Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗികൾക്കും മറ്റുള്ളവർക്കും എത്താൻ ഒരേ ഗേറ്റ്; കോവിഡ് ബാധിച്ചത് ഡോക്ടർ ഉൾപ്പെടെ എട്ടോളം ജീവനക്കാർക്ക്; സ്റ്റാഫ് ഷോർട്ടേജ് കാരണം ക്വാറന്റൈന് വിടാൻ മടിക്കുന്നതായും ആക്ഷേപം; പരിമിതിയിൽ വീർപ്പുമുട്ടുമ്പോൾ എത്തിച്ചത് കോവിഡ് ബാധിച്ച മുപ്പതോളം ഗർഭിണികളെ; ഡയാലിസിസ് യൂണിറ്റുമുള്ളത് കോവിഡ് ബാധിതരെ പ്രവേശിപ്പിച്ച വാർഡിനു സമീപം; ദുഷ്‌ക്കര സാഹചര്യത്തിൽ ജോലി ചെയ്യുമ്പോഴും ജീവനക്കാർക്ക് അവധിയുമില്ല; കടുത്ത ആശങ്കയിൽ കോവിഡ് തിരുവനന്തപുരം ഫോർട്ട് ആശുപത്രി ജീവനക്കാർ

കോവിഡ് രോഗികൾക്കും മറ്റുള്ളവർക്കും എത്താൻ ഒരേ ഗേറ്റ്; കോവിഡ് ബാധിച്ചത് ഡോക്ടർ ഉൾപ്പെടെ എട്ടോളം ജീവനക്കാർക്ക്; സ്റ്റാഫ് ഷോർട്ടേജ് കാരണം ക്വാറന്റൈന് വിടാൻ മടിക്കുന്നതായും ആക്ഷേപം; പരിമിതിയിൽ വീർപ്പുമുട്ടുമ്പോൾ എത്തിച്ചത് കോവിഡ് ബാധിച്ച മുപ്പതോളം ഗർഭിണികളെ; ഡയാലിസിസ് യൂണിറ്റുമുള്ളത് കോവിഡ് ബാധിതരെ പ്രവേശിപ്പിച്ച വാർഡിനു സമീപം; ദുഷ്‌ക്കര സാഹചര്യത്തിൽ ജോലി ചെയ്യുമ്പോഴും ജീവനക്കാർക്ക് അവധിയുമില്ല; കടുത്ത ആശങ്കയിൽ കോവിഡ് തിരുവനന്തപുരം ഫോർട്ട് ആശുപത്രി ജീവനക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നതിൽ തിരുവനന്തപുരം ഫോർട്ട് ആശുപത്രി ജീവനക്കാർ ആശങ്കയിൽ. ഇതുവരെ എട്ടോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായാണ് ലഭിക്കുന്ന വിവരം. ജീവനക്കാർക്കിടയിൽ കോവിഡ് പടരുമ്പോൾ ഇവർക്ക് ക്വാറന്റൈൻ നിഷേധിക്കുന്നതും ലീവ് നിഷേധിക്കുന്നതും ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ജീവനക്കാരുടെ കുറവ് നിമിത്തമാണ് ക്വാറന്റൈനിൽ പോകുന്നതിനും ലീവ് എടുക്കുന്നതിനും അനുമതി നിഷേധിക്കുന്നത്. ആശുപത്രി അധികൃതരുടെ തീരുമാനത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാർ. ഇതിനിടയിൽ തന്നെയാണ് ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നതും. എൻഎച്ച്എമ്മിൽ നിന്ന് വരുന്നവർ ഉൾപ്പെടെ നൂറോളം ജീവനക്കാർ ജോലി ചെയ്യുന്ന ആശുപത്രിയാണ് ഫോർട്ട് ആശുപത്രി.

പുറമേ ന്യായീകരിക്കുന്നുണ്ടേങ്കിലും ആശുപത്രി അധികൃതരും ഇവിടെ ഭീതിയിലാണ്. കോവിഡ് പോലുള്ള രോഗങ്ങൾ വരുമ്പോൾ ആശുപത്രിയിക്ക് അകത്ത് നിന്ന് അതിനു പ്രതിരോധം തീർക്കാനുള്ള സജ്ജീകരണങ്ങൾ കുറവാണ് എന്നതാണ് ആശുപത്രി അധികൃതരെ അലട്ടുന്നത്. വളരെ പരിമിതമായ സൗകര്യങ്ങൾ ഉള്ള ആശുപത്രിയാണ് ഫോർട്ട് സർക്കാർ ആശുപത്രി. ഒരൊറ്റ ഗേറ്റ് ആണുള്ളത്. കോവിഡ് രോഗികൾ വരുന്നതും മറ്റുള്ളവർ വരുന്നതുമെല്ലാം ഒരേ ഗേറ്റ് വഴിയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ആശുപത്രി കൂടിയാണിത്. ആശുപത്രിക്ക് ചുറ്റും റെസിഡൻഷ്യൽ ഏരിയയുമാണ്. ഓർക്കാപ്പുറത്താണ് കോവിഡ് ബാധിതരെ ഇവിടെ പ്രവേശിപ്പിക്കാനുള്ള തീരുമാനം വന്നത്. ഇതിനൊപ്പം തന്നെ ജീവനക്കാർക്കിടയിൽ കോവിഡ് പടരുകയും ചെയ്തു. ഫോർട്ട് സർക്കാർ ആശുപത്രിയിലെ സംഭവവികാസങ്ങൾ നാട്ടുകാരെയും ഭീതിയിലാക്കിയിട്ടുണ്ട്.

പുറത്ത് നിന്ന് ഒട്ടുവളരെ ആളുകൾ ഒപിയിൽ ചികിത്സയ്ക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ കോവിഡ് പടരുന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. ഒരു ഡോക്ടർ, രണ്ടു ലാബ് ടെക്‌നിഷ്യൻ, ഒരു നഴ്‌സിങ് അസിസ്റ്റന്റ്‌റ്, രണ്ടു അറ്റൻഡർമാർ, ഒരു ഫാർമസിസ്റ്റ് എന്നിവർക്കാണ് കോവിഡ് ബാധിച്ചത്. സാധാരണ ജീവനക്കാരൻ കോവിഡ് പോസിറ്റീവ് ആകുമ്പോൾ അവരുമായി പ്രൈമറി കോൺടാക്റ്റ് ഉള്ളവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കാറുണ്ടെങ്കിലും സ്റ്റാഫ് ഷോർട്ടേജ് നിമിത്തം ഇവരിൽ പലർക്കും ക്വാറന്റൈനിൽ പോകാനുള്ള അനുമതി നൽകിയിട്ടുമില്ല. സ്റ്റാഫ് ഷോർട്ടെജ് കാരണമാണ് ക്വാറന്റൈൻ നിർദ്ദേശം നൽകാത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നത് വ്യാപകമാകുമ്പോഴും കോവിഡ് ബാധിതരായ ഗർഭിണികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മറുനാടനു ലഭിക്കുന്ന വിവരം അനുസരിച്ച് 32 ഓളം കോവിഡ് ബാധിതരായ ഗർഭിണികൾ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കോവിഡ് ബാധിതരായ ഇവർക്കൊപ്പം തന്നെയാണ് ജീവനക്കാരും ഇടകലർന്നു പ്രവർത്തിക്കേണ്ടി വരുന്നത്. ഇതും ജീവനക്കാരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കോവിഡ് ബാധിതരായ ഗർഭിണികളെ ഇവിടെ പ്രവേശിപ്പിക്കാൻ തീരുമാനം എടുത്തത് പൊടുന്നനെയാണ്. കോവിഡ് ബാധിതരായ ഗർഭിണികളെ ഇവിടെ എത്തിക്കും എന്ന് ആശുപത്രി അധികൃതർ ജീവനക്കാരെ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഈ വിവരം ജീവനക്കാർക്ക് നൽകിയത്. തിങ്കളാഴ്ച കോവിഡ് ബാധിതരെ എത്തിക്കും എന്ന് ജീവനക്കാരോട് പറഞ്ഞെങ്കിലും വെള്ളി രാത്രി തന്നെ ഗർഭിണികളെ എത്തിച്ചു. അവർക്ക് ഒരു സൗകര്യവും അപ്പോൾ ഏർപ്പെടുത്തിയിരുന്നുമില്ല. വെള്ളവും ഭക്ഷണവും കിട്ടാതെ ഗർഭിണികൾ ബഹളം ഉണ്ടാക്കിയതോടെ രാത്രി വൈകി ഇവർക്ക് വെള്ളവും ഭക്ഷണവും പുറത്ത് നിന്നും എത്തിക്കുകയായിരുന്നു.

പരിമിതമായ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ കോവിഡ് രോഗികളായവരെ എത്തിച്ചതോടെ ജീവനക്കാരും ഭീതിയിലായി. ഈ ഭീതി വർദ്ധിപ്പിച്ചാണ് ആശുപത്രി ജീവനക്കാർക്കിടയിൽ കോവിഡ് പടരാനും തുടങ്ങിയത്. ഡയാലിസിസ് യൂണിറ്റിനെക്കുറിച്ചും ഇപ്പോൾ ആശങ്ക ഉയരുന്നുണ്ട്. കോവിഡ് ബാധിതരായ ഗർഭിണികളെ പ്രവേശിപ്പിച്ച വാർഡിനു ഇടയിലാണ് ഡയാലിസിസ് യൂണിറ്റ് കിടക്കുന്നത്. ഡയാലിസിസിന് എത്തുന്നവർക്ക് പ്രതിരോധ ശേഷി കുറവ് ആയതിനാൽ വളരെ വേഗം ഇവരെ കോവിഡ് ബാധിക്കാനുള്ള സാധ്യതകൾ നിലനിൽക്കുകയാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ ജോലി ചെയ്യുന്ന ഒരു സ്റ്റാഫ് നഴ്‌സ് കോവിഡ് പോസിറ്റീവ് ആയി. ഇവർ സമീപത്തുള്ള ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന എട്ടോളം നഴ്‌സുമാരാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്. ഒരു നഴ്‌സ് കോവിഡ് പോസിറ്റീവ് ആയതോടെ ഹോസ്റ്റൽ അധികൃതർ പ്രശ്‌നമുണ്ടാക്കി. പുറമേ നിന്നുള്ളവരും ഇവിടെ താമസിക്കുന്നതിലാണ് ഇവർ ആശങ്ക ഉയർത്തിയത്. ഇതോടെ ഈ നാഴ്‌സുമായി ബന്ധമുള്ളവരെ ക്വാറന്റൈനിൽ വിട്ടു. ഒപിയിൽ രോഗികളെ പരിശോധിച്ച ഡോക്ടർ പിപികിറ്റ് ഇട്ടിട്ടാണ് ജോലി ചെയ്തതെങ്കിലും ഈ ഡോക്ടർക്ക് കോവിഡ് വന്നതും ആശങ്ക കൂട്ടിയിട്ടുണ്ട്. ആശുപത്രിയിൽ നാല് ഫാർമസിസ്റ്റുകളാണ് ഉള്ളത്. അതിൽ ഒരു ഫാർമസിസ്റ്റിനാണ് കോവിഡ് ബാധിച്ചത്. ഇനിയും ഫാർമസിസ്റ്റിനു കോവിഡ് വന്നാൽ ഫാർമസി അടച്ചു പൂട്ടേണ്ട അവസ്ഥ വരും. പക്ഷെ നിലവിലെ അവസ്ഥയിൽ ആശങ്കയില്ലെന്നാണ് ആശുപത്രി സുപ്രണ്ട് ഡോക്ടർ സ്റ്റാൻലി മറുനാടനോട് പറഞ്ഞത്.

നിലവിൽ ഗർഭിണികൾക്കുള്ള കോവിഡ് ആശുപത്രിയാണിത്. രണ്ടു ആഴ്ചയ്ക്ക് മുൻപാണ് ആശുപത്രി സ്റ്റാഫിന് കോവിഡ് പോസിറ്റീവ് ആകുന്നത്. ഇതുവരെ ഫോർട്ട് സർക്കാർ ആശുപത്രിയിൽ അഞ്ച് പേർക്ക് കോവിഡ് വന്നിട്ടുണ്ട്. ചിലരെ ക്വാറന്റൈനിൽ വിട്ടിട്ടുണ്ട്. ഒരു ഹെഡ് നഴ്‌സ്, ഒരു സ്റ്റാഫ് നഴ്‌സ്, അറ്റൻഡർ തുടങ്ങി നാലുപേർ ക്വാറന്റൈനിലാണ്. ഒരു ഡോക്ടർ, ഒരു നഴ്‌സ്, രണ്ടു ലാബ് ടെക്‌നീഷ്യൻസ്, ഒരു ആശുപത്രി അറ്റൻഡർ എന്നിവർക്കാണ് കോവിഡ് വന്നത്. ഇതിൽ മൂന്നു പേർ ഇപ്പോൾ നെഗറ്റീവ് ആയിട്ടുണ്ട്. ഇനി രണ്ടു പേർ ചികിത്സയിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ വന്ന രോഗികളിൽ നിന്നാണ് ആശുപത്രി ജീവനക്കാർക്ക് കോവിഡ് വന്നത്. പക്ഷെ ജീവനക്കാർക്ക് ലീവ് കൊടുക്കുന്നതിൽ വീഴ്ച ഒന്നും വന്നിട്ടില്ല. ക്ലീനിങ് സ്റ്റാഫിന്റെ ഷോർട്ടെജുണ്ട്. നഴ്‌സിങ് അസിസ്റ്റന്റിന്റെ കുറവുണ്ട്. ഒന്ന് രണ്ടു സ്റ്റാഫിനെ കൂടെ കിട്ടിയാൽ ഇതും പരിഹരിക്കും. സ്വാബ് ടെസ്റ്റിങ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നുണ്ട്-ആശുപത്രി സൂപ്രണ്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP