Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പോടാ പുല്ലേ' നിലപാട് നിർത്താറായില്ലേ കാസർകോട് നഗരസഭേ എന്ന് ഒരേ സ്വരത്തിൽ നാട്ടുകാർ; നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന കാർണിവൽ തിയേറ്റർ സമുച്ചയത്തിൽ വീണ്ടും തീപിടുത്തം; പുക ഉയർന്നതിന് പിന്നാലെ ഇറങ്ങിയോടി പ്രേക്ഷകർ; ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലാത്ത കോംപ്ലക്‌സിൽ ഈ വർഷം ഇത് അഞ്ചാം അഗ്നിബാധ; തീയണച്ചത് മൂന്ന് ഫയർ എഞ്ചിൻ യൂണിറ്റുകൾ; അനാസ്ഥയെ പറ്റി മറുനാടൻ പലതവണ വാർത്ത നൽകിയിട്ടും അധികൃതർ വക 'അനങ്ങാപ്പാറ' നയം

'പോടാ പുല്ലേ' നിലപാട് നിർത്താറായില്ലേ കാസർകോട് നഗരസഭേ എന്ന് ഒരേ സ്വരത്തിൽ നാട്ടുകാർ; നിയമത്തെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന കാർണിവൽ തിയേറ്റർ സമുച്ചയത്തിൽ വീണ്ടും തീപിടുത്തം; പുക ഉയർന്നതിന് പിന്നാലെ ഇറങ്ങിയോടി പ്രേക്ഷകർ; ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലാത്ത കോംപ്ലക്‌സിൽ ഈ വർഷം ഇത് അഞ്ചാം അഗ്നിബാധ; തീയണച്ചത് മൂന്ന് ഫയർ എഞ്ചിൻ യൂണിറ്റുകൾ; അനാസ്ഥയെ പറ്റി മറുനാടൻ പലതവണ വാർത്ത നൽകിയിട്ടും അധികൃതർ വക 'അനങ്ങാപ്പാറ' നയം

മറുനാടൻ ഡെസ്‌ക്‌

കാസർകോട് : പൊതുജനത്തിന്റെ ജീവന് ഭീഷണിയാവുകയാണ് കാസർകോട് നഗരസഭയിലെ കാർണിവൽ തിയേറ്റർ കോംപ്ലക്‌സ് എന്ന് നിരവധി തവണ വാർത്ത വന്നിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം തുടരവേയാണ് വീണ്ടും ഇവിടെ തീപിടുത്തമുണ്ടായിരിക്കുന്നത്. കാർണിവൽ തിയേറ്റർ സമുച്ചയം നഗരസഭയ്ക്ക് കൈക്കൂലി നൽകി ലൈസൻസ് നേടിയതാണെന്ന് ആരോപണം ഉയരവേയാണ് വീണ്ടും നടുക്കുന്ന അഗ്നിബാധ ഉണ്ടായിരിക്കുന്നത്. ജനറേറ്ററിൽ നിന്നും ഉയർന്ന തീ ആളികത്തിയപ്പോൾ ശ്വാസതടസ്സമുണ്ടായി പ്രേക്ഷകർ ഇറങ്ങി ഓടുകയായിരുന്നു. ഈ വർഷം തന്നെ ഇത് അഞ്ചാമത്തെ തീപിടുത്തമാണ് ഇവിടെ സംഭവിക്കുന്നത്. നേരത്തെ തീപിടുത്തമുണ്ടായപ്പോൾ സംഭവം പുറത്തറിയാതിരിക്കാൻ വേണ്ടി തിയേറ്റർ അധികൃതർ മൂടിവെക്കുകയായിരുന്നു.

ജനറേറ്ററിൽ നിന്നും ഉയർന്ന തീ തീയേറ്ററിലേക്ക് പടരുകയായിരുന്നു. അഗ്‌നി സുരക്ഷയുടെ ഭാഗമായി സംരക്ഷിക്കാനുള്ള വെള്ളം പോലും സംഭരിക്കാൻ കെട്ടിടത്തിന് സാധിക്കാത്തതു കാരണം തീയണയ്ക്കാൻ ഫയർ ഫോഴ്സിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. മൂന്ന് ഫയർ എഞ്ചിൻ യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ഫയർ & സേഫ്റ്റിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് തിയേറ്റർ കോംപ്ലക്‌സ് പ്രവർത്തിച്ച് വരുന്നത്. ഇതിനെതിരെ കാസർകോട്ടെ അഴിമതി വിരുദ്ധസംഘടനയായ ജിഎച്ച് എമ്മും മറുനാടൻ മലയാളി ചാനലും മുൻസിപ്പൽ അധികാരികൾക്ക് പരാതി നൽകിയിരുന്നു. ജനങ്ങളുടെ ജീവനുപോലും വിലകൽപ്പിക്കാത്ത നഗരസഭയും ഉദ്യോഗസ്ഥരും പണത്തിനു വേണ്ടി ആരെ കൊല്ലാൻ പോലും തയ്യാറാകും.

അക്ഷരാഭ്യാസമില്ലാതെയും ഭൗതികവീക്ഷണവും ഇല്ലാത്ത രീതിയിലാണ് നഗരസഭയിലെ മൂന്നംഗ ജനപ്രതിനിധി സംഘങ്ങൾ തീയേറ്റർ സുരക്ഷിതമാണെന്നും പ്രവർത്തന യോഗ്യമാണെന്നും ശുപാർശ നൽകിയത്. നഗരസഭ സെക്രട്ടറി അടങ്ങുന്ന സംഘം അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് പ്രവർത്തനാനുമതി നൽകിയതെന്ന അടക്കം പറച്ചിൽ ഇവിടെ സത്യമാവുകയാണ്. ജനങ്ങളുടെ ജീവനു പോലും പുല്ല് വില കൽപ്പിക്കാത്ത കാസർകോട് നഗരസഭയിലെ ഭരണാധികാരികൾക്കെതിരെ കൊലപാതക ശ്രമത്തിനടക്കമുള്ള കേസെടുക്കണമെന്നാണ് ജനവികാരം. മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന അഗ്‌നിസുരക്ഷ വിഭാഗം നൽകിയ നോട്ടീസിന് കടലാസിന്റെ വില പോലും നഗരസഭ നൽകിയിരുന്നില്ല.

ജില്ലാ ഭരണാധികാരി തിയേറ്റർ കോംപ്ലക്സിനെതിരെ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇത്തരം ആളെക്കൊല്ലി തിയേറ്ററുകൾ പ്രേക്ഷകർ ബഹിഷ്‌കരിക്കണം അല്ലെങ്കിൽ സിനിമ കാണാൻ പോകുന്ന പ്രേക്ഷകർ മിനിമം ഇൻഷുറൻസ് എങ്കിലും എടുത്തിരിക്കണം. ഇവർക്കെതിരെ കേരള സർക്കാറിന് നടപടിയെടുക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. കാരണം ഇതിന്റെ മുതലാളി ആ പഴയ ബസ്സ് മുതലാളി തന്നെയാണ്. മുതലാളിക്കു മുന്നിൽ എന്ത് സർക്കാർ എന്ത് നിയമം.

ലീഡിങ് ഫയർമാനായ സ്റ്റേഷൻ ഇൻചാർജ് സതീഷ് കുമാർ കെ, ലീഡിങ് ഫയർമാനായ സാജി എസ്, ഫയർമാന്മാരായ ഗണേശൻ കിണറ്റിൻ കര, ഹരി കെ സുകുമാർ, ലിപിൻ, വിൻഷ് രാജ്, ഫയർമാൻ ഡ്രൈവർ അനീഷ്, ശാന്തിത് കുമാർ, അനുപ് എൻ എസ്, പ്രസീദ്, ഹോംഗാഡ്മാരായ ആനന്ദൻ കെ, സന്തോഷ് കുമാർ, നാരായണൻ, രാമചന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് തീയണച്ചത്.

അഗ്നി സുരക്ഷാ ലൈസൻസ് ഇല്ലെന്ന് നാളുകൾക്ക് മുൻപേ അറിയിട്ടും 'നോ രക്ഷ'

കാസർകോട് നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ സമുച്ചയം (കാർണിവൽ ) ഉൾപ്പെടെ നഗരപരിധിയിലെ നൂറിലേറെ ബഹുനിലകെട്ടിടങ്ങൾക്ക് അഗ്‌നിസുരക്ഷാ ലൈസൻസ് ഇല്ലെന്ന് ഫയർഫോഴ്സ്. ഇതിൽ ആശുപത്രികളും ലോഡ്ജുകളും വാണിജ്യസ്ഥാപനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ ദുരന്തഭീഷണി നിലനിൽക്കുന്നത് 5 തീയേറ്ററുകൾ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ കോംപ്ലക്സിലാണ്. കോംംപ്ലക്സിൽ കെട്ടിടനിർമ്മാണച്ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ച നിലയിലാണ്.

അഗ്‌നി സുരക്ഷാ ക്രമീകരണങ്ങൾ യഥാവിധം തിയേറ്ററിലില്ല. ഇതിനെതിരെ റീജണൽ ഫയർ ഓഫീസറുടെ കാര്യലയത്തിൽ നിന്നടക്കം മുന്നറിയിപ്പ് ഉണ്ടായിട്ടും ഫലപ്രദമായ നടപടികൾ എടുക്കാൻ നഗരസഭ തയ്യറായിട്ടില്ല. നഗരസഭ നേരിട്ട് അടച്ചുപൂട്ടാൻ നാലു തവണ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇത് ജനങ്ങളുടെയും നിയമത്തിന്റെയും കണ്ണിൽ പൊടിയിട്ട് തീയേറ്റർ മുതലാളിയെ സംരക്ഷിക്കാനുള്ള സൂത്രവിദ്യകൾ മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്. ഭൂനിരപ്പിൽ നർത്തകിയും, ബാക്കിയുള്ള നാലുനിലകളിൽ കന്യക, മുഗൾ, മെഹബൂബ്, സമ്രാട്ട്, എന്നീ തിയേറ്ററുകളുമാണ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്സ് റീജണൽ ഓഫീസിൽ നിന്ന് ജില്ലാകളക്ടർക്ക് 2019 മാർച്ച് 27ന് നൽകിയ കത്തിൽ പറയുന്നത് മെഹബൂബ് തീയേറ്റർ അഗ്‌നിശമന വകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ്.

ഇങ്ങനെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കെട്ടിടം പൂർണ്ണതോതിൽ അഗ്‌നിരക്ഷാ- അഗ്‌നിശമന വീക്ഷണകോണിൽ സുരക്ഷിതമല്ല. ആയതിനാൽ ദുരന്തനിവാരണ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് രേഖമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ആർഎഫ്ഒ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഹബൂബിലെത്തി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിനെ തുടർന്നാണ് കണ്ണൂരിലെ റീജണൽ ഫയർഓഫീസർ സുജിത്ത് കുമാർ ജില്ലാകളക്ടർക്ക് ദുരന്തമുന്നറിയിപ്പ് നൽകിയത്.

2003ലാണ് അവസാനമായി ഇതിന് ഫയർ എൻ ഒ സി ലഭിക്കുന്നത്. അത് 7 മീറ്ററിൽ ഉയരത്തിൽ പ്രവർത്തിക്കുന്ന ഒന്നും രണ്ടും നിലകൾക്ക് മാത്രമായിരുന്നു. 22-09-2016ൽ ഫയർഫോഴ്‌സിന്റെ (633/16) നോട്ടീസ് പ്രകാരം കാസർകോട് നഗരസഭ 24-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലുടെ അടച്ചുപൂട്ടാതിരിക്കാൻ കാരണമുണ്ടൊയെന്ന് അന്വേഷിച്ചു. തുടർന്ന് തീയേറ്റർ ഉടമ മറുപടി നൽകാത്തതിനെ തുടർന്ന് 26-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലൂടെ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. തുടർന്ന് 04-10-2016ൽ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ സ്വാധീനിച്ച് നടപടികൾ റദ്ദ് ചെയ്യാനുള്ള ഉത്തരവ് സ്വന്തമാക്കി. ശേഷം 06-10-2016ന് റീജണൽ ജോയിന്റ് ഡയറക്ടർ പരിശോധന നടത്തിയെങ്കിലും തുടർ നിർദ്ദേശങ്ങളോ ഉത്തരവുകളോ ലഭിച്ചില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP