Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി കുടുംബം വാങ്ങിയ കൊച്ചിയിലെ ഫ്‌ളാറ്റ് ഉടമകൾ അറിയാതെ പാർത്ഥസാരഥി ബിൽഡേഴ്‌സ് മറിച്ചുവിറ്റു; തട്ടിപ്പു നടത്തിയത് വ്യാജരേഖകൾ കാണിച്ചു കോടതി ഉത്തരവു വാങ്ങി

പ്രവാസി കുടുംബം വാങ്ങിയ കൊച്ചിയിലെ ഫ്‌ളാറ്റ് ഉടമകൾ അറിയാതെ പാർത്ഥസാരഥി ബിൽഡേഴ്‌സ് മറിച്ചുവിറ്റു; തട്ടിപ്പു നടത്തിയത് വ്യാജരേഖകൾ കാണിച്ചു കോടതി ഉത്തരവു വാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാട്ടിൽ ഫ്‌ളാറ്റുകളും വില്ലകളും ഒക്കെ വാങ്ങിയശേഷം അതു പൂട്ടിയിട്ട് വിദേശത്തു ജീവിക്കുന്നവർ അറിയുക. വീടിന്റെ ആധാരവും മറ്റും നിങ്ങളുടെ കൈയിലാണെന്നു കരുതി അതു നിങ്ങളുടെ പേരിൽ തന്നെയാണ് ഇപ്പോഴും എന്ന് വിശ്വസിച്ചിരിക്കേണ്ട. നിങ്ങൾ താമസിക്കാൻ നാട്ടിൽ ചെല്ലുമ്പോൾ ഒരുപക്ഷേ, അവിടെ മറ്റാരെങ്കിലും താമസം ഉറപ്പിച്ചെന്നുവരാം. ഇതാണ് യുകെയിലെ കാർഡിഫിൽ താമസിക്കുന്ന കെ സി എബ്രഹാമിനും ഭാര്യ തങ്കമ്മയ്ക്കും സംഭവിച്ചത്. ഇരുവരും വൻ തുക കൊടുത്ത് വാങ്ങിയ ഫ്‌ളാറ്റിൽ കയറിക്കൂടാൻ വയ്യാത്ത സാഹചര്യമാണിപ്പോൾ. ഇവരുടെ വീട് മറ്റൊരാളുടെ പേരിലേക്ക് കോടതിയുടെ സഹായത്തോടെ എഴുതി നൽകിയിരിക്കുകയാണ്.

കെ സി എബ്രഹാമിന്റെയും ന്യൂപോർട്ടിൽ നേഴ്‌സായ തങ്കമ്മ എബ്രഹാമിന്റെയും പേരിൽ കാക്കനാട് പാർത്ഥസാരഥി ബിൽഡേഴ്‌സിന്റെ പാർക്ക് വ്യൂ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ അഞ്ചാംനിലയിലുള്ള 4 സി എന്ന ഫ്‌ളാറ്റ് 35,30,000 രൂപയ്ക്കാണ് വാങ്ങിയത്. 2008ൽ മുഴുവൻ തുകയും നല്കി താക്കോലും വാങ്ങി. രജിസ്‌ട്രേഷനും മറ്റു ചെലവുകൾക്കുമായി 1,63,000 രൂപ പിന്നീട് നൽകിയാൽ മതിയെന്നായിരുന്നു പാർത്ഥസാരഥി ബിൽഡേഴ്‌സിന്റെ മാനേജിങ് ഡയറക്ടർ ഗിരീഷ്‌കുമാർ പറഞ്ഞത്. തുടർന്ന് ഇതും നൽകിയാണ് രണ്ട് മക്കൾ അടങ്ങുന്ന ഈ കുടുംബം മടങ്ങിയത്. തങ്കമ്മയും മക്കളും മുഴുവൻ സമയം യുകെയിലാണെങ്കിലും എബ്രഹാം അഹമ്മദാബാദിലും യുകെയിലുമായാണ് കഴിയുന്നത്.

ഇതിനിടയിൽ ഫർണിഷ് ചെയ്യാൻ എബ്രഹാം 54,000 രൂപ ചെലവാക്കിയിരുന്നു. ഇതൊക്കെ ആണെങ്കിലും ഇങ്ങോട്ട് താമസം മാറ്റാതെ എബ്രഹാമും തങ്കമ്മയും വീട് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, വെള്ളത്തിന്റെ കണക്ഷൻ പരിശോധിക്കാനെന്ന പേരിൽ പാർത്ഥസാരഥി ഉടമ ഗിരീഷ് ഇടയ്ക്ക് എബ്രഹാമിനോട് താക്കോൽ വാങ്ങിയിരുന്നു. എന്നാൽ ഇത് മറിയാമ്മ എന്ന സ്ഥലം ഉടമയുമായുള്ള തർക്കത്തിന്റെ ഭാഗമായി ഫ്‌ളാറ്റ് കൈമാറ്റം ചെയ്യാനായിരുന്നു എന്ന് എബ്രഹാം അറിഞ്ഞത് ഈയിടെയാണ്. എബ്രഹാം അറിയാതെ ജില്ലാക്കോടതിയിൽ കേസുകൊടുത്ത് ഫ്‌ളാറ്റ് പണിയാൻ സ്ഥലം കൊടുത്ത മറിയാമ്മ ഈ ഫ്‌ളാറ്റിന്റെ അവകാശം സ്വന്തമാക്കുകയും ഉണ്ണിക്കൃഷ്ണൻ എന്നൊരാൾക്ക് മറിച്ച് വിൽക്കുകയുമായിരുന്നു. ഈ അടുത്ത കാലത്തുകൊച്ചിയിൽ എത്തിയ എബ്രഹാം വീട്ടിൽ താമസിക്കാൻ ചെന്നപ്പോഴാണ് ഉടമസ്ഥാവകാശം മാറിയ വിവരം അറിഞ്ഞത്. ലോൺ എടുത്തപ്പോൾ എച്ച്ഡിഎഫ്‌സി ബാങ്കിന് നൽകിയ ആധാരം നിലനിൽക്കേ എങ്ങനെയാണ് ഈ കച്ചവടം നടന്നതെന്ന സംശയത്തിലാണ് എബ്രഹാം.

28 ഫ്‌ളാറ്റുള്ള കെട്ടിടസമുച്ചയമാണ് പാർത്ഥസാരഥി ബിൽഡേഴ്‌സ് കാക്കനാട് പടുത്തുയർത്തിയത്. ഇതിന് ആവശ്യമായ സ്ഥലം നൽകിയ മറിയാമ്മ എന്ന സ്ത്രീക്ക് ആറ് ഫ്‌ളാറ്റുകൾ പ്രതിഫലമായി നൽകി. സാധാരണ ഫ്‌ളാറ്റ് നിർമ്മാതാക്കൾ ഇങ്ങനെയാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതിൽ രണ്ടെണ്ണം മറിയാമ്മ തന്നെ വിറ്റു. ബാക്കി നാലെണ്ണം വിൽക്കാൻ പാർത്ഥസാരഥി ബിൽഡേഴ്‌സിനെ ഏൽപ്പിച്ചു. അതിൽ ഒന്നാണ് എബ്രഹാമും തങ്കമ്മയും ചേർന്ന് വാങ്ങിയത്. എന്നാൽ ഇതിനിടയിൽ മറിയാമ്മയും പാർത്ഥസാരഥി ബിൽഡേഴ്‌സും തമ്മിൽ തെറ്റിയതോടെ തർക്കം കോടതിയിൽ എത്തി. ഈ തർക്കത്തിന് പരിഹാരമായി കെട്ടിടത്തിന്റെ അവകാശം മറിയാമ്മയ്ക്ക് ജില്ലാക്കോടതി നൽകുകയായിരുന്നു. ഈ ഫ്‌ളാറ്റ് എബ്രഹാമിന്റെ കുടുംബത്തിന് നൽകിയെന്ന കാര്യം മറച്ചുവച്ചാണ് കോടതിയിൽ കേസ് നടത്തിയത്. ഈ വിവരം അറിയാതെയാണ് കോടതി വിധിയെന്നാണ് കരുതുന്നത്.

ഇതിനെതിരെ തൃക്കാക്കര പൊലീസിനെയും ആലുവ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയെയും എബ്രഹാമിന്റെ കുടുംബം സമീപിച്ചു. എന്നാൽ, പൊലീസിന്റെ ഭാഗത്തുനിന്ന് നിസ്സഹകരണമാണ് ഉണ്ടാകുന്നതെന്നാണ് എബ്രഹാമിന്റെ പരാതി. ഫ്‌ളാറ്റിരിക്കുന്നത് തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിട്ടും ഫ്‌ളാറ്റ് ഉടമയ്ക്ക് ബന്ധമുള്ള പാലാരിവട്ടം പൊലീസിനെക്കൊണ്ട് അന്വേഷിപ്പിച്ചത് സ്വാധീനം കൊണ്ടാണ് എന്ന് ഈ കുടുംബം പറയുന്നു. എന്തായാലും വിവരം അറിഞ്ഞ എബ്രഹാം നാളുകളായി കോടതി കയറി ഇറങ്ങുകയാണ്. ഫ്‌ളാറ്റിന്റെ അവകാശം മറിയാമ്മയ്ക്ക് നൽകിയ ജില്ലാക്കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകി കാത്തിരിക്കുകയാണ് എബ്രഹാമിപ്പോൾ. കേസ് തീരാത്തതിനാൽ യുകെയിലേക്ക് മടങ്ങാനും എബ്രഹാമിന് സാധിക്കുന്നില്ല.

പണം കടമെടുത്ത എച്ച്ഡിഎഫ്‌സി ബാങ്കും ഭീഷണിയുമായി പുറകെയുണ്ട്. 26,72,000 രൂപയാണ് എച്ച്ഡിഎഫ്‌സിയിൽ നിന്നും ലോൺ എടുത്തത്. വീട് വേറൊരാൾക്ക് വിറ്റതോടെ ബാങ്ക് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നുവെന്ന് എബ്രഹാം പറഞ്ഞു. ലോൺ കൃത്യമായി അടച്ചിട്ടും വീടിന്റെ ഉടമസ്ഥാവകാശം ഇല്ലാത്തതിന്റെ പേരിലാണ് ബാങ്കിന്റെ ഭീഷണി. ബാങ്കുകൂടി അറിഞ്ഞാകും ഈ ഇടപാട് എന്നും എബ്രഹാം പറയുന്നു. സമഗ്ര അന്വേഷണം വഴി തട്ടിപ്പിന്റെ വ്യാപ്തി വെളിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് എബ്രഹാം ഇപ്പോൾ. സ്വന്തമായി നടത്തിയ അന്വേഷണത്തിൽ അപ്പാർട്ട്‌മെന്റ് മറിച്ചുവിറ്റതായാണ് വിവരം ലഭിച്ചത്. ഇത് സംബന്ധിച്ച് എല്ലാ രേഖകളും സംഘടിപ്പിച്ച് അഭിഭാഷകരുടെ സഹായത്തോടെ നിയമപോരാട്ടം നടത്തുകയാണ് എബ്രഹാം. പണം മടക്കിനൽകുകയോ അപ്പാർട്ട്‌മെന്റിന്റെ രജിസ്‌ട്രേഷൻ നടത്തി കൈമാറുകയോ ചെയ്യാൻ പൊലീസ് ഇടപെടണമെന്നാണ് എബ്രഹാമിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP