Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളം മുറ്റത്തെത്തിയപ്പോൾ കരുതിയത് വേഗം തന്നെ ഇറങ്ങുമെന്ന്; സമയംകഴിയും തോറും ജലനിരപ്പ് ഉയർന്ന് പൂമുഖപ്പടിയും കടന്നു; സാധനങ്ങൾ മുകൾ നിലയിലേക്ക് മാറ്റുമ്പോഴേക്കും വെള്ളം വീട്ടിലേക്ക് ഇരച്ചു കയറി; താഴത്തെ നില മുങ്ങിതാഴ്ന്നപ്പോൾ മുകൾ നിലയിൽ മൂന്ന് ദിവസം മാതാപിതാക്കളുമായി കഴിച്ചു കൂട്ടിയത് താറാവിന് കൊടുക്കുന്ന ധാന്യങ്ങൾ പാകംചെയ്ത് കഴിച്ച്; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വിവരിച്ച് തിരുവൻവണ്ടൂർ സ്വദേശിനി മറുനാടനോട്

വെള്ളം മുറ്റത്തെത്തിയപ്പോൾ കരുതിയത് വേഗം തന്നെ ഇറങ്ങുമെന്ന്; സമയംകഴിയും തോറും ജലനിരപ്പ് ഉയർന്ന് പൂമുഖപ്പടിയും കടന്നു; സാധനങ്ങൾ മുകൾ നിലയിലേക്ക് മാറ്റുമ്പോഴേക്കും വെള്ളം വീട്ടിലേക്ക് ഇരച്ചു കയറി; താഴത്തെ നില മുങ്ങിതാഴ്ന്നപ്പോൾ മുകൾ നിലയിൽ മൂന്ന് ദിവസം മാതാപിതാക്കളുമായി കഴിച്ചു കൂട്ടിയത് താറാവിന് കൊടുക്കുന്ന ധാന്യങ്ങൾ പാകംചെയ്ത് കഴിച്ച്; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വിവരിച്ച് തിരുവൻവണ്ടൂർ സ്വദേശിനി മറുനാടനോട്

ആർ പീയൂഷ്

ചെങ്ങന്നൂർ: വീട്ടിലേക്ക് ഇരച്ചു കയറിയ വെള്ളത്തിൽ നിന്നും രക്ഷപെട്ടത് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല തിരുവൻവണ്ടൂർ സ്വദേശിനി അശ്വതിക്ക്. നിമിഷങ്ങൾക്കകം പമ്പയാറിൽ നിന്നും കരകവിഞ്ഞൊഴുകിയ വെള്ളത്തിൽ നിന്നും മാതാപിതാക്കളുമായി വീടിന്റെ മുകൾ നിലയിൽ കയറിപറ്റുകയും മൂന്ന് ദിവസങ്ങൾക്ക് ശേഷം രക്ഷാ പ്രവർത്തകർക്കൊപ്പം രക്ഷപെടുകയും ചെയ്ത അശ്വതിയുടെയും കുടുംബത്തിന്റെയും കഥ ബോളീവുഡ് സിനിമകളെയും വെല്ലും.

ചെങ്ങന്നൂർ, കല്ലിശ്ശേരി, മഴുക്കീർ വാരിക്കോട്ടിൽ മണിക്കുട്ടൻ - ബിന്ദു ദമ്പതികളുടെ മകളായ അശ്വതി മാവേലിക്കര ഇറവങ്കര മണി ഭവനത്തിൽ മനുവിന്റെ ഭാര്യയാണ്. അമ്മയ്ക്ക് കാലിന് പരിക്കേറ്റതിനെ തുടർന്ന് സ്വന്തം വീടായ ചെങ്ങന്നൂർ തിരുവൻ വണ്ടൂരിൽ പ്രളയമുണ്ടാകുന്നതിന് കുറച്ചു ദിവസം മുൻപാണ് ഭർതൃ വീട്ടിൽ നിന്നും എത്തിയത്. അമ്മയെ ശുശ്രൂഷിച്ച് വരുന്നതിനിടെയാണ് പമ്പയാർ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം ഉണ്ടാകുന്നത്.

15 ന് വൈകുന്നേരമാണ് വെള്ളം വീട്ടിലേക്ക് കയറുന്നത്. മുറ്റത്തേക്കാണ് ആദ്യം വെള്ളം കയറിയത്. സാധാരണ മഴ പെയ്യുമ്പോഴുണ്ടാകുന്ന സംഭവമായതിനാൽ ആദ്യം അത്ര കാര്യമാക്കിയില്ല. വെള്ളം വീടിന്റെ പടികൾക്കൊപ്പമെത്തിയപ്പോഴും അമ്മ ബിന്ദു പറയുന്നുണ്ടായിരുന്നു രാത്രിയാകുമ്പോഴേക്കും വെള്ളം ഇറങ്ങി പോകും എന്ന്. എന്നാൽ ഏഴുമണിയായപ്പോഴേക്കും വീടിന്റെ പൂമുഖപ്പടിയിലേക്ക് വെള്ളം കയറിയപ്പോഴാണ് സംഗതി പന്തിയല്ലെന്ന് മനസ്സിലായത്. ഉടൻ താഴത്തെ നിലയിലെ സാധനങ്ങൾ മുകളിലേക്ക് കയറ്റാൻ തുടങ്ങി. എന്നാൽ പെട്ടെന്ന് വലിയ ശബ്ദത്തോടെ വെള്ളം ജനാലകൾക്കിടയിലൂടെ വീടിന്റെ അകത്തേക്ക് ഒഴുകിയെത്തി. ഇതോടെ അശ്വതിയും പിതാവും കാലിന് പരിക്കേറ്റ അമ്മയുമായി മുകൾ നിലയിലേക്ക് കയറി. മിനിട്ടുകൾക്കുള്ളിൽ വെള്ളം ഒന്നാം നില നിറഞ്ഞു. വീടിന് പുറത്ത് പശു, എരുമ, ആട്, കോഴി, താറാവ് തുടങ്ങിയവയൊക്കെയുണ്ടായിരുന്നു. ഇവയൊക്കെ വെള്ളത്തിൽ മുങ്ങി.

ഗ്യാസും സ്റ്റൗവും മുകളില് എത്തിച്ചിരുന്നെങ്കിലും പാകം ചെയ്യാനുള്ള ഒന്നും എടുത്തിരുന്നില്ല. താഴേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ കുത്തൊഴുക്കായിരുന്നു വീടിനുള്ളിൽ കൂടി. ഒരു രാത്രി മുകൾ നിലയിൽ കഴിച്ചു കൂട്ടി. പിറ്റേ ദിവസം ആയപ്പോഴേക്കും സ്ഥിഗതികൾ വീണ്ടും രൂക്ഷമായി. ഏത് നിമിഷവും വെള്ളം മുകൾ നിലയിലേക്ക് കയറാം. വെള്ളം കയറുന്ന ദിവസത്തിന്റെ തൊട്ടു മുമ്പത്തെ ദിവസം ഈ ഭാഗങ്ങളിൽ വൈദ്യുതി ഇല്ലായിരുന്നു. അതിനാൽ മൊബൈലിൽ ബാറ്ററി ചാർജ്ജും കുറവായിരുന്നു. ഇതിനിടെ രക്ഷാ പ്രവർത്തകരെ ബന്ധപ്പെട്ടു. ബോട്ടിൽ പകുതി വഴി എത്തിയ രക്ഷാ പ്രവർത്തകർ ആറുപേർ ഒഴുക്കിൽപെട്ടതിനാൽ അവിടേക്ക് പോവുകയാണ് എന്നറിയിച്ചു. ഇതോടെ ആ പ്രതീക്ഷ കൈവിട്ടു. ബന്ധുക്കൾ നിരന്തരം ഇവരെ ബന്ധപ്പെടുന്നുണ്ടെങ്കിലും ആർക്കും ഇവരുടെ ഭാഗത്തേക്ക് എത്താൻ കഴിഞ്ഞില്ല. രണ്ട് ദിവസം പിന്നിട്ടതോടെ പുറത്ത് വെള്ളത്തിൽ നിന്നിരുന്ന ആടുകൾ ചത്ത് പോയി. ഇതോടെ അശ്വതിയുടെ പിതാവ് വെള്ളത്തിൽ നിന്ന പശുവിനേയും എരുമയേയും നീന്തി ചെന്ന് കയർ അറുത്ത് വിട്ടു.

ഇതിനിടയിൽ വിശപ്പ് സഹിക്കാനാവാതെ വന്നപ്പോൾ വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന താറാവിനു നൽകുന്ന ധാന്യങ്ങൾ കഴുകി വൃത്തിയാക്കി കഞ്ഞി വച്ചു കുടിച്ചു. മഴവെള്ളം ഉപയോഗിച്ചായിരുന്നു പാചകവും. കുടിവെള്ളവും മഴവെള്ളം തന്നെ. രണ്ട് ദിവസം പിന്നിട്ടതോടെ മൊബൈൽ ഓഫായി. വിവരങ്ങൾ കൈമാറാൻ കഴിയാതെയായി. ഏത് നിമിഷവും മരണം തങ്ങളെ കൂട്ടിക്കൊണ്ടു പോകും എന്നുറപ്പായി. മൂന്ന് പേരും വിധിയെ പഴിച്ചിരുന്നു. ഒടുവിൽ ആത്മഹത്യ ചെയ്യാം എന്ന് പിതാവ് മണിക്കുട്ടൻ പറഞ്ഞു. വീടിന് മുകളിൽ വച്ചിരിക്കുന്ന കീടനാശിനി കഞ്ഞിയിൽ കലർത്തി കുടിക്കാം എന്നാണ് പറഞ്ഞത്. ഗത്യന്തരമില്ലെങ്കിൽ അത് തന്നെ ചെയ്യാമെന്ന് മൂന്ന് പേരും തീരുമാനിച്ചു. അതിനിടയിലാണ് പുറത്തെ റോഡിൽ നിന്നും കുറേ ആളുകളുടെ ശബ്ദം കേട്ടത്. നോക്കിയപ്പോൾ ഒരു ബോട്ടും കുറേ ആളുകളും. പിന്നെ അവർ ബോട്ട് വീട്ടിലേക്ക് കയറ്റി മൂന്നു പേരെയും വീട്ടിനുള്ളിൽ നിന്നും രക്ഷപെടുത്തി.

മത്സ്യ തൊഴിലാളികളായിരുന്നു അവർ. ബന്ധുക്കളാരോ അശ്വതിയുടെയും കുടുംബത്തിന്റെയും ലൊക്കേഷൻ സഹിതം നൽകി സഹായം ആവശ്യപ്പെട്ടിരുന്നു. ഇത് മാധ്യമങ്ങളിലും വാർത്തയായി. അങ്ങനെ ഇവർ രക്ഷിക്കാനായി എത്തുകയായിരുന്നു. മൂന്ന് പേരെയും കല്ലിശ്ശേരിയിലെത്തിക്കുകയും അവിടെ നിന്നും ക്യാംപിലേക്ക് മാറ്റുകയും ചെയ്തു. ക്യാംപിൽ അവശ്യ സാധനങ്ങളുമായി എത്തിയ ഒരു വാഹനത്തിൽ ഇവരുടെ ബന്ധുവീടിന്റെ അടുത്തുള്ള സ്ഥലത്തിന്റെ പേരു കണ്ടു. അവരോട് തങ്ങളെ എങ്ങനെയെങ്കിലും അവിടെ എത്തിക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് അവർ വാഹനത്തിൽ കയറ്റി ബന്ധുവീട്ടിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ വെള്ളം ഇറങ്ങിയ ശേഷം തിരുവൻ വണ്ടൂരിലെ വീട്ടിലേക്ക് അശ്വതിയുടെ മാതാപിതാക്കൾ താമസം മാറിയിരിക്കുകയാണ്. അശ്വതി ഇപ്പോൾ ഭർതൃ ഗൃഹത്തിലും. മരണം പടിവാതിക്കലെത്തിയിട്ട് തിരിഞ്ഞു പോയത് വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് അശ്വതി ഇപ്പോഴും.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP