Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുത്തൻ പേരിൽ മരണം മലയാളക്കരയിലേക്ക് ചിറകടിച്ചിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം; കേരളത്തെ ശവപ്പറമ്പാക്കാനെത്തിയ മാരക വൈറസ് കവർന്നത് 16 ജീവനുകൾ; അതീവിച്ചത് രണ്ടുപേർ; വിജയിച്ചത് ഐക്യത്തോടെ കേരളം നടത്തിയ പ്രവർത്തനം; പരസ്പരം കാണാനും മിണ്ടാനും പോലും മലയാളികൾ ഭയന്നിരുന്ന നിപ്പ വൈറസിന്റെ ഓർമ്മയിൽ കേരളം

പുത്തൻ പേരിൽ മരണം മലയാളക്കരയിലേക്ക് ചിറകടിച്ചിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം; കേരളത്തെ ശവപ്പറമ്പാക്കാനെത്തിയ മാരക വൈറസ് കവർന്നത് 16 ജീവനുകൾ; അതീവിച്ചത് രണ്ടുപേർ; വിജയിച്ചത് ഐക്യത്തോടെ കേരളം നടത്തിയ പ്രവർത്തനം; പരസ്പരം കാണാനും മിണ്ടാനും പോലും മലയാളികൾ ഭയന്നിരുന്ന നിപ്പ വൈറസിന്റെ ഓർമ്മയിൽ കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അതുവരെ കേട്ടിട്ടില്ലാത്ത പുത്തൻ പേരുമായി മരണം കേരളത്തിലേക്ക് ചിറകടിച്ചിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. മനുഷ്യൻ മനുഷ്യനെ കാണാനും സംസാരിക്കാനും ആഗ്രഹിക്കാതിരുന്ന നാളുകൾ. പഴങ്ങളെ ഭീതിയോടെ നോക്കിയ കാലം. ചെറിയൊരു പനിയെ പോലും മാരകമായ രോഗമായി കാണേണ്ടി വന്ന കഷ്ടകാലം. കേരളത്തെ ശ്മശാന ഭൂമിയാക്കാൻ നിപ്പ എത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. രോഗബാധിതനായി ചികിത്സ തേടിയ പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുഹമ്മദ് സാലിഹ് 2018 മെയ്‌ 18നാണു കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ മരിച്ചത്. കലശലായ രോഗലക്ഷണങ്ങളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം കൂടിയതോടെ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സാലിഹിന്റെ മരണത്തെതുടർന്ന് ആശുപത്രിയിലെ ഡോക്ടർമാർക്കു തോന്നിയ സംശയമാണു നിപ്പ വൈറസാണു രോഗത്തിനു കാരണമെന്ന് അതിവേഗം തിരിച്ചറിഞ്ഞതിനു പിന്നിൽ. തുടർന്ന് ആരോഗ്യമന്ത്രി മുതൽ സാധാരണക്കാരൻ വരെ കേരളം ഒരു മനസ്സോടെ നിന്നു പിടിച്ചു കെട്ടിയത് കേരളത്തെ ശവപ്പറമ്പാക്കാൻ പര്യാപ്തമായി വന്ന മാരക വൈറസിനെ.

ഡോ. എ.എസ് അനൂപ് കുമാറും ഡോ. സി.ജയകൃഷ്ണനും അടങ്ങുന്ന സംഘം നിപ്പയാണെന്നു സംശയം പ്രകടിപ്പിക്കുകയും വീട്ടിലുള്ള മറ്റുള്ളവരോടും ആശുപത്രിയിലെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മെയ്‌ 20ന് മണിപ്പാൽ സെന്റർ ഫോർ വൈറസ് സ്റ്റഡീസിലെ ഡോ.ബി. അരുൺകുമാറാണ് നിപ്പ വൈറസാണെന്നു സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര നടപടികളിലൂടെ ഐസൊലേഷൻ വാർഡ് ക്രമീകരിക്കുകയും രോഗവ്യാപനം തടയാനുള്ള വഴികൾ തേടുകയുമായിരുന്നു.

നിപ്പ ബാധിച്ച 18 പേരിൽ 16 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച റിപ്പോർട്ട്. എന്നാൽ നവംബറിൽ ബ്രിട്ടിഷ് മെഡിക്കൽ ജേണൽ, ദ് ജേണൽ ഓഫ് ഇൻഫെക്ഷസ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം 21 പേരാണു മരിച്ചത്. നിപ്പ സ്ഥിരീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ച മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ ഡോ.ജി.അരുൺകുമാർ, സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണു റിപ്പോർട്ട് തയാറാക്കിയത്.

പതറാത്ത പെൺകരുത്തും തുണയായി

നിപ്പയ്ക്കു മുന്നിൽ പതറി നിന്ന നാടിനെ മുന്നിൽ നിന്ന് നയിച്ചത് പെണ്ണുങ്ങൾ ആയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ എന്നിവർ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മെഡിക്കൽ കോളജിൽ നിപ്പയുടെ രോഗ ചികിത്സാ നിർവ്വഹണം നടത്തിയത് നോഡൽ നോഫീസർ ആയ ഡോ. ചാന്ദ്‌നിയുടെ നേതൃത്വത്തിലും. പരിചരിക്കാൻ തയ്യാറായ ഉഷ സിസ്റ്റർ, ഷീന സിസ്റ്റർ തുടങ്ങിയവർ. എല്ലാറ്റിനും മുന്നിൽ നിന്ന് നയിച്ച് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും. രോഗത്തിന്റെ ഭീതിയിലാണ്ട ചങ്ങരോത്ത് പഞ്ചായത്തിലേക്ക് പോയി ജനങ്ങൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു നൽകുവാനും ടീച്ചർ മടിച്ചില്ല.

നിപ്പ രോഗബാധ നിയന്ത്രിച്ചതായി ജൂൺ 30ന് പ്രഖ്യാപിച്ചെങ്കിലും ജൂലൈ പകുതിയോടെ മാത്രമാണ് മലബാർ മേഖല പേടിയിൽ നിന്നു മുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നത്. രോഗത്തിൽനിന്നു മുക്തി നേടിയ നഴ്‌സിങ് വിദ്യാർത്ഥിനി അജന്യ ഇപ്പോൾ ബിരുദ പഠനത്തിന്റെ അവസാനവർഷം പൂർത്തിയാക്കുകയാണ്. നിപ്പ ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷ് പേരാമ്പ്ര കൂത്താളി ആരോഗ്യകേന്ദ്രത്തിൽ ക്ലാർക്കായി ജോലി ചെയ്യുന്നു.

ലിനി സജീഷിന്റെ ഓർമയ്ക്കായി കെട്ടിട സമുച്ചയം നിർമ്മിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും സാങ്കേതിക തടസ്സം കാരണം നടന്നില്ല. എങ്കിലും ഒരു ബ്ലോക്കിനു ലിനിയുടെ പേരിടാനുള്ള തീരുമാനം നിലനിൽക്കുകയാണ്. കോഴിക്കോട് കേന്ദ്രമാക്കി വൈറോളജി കേന്ദ്രം തുടങ്ങുമെന്ന വാഗ്ദാനവും നടപ്പായില്ല. മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർക്കു സ്ഥിരജോലി നൽകാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല.

നിപ്പയെ ഫലപ്രദമായി ചെറുക്കാൻ അമേരിക്കയിലെ ജെഫേഴ്‌സൺ സർവകലാശാലയിൽ മലയാളി ശാസ്ത്രജ്ഞയടക്കമുള്ള സംഘം മരുന്നു കണ്ടുപിടിച്ച വാർത്ത പുറത്തു വന്നത് അടുത്തിടെയാണ്. അതോടെ തൊട്ടവരെയെല്ലാം മരണത്തിലേക്കു വലിച്ചെറിഞ്ഞ നിപ്പയ്ക്കും കടിഞ്ഞാണിടാൻ ശാസ്ത്രലോകത്തിനായി. അതിനും എത്രയോ മുന്നേ മാരകമായ നിപ്പയെ വരുതിയിലാക്കിയിരുന്നു മലയാളി.

തുടക്കം 1998ൽ

1998ൽ മലേഷ്യയിലും തുടർന്ന് സിങ്കപ്പൂരിലുമാണ് നിപ്പ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാൽ പോലുള്ള ജീവികളിൽനിന്ന് നിപ്പ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു. മലേഷ്യയിലെ നിപ്പ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് നിപ്പ എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നിപ്പ വൈറസ് ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പടരുന്നത്.

കാരണം കാലാവസ്ഥാവ്യതിയാനം

കാലാവസ്ഥാവ്യതിയാനവും വനനശീകരണവുമാണ് മറ്റുപലരോഗങ്ങളുടെ കാര്യത്തിലുമെന്നപോലെ നിപ്പ വൈറസ് രോഗത്തിനുമുള്ള അടിസ്ഥാനകാരണം. വനനശീകരണത്തെത്തുടർന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത വർധിക്കുകയും മൂത്രം, ഉമിനീര് തുടങ്ങിയ സ്രവങ്ങളിലൂടെ വൻതോതിൽ വൈറസ് പുറത്തേക്ക് വിസർജിക്കപ്പെടുകയും ചെയ്തു. അങ്ങനെ മറ്റു മൃഗങ്ങളും തുടർന്ന് മനുഷ്യരും രോഗബാധയ്ക്ക് വിധേയരായി.

വ്യാപനം ഇങ്ങനെ

ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്‌സോ വിറിഡേ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസുകളാണ് നിപ്പ വൈറസുകൾ. പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് ജനുസിൽപെട്ട നാലുതരം വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രകൃതിദത്ത വാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽനിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്. പന്നികൾക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയിൽനിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമല്ല. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

2001-ൽ ഇന്ത്യയിൽ

ലോകാരോഗ്യസംഘടനയുടെ രേഖയനുസരിച്ച് മലേഷ്യക്കും സിങ്കപ്പൂരിനും പുറമേ നിപ്പ വൈറസ് രോഗം ബംഗ്ലാദേശിലെ മെഹർപുർ ജില്ലയിൽ 2001-ൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ബംഗ്ലാദേശിലെ ഒട്ടേറെ ജില്ലകളിലേക്ക് രോഗം പടരുകയുണ്ടായി. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരിൽ 196 (74.5%) പേരും മരിച്ചു. 2001-ൽ ഇന്ത്യയിൽ ബംഗാളിലെ സിലിഗുഡിയിൽ 71 പേരെ നിപ്പ വൈറസ് രോഗം ബാധിക്കുകയും 50 പേർ മരിക്കുകയും ചെയ്തു. 2007-ൽ നാദിയയിൽ 30 പേർക്ക് രോഗബാധയുണ്ടായി അഞ്ചുപേർ മരിച്ചു. വവ്വാൽ ഭക്ഷിച്ച് ഉപേക്ഷിച്ച ഈന്തപ്പഴത്തിൽനിന്നാണ് രോഗം പടർന്നതെന്നാണ് കരുതുന്നത്. ബംഗ്ലാദേശിലും ബംഗാളിലെ നാദിയയിലും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പരന്നിട്ടുണ്ട്. ഡിസംബർ, മെയ്‌ മാസങ്ങളിലായാണ് രോഗം വ്യാപിച്ചത്. 1998-നു ശേഷം ഇതുവരെ നിപ്പ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരിച്ചു. മരണനിരക്ക് ഒമ്പതു മുതൽ 75 ശതമാനം വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP