Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്‌സിഡന്റിൽ പരിക്ക് പറ്റി കാലിലെ ഞെരമ്പുകൾ പൊട്ടിയ സ്ത്രീ ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം; അക്കൗണ്ടിൽ 38 ലക്ഷം എത്തിയപ്പോൾ ഏഴ് ലക്ഷം ചാരിറ്റിക്ക് എനിക്ക് തന്നു; ബാക്കിയുള്ള തുകയ്ക്ക് സ്ഥലം വാങ്ങി വീടു വയ്ക്കാനും ശ്രമം; എല്ലാ കണക്കും എന്റെ കൈയിലുണ്ട്; രോഗമില്ലാത്ത രോഗിയുടെ തലകീഴിൽ ഓക്സിജൻ സിലണ്ടർ വച്ചെന്നത് പച്ചക്കള്ളം; കായംകുളത്തെ സ്ത്രീയെ വച്ച് കള്ളക്കഥയുണ്ടാക്കാനും ശ്രമിച്ചു; ഇനി വയ്യ: ചാരിറ്റി അവസാനിപ്പിച്ച് ഫിറോസ് കുന്നുംപറമ്പിൽ ചർച്ചയാക്കുന്നത് വ്യാജന്മാരുടെ ഗൂഢാലോചന

ആക്‌സിഡന്റിൽ പരിക്ക് പറ്റി കാലിലെ ഞെരമ്പുകൾ പൊട്ടിയ സ്ത്രീ ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം; അക്കൗണ്ടിൽ 38 ലക്ഷം എത്തിയപ്പോൾ ഏഴ് ലക്ഷം ചാരിറ്റിക്ക് എനിക്ക് തന്നു; ബാക്കിയുള്ള തുകയ്ക്ക് സ്ഥലം വാങ്ങി വീടു വയ്ക്കാനും ശ്രമം; എല്ലാ കണക്കും എന്റെ കൈയിലുണ്ട്; രോഗമില്ലാത്ത രോഗിയുടെ തലകീഴിൽ ഓക്സിജൻ സിലണ്ടർ വച്ചെന്നത് പച്ചക്കള്ളം; കായംകുളത്തെ സ്ത്രീയെ വച്ച് കള്ളക്കഥയുണ്ടാക്കാനും ശ്രമിച്ചു; ഇനി വയ്യ: ചാരിറ്റി അവസാനിപ്പിച്ച് ഫിറോസ് കുന്നുംപറമ്പിൽ ചർച്ചയാക്കുന്നത് വ്യാജന്മാരുടെ ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫിറോസ് കുന്നുംപറമ്പിൽ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ അശരണർക്ക് അതൊരു വേദനയാണ്. സഹായം വേണ്ടവരെ കണ്ടെത്തി ഓടിയെത്തുന്ന ഫിറോസ് വ്യാജ പ്രചരണത്തിൽ മനംമടുത്താണ് ചാരിറ്റിയിൽ നിന്ന് പതിയെ പിൻവാങ്ങുന്നത്. സംഘടിത ആരോപണങ്ങൾ ഉയർത്തി തന്നെ തളർത്താനുള്ള നീക്കം സജീവമാണെന്ന് ഫിറോസ് തിരിച്ചറിയുന്നു. തനിക്കെതിരെ നടക്കുന്ന അനാവശ്യ ആരോപണങ്ങളും ചർച്ചകളും മാനസികമായി തളർത്തിയതിനാലാണ് ചാരറ്റിയിൽ നിന്നുള്ള മടക്കത്തിന് കാരണമായി അദ്ദേഹം പറയുന്നത്. ഇത്തരം ആരോപണങ്ങളെ തള്ളി ഇതുവരെ കടന്ന് പോയത് തന്റെ മുന്നിലേക്ക് വരുന്ന രോഗികളെ കണ്ടുകൊണ്ടാണെന്ന് ഫിറോസ് പ്രതികരിക്കുന്നു.

അനേകം ആളുകൾക്ക് സഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്ക് ലൈവിൽ എത്തിയിരുന്ന അതേ അക്കൗണ്ടിലൂടെയാണ് താൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യവും ഫിറോസ് തന്റെ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും അറിയിച്ചത്. 'ഞാൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇനി ഒരു വിഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ വരില്ല...' സമൂഹമാധ്യമങ്ങളിൽ തന്നെ പിന്തുടരുന്ന ആയിരങ്ങളോട് സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ പറയുകയാണ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മനസ് മടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തെതന്നും ഫിറോസ് പറയുന്നു. തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങൾ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വിഡിയോയുമായി ഫിറോസ് കുന്നംപറമ്പിൽ ഇനി വരില്ലെന്ന് അദ്ദേഹം ലൈവിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇതിന് പിന്നിലെ യാഥാർത്ഥകാരണവും സോഷ്യൽ മീഡിയ സജീവമായി ചർച്ചയാക്കിയത്.

എനിക്ക് നേരെ വന്നിട്ടുള്ള ആക്രമണങ്ങളെല്ലാം തിരുവനന്തപുരം ഭാഗത്ത് നിന്നുമാണെന്നാണ് ഫിറോസ് പ്രതികരിക്കുന്നത്. ഞാൻ അന്നും പറഞ്ഞു തിരുവനന്തപുരത്തേക്ക് വരില്ലായെന്ന്. തിരുവനന്തപുരത്ത് എന്നെ ക്ഷണിക്കുന്നത് തന്നെ കുഴിയിൽ ചാടിക്കാനാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കലും ഒരു രോഗികളും കുഴിയിൽപ്പെടുത്തില്ല എന്നുറപ്പുണ്ട്. മറിച്ച് ആ രോഗികളെ സഹായിക്കാനാണെന്ന് പറഞ്ഞ് കൂടെ കൂടുന്നവരാണ് ഉപദ്രവം മുഴുവനും ഉണ്ടാക്കുന്നതെന്നും ഫിറോസ് പ്രതികരിക്കുന്നു. ഒരുപാട് ആളുകൾ ഏറ്റെടുത്തുകൊണ്ടു നടക്കുന്ന ഒരു വീഡിയോ ഇന്നാണ് കാണുന്നതെന്നും ഫിറോസ് പറയുന്നു. ഇത് കൂടെ പരിഗണിച്ചാണ് ഫിറോസ് ചാരിറ്റി അവസാനിപ്പിക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ താങ്ങാൻ കഴിയാത്ത തരത്തിലുള്ളതാണെന്നും ഫിറോസ് വ്യക്തമാക്കി. സമൂഹത്തിന് നല്ലത് ചെയ്യാൻ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാൽ നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. ഇനി ആരും സഹായം അഭ്യർത്ഥിച്ച് വരരുത് എന്നും മാപ്പ് ചോദിക്കുന്നു എന്നും ഫിറോസ് പറഞ്ഞു.

തിരുവനന്തപുരത്ത് എന്താണ് പ്രശ്നമുണ്ടയതെന്ന് പലരും പറഞ്ഞു. ഇന്നലെ എന്താണ് ഫിറോസ് വിഷമത്തോടെ ലൈവിൽ വന്നതെന്ന് പലരും ചോദിച്ചു. അഷിഖ് തോന്നയ്ക്കൽ എന്ന ചാരിറ്റി പ്രവർത്തകൻ തനിക്കെതിരെ നടത്തിയ വിവാദ വീഡിയോയുടെ പശ്ചാത്തലം കൂടി ഫിറോസ് വെളിപ്പെടുത്തുന്നു. തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്താണ് ആഷിഖ് എന്ന യുവാവ് വീഡിയോ പങ്കുവയ്ക്കുന്നതെന്ന് ഫിറോസ് പറയുന്നത്. രോഗമില്ലാത്ത രോഗിയുടെ തലകീഴിൽ ഓക്സിജൻ സിലണ്ടർ വയ്ക്കുകയും വീഡിയോ പകർത്തിയെന്നും ഏഴ് ലക്ഷം രൂപ ഞാൻ അതുവഴി സമ്പാദിച്ച് കൊണ്ടുപോയെന്നും തരത്തിൽ എനിക്കെതിരെ ആ വീഡിയോയിൽ വളരെ മോശമായി പറയുന്നത്. ഒപ്പം തന്നെ രോഗിയായ ആ യുവതിയെയും അദ്ദേഹം കാര്യം അറിയാതെ വിമർശിക്കുകയാണ്. ആ യുവതിയെ അപമാനിച്ചതിന്റെ പേരിൽ അവർ പൊലീസിൽ പരാതി നൽകും എന്നും ഫിറോസ് പറയുന്നു.

ആരോപണം ഉയരുന്ന സ്ത്രിയെ താൻ കണുന്നത് തന്നെ അവർക്ക് നടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ കാലിലെ ഞരമ്പുകൾ പൊട്ടിയ സാഹചര്യത്തിലായിരുന്നു. ആക്സിഡന്റ് പറ്റിയാണ് ഇത് സംഭവിച്ചത്. അഞ്ച് ലക്ഷം രൂപയാണ് അവർക്ക് വേണം എന്ന് ആവശ്യപ്പെട്ടിരുന്നത്. രോഗിയായ സ്ത്രിയുടെ ഓപ്പറേഷനായി അഞ്ച് ലക്ഷം രൂപയും വീട് വയ്ക്കാൻ വേണ്ട തുകയും കണ്ടെത്തിയെന്നും ഫിറോസ് തെളിവടക്കം നിരത്തുന്നുണ്ട്്. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ 38 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. ആ 38 ലക്ഷത്തിൽ നിന്ന് 7 ലക്ഷം രൂപ ചാരിറ്റി പ്രവർത്തനത്തിനായി തന്നു. അഞ്ച് ലക്ഷം രൂപ അവരുടെ ആശുപത്രി ചെലവ് കഴിഞ്ഞ് ബാക്കി ഉപയോഗിച്ച് അവർക്ക് വീട് വയ്ക്കാനായി ശ്രമിക്കുന്നുണ്ട്. കുട്ടികളുമായി വാടക വീട്ടിൽ താമസിക്കുന്ന ആ സ്ത്രീയ്ക്ക് ചെയ്ത് നൽകിയത് വലിയ സഹായം തന്നെയാണ് -ഫിറോസ് പറയുന്നു.

അവർ ബാലൻസ് തന്ന പൈസയ്ക്ക് അഞ്ച് സെന്റ് സഥലം വാങ്ങി വീട് വച്ചു നൽകിയതിലെന്താണ് തെറ്റെന്ന് മനസിലാകുന്നില്ല. ജുനൈദയുടെ മെഡിക്കൽ റിപ്പോർട്ടിന്റെ രേഖകളടക്കം എന്റെ കൈവശമുണ്ട്. അവർ എനിക്ക് നൽകിയ ഏഴ് ലക്ഷം രൂപ എങ്ങനെ ചെലവാക്കിയെന്നും ഫിറോസ് പറയുന്നു. തിരുവനന്തപുരത്തെ വിവാഹപാർട്ടിക്ക് സാഹായം നൽകി. 80,000 രൂപയാണ് സഹായിച്ചത്. ആലത്തൂർ തുണ്ടക്കാട്ട് ജപ്തി കേസിന് മൂന്ന് ലക്ഷം രൂപ സഹായിച്ചു, മണ്ണാർക്കാട ്വീട് നിർമ്മാണത്തിന് 50,000, മണ്ണാർക്കാട് തന്നെ മറ്റൊരു കുടുംബത്തിനായി 50,000 എന്നിങ്ങനെയാണ് ഞാൻ ചാരിറ്റി വഴി ചെലവാക്കിയതെന്നും ഫിറോസ് പ്രതികരിക്കുന്നു. ബ്രയിൻ ട്യൂമർ ബാധിച്ച ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ സമ്പാദിച്ചതിന്റെ രേഖയും എന്റെ കൈവശമുണ്ടെന്ന് ഫിറോസ് പറയുന്നു. ഒരു വർഷം മുൻപ് നടന്ന സഹായ വാഗ്ദാനം കുത്തിപ്പൊക്കിയാണ് ഇപ്പോൾ ആഷിഖ് തോന്നയ്ക്കൽ എന്നയാൾ രംഗത്തെത്തിയിരിക്കുന്നത്.

ആഷിഖ് തോന്നയ്ക്കൽ വിവാദമുണ്ടാക്കിയതിന്റെ പേരിൽ ഞാൻ വീഡിയോ നിർത്തുകയല്ല. പക്ഷേ ആരോപണങ്ങൾ ഉയരുമ്പോൾ ഇതിനെ പൊക്കി പിടിച്ച് ഓൺലൈൻ ചാനലുകൾ രംഗത്ത് വരുന്ന സാഹചര്യത്തിൽ ആ വ്യക്തിയെ ഹൈലാറ്റ് ചെയ്ത് കാണിക്കുകയാണ്. എന്താണ് ഞാൻ ചെയ്ത തെറ്റെന്ന് വ്യക്തമാക്കുന്നില്ല. കഴിഞ്ഞ ദിവസം സുശാന്ത് നിലമ്പൂർ തിരുവനന്തപുരത്ത് ഒരു വീഡിയോ ചെയ്തു. അൻപത് ലക്ഷമോ അറുപത് ലക്ഷമോ അക്കൗണ്ടിലേക്ക് വന്നു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ആ 50ലക്ഷം രൂപയുടെ കണക്കുകൾ ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ വിളയിൽ ഷംനാദ് എന്ന യുവാവ് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സുശാന്തിനെ കൊണ്ട് വീഡിയോ ചെയ്യിപ്പിച്ചത് താനാണ് എന്ന രീതിയിൽ പ്രചരണവുമെത്തി.

സത്യത്തിൽ അതിൽ എനിക്കൊരു ബന്ധവുമില്ല. ഞാൻ ഈ പ്രശ്നത്തിൽ സുശാന്തിനെ വിളിച്ചപ്പോൾ സുശാന്ത് ഇന്ന് എനിക്ക് നൽകിയ മറുപടി കൂടി തരാം എന്നും ഫിറോസ് പറയുന്നു. 50 ലക്ഷം സുശാന്തിന് വന്നതിൽ നിന്നും 16 ലക്ഷം രൂപയാണ് ആഷിഖ് തോന്നയ്ക്കൽ കട്ടോണ്ട് പോയതെന്നും വെളെപ്പെടുത്തുന്നു. ഉമ്മയുടെ അകൗണ്ടിലേക്ക് മാറ്റിയതാണ് താൻ ചോദ്യം ചെയ്തത്. ആ രോഗിയുടെ കുടുംബവും ആഷിഖിന്റെ കുടുംബവും തമ്മിലുള്ള ധാരണയുടെ പുറത്താണ് ഈ പൈസ വകമാറ്റി ചിലവഴിച്ചതെന്നും സുശാന്ത് പ്രതികരിക്കുന്നതെന്ന് ഫിറോസ് പറയുന്നു.

പ്രവാസികളെ പറ്റിച്ച പൈസയാണ് ആഷിഖിനെ പോലെയുള്ളവർ കട്ടോണ്ട് പോകുന്നതെന്നും ഫിറോസ് പ്രതികരിക്കുന്നത്. ഇത്തരം വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താൻ ചാരിറ്റി വീഡിയോയുമായി വരില്ലെന്നും പറയുന്നു. നിർദ്ധരരായവരെ സഹായിക്കാൻ ഞാൻ രംഗത്തുണ്ടാകും. കായംകുളത്തുള്ള ഒരു സത്രിയെ ചേർത്ത് വരെ തനിക്കെതിരെ കള്ളകഥകളുണ്ടാക്കാൻ ശ്രമിച്ചു. ആ സ്ത്രി തന്നെ ഒടുവിൽ രംഗത്തെത്തി സത്യാവസ്ഥ ബോധ്യപ്പെടുത്തി. വീഡിയോ ചെയ്യണമെങ്കിൽ കൂടെകിടക്കണമെന്ന് വരെ പറഞ്ഞതായി എന്നെക്കുറിച്ച് ആരോപണമുയർത്തി. അതിനാൽ തന്നെയാണ് ഞാൻ ഇതിൽ നിന്ന് പിന്മാറുന്നത്. പോരാളി ഷാജി എന്ന പേജിലാണ് എനിക്കെതിരെ ആഷിഖ് തോന്നയ്ക്കൽ വീഡിയയുമായി എത്തിയത്. രാഷ്ട്രീയപരമായും ആക്രമണം നടത്തുകയാണെന്നും ഫിറോസ് പ്രതികരിക്കുന്നു.

സാമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയായ ഈ വ്യക്തി സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സുമനസുകളിൽ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളിൽ ഇടം പിടിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇദ്ദേഹത്തെ ഫേസ്‌ബുക്കിൽ പിന്തുടരുന്നത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആയിക്കണക്കിന് ആളുകളെയാണ്. സമൂഹമാധ്യമങ്ങൾ വഴി ഏറെ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് ഫിറോസിനൊപ്പം നിൽക്കാൻ ആളുകൾ തയാറാവുന്നത് പ്രവർത്തനങ്ങളിലെ ആത്മാർഥതയും സുതാര്യതയും കൊണ്ടാണ്. പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായത് ഏകദേശം മൂന്നര വർഷം മുൻപാണ്. ഇതിനാണ് വിരാമമിടുന്നത്.

ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഫിറോസ്. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ കഴിഞ്ഞ കുടുംബം. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി ആലത്തൂർ ടൗണിലൂടെ വരുന്ന സമയത്താണ് ഫിറോസിന് നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നത്. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം കണ്ട ഫിറോസിന് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല. വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് ഫിറോസിന് അരികിലെത്തി. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഫിറോസ് തയാറാക്കി. എൺപതോളം പേർ അതിൽ ഉൾപ്പെടുമായിരുന്നു.

ഇത്രയേറെ ആളുകൾക്കു ഭക്ഷണം നൽകാനുള്ള സാമ്പത്തിക സ്ഥിതി ഫിറോസിനില്ലായിരുന്നു. അതിനാൽ ആ ലിസ്റ്റുമായി ഫിറോസ് ആലത്തൂരിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി. രാത്രി കാലങ്ങളിൽ ഫിറോസ് തന്നെ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു. ആലത്തൂരിലെ കാര്യങ്ങൾ നിയന്ത്രണവിധേയമായപ്പോൾ പ്രവർത്തനങ്ങൾ പാലക്കാട്ടേക്കു വ്യാപിപ്പിച്ചു. അവിടെയും ഇതുപോലെ തന്നെ ഹോട്ടലുടമകളുടെ സഹായം തേടുകയാണുണ്ടായത്. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. ഇത്തരത്തിൽ സുമനസുകളുടെ സഹായം കൊണ്ടു നിരവധിപ്പേർക്ക് ഇന്നും മുടക്കമില്ലാതെ അന്നം ലഭിക്കുന്നു.

അതിന് ശേഷമാണ് ഫേസ്‌ബുക്ക് ലൈവിലൂടെ നുറുകണക്കിന് പേർക്ക് സഹായം ആവശ്യപ്പെട്ട് ഫിറോസ് എത്തിയത്. ഫിറോസിന്റെ അപേക്ഷ ഏറ്റെടുത്ത ആയിരക്കണക്കിന് ആളുകളുടെ നന്മയിൽ നുറുകണക്കിന് കുടുംബങ്ങളുടെ കണ്ണുനീരിന് അറുതി ആയിരുന്നു. അതിനിടയിലാണ് ഫിറോസിനെതിരായ ആരോപണങ്ങൾ ഉയരുന്നതും ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കാൻ ഫിറോസ് തീരുമാനിക്കുന്നതും. ഓൺലൈനിൽ രോഗികൾക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി മുതൽ റോഡരികിലുള്ള പാവപ്പെട്ടവർക്കുള്ള ഭക്ഷണമടക്കമുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും, അത് തുടരുമെന്നും ഫിറോസ് അറിയിച്ചു. രോഗികൾക്ക് വേണ്ടി ഇനി ജീവകാരുണ്യ പ്രവർത്തനം നടത്തില്ലെന്നും അതിന് തന്റെ സോഷ്യൽ മീഡിയ ഉപയോഗിക്കുകയില്ലെന്നും ഫിറോസ് പറഞ്ഞു. തനിക്കെതിരായ പരാതികളിൽ നിയമനടപടികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ഫിറോസ് പറഞ്ഞു.

ഫിറോസ് കുന്നംപറമ്പിൽ മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർഥിച്ചുവെന്ന വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജസ്ല മാടശ്ശേരിയെന്ന മുൻ കെ.എസ്.യു. നേതാവും ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരായി പ്രതികരിച്ച ഫേസ്‌ബുക്ക് ലൈവ് വീഡിയോയിൽ തനിക്കെതിരെ വിമർശനമുന്നയിച്ചത് വേശ്യാവൃത്തി നടത്തുന്ന സ്ത്രീയാണെന്ന് പേര് പരാമർശിക്കാതെ ഫിറോസ് പറഞ്ഞത് വലിയ വിവാദമായിരുന്നു.

ഇതോടെ ഫിറോസ് കുന്നംപറമ്പിലിന്റെ വേശ്യ പരാമർശം താനുൾപ്പെടെയുള്ള പ്രതികരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് ജസ്ല മാടശ്ശേരിയും രംഗത്തെത്തി. സംഭവത്തിൽ സ്വയം പ്രഖ്യാപിത നന്മമരമായ ഫിറോസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പിന്നീട് ഫിറോസ് മാപ്പ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP