Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ പട്ടയത്തിന്റെ നായകൻ രവീന്ദ്രൻ ബിജെപി വിട്ടു: കൈയേറ്റങ്ങൾ കൃത്യമായി അറിയാവുന്ന തന്നെ ഒഴിവാക്കി പാർട്ടി നേതാക്കളുടെ മൂന്നാർ സന്ദർശനത്തിൽ പ്രതിഷേധിച്ച് നടപടി; രവീന്ദ്രൻ പട്ടയം പൂർണമായും തള്ളാനോ കൊള്ളാനോ നടപടിയുണ്ടാവണം; മന്ത്രി മണിയുടേത് അടക്കം രവീന്ദ്രൻ പട്ടയം തന്നെയെന്ന് വ്യക്തമാക്കി രവീന്ദ്രൻ മറുനാടനോട്

വിവാദ പട്ടയത്തിന്റെ നായകൻ രവീന്ദ്രൻ ബിജെപി വിട്ടു: കൈയേറ്റങ്ങൾ കൃത്യമായി അറിയാവുന്ന തന്നെ ഒഴിവാക്കി പാർട്ടി നേതാക്കളുടെ മൂന്നാർ സന്ദർശനത്തിൽ പ്രതിഷേധിച്ച് നടപടി; രവീന്ദ്രൻ പട്ടയം പൂർണമായും തള്ളാനോ കൊള്ളാനോ നടപടിയുണ്ടാവണം; മന്ത്രി മണിയുടേത് അടക്കം രവീന്ദ്രൻ പട്ടയം തന്നെയെന്ന് വ്യക്തമാക്കി രവീന്ദ്രൻ മറുനാടനോട്

ശ്രീലാൽ വാസുദേവൻ

മൂന്നാർ: വിവാദപട്ടയത്തിന്റെ നായകൻ രവീന്ദ്രൻ ബിജെപി വിട്ടു. ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം രവീന്ദ്രൻ പാർട്ടി വിട്ടത്. രവീന്ദ്രൻപട്ടയം പ്രസിദ്ധമാണ്. പക്ഷേ, ആ പട്ടയത്തിന്റെ ഉപജ്ഞാതാവായ ദേവികുളം മുൻ അഡി. തഹസിൽദാർ എംഐ രവീന്ദ്രനെ എത്ര പേർക്ക് അറിയാം? അല്ലെങ്കിൽ എത്രപേർ അദ്ദേഹത്തെ ഓർമിക്കുന്നുണ്ട്. മൂന്നാറിലെ കൈയേറ്റങ്ങൾ എവിടെയൊക്കെ? ഏതൊക്കെയാണ് വ്യാജപട്ടയങ്ങൾ? ഏതൊക്കെയാണ് ഒറിജിനൽ? ഇതൊക്കെ ഇന്ന് നോക്കിയും തൊട്ടും അറിയാൻ കഴിവുള്ള ഏകയാളാണ് രവീന്ദ്രൻ.

സർവീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്നു. എന്നാൽ, ബിജെപി ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രവീന്ദ്രൻ പാർട്ടി വിട്ടു. രവീന്ദ്രൻ പട്ടയവുമായും പാർട്ടിയുമായും ബന്ധപ്പെട്ട് ഒട്ടേറെ വിവരങ്ങൾ മറുനാടനുമായി അദ്ദേഹം പങ്കുവച്ചു.

ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ വരവോടെയാണ് മൂന്നാർ കൈയേറ്റം വീണ്ടും വിവാദവിഷയമാകുന്നത്. ഇതോടെ ഇവിടേക്ക് നേതാക്കളുടെ ഒഴുക്കാണ്. ഈ കൂട്ടത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കേന്ദ്രഭക്ഷ്യസഹമന്ത്രി ചൗധരിയും ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന കൗൺസിൽ അംഗവും മുൻ സംസ്ഥാന സമിതിയംഗവുമായ എംഐ രവീന്ദ്രനെ മാത്രം ഇവിടേക്ക് അടുപ്പിച്ചില്ല. തിരിഞ്ഞു നോക്കാൻ അനുവദിച്ചില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. സാധാരണ ജനങ്ങൾക്കൊപ്പം യോഗസദസിൽ നിന്ന് നേതാക്കൾ പറയുന്നത് കേൾക്കാനായിരുന്നു രവീന്ദ്രന്റെ വിധി.

ഇടുക്കിയിലെ കൈയേറ്റങ്ങളെയും പട്ടയങ്ങളെയും തിരിച്ചറിയാൻ ഒരു ഞൊടിയിട കൊണ്ട് കഴിയുന്ന ആരും ഇന്ന് അവിടെയില്ല, രവീന്ദ്രൻ അല്ലാതെ. ബിജെപി നേതാക്കളുടെ കൈയേറ്റം കാണാനുള്ള സന്ദർശനം പ്രഹസനമായിരുന്നുവെന്ന് രവീന്ദ്രൻ പറയുന്നു. അവർ ലക്ഷ്യമിട്ടത് യഥാർഥ കൈയേറ്റമല്ലായിരുന്നു. പകരം രാഷ്ട്രീയ മുതലെടുപ്പായിരുന്നു. എസ് രാജേന്ദ്രൻ എംഎൽഎയെപ്പോലുള്ളവരുടെ കൈയേറ്റം മാത്രം കണ്ടാൽ മതിയായിരുന്നു ബിജെപി നേതൃത്വത്തിന്.

ദേവികുളം ആകാശവാണി നിലയത്തോട് ചേർന്ന് അവർ തന്നെ നടത്തിയിട്ടുള്ള കൈയേറ്റം മന്ത്രിയിൽനിന്ന് നേതാക്കൾ മറച്ചു പിടിച്ചു. വനങ്ങൾ നശിപ്പിച്ച വൻകിടക്കാർ കെട്ടിപ്പൊക്കിയ റിസോർട്ടുകളും അവർ കണ്ടില്ല. യഥാർഥ കൈയേറ്റങ്ങൾ താൻ ചൂണ്ടിക്കാണിച്ചു കൊടുക്കുമായിരുന്നു. വിഎസിന്റെ കാലത്ത് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം നോട്ടീസ് കൊടുത്ത കൈയേറ്റങ്ങളും നേതാക്കൾ ഒഴിവാക്കി.

തന്നെ ഒപ്പം കൂട്ടാതിരുന്നത് ഇടുക്കിയിലെ നേതൃത്വമാണെന്ന് രവീന്ദ്രൻ പറയുന്നു. രവീന്ദ്രൻ പട്ടയം നൽകിയ തന്നെ കൂടെ കൂട്ടുന്നത് മാനക്കേടാണെന്ന് അവർക്ക് തോന്നിക്കാണും. എന്തായാലും പാർട്ടിയിലെ സ്ഥാനമാനങ്ങൾ എല്ലാം രാജിവച്ചു. ആരു വിളിച്ചാലും ഇനി തിരികെ മടങ്ങാനില്ല.

രവീന്ദ്രൻ പട്ടയം അസാധുവാണെന്നും അതു നൽകിയ താൻ എന്തോ കൊള്ളക്കാരനാണെന്നുമുള്ള തരത്തിലാണ് പ്രചാരണം. ഇനി സഹിക്കാൻ വയ്യ. ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ഒന്നുകിൽ രവീന്ദ്രൻ പട്ടയത്തിന് നിയമസാധുത സർക്കാർ നൽകണം. അല്ലെങ്കിൽ അത് അസാധുവാണെന്ന് പ്രഖ്യാപിക്കണം-ഇതാണ് തന്റെ ആവശ്യമെന്ന് രവീന്ദ്രൻ പറഞ്ഞു.

നായനാർ സർക്കാരിന്റെ കാലത്താണ് ദേവികളും അഡി. തഹസിൽദാരായിരുന്ന എംഐ രവീന്ദ്രൻ താലൂക്കിൽ 529 പട്ടയങ്ങൾ നൽകിയത്. സർക്കാർ ഇതിനായി രവീന്ദ്രനെ നിയോഗിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു. അതിൻ പ്രകാരം രവീന്ദ്രൻ പട്ടയം നൽകുകയും ചെയ്തു. എന്നാൽ, സർക്കാർ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല.

പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും തുടർന്ന് നൽകിയ പട്ടയങ്ങളും ഗസറ്റിൽ വിജ്ഞാപനം ചെയ്ത് നിയമവിധേയമാക്കാൻ റവന്യൂ വകുപ്പ് വിട്ടു പോയി. റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നു വന്ന ഒരു ചെറിയ പിഴയുടെ പേരിൽ താൻ കള്ളനുമായി. 529 പട്ടയങ്ങളും ഇപ്പോഴും അസാധുവായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അത് എന്തു കൊണ്ടാണെന്ന് രവീന്ദ്രൻ ചോദിക്കുന്നു.

മന്ത്രി എംഎം മണിയുടേത് അടക്കം രവീന്ദ്രൻ പട്ടയമാണ്. മന്ത്രിയായിട്ടും എന്തുകൊണ്ട് അത് നിയമവിധേയമാക്കാൻ മണി ശ്രമിക്കുന്നില്ല. എസ്. രാജേന്ദ്രൻ എംഎൽഎയ്ക്ക് രണ്ടു സ്ഥലങ്ങളുണ്ട്. വീടിരിക്കുന്ന സ്ഥലം രാജേന്ദ്രന്റേതായിരുന്നില്ല. ഒരു സ്ത്രീയുടേതായിരുന്നു. അതിന് താനാണ് പട്ടയം കൊടുത്തത്. അത് പാട്ടത്തിനെടുത്തതോ വാടകയ്ക്ക് താമസിക്കുന്നതോ ആകാം. രാജേന്ദ്രനുള്ള മറ്റൊരു ഭൂമിക്ക് പട്ടയം ഉണ്ടു താനും. സർവീസിലിരുന്നു കൊണ്ട് ഒന്നും സമ്പാദിക്കാത്തയാളാണ് രവീന്ദ്രൻ എന്ന് പറഞ്ഞു കൂടാ. ആ സമ്പാദ്യമാണ് പേരുദോഷം. - രവീന്ദ്രൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP