Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മീൻവണ്ടികളിൽ പേരിന് മാത്രം ടാങ്കുകൾ; സൈക്കിൾ ട്യൂബ് ഘടിപ്പിച്ച് റോഡിലേക്ക് മലിനജനം ഒഴുക്കി വിടും; രാത്രി ആളില്ലാത്തപ്പോൾ വാഹനം നിർത്തി ഓടകളിലും നടുറോഡിലും ഒഴുക്കാൻ മടിയില്ല; ദുരിതത്തിലാവുന്നത് മറ്റുവണ്ടികൾ; ചീറിപ്പാച്ചിലിൽ അപകടങ്ങളും; സർക്കാർ ഉത്തരവുകൾക്ക് പുല്ലുവില

മീൻവണ്ടികളിൽ പേരിന് മാത്രം ടാങ്കുകൾ; സൈക്കിൾ ട്യൂബ് ഘടിപ്പിച്ച് റോഡിലേക്ക് മലിനജനം ഒഴുക്കി വിടും; രാത്രി ആളില്ലാത്തപ്പോൾ വാഹനം നിർത്തി ഓടകളിലും നടുറോഡിലും ഒഴുക്കാൻ മടിയില്ല; ദുരിതത്തിലാവുന്നത് മറ്റുവണ്ടികൾ; ചീറിപ്പാച്ചിലിൽ അപകടങ്ങളും; സർക്കാർ ഉത്തരവുകൾക്ക് പുല്ലുവില

എം എ എ റഹ്‌മാൻ

കോഴിക്കോട്: സർക്കാർ ഉത്തരവുകൾ കാറ്റിൽ പറത്തി മീൻവണ്ടികൾ കുതിക്കുമ്പോൾ ദുരിതത്തിലാവുന്നത് മറ്റു വാഹനങ്ങൾ. കടുത്ത ദുർഗന്ധമുള്ള കൊഴുത്തജലം റോഡിലേക്കു നിർബാധം ഒഴുക്കിവിട്ട് വണ്ടികൾ കുതിച്ചുപായുമ്പോൾ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവം. മീൻ വണ്ടികൾ സംഭരണ ടാങ്കുകൾ സ്ഥാപിക്കാതെ മലിനജലം റോഡിലൊഴുക്കി അപകടങ്ങൾക്ക് വഴി ഒരുക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. വെള്ളയിൽ, പുതിയാപ്പ, ബേപ്പൂർ, ചാലിയം തുടങ്ങിയ മത്സ്യബന്ധന തുറമുഖങ്ങളിൽനിന്ന് മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളാണ് ദേശീയപാതയടക്കമുള്ള റോഡുകളിൽ മലിനജലം ഒഴുക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭൂരിഭാഗം വാഹനങ്ങൾക്കും സംഭരണ ടാങ്ക് സംവിധാനമില്ല.

കേരളത്തിൽ മത്സ്യ ലഭ്യത കുറയുമ്പോൾ ഗോവ, മംഗളൂരു, തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം മത്സ്യം കയറ്റിയ കണ്ടയിനർ ലോറികൾ എത്താറുണ്ട്. പലതിലും പേരിന് ടാങ്ക് കാണാമെങ്കിലും ടാങ്കിലേക്കു മലിനജലം ശേഖരിക്കുന്നതിന് പകരം അവയ്ക്ക താഴെ സൈക്കിൾ ട്യൂബ് ഘടിപ്പിച്ച് അതിൽ ദ്വാരമിട്ട് റോഡിലേക്കു ഒഴുക്കുന്ന സ്ഥിതിയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നെല്ലാം എത്തുന്ന കണ്ടയിനർ ലോറികൾ പലതും ശുചീകരിക്കാത്തതും റോഡുകളിൽ യാത്ര ദുസ്സഹമാക്കുന്ന സ്ഥിതിയാണ്.

ഇത്തരം വാഹനങ്ങൾ കടന്നുപോയാൽ ദീർഘനേരം റോഡിലും പരിസരത്തും കടുത്ത ശവഗന്ധം നിറഞ്ഞുനിൽക്കും. മത്സ്യത്തിന്റെ ദുർഗന്ധത്തിനൊപ്പം ഇവയിൽ ഉപയോഗിക്കുന്ന അമോണിയയും മൃതദേഹം അഴുകാതിരിക്കാനായി ഉപയോഗിക്കുന്ന ഫോർമാലിനൊപ്പം സോഡിയം ബെൻസോയെറ്റ് തുടങ്ങിയവയുമെല്ലാം അതിമാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നവയാണ്.

പുറം നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്കൊപ്പം നഗരത്തിലും നാട്ടിൻപുറങ്ങളിലും കച്ചവടം നടത്തുവർവരെ നിർദ്ദേശം മറികടന്ന് വെള്ളം റോഡിൽ ഒഴുക്കി വിടുന്നത് പതിവാണ്. ഇതര ജില്ലകളിൽ നിന്നും എത്തി മത്സ്യം കയറ്റി ദേശീയപാത വഴി പോകുന്ന നാഷണൽ പെർമിറ്റ് ലോറികൾ ആണ് ഇതിൽ കൂടുതലും. നൂറുകണക്കിന് ലോറികളാണ് ദിനം പ്രതി ദേശീയപാതയിലൂടെ മാനദണ്ഡങ്ങൾ അവഗണിച്ച് മലിന ജലം റോഡിലൂടെ ഒഴുക്കി കടന്നുപോകുന്നത്.

രാത്രി കാലങ്ങളിൽ ആൾപ്പെരുമാറ്റം കുറയുന്ന അവസരങ്ങളിൽ റോഡരികിൽ വാഹനം നിർത്തി ഓടകളിലും നടുറോഡിലുമെല്ലാം മലിനജലം ഒഴുക്കിവിടുന്ന പ്രവണതയും വർധിക്കുകയാണ്. മഴ ആരംഭിച്ചതോടെ റോഡിലെ കുഴികളിലും പരിസരത്തും കെട്ടിനിൽക്കുന്ന മലിനജലം വൻ ദുർഗന്ധമാണ് ഉണ്ടാക്കുന്നത്. വാഹനങ്ങൾ മിനിറ്റുകളോളം നിർത്തിയിടുന്ന സ്ഥലങ്ങളിൽ മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്ന അവസ്ഥയുമുണ്ട്.

ജില്ലയിൽ പലയിടത്തും പെട്രോളിങ് നടക്കുന്നുണ്ടെങ്കിലും ഇത്തരം വാഹനങ്ങൾക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് പൊതുജനത്തിന്റെ പരാതി. എന്നാൽ ഇത്തരത്തിൽ മലിനജലം ഒഴുക്കി വിടുന്നത് കണ്ടെത്താൻ പ്രത്യേക പെട്രോളിങ്ങിന്റെയൊന്നും ആവശ്യമില്ലെന്നിരിക്കേ കണ്ണിന് മുന്നിൽ നിയമലംഘനം തകൃതിയായി തുടരുമ്പോഴും മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കേണ്ടവർ കണ്ണടക്കുന്നതാണ് നിർബാധം മലിനജലം റോഡിലേക്കു ഒഴുക്കിവിട്ട് കടന്നുപോകാൻ ഇവർക്ക് ധൈര്യം നൽകുന്നതെന്നാണ് ആരോപണം.

ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 2000 രൂപ പിഴ ഈടാക്കുന്നതിന് കർശന നിർദ്ദേശം നൽകുന്നതായും ആർ ടി ഒ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും നടക്കാറില്ലെന്നു മാത്രം. പാവപ്പെട്ട ഇരുചക്ര വാഹനങ്ങളുടെ രേഖകൾ തടഞ്ഞുനിർത്തി പരിശോധിക്കുന്ന പൊലിസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നെങ്കിൽ ദിനേന ആയിരക്കണക്കിന് നിയമലംഘകരെ കണ്ടെത്താനും ലക്ഷങ്ങൾ സർക്കാർ ഖജനാവിലേക്കു പിഴയായി ഈടാക്കാനും സാധിക്കുമെന്നിരിക്കേയാണ് ഈ അനാസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP