Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

എഫ് കെ പെർഫ്യൂസിന്റെ ബ്രാൻഡുകളുടെ വിൽപ്പനയിൽ നിന്ന് കിട്ടുന്ന 25 ശതമാനം ലാഭവിഹിതം ജീവകാരുണ്യത്തിന്; ഇത് ബിസിനസല്ലെന്നും 100 ശതമാനം ജീവകാരുണ്യ പ്രവർത്തനമെന്നും വിശദീകരിച്ച് ഫിറോസ് കുന്നംപറമ്പിൽ; അശരണർക്ക് താങ്ങും തണലുമാകാൻ പുതു വഴിയിൽ നന്മമരം; ദുബായിൽ പുറത്തിറങ്ങുന്ന പെർഫ്യൂമിന്റെ ബ്രാൻഡ് അംബാസിഡറായി ആലത്തൂരിലെ മൊബൈൽ കടക്കാരൻ എത്തുന്നതിന് പിന്നിലെ കഥ

എഫ് കെ പെർഫ്യൂസിന്റെ ബ്രാൻഡുകളുടെ വിൽപ്പനയിൽ നിന്ന് കിട്ടുന്ന 25 ശതമാനം ലാഭവിഹിതം ജീവകാരുണ്യത്തിന്; ഇത് ബിസിനസല്ലെന്നും 100 ശതമാനം ജീവകാരുണ്യ പ്രവർത്തനമെന്നും വിശദീകരിച്ച് ഫിറോസ് കുന്നംപറമ്പിൽ; അശരണർക്ക് താങ്ങും തണലുമാകാൻ പുതു വഴിയിൽ നന്മമരം; ദുബായിൽ പുറത്തിറങ്ങുന്ന പെർഫ്യൂമിന്റെ ബ്രാൻഡ് അംബാസിഡറായി ആലത്തൂരിലെ മൊബൈൽ കടക്കാരൻ എത്തുന്നതിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: 'ഞാൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇനി ഒരു വിഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ വരില്ല...' സമൂഹ മാധ്യമങ്ങളിൽ തന്നെ പിന്തുടരുന്ന ആയിരങ്ങളോട് സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞത് ഉള്ളിൽ വേദന നിറച്ചാണ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മനസ് മടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തെതന്നും ഫിറോസ് പറഞ്ഞിരുന്നു. തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങൾ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വിഡിയോയുമായി ഫിറോസ് കുന്നംപറമ്പിൽ ഇനി വരില്ലെന്ന് അദ്ദേഹം ലൈവിൽ വിശദീകരിച്ചിരുന്നു.

അപ്പോഴും ജീവകാരുണ്യത്തെ വിടാൻ ഫിറോസിന് കഴിയുന്നില്ല. പുതിയ പ്രോഡക്ടുമായി അശരണരെ സഹായിക്കാൻ എത്തുകയാണ് ഫിറോസ്. പെർഫ്യൂമിന്റെ ബ്രാൻഡ് അംബാസിഡർ. മെഹ്‌റാൻ ട്രേഡിങ്ങിന്റെ പേരിലുള്ളതാണ് എഫ്‌കെ പെർഫ്യൂസ്. ഫിറോസ് കുന്നുംപറമ്പിലിന്റെ പേരിൽ ദ് സോഷ്യൽ, റെഡ് മിറാക്കിൾ, ഇന്റൻസോ, ബ്ലാക്ക് ഊദ്, റിയോണ, ഡോളർ, നോവ, അമോറെത് എന്നിങ്ങനെ 8 തരം സുഗന്ധദ്രവ്യങ്ങളാണ് പുറത്തിറക്കിയത്. യുഎഇയിൽ നിർമ്മിക്കുന്ന സുഗന്ധദ്രവ്യങ്ങൾ സാധാരണക്കാർക്കും വാങ്ങിക്കാവുന്ന മിതമായ നിരക്കിൽ ലഭ്യമാകും. ലാഭത്തിന്റെ 25% ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കമ്പനി നൽകും. അങ്ങനെ അശരണരെ സഹായിക്കാൻ പുതു മോഡൽ അവതരിപ്പിക്കുകയാണ് ഫിറോസ്.

'ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവർത്തനം തന്നെ' ഫിറോസ് കുന്നുംപറമ്പിലിന്റെ വാക്കുകളാണിത്. ദുബായിൽ താൻ ബ്രാൻഡ് അംബാസഡറായ എഫ്‌കെ പെർഫ്യൂംസിന്റെ ലക്ഷ്യം ജീവകാരുണ്യം മാത്രമാണ്. ഫെയ്‌സ് ബുക്ക് ലൈവിലേതു പോലെ തന്നെ ഈ പെർഫ്യൂമും മലയാളികൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഫിറോസ്. താൻ ജീവകാരുണ്യ പ്രവർത്തനം പൂർണമായും നിർത്തിയിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു: രോഗികൾക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ വഴിയുള്ള പ്രവർത്തനമാണ് നിർത്തിയത്. വിവാദമുണ്ടാക്കിയവരെല്ലാം മനസ്സിലാക്കട്ടെ എന്നതു കൊണ്ടാണ് ഈ തീരുമാനമെടുത്തത്.

സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ഉപയോഗിച്ചുള്ളതല്ലാതെ, രോഗികളെ സഹായിക്കുന്നതടക്കമുള്ള എല്ലാ സാമൂഹിക സേവനങ്ങളും ഇപ്പോഴും ചെയ്യുന്നുണ്ട്. ഒന്നര മാസം ഇടവിട്ട് കേരളത്തിലെ ഓരോ ജില്ലകളിലായി നിർധന കുടുംബത്തിലെ 25 പെൺകുട്ടികളുടെ സമൂഹ വിവാഹങ്ങൾ നടത്തുന്ന പദ്ധതിയിലേയ്ക്ക് സുഹൃത്തുക്കളുടെ സഹകരണത്തോടെ തുടക്കം കുറിച്ചു. സമൂഹമാധ്യമങ്ങളിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയല്ല ഇതിനുള്ള പണം സമാഹരിക്കുന്നത്. ഞാനിതുവരെ ഉണ്ടാക്കിയ ബന്ധങ്ങൾ ഉപയോഗിച്ചും സുഹൃത്തുക്കളുടെ സഹകരണത്തോടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി അവരിൽ നിന്ന് മാത്രം പണം സമാഹരിച്ചാണ് സമൂഹ വിവാഹങ്ങൾ നടത്തുന്നത്. തുടർന്നുള്ള പ്രവർത്തനങ്ങളും ഇത്തരത്തിൽ നടത്തും.

ആലത്തൂരിൽ ഒന്നുമില്ലാതിരുന്ന ഒരാൾ ഈ മേഖലയിലേയ്ക്ക് വന്നപ്പോൾ പ്രവാസികളാണ് ഏറ്റെടുത്ത് ഈ നിലയിലെത്തിച്ചത്. അുതുകൊണ്ടാണ് ഈ പെർഫ്യൂംസുമായി ഞാൻ പ്രവാസികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത്. ഇതവർ ഏറ്റെടുക്കുമെന്ന് കരുതുന്നു. പെർഫ്യൂംസിൽ ബ്രാൻഡ് അംബാസഡറായത് നൂറു ശതമാനം ബിസിനസാണെന്നത് ശരി തന്നെ. എന്നാൽ, ജീവകാരുണ്യത്തിനുള്ള സംഭാവന നൽകാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഞാനീ ഉദ്യമത്തിന് മുതിർന്നതെന്ന് ഫിറോസ് വ്യക്തമാക്കി. ഇത് വിജയിച്ചാൽ സമാന മാതൃകയിൽ മറ്റ് പദ്ധതികളും ഫിറോസ് അവതരിപ്പിക്കും.

തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആയിക്കണക്കിന് ആളുകളെയാണ്. സമൂഹമാധ്യമങ്ങൾ വഴി ഏറെ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് ഫിറോസിനൊപ്പം നിൽക്കാൻ ആളുകൾ തയാറാവുന്നത് പ്രവർത്തനങ്ങളിലെ ആത്മാർഥതയും സുതാര്യതയും കൊണ്ടാണ്. പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായത് ഏകദേശം മൂന്നര വർഷം മുൻപാണ്. ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഫിറോസ്. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ കഴിഞ്ഞ കുടുംബം. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി ആലത്തൂർ ടൗണിലൂടെ വരുന്ന സമയത്താണ് ഫിറോസിന് നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നത്. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം കണ്ട ഫിറോസിന് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല.

വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് ഫിറോസിന് അരികിലെത്തി. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഫിറോസ് തയാറാക്കി. എൺപതോളം പേർ അതിൽ ഉൾപ്പെടുമായിരുന്നു. ഇത്രയേറെ ആളുകൾക്കു ഭക്ഷണം നൽകാനുള്ള സാമ്പത്തിക സ്ഥിതി ഫിറോസിനില്ലായിരുന്നു. അതിനാൽ ആ ലിസ്റ്റുമായി ഫിറോസ് ആലത്തൂരിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി. രാത്രി കാലങ്ങളിൽ ഫിറോസ് തന്നെ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു.

ആലത്തൂരിലെ കാര്യങ്ങൾ നിയന്ത്രണവിധേയമായപ്പോൾ പ്രവർത്തനങ്ങൾ പാലക്കാട്ടേക്കു വ്യാപിപ്പിച്ചു. അവിടെയും ഇതുപോലെ തന്നെ ഹോട്ടലുടമകളുടെ സഹായം തേടുകയാണുണ്ടായത്. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. ഇത്തരത്തിൽ സുമനസുകളുടെ സഹായം കൊണ്ടു നിരവധിപ്പേർക്ക് ഇന്നും മുടക്കമില്ലാതെ അന്നം ലഭിക്കുന്നു. അതിന് ശേഷമാണ് ഫേസ്‌ബുക്ക് ലൈവിലൂടെ നുറുകണക്കിന് പേർക്ക് സഹായം ആവശ്യപ്പെട്ട് ഫിറോസ് എത്തിയത്. ഫിറോസിന്റെ അപേക്ഷ ഏറ്റെടുത്ത ആയിരക്കണക്കിന് ആളുകളുടെ നന്മയിൽ നുറുകണക്കിന് കുടുംബങ്ങളുടെ കണ്ണുനീരിന് അറുതി ആയിരുന്നു.

അതിനിടയിലാണ് ഫിറോസിനെതിരായ ആരോപണങ്ങൾ ഉയരുന്നതും ഫെയ്‌സ് ബുക്കിലൂടെ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കാൻ ഫിറോസ് തീരുമാനിക്കുന്നതും. ഫിറോസ് കുന്നംപറമ്പിൽ മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർഥിച്ചുവെന്ന വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP