുകയാണ്.

ജലന്ധർ രൂപതയുടെ സ്ഥാപക പിതാവായ സിംപോറിയൻ കീപ്രത്ത് സ്ഥാപിച്ചതാണ് മിഷണറീസ് ഓഫ് ജീസസ് (എം.ജെ). ഇതിനെ തകർക്കാൻ വേണ്ടിയാണ് ഫ്രാങ്കോ മുളയ്ക്കൽ ഒപ്പം നിൽക്കുന്ന വൈദികരെ സൃഷ്ടിക്കാൻ 2016ൽ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് എന്ന സന്യാസ സമൂഹം രൂപീകരിച്ചത്. രൂപതയുടെ വൈദിക സഭയെ തകർക്കുകയായിരുന്നു ഫ്രാങ്കോയുടെ പ്രധാന ലക്ഷ്യം. സ്ഥാപക ബിഷപ് ബലാത്സംഗക്കേസിൽ പ്രതിയായതോടെ എഫ്.എം.ജെയിൽ തകർച്ച തുടങ്ങി. പുതുതായി ചേർന്നവരിൽ ഏറെയും സഭ വിട്ടുപോയി. പിടിച്ചുനിൽക്കാൻ ശ്രമിച്ച കുറച്ചുപേരെ രക്ഷിതാക്കൾ വിളിച്ചു കൊണ്ട് പോയി. ഇതിനിടെയാണ് സഭയുടെ ജനറാൾ ആയ വൈദികൻ കണക്കിൽപെടാത്ത പണവുമായി പിടിയിലാകുന്നത്.

പല സെമിനാരികളിൽ നിന്നും പുറത്താക്കപ്പെട്ടവരും ഫ്രാങ്കോയുടെ ഓഫറുകളിൽ മയങ്ങി എഫ്.എം.ജെയിലേക്ക് ചാടിയവരുമാണ് ഇപ്പോൾ ഈ സഭയിലുള്ളത്. തീസിസ് കോപ്പിയടിച്ചതിന്റെ പേരിൽ കേരളത്തിലെ ഒരു സന്യാസ സഭ പുറത്താക്കിയ ആളും ഇവിടെയുണ്ട്. പെണ്ണുകേസിൽ കുടുങ്ങിയ പലരും ഉണ്ട്. ഇങ്ങനെ കുറ്റവാളികളുടെ സംഘമായി ഇത് ചുരുങ്ങുകയാണ്. എഫ്.എം.ജെയ്ക്ക് ഇതുവരെ വത്തിക്കാനിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇവരുടെ സർട്ടിഫിക്കറ്റുകൾ മുഴുവൻ സൃഷ്ടിക്കുന്നത് ഫാ.ആന്റണി മാടശേരിയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരുമാണ്. അതായത് വത്തിക്കാൻ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് ചരമമടയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP