Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക്ഡൗൺ കാരണം ജീവൻരക്ഷാ മരുന്നുകിട്ടിയില്ല; എറണാകുളത്തുനിന്നും മരുന്നുമായി നിലമ്പൂരിലേക്ക് തീവേഗത്തിൽ സേവനം; വൃദ്ധ ദമ്പതിമാർക്ക് എറണാകുളത്തുനിന്നും ഫയർ ഫോഴ്സ് മരുന്നെത്തിച്ചത് നാലര മണിക്കൂറിനുള്ളിൽ

ലോക്ക്ഡൗൺ കാരണം ജീവൻരക്ഷാ മരുന്നുകിട്ടിയില്ല; എറണാകുളത്തുനിന്നും മരുന്നുമായി നിലമ്പൂരിലേക്ക് തീവേഗത്തിൽ സേവനം; വൃദ്ധ ദമ്പതിമാർക്ക് എറണാകുളത്തുനിന്നും ഫയർ ഫോഴ്സ് മരുന്നെത്തിച്ചത് നാലര മണിക്കൂറിനുള്ളിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ക്ഡൗൺ കാരണം ജീവൻരക്ഷാ മരുന്നു കിട്ടാൻ വഴിയില്ലാതെ തീതിന്ന ചുങ്കത്തറയിലുള്ള രണ്ടു വീടുകളിലുള്ള വൃദ്ധ ദമ്പതിമാർക്ക് എറണാകുളത്തുനിന്നും നാലര മണിക്കൂറിനുള്ളിൽ മരുന്നെത്തിച്ചു നൽകി ഫയർഫോഴ്‌സിന്റെ മിന്നൽ സേവനം. ചുങ്കത്തറ രാമച്ചംപാടംത്തെ വിലങ്ങാട്ട് സേവ്യർ, ഭാര്യ ഏലിയാമ്മ സേവ്യർ, കുറ്റിമുണ്ട മരിയസദനത്തിൽ കോട്ടപ്പറമ്പിൽ ജേക്കബ് എന്നിവർക്കാണ് ഫയർഫോഴ്‌സ് മരുന്നെത്തിച്ചു നൽകിയത്.

ജീവൻരക്ഷാമരുന്നെത്തിക്കാൻ വഴിയില്ലാതെ രാവിലെയാണ് ഇവർ 101ൽ ഫയർഫോഴ്‌സിലേക്കു വിളിച്ചത്. മരുന്നെത്തിക്കാമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതോടെ രാവിലെ 11.30തിന് മരുന്ന് എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെത്തിച്ചു. ഉടൻ തന്നെ അവിടെയുള്ള ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ )ബിജോയ് കെ. പീറ്റർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ബി. എസ്. ശ്യാംകുമാർ, എ. പി. ഷിഫിൻ എന്നിവർ ജീപ്പുമായി നിലമ്പൂരിലേക്ക് കുതിച്ചു. പുറപ്പെട്ടപ്പോഴേക്കും ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ. ഉണ്ണികൃഷ്ണൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസർക്ക് വാട്‌സാപ്പ് വഴി മരുന്ന് എത്തിക്കേണ്ടവരുടെ മേൽവിലാസം അയച്ചുനൽകി.

നിലമ്പൂർ ഫയർ സ്റ്റേഷനിലെ ജീവനക്കാർ ദമ്പതികളുടെ വീട് കണ്ടെത്തുന്നു. ഉച്ചഭക്ഷണത്തിന് പോലും എവിടെയും നിർത്താതെ മൂന്നരയോടെ മരുന്നുമായി ജീപ്പ് നിലമ്പൂരിലെത്തുന്നു. ഉടൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഒരു സംഘം മരുന്നുമായെത്തിയവർക്ക് വഴികാണിക്കുന്നു. നാലുമണിയോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലുള്ള രോഗികൾക്കുള്ള മരുന്ന് കൈമാറുന്നു. കോറോണക്കാലത്തെ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ വേറിട്ട സേവനപ്രവർത്തനത്തിന്റെ നന്മയാണ് ഇന്നലെ കണ്ടത്. ലോക്ക് ഡൗൺ കാരണം അത്യാവശ്യ മരുന്നുകൾക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നവർക്ക് 101 ൽ വിളിച്ചാൽ ഫയർ സർവീസിന്റെ സേവനം ലഭ്യമാക്കുമെന്ന് ഡയക്ടർ ജനറൽ അറിയിച്ചിരുന്നു. നിലമ്പൂർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ. എസ്. പ്രദീപ്, കെ. മനേഷ്, എം. കെ. സത്യപാലൻ എന്നിവരും മരുന്ന് ദൂതർക്ക് വഴികാട്ടിയായി ഉദ്യമത്തിൽ പങ്കാളികളായി.

അതേ സമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നു മുതൽ 263 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,780 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 59 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 50 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂർ ജില്ലാ ആശുപത്രിയിൽ അഞ്ച്, നിലമ്പൂർ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും രണ്ടു പേർ വീതവും ഐസൊലേഷൻ വാർഡുകളിലുണ്ട്. 12,698 പേർ വീടുകളിലും 23 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.

ജില്ലയിൽ ഇന്നലെ 115 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 572 പേർക്കാണ് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. 64 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന മുഖ്യ സമിതി അവലോകന യോഗത്തിൽ അറിയിച്ചു.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കർശന ആരോഗ്യ ജാഗ്രത തുടരുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

വാർഡ് തലങ്ങളിൽ ദ്രുത കർമ്മ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ (ഏപ്രിൽ 01) 5,878 വീടുകളിൽ ദ്രുത കർമ്മ സംഘങ്ങൾ സന്ദർശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ള 1,421 പേർക്ക് ഇന്നലെ ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം കൗൺസലിങ് നൽകി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 412 മുതിർന്ന പൗരന്മാരെ ഇന്ന് പാലിയേറ്റീവ് നഴ്‌സുമാർ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP