Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്കികൾക്കുള്ള വടയിൽ അട്ടയെയും സാൻവിച്ചിൽ ബാൻഡേജിനെയും നൽകിയ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിവീണു; സ്‌നേഹ കാറ്ററേഴ്‌സും നിള കാറ്ററിങ്ങും ഉൾപ്പെടെ കാക്കനാട് ഇൻഫോപാർക്ക് മേഖലയിൽ പിടിവീണത് 14 ഹോട്ടലുകളിൽ: വിവരാവകാശ നിയമപ്രകാരം ലഭിച്ച പട്ടിക ഇവിടെ

ടെക്കികൾക്കുള്ള വടയിൽ അട്ടയെയും സാൻവിച്ചിൽ ബാൻഡേജിനെയും നൽകിയ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിവീണു;  സ്‌നേഹ കാറ്ററേഴ്‌സും നിള കാറ്ററിങ്ങും ഉൾപ്പെടെ കാക്കനാട് ഇൻഫോപാർക്ക് മേഖലയിൽ പിടിവീണത് 14 ഹോട്ടലുകളിൽ: വിവരാവകാശ നിയമപ്രകാരം ലഭിച്ച പട്ടിക ഇവിടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇൻഫോപാർക്കിലും പരിസരങ്ങൡലുമുള്ള റെസ്റ്റോറന്റുകൾ അടുത്തിടെ നിരവധി തവണയാണു വാർത്തകളിൽ നിറഞ്ഞത്. വടയ്ക്കുള്ളിൽ നിന്ന് അട്ടയെ കിട്ടിയ സംഭവവും സാൻവിച്ചിൽ നിന്ന് ബാൻഡേജ് ലഭിച്ച സംഭവവും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇപ്പോഴിതാ ഭക്ഷ്യസുരക്ഷാ വിഭാഗം പുറത്തുവിട്ട പട്ടികയിൽ കാക്കനാട് ഇൻഫോപാർക്ക് പ്രദേശത്തെ 14 റെസ്റ്റോറന്റുകളാണു പ്രശ്‌നക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്. വടയ്ക്കുള്ളിൽ അട്ടയെ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ സ്‌നേഹ കാറ്ററേഴ്‌സും സാൻവിച്ചിൽ നിന്നു ബാൻഡേജ് കണ്ടെത്തിയ സംഭവത്തിൽ വാർത്തകളിൽ നിറഞ്ഞ നിള കാറ്ററിങ് സർവീസുമുൾപ്പെടെയുള്ളവയ്ക്കാണു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പിടിവീണത്.

ഇവയ്ക്കു പുറമെ നീതുസ് കാറ്ററിങ്, കെപിഎച്ച്ജി ഗ്ലോബൽ സർവീസസ്, സ്‌പൈസ് ഗാർഡൻ, ചാനൽ ഫുഡ്‌സ്, കരിമീൻ റെസ്റ്റോറന്റ്, സബ്‌വേ, ജ്യൂസ് വേൾഡ്, റെഡ് ബബ്ബിൾ, ടേസ്റ്റ് അറ്റ് ടാമറിൻസ്, കാലിക്കറ്റ് പാരഗൺ കഫറ്റേറിയ, ചില്ലീസ് കാറ്ററിങ്, കാർണിവൽ ഫുഡ്‌കോർട്ട് എന്നിവയാണു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കുടുങ്ങിയത്. വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി എസ് ധനരാജ് നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഈ സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തിയത്. സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകുകയും പിഴ അടയ്ക്കാൻ ശുപാർശ നൽകുകയും ചെയ്തുവെന്നും തൃക്കാക്കര സർക്കിൾ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നിഷ മോൾ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ ഭക്ഷ്യസുരക്ഷാ നിയമത്തിൽ പരാമർശിച്ചിട്ടില്ല എന്നും പാചകം ചെയ്യുന്ന എണ്ണയുടെ വിവരം പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമമൊന്നും ഭക്ഷ്യസുരക്ഷ നിയമത്തിൽ പരാമർശിച്ചിട്ടില്ലെന്നും മറുപടിയിൽ സൂചിപ്പിക്കുന്നു.

കാക്കാനാട് ഇൻഫോപാർക്കിനുള്ളിലെ ഭക്ഷണശാലകളിൽ ഗുണ നിലവാരമില്ലാത്ത ഭക്ഷണം നൽകുന്നതിൽ പ്രതിഷേധവുമായി ടെക്കികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലും ഇവർ പ്രതിഷേധക്കൂട്ടായ്മയ്ക്കു രൂപം നൽകിയിരുന്നു. ടെക്കികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ പ്രൊഗ്രസ്സീവ് ടെക്കീസിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങളുടെ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും ഭക്ഷണത്തിന്റെ ഗണനിലവാരം ഉറപ്പിക്കാൻ അധികൃതർ ഇടപെടാത്തതിലാണ് ടെക്കികളുടെ പ്രതിഷേധം ഉയർന്നത്.

ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ പ്രവർത്തിക്കുന്ന നിള ഫുഡ് കോർട്ടിൽ നിന്നാണ് ടെക്കികളിലൊരാൾക്ക് സാൻവിച്ചിൽ നിന്നും ബാൻഡേജ് കിട്ടിയത്. ജൂലൈ 26നായിരുന്നു സംഭവം. ഒരാഴ്ചയ്ക്കു ശേഷമാണ് തപസ്യ കെട്ടിടത്തിലെ സ്നേഹ കാറ്ററേഴ്സ് എന്ന ഹോട്ടലിൽ നിന്നും ലഭിച്ച വടയിൽ തേരട്ടയെ കണ്ടെത്തിയത്. ഈ ഹോട്ടലിൽ വിളമ്പിയ മസാല ദോശയിൽ വാഷിങ് മെഷ് കണ്ടെത്തിയെന്ന ആരോപണവുമുണ്ട്. നേരത്തെ മറ്റൊരു ഹോട്ടലിൽ നിന്ന് ഇലയടയിൽ നിന്നും പാറ്റ ലഭിച്ച സംഭവമുണ്ടായിട്ടുണ്ട്.

ഇൻഫോപാർക്കിൽ ഏതാണ്ട് 25,000ത്തോളം ടെക്കികളാണ് വിവിധ കമ്പനികളിലായി തൊഴിലെടുക്കുന്നത്. ഭക്ഷണത്തിനായി ഇൻഫോപാർക്കിനുള്ളിലെ ഹോട്ടലുകളും റസ്റ്ററന്റുകളും ഹോട്ടലുകളുമാണ് ഇവരുടെ പ്രധാനആശ്രയം. ഇൻഫോപാർക്കിൽ കുറച്ചു ഭക്ഷണശാലകൾ മാത്രമേ ഉള്ളൂ എന്നതിനാൽ ഹോട്ടലുകളിൽ വൻ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ വാങ്ങുന്ന പണത്തിന് അനുസരിച്ച് ഗുണനിലവാരമുള്ള ഭക്ഷണം നൽകാൻ ഹോട്ടലുകൾ തയ്യാറാകുന്നില്ലെന്നാണ് ടെക്കികളുടെ പരാതി. വില കൂടുതലാണെങ്കിലും ആ വിലക്ക് ഭക്ഷണം വാങ്ങി കഴിക്കാൻ തയ്യാറാണ്. എന്നിട്ടും ഭക്ഷണത്തിന്റെ ഗുണനിലാവരം ഉറപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. ഇൻഫോപാർക്കിലെ ഭക്ഷണശാലകളുടെ നിരുത്തരവാദപരമായ സമീപനങ്ങൾ തുറന്നുകാട്ടി ആരോഗ്യ മന്ത്രി കെ. കെ. ശൈലജയ്ക്കു ഫേസ്‌ബുക്ക് കൂട്ടായ്മ പരാതി നൽകിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP