Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ചാനൽ തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ നൽകിയത് ബ്യൂറോ തുടങ്ങാനുള്ള ഉത്തരവാദിത്തം; ഫോൺ കണക്ഷന് വേണ്ടി നൽകിയത് സ്വന്തം അഡ്രസ് പ്രൂഫും; ചാനൽ വിടുമ്പോൾ ലഭിക്കാനുണ്ടായിരുന്നത് ബ്യൂറോ ചെലവ് ഇനത്തിലുള്ള 12000 ഓളം രൂപയും; എല്ലാം ഒഴിവാക്കി ചാനൽ വിട്ടപ്പോൾ വില്ലേജ് ഓഫീസിൽ നിന്നും വന്നത് ജപ്തി നോട്ടീസ്; റിപ്പോർട്ടർ ചാനലിന്റെ മുൻ ബ്യൂറോ ചീഫ് പിടിച്ച പുലിവാൽ ഇങ്ങനെ

ചാനൽ തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ നൽകിയത് ബ്യൂറോ തുടങ്ങാനുള്ള ഉത്തരവാദിത്തം; ഫോൺ കണക്ഷന്  വേണ്ടി നൽകിയത്  സ്വന്തം അഡ്രസ് പ്രൂഫും; ചാനൽ വിടുമ്പോൾ ലഭിക്കാനുണ്ടായിരുന്നത് ബ്യൂറോ ചെലവ് ഇനത്തിലുള്ള 12000 ഓളം രൂപയും; എല്ലാം ഒഴിവാക്കി ചാനൽ വിട്ടപ്പോൾ വില്ലേജ് ഓഫീസിൽ നിന്നും വന്നത് ജപ്തി നോട്ടീസ്; റിപ്പോർട്ടർ ചാനലിന്റെ മുൻ ബ്യൂറോ ചീഫ് പിടിച്ച പുലിവാൽ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: ഒരുന്യൂസ് ചാനൽ, വാർത്തകളിൽ സ്ഥാനം പിടിക്കേണ്ടത് പിടിച്ചു കുലുക്കുന്ന വാർത്തകൾ നൽകിയാണ്. ഇന്ത്യാ വിഷനിൽ നിന്ന് ഇത്തരം വാർത്തകൾ നൽകി ചാനൽ വിട്ട ശേഷം നികേഷ് റിപ്പോർട്ടർ തുടങ്ങിയപ്പോൾ ഇത്തരം വാർത്തകളുടെ സമഗ്രതയാണ് കേരളം പ്രതീക്ഷിച്ചത്. പക്ഷെ റിപ്പോർട്ടർ ചാനൽ വാർത്തകളിൽ സ്ഥാനം പിടിച്ചത് വാർത്തകളുടെ പേരിലല്ല ശമ്പളം മുടങ്ങിയതിന്റെ പേരിലാണ്. വിവിധ മാധ്യമ പ്രവർത്തകർ സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലാണ് ശമ്പളം മുടങ്ങിയപ്പോഴുള്ള ദുരവസ്ഥകൾ ചൂണ്ടിക്കാട്ടി പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നത്. ഇതെല്ലാം സോഷ്യൽ മീഡിയകൾ കേരളത്തിൽ ചർച്ചാവിഷയമാക്കി. ഇന്ത്യാവിഷന്റെ അവസ്ഥ തന്നെയാണ് റിപ്പോർട്ടർ ചാനലും നേരിടുന്നതെന്നും വാർത്തകൾ വന്നു. പതുക്കെ പതുക്കെ മാധ്യമ പ്രവർത്തകർ ഗത്യന്തരമില്ലാതെ ഓരോരുത്തരായി സ്ഥലം കാലിയാക്കി. റിപ്പോർട്ടർ കേന്ദ്രീകരിച്ചുള്ള വാർത്തകൾ പതുക്കെ അപ്രത്യക്ഷമാകാനും തുടങ്ങി. ഇപ്പോൾ റിപ്പോർട്ടറിൽ നിന്നും നേരിടേണ്ടി ദുരനുഭവമാണ് സോഷ്യൽ മീഡിയ വാർത്തയാക്കുന്നത്. റിപ്പോർട്ടറിന് ബ്യൂറോ ഉൾപ്പെടെ ഒരുക്കി നൽകിയ മാധ്യമപ്രവർത്തകന് വന്ന ജപ്തി ഭീഷണിയാണ് വാർത്തയായത്.

റിപ്പോർട്ടർ ചാനലിനു സുനിൽ എടുത്ത് നൽകിയ ബിഎസ്എൻഎൽ ഫോൺ കണക്ഷന് കുടിശിക തുക വന്നു. ചാനൽ തുടക്കത്തിലായതിനാൽ സ്വന്തം വിലാസവും അഡ്രസ് പ്രൂഫുമാണ് സുനിൽ നൽകിയത്. ഫോൺ ബിൽ കുടിശിക വന്നപ്പോൾ ചാനൽ തുക അടച്ചില്ല. ഒടുവിൽ കേസായി. കുടിശിക വന്നതും കേസ് ആയതുമൊന്നും സുനിൽ അറിഞ്ഞില്ല. അപ്പോഴേക്കുംമാധ്യമ പ്രവർത്തകൻ ചാനൽ വിട്ടിരുന്നു. ഇപ്പോൾ ജപ്തി നോട്ടീസ് വന്നപ്പോഴാണ് വിവരം അറിയുന്നത്. 2648 രൂപയ്ക്ക് ജപ്തി നോട്ടീസാണ് വന്നത്. വില്ലേജ് ഓഫീസ് മുഖാന്തരമുള്ള ജപ്തി നോട്ടീസ്. ബിഎസ്എൻഎൽ നൽകിയ പരാതിയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് കുടിശിഖയായ 2648 രൂപ ഈടാക്കാനാണ് നോട്ടീസ് വന്നിരിക്കുന്നത്. ഈ തുക സ്വന്തം കയ്യിൽ നിന്നും അടക്കേണ്ട അവസ്ഥയാണ് മാധ്യമ പ്രവർത്തകന് വന്നിരിക്കുന്നത്.

റിപ്പോർട്ടർ ചാനൽ തുടങ്ങിയപ്പോൾ നികേഷ് കുമാർ വ്യത്യസ്ത ബ്യൂറോകൾ സജ്ജീകരിക്കാൻ വിശ്വസ്തരായ മാധ്യമ പ്രവർത്തകരെയാണ് അയച്ചത്. നികേഷിനോട് അടുപ്പമുണ്ടായിരുന്ന സുനിലിനു നികേഷ് നൽകിയത് കാസർകോട് ബ്യൂറോയുടെ ചാർജ് ആയിരുന്നു. മാധ്യമപ്രവർത്തകൻ മാസങ്ങളോളം കാസർകോട് തങ്ങിയാണ് ബ്യൂറോ സെറ്റ് ചെയ്തത്. ഫോൺ കണക്ഷന് സ്വന്തം വിലാസവും നൽകി. ഇതൊന്നും അന്ന് ശ്രദ്ധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ റിപ്പോർട്ടർ വിടുകയും ചെയ്തു. പിന്നെ ഫോൺ കണക്ഷൻ കാര്യങ്ങൾ എല്ലാം മറക്കുകയും ചെയ്തു. ഇപ്പോൾ ജപ്തി നോട്ടീസ് വന്നപ്പോഴാണ് പെട്ടതായി മനസിലാക്കുന്നത്. റിപ്പോർട്ടർ ചാനൽ മേധാവിയെ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുക്കാൻ തയ്യാറായില്ല എന്നാണ് സുനിൽ മറുനാടനോട് പറഞ്ഞത്. ഇപ്പോൾ സ്വന്തം കയ്യിൽ നിന്നും പണം എടുത്ത് കാശ് അടയ്ക്കാനാണ് ഒരുങ്ങുന്നത്. ജപ്തി ഭീഷണി നിലനിൽക്കുമ്പോൾ മറ്റു ഇടപാടുകൾ, സ്ഥലം ഉൾപ്പെടെ വിൽക്കാനോ വാങ്ങാനോ കഴിയാത്ത അവസ്ഥ നിലനിൽക്കും എന്നതിനാലാണ് റിപ്പോർട്ടറിന്റെ 'കൊടും ചതി' മനസിലാക്കി ഇപ്പോൾ പണം കയ്യിൽ നിന്നും അടയ്ക്കാൻ സുനിൽ ഒരുങ്ങുന്നത്.

ജപ്തിയെക്കുറിച്ച് സുനിലിന്റെ പ്രതികരണം:

ജപ്തി വന്നതിനാൽ പണം അടച്ചേ മതിയാകൂ. റിപ്പോർട്ടർ ചാനലിൽ വന്നപ്പോൾ ആത്മാർത്ഥമായി കാര്യങ്ങൾ ചെയ്തതിനാണ് ഇപ്പോൾ പണി കിട്ടിയിരിക്കുന്നത്. ചാനൽ വരും മുൻപ് രണ്ടു മാസം മുൻപ് തന്നെ നികേഷ് എന്നെ കാസർകോട് ബ്യൂറോയിലേക്ക് വിട്ടിരുന്നു. ബ്യൂറോ സെറ്റ് ചെയ്യാൻ നിർദ്ദേശം വന്നു. എല്ലാം എടുത്തത് എന്റെ ഐഡി പ്രൂഫിലാണ്. അധാർ കാർഡ് ആണ് ഫോൺ കണക്ഷന് ഞാൻ അന്ന് നൽകിയത്. ചാനലിൽ ഈയിടെ ക്രൈസിസ് വന്നപ്പോൾ ബിൽ തുക മുടങ്ങി. അങ്ങിനെ വന്നതാണ് 2648 രൂപ. പിന്നെ ജപ്തിയും വന്നു. ഞാൻ അല്ല, അന്ന് വിവിധ ബ്യൂറോയിൽ ഇങ്ങിനെ ഫോൺ-നെറ്റ് കണക്ഷന് സ്വന്തം ഐഡികാർഡ് നൽകിയവർക്കെല്ലാം ഇത്തരം ജപ്തികൾ വരാൻ സാധ്യതയുണ്ട്. ഞാൻ മനസിലാക്കുന്നത് മിക്കവരും സ്വന്തം ഐഡികാർഡ് ആണ് നൽകിയത് എന്നാണ്. നികെഷിനെ ഞാൻ രണ്ടു തവണ വിളിച്ചു. പക്ഷെ ഫോൺ എടുത്തില്ല. ചാനലിൽ നിന്ന് ഇറങ്ങുമ്പോൾ ബ്യൂറോ ചെലവ് ഇനത്തിലുള്ള 12000 ഓളം രൂപ എനിക്ക് ലഭിക്കാനുണ്ടായിരുന്നു. ഒപ്പം രണ്ട് വർഷത്തെ പി.എഫ് തുകയും വാങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് ഈ ജപ്തി നോട്ടീസ്. ഇനി സ്വന്തം അടയ്ക്കുക മാത്രമേ വഴിയുള്ളൂ-സുനിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ സുനിലിന്റെ പോസ്റ്റിങ് ഇങ്ങനെ:

സുഹൃത്തുക്കളെ,

ഇത് എന്റെ പേരിൽ വില്ലേജ് ഓഫീസ് മുഖാന്തരം ഇന്ന് ലഭിച്ച ജപ്തി നോട്ടീസാണ്.ബി.എസ്.എൻ.എൽ നൽകിയ പരാതിയിൽ എന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് കുടിശിഖയായ 2648 രൂപ ഈടാക്കാനാണ് നോട്ടീസ്.റിപ്പോർട്ടർ ചാനലിന്റെ കാസർകോഡ് ബ്യൂറോയിലെ ലാൻഡ് ഫോൺ ബില്ല് കുടിശിഖയായതിന്റെ പേരിലാണ് നടപടി. എന്റെ പേരിലുള്ള ഐ.ഡി പ്രൂഫ് നൽകിയാണ് വർഷങ്ങൾക്ക് മുൻപ് ചാനലിന്റെ കാസർകോഡ് ബ്യൂറോയിൽ ലാൻഡ് ലൈൻ കണക്ഷൻ എടുത്തത്.ചാനലിൽ നിന്ന് ഇറങ്ങുമ്പോൾ ബ്യൂറോ ചെലവ് ഇനത്തിലുള്ള 12000 ഓളം രൂപ എനിക്ക് ലഭിക്കാനുണ്ടായിരുന്നു. ഒപ്പം രണ്ട് വർഷത്തെ പി.എഫ് തുകയും വാങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് ഈ ജപ്തി നോട്ടീസ്.. ഒരു പക്ഷെ, നിങ്ങളിൽ പലർക്കും വരും ദിവസങ്ങളിൽ ഇത്തരം നോട്ടീസുകൾ ലഭിക്കാൻ സാധ്യതയുണ്ട്... ഇക്കാര്യത്തിൽ എന്താണ് ചെയ്യാനാവുക....?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP