Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓണം മുന്നിൽ കണ്ട് എത്തിച്ച സാധന സാമഗ്രികളും ഇലക്ട്രോണിക് സാധനങ്ങളും വെള്ളത്തിൽ മുങ്ങി നശിച്ച വേദനയിൽ ശ്രീകണ്ഠാപുരത്തെ കച്ചവടക്കാർ; പുഴ കരകവിഞ്ഞ് കൃഷിയെല്ലാം ഒലിച്ചുപോയ വേദനയിൽ കോട്ടൂരിലെ അലക്‌സും ഭാര്യയും; വെള്ളം ഇറങ്ങിയപ്പോൾ അടിഞ്ഞു കൂടിയ ചെളി നീക്കാൻ വഴി തേടി നാട്ടുകാർ; കിണറ്റിൽ മലിനജലം മൂടിയതിനാൽ കുടിവെള്ളം ലഭിക്കാതെ ഉഴറുന്നത് നിരവധി പേർ: പേമാരി ദുരന്തം വിതച്ച കണ്ണൂർ ജില്ലയിൽ മറുനാടൻ കണ്ട കാഴ്‌ച്ചകൾ

ഓണം മുന്നിൽ കണ്ട് എത്തിച്ച സാധന സാമഗ്രികളും ഇലക്ട്രോണിക് സാധനങ്ങളും വെള്ളത്തിൽ മുങ്ങി നശിച്ച വേദനയിൽ ശ്രീകണ്ഠാപുരത്തെ കച്ചവടക്കാർ; പുഴ കരകവിഞ്ഞ് കൃഷിയെല്ലാം ഒലിച്ചുപോയ വേദനയിൽ കോട്ടൂരിലെ അലക്‌സും ഭാര്യയും; വെള്ളം ഇറങ്ങിയപ്പോൾ അടിഞ്ഞു കൂടിയ ചെളി നീക്കാൻ വഴി തേടി നാട്ടുകാർ; കിണറ്റിൽ മലിനജലം മൂടിയതിനാൽ കുടിവെള്ളം ലഭിക്കാതെ ഉഴറുന്നത് നിരവധി പേർ: പേമാരി ദുരന്തം വിതച്ച കണ്ണൂർ ജില്ലയിൽ മറുനാടൻ കണ്ട കാഴ്‌ച്ചകൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: കനത്ത മഴയിലും പേമാരിയിലും വൻനാശ നഷ്ടങ്ങളാണ് കണ്ണൂർ ജില്ലയിൽ ഉണ്ടായത്. ജില്ലയിലെ മയ്യിൽ മുതൽ പെരുമണ്ണ് വരെയുള്ള മുപ്പതോളം ഇടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വെള്ളം ഇറങ്ങിയതോടെ ആളുകൾക്ക് തിരിച്ച് വീട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. പേമാരി ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ മയ്യിൽ മുതൽ പെരുമണ്ണ് വരെയുള്ള മുപ്പതോളം വില്ലേജുകളിലൂടെ സഞ്ചരിച്ച മറുനാടൻ യാത്ര ചെയ്തപ്പോൾ അവിടത്തെ കണ്ട് കാഴ്‌ച്ചകൾ തീർത്തും ദുരിതപൂർണമായിരുന്നു:

കണ്ണൂരിൽ നിന്നും മലപ്പട്ടത്തേക്കായിരുന്നു യാത്ര പുറപ്പെട്ടത്. മലപ്പട്ടത്തെ എട്ടേയാറിൽ പുഴ കരകവിഞ്ഞൊഴുകിയതിന്റെ ദുരന്തം ഏറ്റുവാങ്ങിയ നൊമ്പരങ്ങളാണെവിടേയും. പുഴകളിലെ ജലനിരപ്പ് ഇറങ്ങാൻ തുടങ്ങിയതോടെയാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി ഓരോ കുടുംബങ്ങളും അറിയുന്നത്. വീട്ടുപകരണങ്ങൾ ഒഴുകി പോയതിന്റെ വേദനകൾ. കിടക്കാൻ കിടക്കയോ കട്ടിലോ അവശേഷിപ്പിച്ചിട്ടില്ല ചിലയിടങ്ങളിൽ. മലവെള്ളപ്പാച്ചിലിൽ ഒഴുകിപോയ കൃഷിയിടങ്ങൾ കാലങ്ങളായി തൊടിയിൽ നട്ട് നനച്ച് അനുഭവം തന്നു പോന്ന തെങ്ങും കവുങ്ങും വാഴകളും മരച്ചീനിയുമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് വിതുമ്പുന്ന കർഷക കുടുംബങ്ങളുടെ രോദനങ്ങൾ.

മരണത്തേക്കാൾ വലിയ നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നവർ. കോട്ടൂരിലെ കാഴ്ചകൾ ഇങ്ങിനെ. പുഴ ഇരച്ച് കയറിയതിന്റെ ദുരിതങ്ങളാണ് കോട്ടൂരിലെ അലക്സും ഭാര്യയും പറയുന്നത്. വാഴ, കപ്പ, തെങ്ങ് എന്നിവ പൂർണ്ണമായും ഒലിച്ചുപോയി. അമ്പത് വർഷത്തിലേറെയായി അവർ ഇവിടെ താമസം തുടങ്ങിയിട്ട്. 1973 ലാണ് ഇവിടെ പുഴയേറ്റമുണ്ടായത്. എന്നാൽ അതിനേക്കാളേറെ ഉയരത്തിൽ ഇത്തവണ ശ്രീകണ്ഠാപുരം പുഴ അപകടകരമാം വിധം കരയെ വിഴുങ്ങി ഒഴുകി. ഇനി ഒന്നും അവശേഷിപ്പിക്കാതെ ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ പേമാരി ഒഴുക്കി കളഞ്ഞിരിക്കയാണ്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കർഷകരുടെ ദുരിതങ്ങൾ അവർ പറയുന്നത് ദുഃഖം കടിച്ചമർത്തിയാണ്. മലപ്പട്ടത്തെ കെ.സി.കുഞ്ഞിരാമന്റെ സർവ്വ പ്രതീക്ഷകളും പ്രളയം ഒഴുക്കി കളഞ്ഞു. നാട്ടിൽ പുറത്തെ ചില്ലറ കച്ചവടക്കാരനായിരുന്നു കുഞ്ഞിരാമൻ. കടയിലുള്ള പലചരക്കു സാധനങ്ങളെല്ലാം പുഴ കൊണ്ടു പോയി. ശേഷിക്കുന്നവ ചെളിയിലമർന്നു. വീട് നിർമ്മാണത്തിന് വെച്ച മര ഉരുപ്പടികളും ഒഴുകി പോയതിന്റെ ദുഃഖം കുഞ്ഞിരാമന് പറയാനാവുന്നില്ല. തൊട്ടടുത്ത വീടുകളുടെ സ്ഥിതിയും സമാനമാണ്. തയ്യൽ മിഷനും ടി.വി.യും വീട്ടിനകത്തുള്ള സർവ്വ ഉപകരണങ്ങളും ചെളിയിൽ പുതഞ്ഞ് കിടക്കുന്നു. എല്ലാം പഴയപടിയിലാക്കാൻ എത്രകാലം വേണ്ടി വരുമെന്ന ആശങ്കയിലാണ് വീട്ടുകാർ.

ചെളിയിൽ പുതഞ്ഞ അലമാര മാറ്റിയപ്പോൾ അതിൽ മുഴുവൻ ചെളിവെള്ളം കയറിയിരുന്നു. മാറി ഉടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാതെ വീട് കഴുകിയെടുക്കുകയാണ് അവർ. ദുർഗന്ധം തളം കെട്ടി നിൽക്കുന്നു. പ്രതികരിക്കാൻ പോലുമാവാതെ വീട്ടുകാർ കഴിയുകയാണ്. വഴി നീളെ പേമാരി വരുത്തിവെച്ച ദുരിതങ്ങളാണ് കാണാൻ കഴിഞ്ഞത്. സ്വകാര്യ ബസ്സുകളൊന്നും സർവ്വീസ് പുനഃസ്ഥാപിച്ചിട്ടില്ല. ജനങ്ങൾ റോഡിലിറങ്ങി യാത്രക്ക് തയ്യാറാവുന്നുമില്ല. ഗ്രാമ നഗര ഭേദമെന്യേ ശ്മശാന മൂകതയാണ്. നാശനഷ്ടം അനുഭവിച്ചവർ മാത്രമല്ല അതിന് സാക്ഷിയാകുന്നവർക്കും കണ്ടു നിൽക്കാനാവാത്ത കാഴ്‌ച്ച.

ശ്രീകണ്ഠാപുരം നഗരത്തിലും പരിസരങ്ങളിലും ചെറുകിട കച്ചവടക്കാർ മുതൽ ഇടത്തരം കച്ചവടക്കാർ വരെ പ്രളയത്തിന്റെ ദുരന്തത്തിന് ഇരയായി. 300 ലേറെ കടകൾക്കാണ് നാശനഷ്ടങ്ങളുണ്ടായത്. ഓണാഘോഷത്തിന്റെ ഭാഗമായി കച്ചവടക്കാരെല്ലാം സാധന സാമഗ്രികൾ ഒരുക്കി വെച്ചിരുന്നു. അലങ്കാരവസ്തുക്കൾ മുതൽ ഇലക്ട്രോണിക് -ഇലക്ട്രിക്കൽ സാധനങ്ങൾ വരെ കരുതി വെച്ചവർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഗോഡൗണുകളിലുള്ള സാധനങ്ങളെല്ലാം പ്രളയ ജലത്തിൽ മുങ്ങി നശിച്ചു. ശേഷിക്കുന്നവ കഴുകിയെടുക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ.

കടക്കകത്ത് വെള്ളം കയറിയതിനാൽ പമ്പ് സെറ്റ് വെച്ച് പുറത്തേക്ക് ഒഴുക്കുകയാണ്. ടൗണിലെ പെട്രോൾ പമ്പും കോട്ടൂരിലെ രണ്ട് പെട്രോൾ പമ്പും വെള്ളം കയറി സേവനം നിർത്തിവെച്ചിരിക്കയാണ്. മൂന്ന് ദിവസമാണ് ശ്രീകണ്ഠാപുരം നഗരം വെള്ളത്തിലായത്. മൊത്ത വ്യാപാര സ്ഥാപനങ്ങളിലെ അരി, പയർ, പഞ്ചസാര തുടങ്ങിയവയെല്ലാം നശിച്ചിരിക്കയാണ്. കണക്കെടുക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്. ബസ്സ്സ്റ്റാൻഡ് പരിസരത്തെ രണ്ട് എ.ടി.എം. കൗണ്ടറുകളും വെള്ളത്തിൽ മുങ്ങിപോയി. പെരുന്നാൾ സീസണിലെ കച്ചവടം താറുമാറായി. ചെറുകിട കച്ചവടക്കാരുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കയാണ് ഈ പ്രളയ ദുരന്തം.

ശ്രീകണ്ഠാപുരത്തു നിന്നും പെരുമണ്ണിലേക്കുള്ള യാത്രയും ദുരിതങ്ങളുടെ പ്രളയമാണ്. റോഡിലൂടെ നടക്കാൻ പോലുമാവാതെ ചെളിനിറഞ്ഞ് കിടക്കുന്നു. പുഴ കയറിയതിന് പുറമേ കാറ്റും നാശം വിതച്ചു. കാറ്റിന് വീടിന്റെ മേൽക്കൂര തകർച്ച നേരിട്ടതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് വീട്ടുകാർ അഭയം തേടി. ജില്ലയിലെ 132 വില്ലേജുകളിൽ 113 ലും പേമാരി കെടുതികൾ വിതച്ചു. വെള്ളക്കെട്ടും ചെളിനിറഞ്ഞ് പുതഞ്ഞ് പോകുന്നതുമായ ഭാഗങ്ങളിൽ പോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ വിലക്കുകയായിരുന്നു.

വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ നടത്താൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വെള്ളമിറങ്ങിയാലും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിണർ വെള്ളം ഭൂരിഭാഗം പ്രളയം നേരിട്ട സ്ഥലങ്ങളിലും മലിനമാണ്. കുടിക്കാനുപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP