Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയറുവേദനയുമായി നാല് വയസുകാരിയെ എത്തിച്ചത് കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജിൽ; ഉച്ചയ്ക്ക് അഡ്‌മിറ്റ് ചെയ്ത് രാത്രിയായപ്പോൾ മരണം; ഹെർണിയ പഴുത്ത് പൊട്ടിയതിനെ തുടർന്നുള്ള മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; രോഗം മൂർച്ഛിച്ചപ്പോൾ കുട്ടിയെ എസ്എടിയിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോൾ ബിൽ അടപ്പിക്കാൻ വാശിപിടിച്ചു രണ്ട് മണിക്കൂർ സമയം കളഞ്ഞു; സൈനികനായ വിപിൻകുമാറിന് നഷ്ടമായത് ഏക മകളെ; അനന്തിതയുടെ മരണം ആശുപത്രിയുടെ ചികിത്സാ പിഴവിനെ തുടർന്നെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിൽ

വയറുവേദനയുമായി നാല് വയസുകാരിയെ എത്തിച്ചത് കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജിൽ; ഉച്ചയ്ക്ക് അഡ്‌മിറ്റ് ചെയ്ത് രാത്രിയായപ്പോൾ മരണം; ഹെർണിയ പഴുത്ത് പൊട്ടിയതിനെ തുടർന്നുള്ള മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; രോഗം മൂർച്ഛിച്ചപ്പോൾ കുട്ടിയെ എസ്എടിയിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോൾ ബിൽ അടപ്പിക്കാൻ വാശിപിടിച്ചു രണ്ട് മണിക്കൂർ സമയം കളഞ്ഞു; സൈനികനായ വിപിൻകുമാറിന് നഷ്ടമായത് ഏക മകളെ; അനന്തിതയുടെ മരണം ആശുപത്രിയുടെ ചികിത്സാ പിഴവിനെ തുടർന്നെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിൽ

എം മനോജ് കുമാർ

വെള്ളറട: വയറുവേദനയെ തുടർന്ന് കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസുകാരിയുടെ മരണം വിവാദമാകുന്നു. ചികിത്സാ പിഴവിനെ തുടർന്നാണ് മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചികിത്സാ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി ബന്ധുക്കൾ വെള്ളറട പൊലീസിനു പരാതി നൽകിയിട്ടുണ്ട്. ബംഗാളിൽ സൈനികനായ കിളിയൂർ വിപിൻ വിലാസത്തിൽ വിപിൻകുമാറിൻന്റെയും അഞ്ജനയുടെയും മകൾ അനന്തിതയാണ് ഞായറാഴ്ച മരിച്ചത്. ഇവരുടെ ഏകമകളാണ് അനന്തിത. വിപിൻകുമാറിന്റെ സഹോദരനും ഭാര്യയ്ക്കും കുട്ടികളില്ല. ഇരു കുടുംബത്തിന്റെ പരിലാളനയിൽ വളർന്ന മിടുമിടുക്കിയാണ് ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായത്. മൂന്നു മാസം മുൻപാണ് വിപിൻകുമാറിന്റെ അച്ഛൻ വിശ്വനാഥൻ പൊടുന്നനെ മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു. അതിന്റെ ആഘാതം അടങ്ങുംമുൻപാണ് അനന്തിതകൂടി മരിക്കുന്നത്. അതുകൊണ്ട് തന്നെ അനന്തിതയുടെ വേർപാട് കുടുംബത്തിനു താങ്ങാൻ കഴിയാത്ത ദുരന്തമായി.

കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളേജ് അധികൃതർക്ക് കുട്ടിയുടെ അസുഖം കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഹെർണിയ വന്നു പഴുത്ത് പൊട്ടി അത് രക്തത്തിൽ കലർന്നാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുട്ടിക്ക് വയറുവേദനയും ശർദ്ദിയും വന്നിട്ടും എന്താണ് കാരണം എന്ന് അവർക്ക് മനസിലായില്ല. വേറെ ആശുപത്രിയിലേക്ക് മാറ്റാനും തയ്യാറായില്ല. എസ്എടി ആശുപത്രിയിലേക്ക് മാറ്റാൻ ഞങ്ങൾ തയ്യാറായതാണ്. പക്ഷെ ആശുപത്രി അധികൃതർ മനഃപൂർവം ആശുപത്രി മാറ്റം വൈകിക്കുകയും കുട്ടിയുടെ മരണത്തിനു ഇടവരുത്തുകയുമായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തെ തുടർന്നുള്ള പ്രശ്‌നങ്ങളെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ ബഹളം കൂട്ടി. ഇത് സംഘർഷത്തിൽ എത്തുകയും ആശുപത്രി അധികൃതർ ബന്ധുക്കളുടെ നേർക്ക് വെള്ളറട സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയാണ് അനന്തിതയ്ക്ക് സുഖമില്ലാതാകുന്നത്. വയറുവേദന എന്നാണ് പറഞ്ഞത്. പനച്ചമൂടുള്ള മഠം ആശുപത്രിയിലാണ് കൊണ്ട് പോയത്. അവിടുന്ന് മരുന്ന് നൽകിയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. പിന്നീട് പന്ത്രണ്ടു മണിയോടെ വീണ്ടും കുട്ടിക്ക് വയറുവേദന വന്നു. ഇതോടെയാണ് ഇവർ സിഎസ്‌ഐ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഉച്ചയക്ക് കുട്ടിയെ ആശുപത്രി അഡ്‌മിറ്റ് ചെയ്തു. രാത്രി എട്ടു മണിയോടെ കുട്ടി മരിക്കുകയും ചെയ്തു. ശർദ്ദിയും വയറുവേദനയും വന്നപ്പോൾ എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല. ഇതാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ബന്ധുക്കളുടെ ആരോപണം സിഎസ്‌ഐ ആശുപത്രി അധികൃതർ നിഷേധിക്കുകയാണ്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയിരുന്നു എന്നും ചികിത്സാ പിഴവ് ഇല്ലെന്നുമാണ് സിഎസ്‌ഐ ആശുപത്രി അധികൃതർ മറുനാടനോട് പ്രതികരിച്ചത്.

ആശുപത്രിയിൽ നിന്ന് വന്നത് ഗുരുതരവീഴ്ച: അനന്തികയുടെ ബന്ധുക്കൾ

ഒരു കുഴപ്പവും ഇല്ലാത്ത കുട്ടിയായിരുന്നു അനന്തിക. ഞായറാഴ്ച കുട്ടിക്ക് വയറുവേദന വന്നിരുന്നു. അപ്പോൾ തന്നെ പനച്ചമൂടുള്ള മഠം ആശുപത്രിയിൽ എത്തിച്ചു. അവിടുന്ന് ഭേദമായി വീട്ടിൽ വന്നതാണ്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കുട്ടിക്ക് വീണ്ടും വയറുവേദന വന്നു. അപ്പോൾ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെ അഡ്‌മിറ്റ് ചെയ്തു. കുട്ടി വീണ്ടും ശർദ്ദിക്കാൻ തുടങ്ങി. കുട്ടിയുടെ നില വഷളാകുന്നെന്ന് തോന്നിയിരുന്നു. കുട്ടിക്ക് മൂത്രത്തിൽ അണുബാധയുണ്ടെന്നു പിന്നീട് പറഞ്ഞു. അതിനു അനുസരിച്ച് അവർ മരുന്നും നൽകി. ആന്റിബയോട്ടിക് കൊടുത്തിട്ട് രണ്ടു ദിവസം കാത്തിരിക്കാം എന്നാണ് പറഞ്ഞത്. പക്ഷെ കുട്ടി വീണ്ടും ശർദ്ദിക്കാൻ തുടങ്ങി. വേറെ ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷെ അവർ അതിനു സമ്മതിച്ചില്ല. പക്ഷെ അപ്പോഴേക്കും ആറുമണിയായി. ഐസിയുവിലേക്ക് മാറ്റാം എന്ന് പറഞ്ഞു. കൊറോണ ആയതുകൊണ്ട് ഐസിയു ലോക്ക് എന്നാണ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും കുട്ടിക്ക് വീണ്ടും വയ്യാതായി.

ആംബുലൻസ് വിളിച്ച് വേറെ ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു. സ്‌ട്രെച്ചർ വേണം, വെന്റിലെറ്റർ വെയ്ക്കണം എന്നൊക്കെ സമയം അവർ നീട്ടി നീട്ടിക്കൊണ്ട് പോയി. ആംബുലൻസ് വിളിച്ചു കുട്ടിയെ എസ്എടി ആശുപത്രിയിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും അവർ സമയം നീട്ടിനീട്ടികൊണ്ടുപോയി. ബിൽ സെറ്റിൽ ചെയ്യാനായി അവർ നിർബന്ധം പിടിച്ചുകൊണ്ടിരുന്നു. ബിൽ സെറ്റിൽ ചെയ്യാം എന്ന് ഞങ്ങൾ സമ്മതിച്ചതാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആശുപത്രിയിൽ അഡ്‌മിറ്റ് ആയ കുട്ടിയാണ്. കുട്ടി വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ രണ്ടു തവണ കഞ്ഞി നൽകി. രണ്ടു തവണയും കഞ്ഞി ശർദ്ദിച്ചു. ഇതൊന്നും അവർ ശ്രദ്ധിച്ചില്ല. കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് കൂടി മനസിലാക്കാൻ അവർ ശ്രമിച്ചില്ല. രാത്രിയായിട്ടും നില മെച്ചപ്പെട്ടിട്ടില്ല.

അനന്തിത ആശുപത്രിയിൽ മരണവുമായി മല്ലിടുമ്പോഴും ബിൽ അടയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് അവരുടെ ഭാഗത്ത് നിന്നും ശ്രദ്ധ വന്നത്. ഞങ്ങൾ കുട്ടിയുടെ ജീവനു വേണ്ടി ആശുപത്രി അധികൃതരുടെ കാലു പിടിക്കുന്ന അവസ്ഥയായിരുന്നു. അപ്പോഴേക്കും രാത്രി എട്ടുമണിയായി. ഇസിജി എടുത്തപ്പോൾ കുട്ടിയുടെ ഹാർട്ട് ബീറ്റ് ഒട്ടുമില്ല. അവർ ഞങ്ങളെ വിളിച്ച് ഈ കാര്യം അറിയിച്ചു. ഇനി ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു മരണം സ്ഥിരീകരിച്ചു. കുട്ടി മരിച്ച ദുഃഖത്തിൽ നിൽക്കുന്ന ഞങ്ങളോട് കുട്ടിയെ പുതപ്പിക്കാനുള്ള ബെഡ് ഷീറ്റിന്റെ പണം വേണം എന്നാണ് പറഞ്ഞത്. ആശുപത്രിക്കാർ വിളിച്ചു വരുത്തിയ വെള്ളറട എസ്‌ഐ തന്നെ ആശുപത്രിക്കാരോട് ചോദിക്കുന്നത് കേട്ടു. 'നിങ്ങൾക്ക് ഈ അവസരത്തിൽ ബെഡ് ഷീറ്റിന്റെ പണം ചോദിക്കാൻ എങ്ങിനെ തോന്നിയെന്ന്' ഇതാണ് ആശുപത്രിയിൽ നിലനിന്ന അവസ്ഥ. ബിൽ, പണം അതല്ലാതെ വേറൊന്നും ഞങ്ങൾ അവിടെ കണ്ടില്ല.

കുട്ടിയെ വേറെ ആശുപത്രിയിലേക്ക് മാറ്റാം എന്ന് പറഞ്ഞിട്ട് കൂടി ആംബുലൻസ് റെഡിയാകാൻ ഒരു മണിക്കൂർ എടുത്തു. വല്ലാത്ത വൈകലാണ് അവർ വരുത്തിയത്. എന്നിട്ട് കുട്ടിയെ മാറ്റാനും കഴിഞ്ഞില്ല. ആശുപത്രിയിൽ വെച്ച് തന്നെ കുട്ടി മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞത് കുട്ടിക്ക് ഹെർണിയ ആയിരുന്നെന്നും ഹെർണിയ പൊട്ടി അത് വ്യാപിച്ചതിനെ തുടർന്നു കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയാതെ മരണം എന്നാണ് പറഞ്ഞത്. കുട്ടിക്ക് ഹെർണിയ ആണെന്ന് ആശുപത്രിക്കാർ മനസിലാക്കിയില്ല. അത് കൂടി തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആണെന്നോർക്കണം. മെഡിക്കൽ രേഖകൾ ഞങ്ങൾക്ക് കൈമാറുന്ന കാര്യത്തിലും പ്രശ്‌നങ്ങൾ നടന്നു. ഫോട്ടോ കോപ്പി മെഷീൻ പ്രശ്‌നമാണ് അവർ ചൂണ്ടിക്കാട്ടിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്ന കാര്യത്തിലും ഇതേ അലംഭാവം തന്നെ അവർ കാട്ടി. ഇതോടെ ഞങ്ങൾക്ക് ഒപ്പമുള്ള നാട്ടുകാരും ബന്ധുക്കളും രോഷാകുലരായി. അവിടെ സംഘർഷമുണ്ടായി. ഇതിന്റെ പേരിൽ അവർ ഞങ്ങൾക്ക് എതിരെ പരാതിയും നൽകിയിട്ടുണ്ട്-ബന്ധുക്കൾ പറയുന്നു.

ചികിത്സാ പിഴവില്ലെന്ന് സിഎസ്‌ഐ ആശുപത്രി അധികൃതർ

കുട്ടിക്ക് ചികിത്സാ പിഴവ് വന്നിട്ടില്ലെന്ന് കാരക്കോണം സിഎസഐ ആശുപത്രി അധികൃതർ മറുനാടനോട് പറഞ്ഞു. നൽകാൻ കഴിയുന്ന ചികിത്സകൾ പൂർണമായും നൽകിയിട്ടുണ്ട്. മരണം ബന്ധുക്കളുടെ കൺമുന്നിൽ വച്ചാണ്. എല്ലാം ബന്ധുക്കൾക്ക് അറിയാം. ഓക്‌സിജൻ ഞങ്ങൾ നൽകിയിരുന്നു. ഐസിയു അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി അടച്ചതാണ്. പിന്നീട് തുറന്നു. അനന്തികയെ വേറെ ഒരു ആശുപത്രിയിൽ കൊണ്ട് വന്ന ശേഷമാണ് ഇവിടെ കൊണ്ട് വന്നത്. വയറു വേദനയായാണ് കൊണ്ട് വന്നത്. ശർദ്ദിയുമുണ്ടായിരുന്നു. ഞങ്ങൾ കുട്ടിക്ക് നല്ല പരിചരണം നൽകിയിരുന്നു. കുട്ടിയെ വെന്റിലെറ്റ് ചെയ്തിരുന്നു. എന്താണ് മരണ കാരണമെന്ന് ഞങ്ങൾക്ക് അറിയില്ല. പോസ്റ്റ്‌മോർട്ടത്തിൽ മാത്രമേ കാരണം വ്യക്തമാകൂ. പെട്ടെന്നുള്ള മരണമാണ് കുട്ടിക്ക് വന്നത്. കൊറോണ കാലമായതിനാൽ സർക്കാർ റൂളുകളുണ്ട്. അതിനനുസരിച്ച് മാത്രമേ ഞങ്ങൾക്ക് നടപടികൾ സ്വീകരിക്കാൻ കഴിയൂ-ആശുപത്രി സുപ്രണ്ട് ഡോക്ടർ എസ്,.ബാബുരാജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP