Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരണസംഖ്യ ഉയരുമ്പോഴും നിപ ബാധിച്ചു തന്നെ എന്നു സ്ഥിരീകരിച്ചത് നാലു പേരുടെ മരണം മാത്രം; ഡോക്ടർമാർ വൻ സുരക്ഷാ കവചങ്ങളോടെ രോഗികളെ കാണുമ്പോഴും തുണികൊണ്ട് മുഖം മറച്ചു ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും; നിപ പേടിയിൽ ആയിരങ്ങൾ ആശുപത്രിയിലേക്ക് ഒഴുകി എത്താൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ജില്ലാ ഭരണകൂടം; ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയെക്കും: മലബാറിൽ ആകെ ആശങ്ക പടരുന്നു

മരണസംഖ്യ ഉയരുമ്പോഴും നിപ ബാധിച്ചു തന്നെ  എന്നു സ്ഥിരീകരിച്ചത് നാലു പേരുടെ മരണം മാത്രം; ഡോക്ടർമാർ വൻ സുരക്ഷാ കവചങ്ങളോടെ രോഗികളെ കാണുമ്പോഴും തുണികൊണ്ട് മുഖം മറച്ചു ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും; നിപ പേടിയിൽ ആയിരങ്ങൾ ആശുപത്രിയിലേക്ക് ഒഴുകി എത്താൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ജില്ലാ ഭരണകൂടം; ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയെക്കും: മലബാറിൽ ആകെ ആശങ്ക പടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലബാറിൽ പനിബാധിച്ച് ഇതിനോടകം പത്തിലേറെ ആളുകൾ മരിച്ചു കഴിഞ്ഞു. എന്നാൽ, നിപ വൈറസ് ബാധിച്ചു മരിച്ചു എന്ന സ്ഥിരീകരിച്ചത് നാലു പേരുടേത് മാത്രമാണ്. ഇന്നലെ പുലർച്ചെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയാണ് നിപ ബാധിച്ചു ഒടുവിൽ മരിച്ചത്. അതേസമയം നിപ വായുവിലൂടെയും പകരാം എന്ന് വ്യക്തമായതോടെ കടുത്ത ആശങ്ക എങ്ങും ഉടലെടുത്തിട്ടുണ്ട്. ഇന്നലെ വൈറസിനെ നേരിടാൻ ദ്രുതഗതിയിലുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർ്ക്കാറുകൾ സ്വീകരിച്ചു. കേന്ദ്ര സംഘം പേരാമ്പ്ര ചങ്ങാരോത്തെത്തി പരിശോധന നടത്തി 60 പേരുടെ രക്തസാംപിളുകൾ ശേഖരിച്ചു.

അതിനിടെ, വായുവിലൂടെയും വൈറസ് പകരാമെന്നും കേന്ദ്രസംഘം അറിയിച്ചു. ഒരു മീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ വൈറസിനു കഴിയില്ല. പ്രതിരോധശേഷി കൂടിയവർക്ക് രോഗം വരില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി. ഡൽഹി എയിംസിലെ വിദഗ്ധസംഘം നാളെ കോഴിക്കോട്ടെത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അറിയിച്ചു. ആവശ്യമെങ്കിൽ ലോകാരോഗ്യ സംഘടനയെയും സമീപിക്കാനാണ് സർക്കാറിന്റെ നീക്കം. അതേസമയം പേരാമ്പ്രയിൽ മരിച്ച ജാനകിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. അതിനിടെ, രണ്ടു നഴ്സുമാർ ഉൾപ്പെടെ മൂന്നു പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിപാ വൈറസ് ലക്ഷണങ്ങളോടെ ഒരാൾകൂടി കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ ചികിൽസ തേടിയത് പരിഭ്രാന്തി പരത്തി. രണ്ടു നഴ്‌സുമാരടക്കം ഒൻപതുപേർ ആണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്.

അതിനിടെ ചികിത്സക്കിടെ വൈറസ് ബാധിച്ചു മരിച്ച ലിനയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ചു. നിപ്പ വൈറസിനെ നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട കേന്ദ്രസംഘം വൈറസ് എവിടെ നിന്നാണ് പകടർന്നതെന്ന കാര്യത്തിൽ വ്യക്തത കൈവരേണ്ടതുണ്ടെന്ന് വ്യക്താക്കി. വവ്വാലിൽനിന്നാകാം വൈറസ് പകർന്നതെന്നാണു നിഗമനം. എങ്കിലും മറ്റു സസ്തനികളിൽനിന്നും അണുക്കൾ പകരാൻ സാധ്യതയുണ്ട്. മൃഗങ്ങളിൽനിന്നും ആകാം. ഇതു തിരിച്ചറിയാൻ കൂടുതൽ പഠനം ആവശ്യമാണ്. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നു ആരോഗ്യമന്ത്രി ആവർത്തിച്ചു.

സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ആരോഗ്യപ്രവർത്തകരെയും അലട്ടുന്നു

ഇതിനിടെ നിപ്പ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ആവശ്യത്തിന് സുരക്ഷ ഇല്ലെന്ന ആക്ഷേപം ശക്തമാണ്. ജീവനക്കാർക്ക് അത്യാവശ്യം വേണ്ട മാസ്‌ക് പോലും വിതരണം ചെയ്തില്ലെന്നാണ് പരാതിയുണ്ട്. ഡോക്ടർമാർ ദേഹാസകലം മൂടുന്ന വിധത്തിൽ വസ്ത്രവും മാസ്‌കും ധരിക്കുന്നുണ്ടെങ്കിലും നഴ്‌സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ഈ സംവിധാനങ്ങൾ മുഴുവനായും ലഭിച്ചിട്ടില്ല. നിപ്പ വൈറസ് ബാധയാൽ മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സഹോദരങ്ങളായ സാലിഹ്, സാമ്പിത്ത് എന്നിവുരടെ വീട്ടിൽ ആരോഗ്യപ്രവർത്തകരെത്തി ബന്ധുക്കളെ പരിശോധിച്ചത് മാസ്‌ക് ഇല്ലാതെയാണ്. വായുവിലൂടെ വൈറസ് പടരില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. പ്രദേശത്ത് ബോധവൽക്കരണ പരിപാടികളും തുടങ്ങിയിട്ടില്ല. എന്നാൽ ആരോഗ്യമന്ത്രിയുടെ അവകാശവാദം മറിച്ചാണ്.

ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ നിപ ബാധയെന്ന് കേന്ദ്രസംഘം

ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാമത്തെ നിപ ബാധ കണ്ടെത്തിയ പേരാമ്പ്രയിലേതെന്ന് കേന്ദ്രസംഘം. അതുകൊണ്ട് അതീവശ്രദ്ധ വേണമെന്നും അധികൃതർ വ്യക്തമാക്കി. സംശയമുള്ളവരെല്ലാം നിരീക്ഷണത്തിലാണ്. എല്ലാം നിപയാണെന്ന് പറയാനാവില്ല. വവ്വാലിൽനിന്നാണ് രോഗബാധയുണ്ടായതെന്ന് ഉറപ്പിക്കാനായിട്ടില്ല. കിണറ്റിൽനിന്ന് ലഭിച്ച വവ്വാലിനെ പരിശോധനക്ക് അയച്ചിട്ടുണ്ട്. മുയലുകളെയും പ്രാവുകളെയും പരിശോധിക്കും. ജനങ്ങൾ പരിഭ്രാന്തരാണ്. ഉപയോഗിക്കാത്ത കിണറുകൾ മൂടിയിടണമെന്നും നാഷനൽ സെന്റർ ഫോർ ഡിസിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡയറക്ടടർ ഡോ. സുജിത് കുമാർ സിങ് വ്യക്തമാക്കി. വൈറസ് ബാധയുള്ള വീടിന്റെ പരിസരത്ത് പോകാതിരിക്കുന്നതാണ് നല്ലത്. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകർ ഇടപെടണം.

സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസംഘത്തലവൻ അഭിപ്രായപ്പെട്ടു. സാമ്പിൾ ശേഖരിക്കലും പരിശോധനക്ക് അയക്കലുമാണ് പ്രധാനം. രണ്ടുപേർ മരിച്ചയുടൻ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും ഡോ. സുജിത് കുമാർ പ്രത്യേകം അഭിനന്ദിച്ചു. ഇവിടെ ഐസൊലേഷൻ വാർഡ് തുറക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ അറിയിച്ചയുടൻ എത്തിയ കേന്ദ്രസംഘത്തിനോട് ഏറെ നന്ദിയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

നിപ വന്നത് കിണറ്റിൽ താമസമാക്കിയ വവ്വാലുകളിൽ നിന്ന്

പേരാമ്പ്രയിൽ നിപ്പ രോഗബാധയുടെ ഉറവിടം മണിപ്പാൽ വൈദ്യസംഘം കണ്ടെത്തി. വൈറസ് പിടിപെട്ടു മരിച്ച മുഹമ്മദ് സാലിഹ്, സാബിത്ത്, ചികിത്സയിലുള്ള പിതാവ് മൂസ എന്നിവർ പുതുതായി വാങ്ങിയ സ്ഥലത്തെ കിണറ്റിൽ താമസമാക്കിയ വവ്വാലുകളിൽനിന്നാകും രോഗം പടർന്നതെന്നു മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി. അരുൺകുമാർ പറഞ്ഞു.

മൂസയും കുടുംബവും സൂപ്പിക്കടയിലെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ പന്തിരിക്കര ആപ്പറ്റയിൽ പുതുതായി വാങ്ങിയ വീടിനോടു ചേർന്ന കിണറ്റിലാണു വവ്വാൽക്കൂട്. വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി മൂസയും മക്കളും കിണർ ശുചീകരിച്ചപ്പോൾ വെള്ളത്തിലൂടെയോ മറ്റോ രോഗം പിടിപെട്ടതാകാനാണു സാധ്യത. വെള്ളത്തിൽ രോഗാണുക്കളുണ്ടായിരുന്നോ എന്നു സ്ഥിരീകരിച്ചിട്ടില്ല. വവ്വാലുകൾ തിന്ന മാമ്പഴം ഇവർ കഴിച്ചതായും പറയപ്പെടുന്നു. വവ്വാലുകളെ കണ്ടെത്തിയ കിണർ വലകെട്ടി സംരക്ഷിച്ചതായും അവയെ പിടികൂടാൻ വന്യജീവി, വെറ്ററിനറി വകുപ്പുകളുടെ സഹായം തേടിയതായും ഡോ. അരുൺ പറഞ്ഞു.

 

വവ്വാലിനെ പിടികൂടി പരിശോധനക്ക് അയച്ചു

നിപ ബാധയുടെ കേന്ദ്രമെന്ന് നിഗമനത്തിൽ എത്തിയ സൂപ്പിക്കടയിൽ നിപ വൈറസ് ബാധയേറ്റ വളച്ചുകെട്ടിയിൽ മൂസയുടെ വീട്ടു കിണറ്റിൽനിന്ന് വവ്വാലിനെ പിടിച്ച് പരിശോധനക്കയച്ചു. ഇതിനായി വെറ്ററിനറി അധികൃതരുടെ സംഘം ഇവിടെ എത്തിയിരുന്നു. ബംഗളൂരു വെറ്ററിനറി ലാബ്, തൃശൂരിലെ കേരള വെറ്ററിനറി സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ദ്ധർ ജില്ല മൃഗസംരക്ഷണ ഓഫിസർ മോഹൻദാസിന്റെ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെയാണ് വവ്വാലുകളെ പിടിച്ചത്. ഇവയെ പരിശോധനക്കായി ഭോപാലിലെ വെറ്ററിനറി ലാബിലേക്ക് അയച്ചു.

മരിച്ച യുവാക്കളുടെ കുടുംബം പുതുതായി വാങ്ങിയ വീടിന്റെ കിണറിലായിരുന്നു വവ്വാലുകൾ ഉണ്ടായിരുന്നത്. ഈ കിണറ്റിലിറങ്ങി മരിച്ച സഹോദരങ്ങൾ വെള്ളം വറ്റിച്ചിരുന്നു. ഈ സമയത്താകാം വൈറസ് ബാധയേറ്റതെന്ന് സംശയിക്കുന്നു. താമസം മാറുന്നതിന്റെ മുന്നോടിയായാണ് ഇവർ കിണർ വൃത്തിയാക്കിയത്.

മുയലുകൾ ചത്തത് വൈറസ് കാരണമല്ല

സൂപ്പിക്കടയിൽ നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച സഹോദരങ്ങളുടെ വീട്ടിലെ മുയലുകൾ ചത്തത് വൈറസ്ബാധ കാരണമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഈ വീട്ടിലെ നാലു വളർത്തു മുയലുകളിൽ രണ്ടെണ്ണം ചത്തിരുന്നു. ഇതോടെ വൈറസ് ബാധയാണ് കാരണമെന്ന് നാട്ടുകാർ സംശയിച്ചു. തുടർന്ന് വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി. കൂടാതെ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ മുയലുകളുടെ സ്രവങ്ങളുടെ സാമ്പിളെടുത്ത് പരിശോധനക്കയക്കുകയും ചെയ്തു. ശേഷിക്കുന്ന മുയലുകൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, പേരാമ്പ്ര ചേനോളിയിൽ വളർത്തു മുയലുകളെ ഉപേക്ഷിച്ച സംഭവവുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP