Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉരുൾപൊട്ടിയ കവളപ്പാറയിലെ എഴുപതുവീടുകളിലെ മുപ്പതിലേറെ കുടുംബങ്ങളെക്കുറിച്ച് വിവരമേതുമില്ല; വൈദ്യുതിയും കുടിവെള്ളവുമില്ലാതെ രണ്ടു ദിവസം; റോഡുകളും തകർന്നു; ഉൾവനത്തിലെ ആദിവാസി കുടുംബങ്ങളെയും ഒഴിപ്പിച്ചു; നിലമ്പൂർ മലയോരം ഒറ്റപ്പെട്ട നിലയിൽ; നാടുകാണി ചുരത്തിൽ നിരവധി യാത്രക്കാർ കുടുങ്ങി; ചാലിയാറിലും ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും ജലനിരപ്പ് കുത്തനെ ഉയരുന്നു; വീണ്ടും പ്രളയ ഭീതിയിൽ മലപ്പുറത്തിന്റെ മലയോര മേഖല

ഉരുൾപൊട്ടിയ കവളപ്പാറയിലെ എഴുപതുവീടുകളിലെ മുപ്പതിലേറെ കുടുംബങ്ങളെക്കുറിച്ച് വിവരമേതുമില്ല; വൈദ്യുതിയും കുടിവെള്ളവുമില്ലാതെ രണ്ടു ദിവസം; റോഡുകളും തകർന്നു; ഉൾവനത്തിലെ ആദിവാസി കുടുംബങ്ങളെയും ഒഴിപ്പിച്ചു; നിലമ്പൂർ മലയോരം ഒറ്റപ്പെട്ട നിലയിൽ; നാടുകാണി ചുരത്തിൽ നിരവധി യാത്രക്കാർ കുടുങ്ങി; ചാലിയാറിലും ഭാരതപ്പുഴയിലും  കടലുണ്ടിപ്പുഴയിലും ജലനിരപ്പ് കുത്തനെ ഉയരുന്നു; വീണ്ടും പ്രളയ ഭീതിയിൽ മലപ്പുറത്തിന്റെ മലയോര മേഖല

ജംഷാദ് മലപ്പുറം

മലപ്പുറം: ശക്തമായ മഴയിൽ ഉരുൾപൊട്ടി അമ്പതോളംപേരെ കാണാതായ നിലമ്പൂർ ഭൂതാനം കവളപ്പാറയിലേ അവസ്ഥ അതീവ ഭീതിദം. പ്രദേശത്ത് എഴുപതോളം വീടുകളാണുള്ളതിൽ മുപ്പതിലേറെ വീടുകളിലുള്ള കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറയുന്നു. രാവിലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികൾ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടു. കാണാതായവരിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പട്ടേരി തോമസ് എന്ന തൊമ്മൻ എന്നവരുടെ 4 വയസുള്ള മകളുടെ മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായ മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നുണ്ട്.

ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് കവളപ്പാറ പ്രദേശത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ഉരുൾപൊട്ടലിൽ പെട്ടവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയിൽ ഉള്ളത്.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെയാണ് വിവരം പുറംലോകമറിയുന്നത്. പ്രദേശത്ത് എഴുപതോളം വീടുകളുണ്ടായിരുന്നു. ഇതിൽ മുപ്പതോളമാണ് മണ്ണിനടിയിലായത്. ഈ പ്രദേശം മുഴുവൻ മണ്ണുമൂടിയ അവസ്ഥയിലാണ്. ബോട്ടക്കല്ല് പാലത്തിൽ ഗതാഗത തടസമുണ്ടായതോടെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്കും എത്തിപ്പെടാൻ സാധിക്കാത്ത സ്ഥിതിയാണ്.

നിർത്താതെ പെയ്ത മഴയിൽ നിലമ്പൂർ മേഖലയിലാണ് ഇതുവരെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറംജില്ലയിൽ 150 വീടുകൾ ഭാഗികമായും 50ഓളം വീടുകൾ പൂർണ്ണമായും തകർന്നു. ചാലിയാറിലും ഭാരതപ്പുഴയലും , കടലുണ്ടിപ്പുഴയിലും ജലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയിൽ ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നുണ്ട്. ഭാരതപ്പുഴയോട് ചേർന്ന കുറ്റിപ്പുറം തിരൂർ റോഡിലേക്ക് പുഴ കയറിത്തുടങ്ങി. നിള പാർക്കിലും വെള്ളം കയറിയിട്ടുണ്ട്. പൊന്നാനി തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വീടുകൾ തകർന്നിരുന്നവർ ഏറെ ഭീതിയിലാണ്. ഈശ്വരമംഗലത്തെ നിരവധി വീടുകളിൽ ഏതു നിമിഷവും വെള്ളം കയറാവുന്ന സാഹചര്യത്തിനാണ്.പെരുമണ്ണ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് വെള്ളം കയറി പ്രവർത്തനം നിലച്ചതിനെ തുടർന്ന് ആളുകളെ ഒ.പി കഞ്ഞിക്കുഴങ്ങര ജി.എൽ.പി സ്‌കൂളിലേക്ക് മാറ്റി. എടരിക്കോട് തിരൂർ പാതയിൽ വെള്ളം കയറുന്നുണ്ട്. മലപ്പുറം മൈലപ്പുറം ശിശുപരിപാലന കേന്ദ്രത്തിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.

ശക്തമായ മഴയിൽ നിലമ്പൂർ മലയോരം ഒറ്റപ്പെട്ട നിലയിലാണ്. നിലമ്പൂർ, എടവണ്ണ, വാഴക്കാട് സ്ഥലങ്ങൾ. നാടുകാണി 100ഓളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. ഉരുൾപൊട്ടിയതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. നിരവധി ആളുകൾ വാഹനങ്ങളിൽ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി നാടുകാണി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ആശങ്കപ്പെടേണ്ടതില്ല. രക്ഷപ്പെട്ടവരെല്ലാം സുരക്ഷിതരാണ്. ശക്തമായ മണ്ണിടിച്ചിൽ കാരണം രക്ഷാപ്രവർത്തകർക്ക് ചുരത്തിലേക്കുള്ള യാത്ര വളരെ ദുസ്സഹമായിരുന്നു.

കരുളായി നെടുങ്കയം വനമേഖലയിൽ രാത്രിയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നിലമ്പൂരിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നിലമ്പൂരിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനായി കെ.പി.ജയ്സൽ താനൂരിന്റെ നേതൃത്വത്തിൽ, കോർമ്മൻ കടപ്പുറത്തെ 25 മത്സ്യത്തൊഴിലാഴികൽ ബോട്ടും മറ്റ് ഉപകരണങ്ങളുമായി നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളപൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യത ഏറെയാണ്. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണമെന്നും കലക്ടർ അറിയിച്ചു. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതത് പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കണം. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടണമെന്നും കലക്ടർ ജാഫർ മാലിക് അറിയിച്ചു.

കാലവർഷം ശക്തമായതോടെ ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. നിലമ്പൂർ താലൂക്കിൽ 12 ഉം ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിൽ രണ്ടു വീതവും പൊന്നാനിയിൽ ഒരു ക്യാമ്പുമാണ് തുടങ്ങിയത്. 337 കുടംബങ്ങളിലെ 950 പേരാണ് വിവിധ ക്യാമ്പുകളിലേക്കു മാറ്റിപാർപ്പിച്ചത്. കുറച്ചു പേർ ബന്ധു വീടുകളിലേക്കും മാറിതാമസിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായ് ഓരോ ക്യാമ്പിലേക്കും ജില്ലാ കളക്ടർ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണത്തിലെ 25 അംഗം സംഘം ജില്ലയിലെത്തി. വിങ് കമാൻഡർ എം മാരികനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലമ്പൂരിലെത്തിയിട്ടുള്ളത്. നിലമ്പൂർ കേന്ദ്രീകരിച്ചു സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചു.

കരുളായി കൽക്കുളം എൽ.പി.സ്‌കൂൾ, പുള്ളിയിൽ ഗവ.എൽ.പി സ്‌കൂൾ,ഗവ.യു.പി.സ്‌കൂൾ എരഞ്ഞിമങ്ങാട്, ജി.എൽ.പി.എസ് ചുങ്കത്തറ, നിലമ്പൂർ മുമ്മുള്ളി കമ്യൂണിറ്റി സെന്റർ, ജി.എച്ച.എസ് എടക്കര, ജി.എം.എൽ.പി.എസ് പുള്ളിപ്പാടം, കരിങ്കാട്ടുമണ്ണ സിദ്ദീഖ് കോട്ടേജ്, പൊങ്ങല്ലൂർ ഫ്ളോർ മിൽ, സെന്റ്തോമസ് ചർച്ച് ഏനാതി, ജി.എൽ.പി.എസ് കരിമ്പുഴ, നിർമ്മല എച്ച്.എസ് കുറുമ്പലങ്ങോട് എന്നിവിടങ്ങളിലാണ് നിലമ്പൂർ താലൂക്കിൽ ക്യാമ്പ് തുറന്നത്. 320 കുടുംബങ്ങളിലെ 864 പേർ ഈ ക്യാമ്പുകളിലായുണ്ട്.ഏറനാട് താലൂക്കിലെ വെറ്റിലപ്പാറ കൂരൻകുണ്ട് അംഗനവാടി, കീഴുപറമ്പ് പത്തനാപുരം ഇശാഅത്തുൽ ഇസ്ലാം മദ്റസ എന്നിവിടങ്ങളിലാണ് ക്യാമ്പ്. 16 കുടുംബങ്ങളിൽ നിന്നുള്ള 57 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് ഇ.എം.യു.പി സ്‌കൂൾ, പണിക്കരപ്പുറായ സി.എച്ച.മെമോറിയൽ സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. 29 പേരാണ് ഇവിടത്തെ ക്യാമ്പുകളിലുള്ളത്.പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം വില്ലേജ് മുനിസിപ്പൽ ഷെൽട്ടറിലാണ് ക്യാമ്പ്പ്രവർത്തിക്കുന്നത്. മൂന്നു കുടുംബങ്ങളിലെ 14 പേരാണ് ക്യാമ്പിലുള്ളത്.

കോളനിക്കാർ ഉയർന്ന പ്രദേശത്തേക്ക് ഓടി കയറി

മലയോരത്തു കനത്ത മഴയിലുണ്ടായ മലവെള്ളപാച്ചിലിൽ കരുളായി പഞ്ചായത്തിൽ വ്യാപക നാശം. കരിമ്പുഴ കവിഞ്ഞൊഴുകിയതോടെ കരുളായി നെടുങ്കയം വനത്തിനകത്തെ ആദിവാസി കോളനികളിൽ വെള്ളം കയറിയതിനാൽ നിവാസികളെ മാറ്റിപാർപ്പിച്ചു. ഉൾവനത്തിനകത്തെ മുണ്ടക്കടവ്, നെടുങ്കയം ആദിവാസികളെയാണ് മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കളം എൽ.പി .സ്‌കൂളിലും, കരുളായി പഞ്ചായത്തിലെ പുള്ളിയിൽ ഗവ.യു.പി. സ്‌കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്. മുണ്ടക്കടവ് കോളനിക്ക് മുകളിൽ പാണപ്പുഴ ഭാഗത്ത് ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി.

പുഴ പലതായി ഗതി മാറിയതോടെ മുണ്ടക്കടവ് കോളനിയിൽ വെള്ളം കയറി. കോളനിക്കാർ ഉയർന്ന പ്രദേശത്തേക്ക് ഓടി കയറി. പിന്നീട് അധികൃതരെത്തി ഉച്ചക്കുളം കോളനിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ നെടുങ്കയം കോളനിയിൽ വെള്ളം കയറിയോടെ കോളനിയിലെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം ഉൾക്കാട്ടിലെ തൊഴുത്തുകളിലും മറ്റും രാത്രി അഭയം പ്രാപിച്ചു. പുലർച്ചെ കോളനിയിലെത്തിയപ്പോഴും വെള്ളം ഇറങ്ങിയിരുന്നില്ല. അധികൃതരെത്തി പുള്ളിയിൽ സ്‌കൂൾ ക്യാമ്പിലെത്തിച്ചു. ക്യാമ്പിൽ നെടുങ്കയത്തെ 102 ഉം ഉച്ചക്കുളത്തെ 100 കുടുംബങ്ങളുമാണ് ഉള്ളത്. മാത്രമല്ല പുഴയോരങ്ങളിലെ വില്ലേജ് റോഡ്, വാരിക്കൽ പിലാക്കൽ, തേക്കിൻക്കുന്ന്, കിണറ്റിങ്ങൽ ഭാഗങ്ങളിലായി 30 ലധികം വീടുകളിൽ വെള്ളം കയറി. 10 ലധികം വീടുകളുടെ മുകളിൽ മരം വീണു തകർന്നിട്ടുമുണ്ട്. മേഖലയിലെ വിവിധ ക്യാമ്പുകളിൽ എംഎ‍ൽഎ പി.വി. അൻവറിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശിച്ചു. ഉൾവനത്തിലും കരുളായിയുടെ ഉൾപ്രദേശങ്ങളിലും കൂടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ എയർ ലിഫ്റ്റിങ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎ‍ൽഎ അറിയിച്ചു.

ഏറനാട് താലൂക്കിൽ 29 വീടുകൾ തകർന്നു

ശക്തമായ കാറ്റിലും മഴയിലും ഏറനാട് താലൂക്കിൽ 29 വീടുകൾ തകർന്നു. പാണ്ടിക്കാട് വില്ലേജിൽ എട്ടു വീടുകൾക്ക് നാശ നഷ്ടം സംഭവിച്ചു. സജീവ് മോൻ എടത്തൊടിയിൽ, കുഞ്ഞിക്കാളി പടിക്കാട്ടു തൊടിക, ആയിഷ മുല്ലശ്ശേരി, പ്രഭാകരൻ കലങ്ങാട്ടുകുന്ന്, റിയാസ് തൊണ്ടിയിൽ, ചീരവീട്ടിൽ അബ്ദുള്ള, ഫൈസൽ പൊറ്റച്ചൽ, നജീബ് എന്നിവരുടെ വീടുകൾക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്. പുൽപ്പറ്റ വില്ലേജിൽ ഏഴ് വീടുകൾ പ്രകൃതി ക്ഷോഭത്തിൽ തകർന്നു. കമ്പളത്ത് ചാരു നായർ, തെച്ചിയിൽ പാട്ടക്കുണ്ട് ഹഫ്‌സത്ത്, പാമ്പാടിത്തൊടി ജാനു, ചെമ്മല സൈനബ, ചുള്ളക്കാട്ടിൽ നാരായണൻ, നടുവിലെ കളം അബ്ദുൽ അസീസ്, സവിത കളത്തിങ്ങൽ എന്നിവരുടെ വീടുകളാണ് തകർന്നത്. കാവനൂർ വില്ലേജിൽ ശക്തമായ കാറ്റിൽ ഈട്ടി മരം വീണ് പി.കെ. രാമന്റെ വീട് പൂർണമായും കുന്നമ്പള്ളി സൈതലവിയുടെ വീട് ഭാഗികമായും തകർന്നു. പന്തല്ലൂരിൽ തെങ്ങ് വീണ് കുഴിക്കാടൻ ഉമ്മുകുത്സുവിന്റെയും മഞ്ചേരി ഇരുപത്തിരണ്ടാം മൈൽസിൽ വെള്ളിലാംകുന്ന് ചന്ദ്രൻ, കറുവാഞ്ചേരി പ്രേമൻ എന്നിവരുടെ വീടുകൾ തേക്ക് മരം വീണും തകർന്നു. അരീക്കോട് വില്ലേജിൽ അബ്ദുസ്സമദ് കൊട്ടക്കാടൻ, മുഹമ്മദ് മാടമ്പള്ളിക്കുന്ന്, പയ്യനാട് വില്ലേജിൽ ഖദീജ വടക്കാങ്ങര, കഞ്ഞിയിൽ ഹംസ എന്നിവരുടെ വീടുകളും ശക്തമായ കാറ്റിൽ മരം വീണ് ഭാഗികമായി തകർന്നു. ആനക്കയത്ത് ശാന്തകുമാരി, ചില്ലക്കുട്ടി എന്നിവരുടെ വീടുകളും വെട്ടിക്കാട്ടിരി വില്ലേജിൽ നാരങ്ങാത്തൊടിക ഉണ്ണിപ്പാത്തു, ഖദീജ മഞ്ഞപ്പള്ളി, രുഗ്മിണി തോട്ടുങ്കൽ എന്നിവരുടെ വീടുകളും തകർന്നു.

31 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ചാലിയാർ തീരത്ത് താമസിക്കുന്ന 31 കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കുമായി മാറ്റി പാർപ്പിച്ചു. കാലവർഷം കനത്ത് വീടുകളിലേക്ക് വെള്ളം കയറുന്നതാണ് കുടുംബങ്ങൾക്ക് ഭീഷണിയായത്. വെറ്റിലപ്പാറയിലെ ഈന്തൻപാലി കൂരങ്കല്ല് അംഗനവാടിയിൽ ആരംഭിച്ച ക്യാമ്പിലേക്ക് മൂന്നു കുടുംബങ്ങളിലെ ഒമ്പതു പേരെയും കീഴുപറമ്പ് ഇസത്തുൽ ഇസ്ലാം മദ്രസയിൽ ആരംഭിച്ച ക്യാമ്പിലേക്ക് 13 കുടുംബങ്ങളിൽ നിന്നുള്ള 48 പേരെയും മാറ്റി. കീഴുപറമ്പിലെ പത്തു കുടുംബങ്ങളെയും അരീക്കോട് വില്ലേജിലെ അഞ്ചു കുടുംബങ്ങളെയും ബന്ധു വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്.

മരങ്ങൾ കൂട്ടത്തോടെ നിലംപൊത്തി

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കൂട്ടത്തോടെ വീണു വീടിന്റെ മേൽക്കൂരയും കാറും തകർന്നു. ഒലിപ്രംക്കടവിലെ എടക്കാട്ട് പ്രദീപിന്റെ വീടിന് മുകളിലേക്കാണ് ഒരേ സമയം കവുങ്ങുകളും പ്ലാവും വീണത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. മുകളിലെ ഓട് പാകിയ കിടപ്പുമുറിയുടെ ഓടിട്ട മേൽകുരയിലേക്കാണ് മരങ്ങൾ വീണത്. ഈ സമയം പ്രദീപും ഭാര്യയും കട്ടിലിന്റെ മുകളിൽ ഉറങ്ങുകയായിരുന്നു. തകർന്ന ഓടുകൾ താഴേക്ക് വീഴുകയും ചെയ്തു. എന്നാൽ ദേഹത്ത് വീണെങ്കിലും കാര്യമായ പരുക്കേൽകാതെ രക്ഷപ്പെട്ടു. ഇവരുടെ വീടിന്റെ പിറകുവശത്തായി നിർത്തിയിട്ട സമീപവാസിയായ വി.പി. സന്തോഷിന്റെ കാറാണ് തകർന്നത്. കാറിന്റെ മുൻവശത്തെ യും പുറക് വശത്തെയും ചില്ലുകൾ തകർന്നു. മുകൾ ഭാഗവും തകർന്നിട്ടുണ്ട്. വാർഡ് അംഗം പ്രശാന്ത് ചമ്മിനിയുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ചു.പള്ളിക്കൽ മാവിഞ്ചോട് ഓണാട്ട് അബു എന്നിവരുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP