Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാക്കെടുത്താൽ മത്സ്യത്തൊഴിലാളികളെ പുകഴ്‌ത്തും; കാശു ചോദിച്ചാൽ കൈമലർത്തും; പത്തനംതിട്ടയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രളയ ദുരിതാശ്വാസമായി നൽകാനുള്ള തുക ലാപ്സായെന്ന് സർക്കാർ; സഹായ വിതരണമെന്ന പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് നൽകിയത് തുക അനുവദിച്ചുകൊണ്ടുള്ള കത്തിട്ട കാലിക്കവർ; പ്രളയകാലത്ത് ജീവൻ പണയം വച്ച് കേരളത്തിന്റെ കണ്ണീരൊപ്പിയവരോടുള്ള ചതിയുടെ കഥ ഇങ്ങനെ

നാക്കെടുത്താൽ മത്സ്യത്തൊഴിലാളികളെ പുകഴ്‌ത്തും; കാശു ചോദിച്ചാൽ കൈമലർത്തും; പത്തനംതിട്ടയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രളയ ദുരിതാശ്വാസമായി നൽകാനുള്ള തുക ലാപ്സായെന്ന് സർക്കാർ; സഹായ വിതരണമെന്ന പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് നൽകിയത് തുക അനുവദിച്ചുകൊണ്ടുള്ള കത്തിട്ട കാലിക്കവർ; പ്രളയകാലത്ത് ജീവൻ പണയം വച്ച് കേരളത്തിന്റെ കണ്ണീരൊപ്പിയവരോടുള്ള ചതിയുടെ കഥ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന സർക്കാർ വാഗ്ദാനങ്ങൾ വാരിക്കോരി ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണൽ പോലും നടക്കുന്നതിന് മുൻപ് അവ ഓരോന്നായി ലംഘിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. തിരുവനന്തപുരത്ത് വായ്പാ കുടിശികയുടെ പേരിൽ അമ്മയും മകളും ആത്മഹത്യ ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഭവിച്ചതും ഇതേ വാഗ്ദാന ലംഘനത്തിന്റെ പേരിലാണ്. പത്തനംതിട്ടയിൽ സർക്കാർ നടത്തിയ മുട്ടനൊരു തെരഞ്ഞെടുപ്പ് തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇരയായതാകട്ടെ ഉൾനാടൻ മൽസ്യതൊഴിലാളികളും കർഷകരും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപ്, പ്രളയത്തിൽ നഷ്ടം സംഭവിച്ചതിനുള്ള സഹായ ധനമെന്ന പേരിൽ കിട്ടാൻ പോകുന്ന തുകയുടെ കണക്ക് ഒരു കവറിലാക്കി മൽസ്യത്തൊഴിലാളികൾക്കും കർഷകർക്കും കൈമാറിയിരുന്നു. തിരുവല്ലയിൽ നടന്ന വലിയ ചടങ്ങിൽ മുന്മന്ത്രി മാത്യു ടി തോമസാണ് വാഗ്ദാന കവർ നൽകിയത്. രണ്ടു ദിവസത്തിനുള്ളിൽ പണം ഓരോരുത്തരുടെയും അക്കൗണ്ടിലെത്തുമെന്നായിരുന്നു എംഎൽഎ പറഞ്ഞിരുന്നത്. മാസം രണ്ടു കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണം എത്താതെ വന്നതോടെ തൊഴിലാളികളും കർഷകരും അന്വേഷിച്ചപ്പോൾ കലക്ടറേറ്റിൽ നിന്നു കിട്ടിയ മറുപടി ആ ഫണ്ട് ലാപ്സായിപ്പോയി എന്നായിരുന്നു.

ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന തൊഴിലാളികളെയും മീൻവളർത്തൽ നടത്തുന്ന കർഷകരെയുമാണ് സർക്കാർ പറഞ്ഞു പറ്റിച്ചിരിക്കുന്നത്. ഓഗസ്റ്റിലെ മഹാപ്രളയം ഈ രണ്ടു വിഭാഗങ്ങളുടെയും സാമ്പത്തിക അടിത്തറയും ജീവിതവും തകർത്തിരുന്നു. മീൻപിടിക്കുന്നവരുടെ വള്ളവും വലയും പൂർണമായി നശിച്ചു. മൽസ്യ കർഷകരുടെ കുളങ്ങളിലെല്ലാം വെള്ളം കയറി മീൻകുഞ്ഞുങ്ങൾ മുഴുവൻ ഒലിച്ചു പോവുകയും ചെയ്തു. സർക്കാരിന്റെ നിർദ്ദേശമനുസരിച്ച്, നഷ്ടം വന്ന തൊഴിലാളികളും കർഷകരും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്ക് പരാതി നൽകി.

ഓരോ തൊഴിലാളിക്കും വന്ന നഷ്ടത്തിന്റെ കണക്ക് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്ന് എത്തി വിലയിരുത്തി സർക്കാരിന് കൈമാറി. 99 മൽസ്യ ബന്ധനത്തൊഴിലാളികൾക്കായി 10.59 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. 5200 മുതൽ 26,000 രൂപ വരെയാണ് ഓരോരുത്തർക്കും അനുവദിച്ചിരുന്നത്. തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി താലുക്കിലെ തൊഴിലാളികളായി നഷ്ടം സംഭവിച്ചവരിൽ ഏറെയും. മീൻവളർത്തൽ കേന്ദ്രങ്ങൾ നഷ്ടമായ 70 കർഷകർക്കായി 96,678 രൂപയും അനുവദിച്ചിരുന്നു. നഷ്ടക്കണക്ക് ഫിഷറീസ് വകുപ്പാണ് എടുത്തതെങ്കിലും തുക നൽകുന്നത് ദുരന്ത നിവാരണ വകുപ്പായിരുന്നു.

പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ഫെബ്രുവരി 25 നാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. 27 ന് ട്രഷറിയിൽ ബില്ലു മാറുകയും ചെയ്തിരുന്നു. ഇതിനിടെ സഹായ വിതരണം നൽകുന്നതിനായി തിരുവല്ലയിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയ മൽസ്യ ബന്ധന തൊഴിലാളികൾക്കും കർഷകർക്കും ഒരോ കവർ കൈമാറി. ഇതിനുള്ളിലുണ്ടായിരുന്നതാകട്ടെ തുക അനുവദിച്ചു കൊണ്ടുള്ള കത്ത് മാത്രമായിരുന്നു. ഓരോരുത്തർക്കും എത്ര വീതം തുക കിട്ടുമെന്നും ഇതിൽ രേഖപ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ തുക ഓരോരുത്തരുടെയും അകൗണ്ടിലെത്തുമെന്നും എംഎ‍ൽഎ ഉറപ്പു നൽകിയിരുന്നു.

പിന്നീട് അനക്കമൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ടാകുമെന്ന് കരുതി തൊഴിലാളികൾ ഇതേപ്പറ്റി ചോദിച്ചതുമില്ല. വോട്ടിങ് കഴിഞ്ഞതിന് പിന്നാലെ കലക്ടറേറ്റിൽ എത്തി അന്വേഷിച്ചപ്പോഴാണ് ഇതിനായി അനുവദിച്ച തുക ലാപ്സായെന്ന് ദുരന്ത നിവാരണ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതോടെയാണ് സർക്കാരിന്റെ മറ്റൊരു വാഗ്ദാനം കൂടി ദുരന്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP