Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കിയിൽ മാത്രം തകർന്ന വീടുകൾ 1200 എണ്ണം; ഭാഗികമായി തകർന്നത് 2266 വീടുകളും; അപകടത്തിലായ 10,961 വീടുകളിൽ ബലപരിശോധന നടത്തിയത് 6000 വീടുകളിൽ മാത്രം; അപകട മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥ വരുമ്പോൾ ജില്ല അഭിമുഖീകരിക്കേണ്ടത് ഏറ്റവും വലിയ കുടിയിറക്കിന് കൂടി; ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വാളെടുത്ത സഭയ്ക്ക് പോലും പ്രകൃതിയുടെ തിരിച്ചടിയിൽ ശബ്ദം പോയി

ഇടുക്കിയിൽ മാത്രം തകർന്ന വീടുകൾ 1200 എണ്ണം; ഭാഗികമായി തകർന്നത് 2266 വീടുകളും; അപകടത്തിലായ 10,961 വീടുകളിൽ ബലപരിശോധന നടത്തിയത് 6000 വീടുകളിൽ മാത്രം; അപകട മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥ വരുമ്പോൾ ജില്ല അഭിമുഖീകരിക്കേണ്ടത് ഏറ്റവും വലിയ കുടിയിറക്കിന് കൂടി; ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വാളെടുത്ത സഭയ്ക്ക് പോലും പ്രകൃതിയുടെ തിരിച്ചടിയിൽ ശബ്ദം പോയി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കാലവർഷം കനത്ത നാശനഷ്ടം വരുത്തിവെച്ച ഇടുക്കിയിൽ ജനജീവിതം തിരിച്ചു പിടിക്കണമെങ്കിൽ എളുപ്പം ഒന്നും സാധ്യമല്ല. അത്രയ്ക്ക വലിയ നാശഷ്ടങ്ങളാണ് ഓരോ പ്രദേശത്തും ഉണ്ടായിരിക്കുന്നത്. കുന്നിൻ മുകളിലും ചരിവിലുമായി വെച്ച വീടുകൾ ഇടിഞ്ഞുവീണ് വാസയോഗ്യമല്ലാതായ അവസ്ഥ ഉണ്ടാകുകയായിരുന്നു. ഇടുക്കിയിൽ മാത്രം 1200 വീടുകൽ പൂർണായും തകർന്നു. ഭാഗികമായി തകർന്നത് 2266 വീടുകളുമാണ്. അപകടാവസ്ഥയിൽ തകർച്ചാഭീഷണിയും ബലക്ഷയവും നേരിടുന്ന വീടുകളുടെ എണ്ണം പതിനായിരം കവിയും. ഇതോടെ പരിസ്ഥിതി ലോല മേഖലയിൽ വീടുവെച്ചവർ അടക്കം ദുരിതഭീതിയിലാണ്.

ഇടുക്കിയിൽ വൻനാശമുണ്ടായ സ്ഥലങ്ങളിൽ താമസിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ജില്ലാതല അവലോകനയോഗം ഇന്നല വ്യക്തമാക്കിയിരുന്നു. അതീവഅപകടകരമെന്നു വിലയിരുത്തിയ ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതോടെ ഇടുക്കിയൽ വീണ്ടുമൊരു കുടിയിറക്ക് ഭീഷണി നേരിടുകയാണ്. വാസയോഗ്യമല്ലാത്ത വീടുകളുടെ കൃത്യമായ കണക്കു നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും ദുരിതാശ്വാസ അവലോകന യോഗം വിലയിരുത്തിയിരുന്നു.

വൻനാശമുണ്ടായ സ്ഥലങ്ങളിലെ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാൻ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും ഭൂമി സ്വീകരിക്കും. ലഭ്യമായ ഇടങ്ങളിൽ സർക്കാർ തന്നെ ഭൂമി കണ്ടെത്തും. ക്യാംപുകളിൽനിന്നു മടങ്ങുന്നവർക്ക് ഉടൻ പണം അക്കൗണ്ടുകളിൽ ലഭ്യമാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും ഉടൻ നടപടിയെടുക്കും.

വാസയോഗ്യമല്ലാത്ത 1584 വീടുകൾ ജില്ലയിലുണ്ടെന്ന കണക്കാണ് ഉദ്യോഗസ്ഥർ നൽകിയത്. 278 ഇടങ്ങളിൽ ഉരുൾപൊട്ടി. 2,000 കിലോമീറ്ററോളം റോഡ് തകർന്നു. 61 കോടി രൂപയുടെ കൃഷി നാശമുണ്ടായി. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്ന് എംഎൽഎമാർ ആരോപിച്ചു. ജില്ലയിലെ 1,500 വീടുകളിൽ വൈദ്യുതി എത്താനുണ്ട്. അപകടത്തിലായ 10,961 വീടുകളിൽ 6,000 വീടിന്റെ ബലപരിശോധന പൂർത്തിയായിട്ടുണ്ട്.

അതിവൃഷ്ടി മൂലം ഇടുക്കി ജില്ലയിലുണ്ടായത് 278 ഉരുൾപൊട്ടലും 1800 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമായിരുന്നുയ. കാലവർഷക്കെടുതി അവലോകന യോഗത്തിൽ ജില്ലാ കലക്ടർ കെ. ജീവൻ ബാബുവാണ് കണക്കുകൾ നിരത്തിയത്. 19 ഉരുൾപൊട്ടലിലായി 46 പേർ ഉൾപ്പെടെ ജില്ലയിൽ മരണം 56. ഏഴു പേരെ കാണാതായി. 56 പേർക്കു പരുക്കേൽക്കുകയുമുണ്ടായി.

ഈയിനത്തിൽ 46.40 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഇടുക്കി താലൂക്കിൽ 564, ദേവികുളം 131, ഉടുമ്പൻചോല 210, പീരുമേട് 248, തൊടുപുഴ 47 എന്നിങ്ങനെയാണു പൂർണമായും തകർന്ന വീടുകളുടെ എണ്ണം. ഇടുക്കി താലൂക്കിൽ 232, ദേവികുളം 753, ഉടുമ്പൻചോല 700, പീരുമേട് 25, തൊടുപുഴ 331 വീടുകൾ ഭാഗികമായി തകർന്നു.

11339.64 ഹെക്ടറിൽ കൃഷി നശിച്ചു, 61.64 കോടി രൂപയുടെ നാശനഷ്ടം. നിരവധി കർഷകരുടെ ഭൂമി വീണ്ടും കൃഷി ചെയ്യാനാകാത്ത വിധത്തിൽ നശിച്ചുപോയി. 11 സ്‌കൂളുകൾക്കും 11 അംഗൻവാടികൾക്കും നാശനഷ്ടമുണ്ടായി. ആനവിരട്ടി എൽ.പി സ്‌കൂൾ, വിജ്ഞാനം എൽ.പി സ്‌കൂൾ മുക്കുടം എന്നിവ പൂർണമായും തകർന്നു. 148 കി.മീ. ദേശീയ പാതയ്ക്കും 1145.78 കി.മീ. പൊതുമരാമത്ത് റോഡുകൾക്കും 865.93 കി.മീ. പഞ്ചായത്ത് റോഡുകൾക്കും നാശനഷ്ടമുണ്ടായി. 13 ട്രാൻസ്ഫോർമറുകൾക്കാണ് നാശനഷ്ടമുണ്ടായത്. 1500 പേർക്കുള്ള െവൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ശേഷിക്കുന്നു. കുത്തുങ്കൽ, സേനാപതി സബ് സ്റ്റേഷനുകളുടെ നന്നാക്കൽ പുരോഗമിക്കുകയാണ്.

കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ നാശനഷ്ടക്കണക്ക് വൻതോതിൽ വർധിച്ചേക്കും. തകർന്ന പാലങ്ങൾ പുതുക്കിപ്പണിയണം. ചെറുതോണി, പെരിയവര പാലങ്ങളുടെ താൽക്കാലിക പണി ആരംഭിച്ചിട്ടുണ്ട്. മിക്ക റോഡുകളിലൂടെയും ചെറിയ വാഹനങ്ങൾ മാത്രമാണു കടത്തിവിടുന്നത്. തൊടുപുഴ-പുളിയന്മല, കൊച്ചി-ധനുഷ്‌കോടി അടക്കമുള്ള പാതകൾ പൂർണമായും ഗതാഗതയോഗ്യമാകണമെങ്കിൽ മാസങ്ങളെടുക്കും. മണ്ണിടിച്ചിലിൽ മൂന്നാറിലും തേക്കടിയിലുമടക്കം വിനോദസഞ്ചാര മേഖലയിലെ നഷ്ടവും ഭീമമാണ്.

ഉരുൾപൊട്ടലിൽ പന്നിയാർകുട്ടിയെന്ന ഗ്രാമം ഇല്ലാതായി. ഇവിടെയടക്കം നിരവധി സ്ഥലങ്ങളിൽ തകർന്ന റോഡുകളുടെ അെലെന്മെന്റിൽ തന്നെ മാറ്റം വരുത്തി റോഡുകൾ പുനരുദ്ധരിക്കേണ്ട അവസ്ഥയാണ്. നാട് കാൽ നൂറ്റാണ്ടെങ്കിലും പിന്നിലായെന്ന വിലയിരുത്തലിലാണ് ഇടുക്കിക്കാർ.

പരിസ്ഥിതിലോലപ്രദേശത്ത് നാം നടത്തിയ അശാസ്ത്രീയവും പ്രകൃതിസൗഹൃദവുമല്ലാത്ത നിർമ്മാണങ്ങളാണ് ഇടുക്കിയുടെ നാശത്തെ ഇത്രയേറെ ഗുരുതരമാക്കിയത് എന്ന് പറയാൻ വാക്കുകൾ വേണ്ട, ഈ ചിത്രങ്ങൾക്ക് ആവും. ഇടുക്കിയുടെ മലമുകളിൽ ഇനിയൊരു നിർമ്മാണം എങ്ങനെയാവണം എന്ന് പറയാൻ ഇവിടുത്തെ ഭരണകൂടം ബാധ്യസ്ഥമാണ്. ചെറുതോണി മുതൽ നേരിമംഗലം വരെ പെരിയാറിന്റെ തീരങ്ങളിൽ സംഭവിച്ച ദാരുണമായ നാശനഷ്ടങ്ങൾക്ക് ഉത്തരം പറയേണ്ടത് കെഎസ്ഇബിയുമാണ്. കൈയേറി നിർമ്മിച്ച കെട്ടിടങ്ങളെല്ലാം പ്രകൃതി വീണ്ടെടുത്തപ്പോൾ ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ വാളെടുത്ത കത്തോലിക്കാ സഭയ്ക്ക് പോലും മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്.

പന്നിയാർകൂട്ടി എന്ന മലയോര പട്ടണത്തിന് കനത്ത നാശനഷ്ടമാണ് കാലവർഷം വരുത്തിവെച്ചത്. ഇവിടെ പോസ്റ്റ്ഓഫീസ്, വായനശാല, പാൽസൊസൈറ്റി, ഒരു കൊച്ചുആരാധനാലയം, കുറേ കടകൾ, കുറച്ചു വീടുകൾ, മൃഗാശുപത്രി, അംഗൻവാടി, വെയിറ്റ്‌ഷെഡ്... എല്ലാം ഉണ്ടായിരുന്നു. ദുരന്തം ഒന്നിനേയും ബാക്കിവെച്ചില്ല. എല്ലാം മുതലപ്പുഴയാർ ഏറ്റെടുത്ത് കലിതുള്ളി പാഞ്ഞ അവസ്ഥയാണ് ഉണ്ടായത്. ഇടുക്കിയുടെ ഹൈറേഞ്ചിന്റെ പുനരധിവാസത്തെക്കുറിച്ച് ആദ്യത്തെ ആലോചന നടത്തും മുൻപേ ഗവണ്മെന്റ് പഠിക്കേണ്ട പ്രധാന കാര്യം തന്നെയാകും ഈ പട്ടണത്തിന് സംഭവിച്ച ദുരവസ്ഥ.

ഇടുക്കിയുടെ വീടുകൾ തകർന്നത്/ തകരാത്തത് എന്നു മാത്രമല്ല, വാസയോഗ്യമായത് / വാസയോഗ്യമല്ലാത്തത് എന്നുകൂടി ഇനം തിരിക്കേണ്ടതുണ്ടെന്നാണ് ജിജോ അച്ചനെ പോലുള്ളവർ പറയുന്നത്. കാരണം അപ്പോൾ അപകടമുണ്ടായ മേഖലയിൽ വീട് വച്ചാൽ ഭാവിയിൽ വീണ്ടും സമാന അവസ്ഥ വരുമെന്നത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ്.

ചിത്രങ്ങൾക്ക് കടപ്പാട്: ജിജോ കുര്യൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP