Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എറണാകുളത്തിന് കുടിവെള്ളം നൽകുന്ന പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; കുറച്ചുദിവസമായി വൻതോതിൽ വിഷാംശം ഫാക്ടറികളിൽ നിന്ന് നദിയിലേക്ക് ഒഴുക്കിവിട്ടെന്ന് സംശയം; പുഴയിലെ വെള്ളം ഉപയോഗിക്കുന്നവരിൽ വൃക്കരോഗികളായവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞെന്നും റിപ്പോർട്ട്; കേരളത്തിലെ പ്രധാന നദിയിൽ നമ്മൾ വിഷംകലക്കുന്നത് ഇങ്ങനെ

എറണാകുളത്തിന് കുടിവെള്ളം നൽകുന്ന പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു; കുറച്ചുദിവസമായി വൻതോതിൽ വിഷാംശം ഫാക്ടറികളിൽ നിന്ന് നദിയിലേക്ക് ഒഴുക്കിവിട്ടെന്ന് സംശയം; പുഴയിലെ വെള്ളം ഉപയോഗിക്കുന്നവരിൽ വൃക്കരോഗികളായവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞെന്നും റിപ്പോർട്ട്; കേരളത്തിലെ പ്രധാന നദിയിൽ നമ്മൾ വിഷംകലക്കുന്നത് ഇങ്ങനെ

അരുൺ ജയകുമാർ

കൊച്ചി: നഗരത്തിന്റെയും എറണാകുളം ജില്ലയുടെ മുഴവനും കുടിവെള്ള സ്രോതസ്സായ പെരിയാറിലെ വെള്ളം കുടിച്ചാൽ ജീവാപായംവരെ ഉണ്ടാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു. കഴിഞ്ഞ കുറച്ചുദിവസമായി കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങുന്ന ദൃശ്യങ്ങളാണ് സംസ്ഥാനത്തെ പ്രധാന നദികളിലൊന്നായ പെരിയാറിന്റെ തീരങ്ങളിൽ. സമീപ പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും പുഴയിലെ വെള്ളം ഉപയോഗിക്കുന്നവർക്കും വൃക്കരോഗം ഉൾപ്പെടെ പലവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് ആക്ഷേപം ശക്തമാണ്.

എ്ന്നിട്ടും പെരിയാറിനെ മാലിന്യപ്പുഴയാക്കുന്ന കൂറ്റൻ വ്യവസായ ശാലകൾക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇപ്പോൾ പുഴയിലെ മത്സ്യങ്ങൾ ചത്തുപൊങ്ങി തുടങ്ങിയതോടെ അതീവ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്. വൻതോതിൽ വിഷാംശം ഫാക്ടറികളിൽ നിന്ന് നദിയിലേക്ക് എത്തിയെന്നതിന്റെ സൂചനയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമായതെന്നാണ് അനുമാനം. മാത്രമല്ല, രാസമാലിന്യത്തിലെ വിഷമേറ്റ ചത്ത മീനുകളെ വിൽക്കാനും ശ്രമം നടന്നതായി സൂചനയുണ്ട്.

നദിയുടെ തീരത്തുള്ള രാസവ്യവസായ ശാലകളിൽ നിന്നും ടൺ കണക്കിന് രാസ മാലിന്യം പെരിയാറിലേക്കൊഴുകി തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ എന്തൊക്കെ ഫലങ്ങളുണ്ടായാലും തങ്ങളെ അത് ബാധിക്കില്ലെന്നും ഒരു കുലുക്കവുമില്ലെന്നും തെളിയിക്കുകയാണ് അധികൃതർ. നദിയിലെ രാസ മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി കൂടുന്നത് ചെറിയ പ്രശ്നങ്ങളൊന്നുമല്ല സൃഷ്ടിക്കുന്നത്. പെരിയാറിന്റെ അവസ്ഥ ഇത്തരത്തിൽ തുടർന്നാൽ മറ്റൊരു എന്മഗജെ കൂടി കേരളത്തിൽ ഉണ്ടാകുന്ന കാലം വിദൂരമല്ലെന്നാണ് വിദഗധാഭിപ്രായം.

പെരിയാറിലേക്ക് മാലിന്യമൊഴുകുന്നത് ഇവിടുത്തെ ജീവസമ്പത്തിന് തന്നെ വെല്ലുവിളിയണ്. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് പെരിയാറിൽ ചത്ത് പൊങ്ങുന്നത്. ഗുരുതരമായ വൃക്ക രോഗങ്ങളാണ് ഇവിടുത്തെ ആളുകളിൽ ഇപ്പോൾ കണ്ട് വരുന്നത്. 2000ൽ വെറും ആയിരങ്ങൾ മാത്രമായിരുന്നു എങ്കിൽ 2017ൽ എത്തി നിൽ്ക്കുമ്പോൾ വൃക്ക രോഗികളുടെ എണ്ണം എറണാകുളം ജില്ലയിൽ ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. പെരിയറിലെ മാലിന്യ കൂമ്പാരത്തിനും രാസമാലിന്യങ്ങൾ തള്ളുന്നതിനുമെതിരെ സിഒആർഎൽ എന്ന സന്നദ്ധ സംഘടന ഇക്കഴിഞ്ഞ 22 മുതൽ നിരാഹാര സമരമനുഷ്ഠിക്കുകയാണ്. 26ന് ഇതിന്റെ സമാപന സമ്മേളനത്തിൽ ഇറോം ഷർമിള പങ്കെടുക്കുമെന്ന് സംഘടനാ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു

പെരിയാർ നദിയുടെ തീരത്തുള്ള രാസവ്യവസായ ശാലകൾ കുടിവെള്ള സംഭരണിയിൽ രാസമാലിന്യം തള്ളുന്നു എന്നും മറ്റുമുള്ള നിരവധി ആധികാരിക പഠന റിപ്പോർട്ടകളും ഗവേഷണ പ്രബന്ധങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ 2016 കാലയളവിൽ ആലുവ, പെരുമ്പാവൂർ, കളമശേരി, ഏലൂർ-ഇടയാർ പ്രദേശങ്ങളിൽ സിപിസിബി (സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ്) 71 വ്യവസായ ശാലകളിൽ നടത്തിയ പഠനത്തിൽ 18 വ്യവസായ ശാലകൾക്കു ഇടിപി ഇല്ലെന്നും ഈ വ്യവസായ ശാലകൾ എത്ര ലിറ്റർ പുഴയിലേക്ക് ഒഴുക്കുന്നുണ്ടെന്നു കണക്കാക്കപെടുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സമാലിന്യങ്ങൾപുഴയിലേക്ക് ഒഴുകുന്നത് കാരണം പല സ്ഥലങ്ങളിലും പുഴയ്ക്ക് നിറം പോലും മാറിയിട്ടുണ്ട്.

ശുദ്ധമായ കുടിവെള്ള വിതരണത്തിന് ഭീഷണിയാണ് രാസ മലന്യങ്ങളുടെ സാന്നിധ്യം. പെരിയാറിന്റെ മത്സ്യ സമ്പത്തിന് വലിയ ഭീഷണി തന്നെ നേരിടുമ്പോൾ മത്സ്യ ബന്ധന തൊഴിലാളികൾക്ക് വൻ നഷ്ടവും കുടുംബം പട്ടിണിയാകുന്ന അവസ്ഥയുമാണ് നേരിടേണ്ടി വരുന്നത്. പെരിയാറിന്റെ തീരത്തുള്ള 16 റൈസ് മില്ലുകൾ ഇടിപി പ്രവർത്തിപ്പിക്കുന്നില്ല എന്നും പൂർണമായി പുഴയിലേക്ക് മാലിന്യം തള്ളുന്നൂ എന്നും വ്യക്തമാക്കുന്നൂ. നിരവധി വ്യവസായ ശാലകളിൽപുഴയുടെ അരികിൽ തന്നെ മാലിന്യസംഭരണികൾ ഉണ്ടെന്നും ഈ മാലിന്യം പുഴയിൽ തള്ളുന്നുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ നടപ്പിൽ ആക്കുന്നതിന് ഇവിടെയുള്ള കേരള പോല്യൂഷൻ കൺട്രോൾ ബോർഡും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തികഞ്ഞ പരാജയം ആണെന്നും സിപിസിബി വ്യകതമാക്കുന്നൂ.

കുടിവെള്ള സംഭരണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ വ്യവസായ ശാലകളുടെ മാലിന്യങ്ങളിലെ രാസപദാർഥങ്ങളുടെ അളവ് അനുവദനീയമായ അളവിൽ നിന്ന് 100 ഇരട്ടിയോളം ആണെന്ന് സിപിസിബി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ നദികളിൽ വെള്ളത്തിന്റെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ 73 ഇടങ്ങളിൽ വിവധ പുഴകളിൽ സാംപ്ലിങ് നടത്തിയപ്പോൾ ആലുവ-ഏലൂർ, കളമശേരി പ്രദേശങ്ങളിൽ ഗുരുതരം ആയി മലിനീകരിക്കപെട്ടിട്ടുള്ളതായി 2015ൽ സിപിസിബി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഗുരുതരം ആയി മലിനീകരിക്കപെട്ട പ്രദേശങ്ങളിൽ പെരിയാർ നദിയുടെ ഈ പ്രദേശങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്.

ഇതിന് എല്ലാം പുറമേ 2016 മെയ് മാസത്തിലും, സെപ്റ്റംബർ മാസത്തിലും കുടിവെള്ള സംഭരണ മേഖലയിൽ എന്ന രാസവ്യവസായശാലകൾ വലിയ രീതിയിൽ രാസമാലിന്യം തള്ളുന്നതായി കേരള മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥികരിക്കുകയുണ്ടായി. കാഡ്മിയം, ക്രോമിയം, അയേൺ, മംഗനീസ് തുടങ്ങിയ രാസമാലിന്യങ്ങൾ ഈ വ്യവസായ ശാലയുടെ മാലിന്യങ്ങളിൽ ഉള്ളതായി സുപ്രീംകോടതി മോണിടറിങ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. 2005ൽ സുപ്രീംകോടതി പഠനസമിതി റിപ്പോർട്ട്, 2009ൽ നിയമസഭ സമിതി റിപ്പോർട്ട്, ഇതിനെല്ലാം പുറമേ ഈ കാലയളവിൽ കേന്ദ്ര-സംസ്ഥാന ഗവേഷണകേന്ദ്രങ്ങളുടെ 60 ഓളം പഠനങ്ങൾ. കുടിവെള്ള സംഭരണ മേഖലയിൽ പോലും മാലിന്യം തള്ളിയ കമ്പനിക്ക് എതിരെ ഇന്നും നടപടികൾ ഇല്ലാതെ തുടരുകയാണ്.



പെരിയാറിലെ കുടിവെള്ള സംഭരണ മേഖലയിൽ അപകടകരമായ ഘനലോഹമാലിന്യങ്ങളും മറ്റ് രാസപദാർഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിലെ അയൺ, ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹമാലിന്യങ്ങൾ മഴ കുറയുമ്പോൾ അധീകരിക്കുനതായി (പെർമിസ്സിബിൾ ലിമിറ്റ്ന്) മുകളിൽ) കേരള യുണിവേർസിറ്റി നടത്തിയ പഠനത്തിൽ നിന്ന് വ്യകതമാണ്.പെരിയാറിലെ കുടിവെള്ള സംഭരണ മേഖലയിൽ മണൽ വാരൽന് വിധേയമായപ്രദേശത്തെ വെള്ളം പഠന വിധേയമാക്കിയപ്പോൾ ലെഡ്, കോപ്പർ, കാഡ്മിയംതുടങ്ങിയ ലോഹങ്ങൾ അനുവദനീയം ആയ അളവിൽ നിന്ന് 50 മടങ്ങഓളം ഉയർന്ന അളവിൽ കാണപ്പെട്ടിട്ടുണ്ട്.

എം ജി യുണിവേർസിറ്റി 2014 ൽ പെരിയാർ നദിയിലെ കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തിന്റെ ഗുണനിലവാരം പഠനവിധേയം ആക്കിയപ്പോൾ, വെള്ളം ഉപയോഗയോഗ്യം അല്ലയെന്നും ഫെനോലിക് കംപൗണ്ട്സ്, അയോൺ, ടിഡിഎസ്, സിഒഡി എന്നി മലിനീകാരികൾ അനുവദനീയം ആയ അളവിൽ നിന്ന് അധികരിക്കുന്നതായി വ്യക്തമാക്കുന്നു. വ്യവസായ മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ, ഓരു വെള്ളം (കടൽ വെള്ളം) എന്നിവ എത്തിചേരുന്ന പ്രദേശത്താണ് ഈ സംഭരണ മേഖലകൾ. 'റെഡ്കാറ്റഗറിയിലുള്ള (രാസദിഷ്ടിതമായ) വ്യവസായ ശാലകൾ പോലും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

ഇതിന്പുറമേ വേലിയേറ്റ-യിറക്കത്തിന് വിധേയമായ പ്രദേശം കൂടിയാണിത്. കുടിവെള്ള സംഭരണ മേഖലയുടെ ഭാഗമായ കിഴ്മാടിനു താഴേക്ക് തീരപ്രദേശ പരിപാലന മേഖലയാണ് എന്ന് സെസ്സ്‌ന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുണ്ട് ഇതിനും പുറമേ ഈ പ്രദേശത്ത് നിന്ന് താഴേക്ക് മണൽ ഘനനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ സങ്കീർണമായ രാസജൈവ മാറ്റത്തിന് സാധ്യതയുള്ള പുഴയുടെ ഈ പ്രദേശത്ത് നിന്ന് എടുക്കുന്ന വെള്ളം'ക്ളോറിനേഷ്ൻ' പോലെയുള്ള ലെഘുവായ ശുദ്ധികരണ പ്രക്രിയക്ക് വിധേയമാക്കിയാണ് കുടിവെള്ളമായി വിതരണം നടത്തുന്നത്.

ശുദ്ധികരണ ശാലയിൽ നിലവിലുള്ള പ്രക്രിയകൾ വഴി സാന്ദ്രത കൂടിയ പദാർത്ഥങ്ങളും (ചെളി, മണ്ണ്),സൂഷ്മജീവജാലങ്ങളും മാത്രമേ ഇല്ലാതാക്കാൻ കഴിയൂ. വെള്ളത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഘനലോഹങ്ങളോ, സങ്കിർണമായ ജൈവസംയുകതങ്ങളോ ഇല്ലാതാക്കാൻ കഴിയില്ല. ക്ളോറിനെഷൻ ലെഘുവായ ശുദ്ധികരണ പ്രക്രിയകൾ മാത്രം നടത്തി കുടിവെള്ള വിതരണം നടത്തപ്പെടുമ്പോൾ വിശദം ആയ രാസജൈവ പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.

കുടിവെള്ളീ വിതരണം നടത്തുന്നതിന് ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ബിഐഎസ് നിഷ്‌കർഷിക്കുന്ന രാസപരിശോധനകൾ നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തേണ്ടതുണ്ട്. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്, 6 പട്ടികയിലായി അടിസ്ഥാന പരിശോധനകൾ, ടോക്സിക്, റേഡിയോആക്റ്റീവ്, പെസ്റ്റിസൈഡ്, ബാക്ടിരിയോളജിക്കൽ പരിശോധനകൾ എന്നിങ്ങനെ 65 പരിശോധനകൾ ആയി തരംതിരിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരമായ പരിശോധനകൾ പോലും പൂർണമായി നടത്താതെ ആണ് ഇന്നും കേരള വാട്ടർ അഥോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്.

കുടിവെള്ളത്തിൽ വ്യവസായമാലിന്യം നിരവധി തവണ ഒഴുക്കിയപ്പോളും വാട്ടർ അഥോറിറ്റി വിശദം ആയ പരിശോധനകൾ നടത്താതെ അടിസ്ഥാന പരിശോധനകൾ മാത്രം നടത്തി കുടിവെള്ളം ശുദ്ധമാണെന്ന വാർത്ത നൽകി ജനങ്ങളെ കബിളിപ്പിക്കുകയാണുണ്ടായത്. കുടിവെള്ളത്തിൽ കലർന്ന ഈ രാസമാലിന്യം ശുദ്ധികരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലന്നും നടപടി എടുക്കാൻ കഴിയില്ലെന്നും വ്യവസായ ശാലകൾ മാലിന്യം തള്ളിയ കാലയളവിൽ വാട്ടർ അഥോറിറ്റി വ്യക്തമാക്കിയിരുന്നൂ. ജൈവിക മാറ്റത്തിന് വിധേയം ആകാത്ത രാസമാലിന്യങ്ങൾ പുഴയിൽ തള്ളുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നത് ഇനിയും ആർക്കും അറിയാത്തതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP