Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻപ് 50 രൂപയ്ക്ക് കിട്ടിയിരുന്ന വയറുകീറിയ ചാളയല്ല ഇന്ന് അവൻ; 500രൂപ കൊടുത്ത് ക്യൂ നിന്ന് വാങ്ങേണ്ട അൽ മത്തി; കേരളത്തിന്റെ മത്തി പ്രേമത്തിന് പൊന്നും വില; ട്രോളിങ് നിരോധനത്തിന് പിന്നാലെ വില കുതിക്കുന്നത് റോക്കറ്റ് വിട്ടപ്പോലെ; മീനുകൾക്കെല്ലാം തീപിടിച്ച വില

മുൻപ് 50 രൂപയ്ക്ക് കിട്ടിയിരുന്ന വയറുകീറിയ ചാളയല്ല ഇന്ന് അവൻ; 500രൂപ കൊടുത്ത് ക്യൂ നിന്ന് വാങ്ങേണ്ട അൽ മത്തി; കേരളത്തിന്റെ മത്തി പ്രേമത്തിന് പൊന്നും വില; ട്രോളിങ് നിരോധനത്തിന് പിന്നാലെ വില കുതിക്കുന്നത് റോക്കറ്റ് വിട്ടപ്പോലെ; മീനുകൾക്കെല്ലാം തീപിടിച്ച വില

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മീനുകൾക്കിടയിൽ ഫൈവ് സ്റ്റാർ പദവിയാണ് ഇപ്പോൾ മത്തിക്ക്. ദിവസേന റോക്കറ്റ് പോലെയാണ് മത്തിയുടെ വില കുതിക്കുന്നത്. ട്രോളിങ് നിരോധനത്തിനിടയ്ക്കും സമൂഹ മാധ്യമ ട്രോളുകളിൽ താരം മത്തിയാണ്. സംസ്ഥാനത്ത് ഒരു കിലോ മത്തിക്ക് 400 മുതൽ 500 രൂപ വരെയാണ് കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയുമായി വില വന്നത്. കേരളത്തിൽ പലയിടത്തും കഴിഞ്ഞ ആഴ്ച ഒരു കിലോ മത്തിക്ക് 400 രൂപയായിരുന്നു വില. ഈ ആഴ്ചയിലേക്ക് എത്തിയപ്പോൾ പലയിടത്തും അത് 500 വരെയായി.

ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് ലഭിക്കുക. മറ്റ് മത്സ്യങ്ങൾക്ക് വലിയ വിലയുള്ളതിനാൽ സാധാരണക്കാർ ആശ്രയിച്ചിരുന്നത് മത്തിയെയായിരുന്നു. ഹോട്ടലുകളിലും മത്തി വറുത്തതിനാണ് പണ്ട് മുതലേ ഡിമാൻഡ്. എന്നാലിപ്പോൾ ഹോട്ടൽ ഉടമകൾ അടക്കം വലിയ പ്രതിസന്ധിയിലാണ്. രണ്ട് കഷ്ണം മത്തി വറുത്തതിന് നേരത്തെ 40 രൂപ വരെ ഈടാക്കിയിരുന്നു. അന്ന് മീൻ കിലോയ്ക്ക് ഇത്ര വില ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ മത്തി കിലോയ്ക്ക് 400 മുതൽ 500 വരെ ഈടാക്കുമ്പോൾ അത് ഹോട്ടൽ ഉടമകളെയും തിരിച്ചടിക്കുന്നു. ചില ഹോട്ടലുകളിൽ ഇപ്പോൾ ഒരു പ്ലേറ്റ് മത്തി വറുത്തതിന് 50 രൂപ വരെ ഈടാക്കുന്നുണ്ട്.

ഇറച്ചിക്കോഴി വിലയെക്കാൾ ഇരട്ടിയിലധികം രൂപ. മത്സ്യക്ഷാമത്തിനൊപ്പം ട്രോളിങ് നിരോധനം കൂടിയായതോടെ തൊട്ടാൽ പൊള്ളുന്ന വിലയാണ് വിപണിയിൽ മത്സ്യത്തിന്. ഒരാഴ്ച മുൻപു കിലോയ്ക്കു 160-180 രൂപയായിരുന്നു സാധാരണക്കാരന്റെ ഇഷ്ട മത്സ്യമായ മത്തിയുടെ വില.ഒരു കിലോ അയലയ്ക്ക് 280-300 രൂപയാണ് വിൽപനക്കാർ ഈടാക്കുന്നത്. കേര (തുണ്ടം)360 400, ഏരി330,350, ഓലക്കുടി370,420, മോത700, വറ്റ480 എന്നിങ്ങനെയാണു ശരാശരി വില.

മത്സ്യലഭ്യത കുറഞ്ഞതാണ് വില റോക്കറ്റ് പോലെ കുതിച്ചുയരാൻ കാരണമെന്ന് മീൻ മാർക്കറ്റിൽ ജോലി ചെയ്യുന്നവർ പറയുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം ട്രോളിങ് നിരോധനം കൂടി വന്നതോടെ മത്സ്യം വിൽക്കുന്നവർക്കും വലിയ തിരിച്ചടിയായി. മാർക്കറ്റിലെത്തുന്നവർ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങുന്നതെന്നും മീൻ കച്ചവടക്കാർ പറയുന്നു.

മലയാളികളുടെ ഇഷ്ടവിഭവമായ മത്തിക്ക് വില കൂടിയതാണ് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. കടപ്പുറത്തേക്ക് മീൻ പഴയ തോതിൽ എത്തി തുടങ്ങിയാലേ മത്തി വിലയിൽ കുറവ് ഉണ്ടാകൂ എന്നാണ് കച്ചവടക്കാർ പറയുന്നത്. മത്തിക്ക് ഇത്രയും വില ഉള്ളപ്പോൾ മറ്റ് മത്സ്യങ്ങളുടെ കാര്യം പറയാനുണ്ടോ. നെയ്മീന് കിലോ 1000 രൂപ മുതൽ 1200 രൂപ വരെയാണ് ഇപ്പോൾ വില. അയില ഒരെണ്ണത്തിന് 100 രൂപ വരെ വില വരുന്നുണ്ട്. ട്രോളിങ് നിരോധനം ആരംഭിക്കും മുൻപ് കഴിഞ്ഞ മാസം ഒരു കിലോ മത്തിക്ക് വില 160 രൂപയായിരുന്നു. പിന്നീടാണ് വിലയിൽ വലിയ കുതിപ്പ് ഉണ്ടായത്.

'എൽനിനോ' പ്രതിഭാസത്തെ തുടർന്ന് മത്തിയുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ജനുവരിയിൽ തന്നെ അറിയിച്ചിരുന്നു. മത്തി ലഭ്യത നന്നായി കുറയുമെന്നായിരുന്നു അറിയിപ്പ്. ഇപ്പോൾ മത്തി ലഭ്യത കുറയാൻ പ്രധാന കാരണം 'എൽനിനോ' പ്രതിഭാസം തുടരുന്നത് തന്നെയാണ് അധികൃതർ പറയുന്നു. 'എൽനിനോ' പ്രതിഭാസം അവസാനിച്ചാലേ പഴയ പോലെ മത്തി ലഭ്യമാകാൻ തുടങ്ങൂ. കേരളത്തിൽ മത്തി ലഭ്യത കുറഞ്ഞതിനൊപ്പം കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്തിയുടെ വരവും കുറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നെല്ലാം എത്തുന്ന മത്തിയുടെ അളവിൽ ഇപ്പോൾ വലിയ കുറവ് ഉണ്ട്. ഇതാണ് വില വർധിക്കാനുള്ള പ്രധാന കാരണം. മത്തിയുടെ വരവ് വർധിച്ചാൽ വില പഴയ പോലെ ആകും.

പല കടകളിലും പല നിരക്കുകളാണ് ഈടാക്കുന്നത്. കിളി, കൊഴുവ, ചെമ്പല്ലി, ചൂര തുടങ്ങി പല ഇനം മീനുകളും കിട്ടാനില്ലെന്നു കച്ചവടക്കാർ പറയുന്നു.മത്സ്യ ലഭ്യത കുറഞ്ഞതും വില കുതിച്ചുയർന്നതും സാധാരണ കച്ചവടക്കാരെയും ജനങ്ങളെയും ബാധിച്ചു തുടങ്ങി. പല കടകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.ചില കടകളിൽ വളർത്തു മത്സ്യങ്ങളാണ് പ്രധാനമായും വിൽപനയ്ക്കുള്ളത്.

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ആരംഭിച്ചതും കാലാവസ്ഥ മോശമായതോടെ തൊഴിലാളികൾക്കു കടലിൽ പോകാൻ സാധിക്കാതിരുന്നതുമൊക്കെ വിപണിയിൽ മീൻ ലഭ്യത കുറയാൻ കാരണമായി. തമിഴ്‌നാട്ടിൽ ട്രോളിങ് നിരോധനം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതിനാൽ അടുത്ത ദിവസം മുതൽ വിപണിയിലേക്കു കൂടുതൽ മീൻ എത്തുമെന്നാണു വിൽപനക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP