Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ഇപ്പോഴും തുടരുന്നത് ബ്രിട്ടീഷുകാരുടെ ഫയർ ലൈൻ; കാട്ടുതടി രക്ഷിക്കാനുള്ള പഴഞ്ചൻ രീതിയിൽ മറക്കുന്നത് കാടിനെയാണ് രക്ഷിക്കേണ്ടതെന്ന യാഥാർത്ഥ്യം; തീ അണയ്ക്കാൻ വനപാലകരുടെ കൈയിലുള്ളത് നീളമുള്ള പൈപ്പിന്റെ അറ്റത്ത് റബ്ബർവള്ളി പിടിപ്പിച്ചുള്ള സംവിധാനം; ഫയർ ബീറ്റർ ലഭ്യമല്ലെങ്കിൽ മരങ്ങളുടെ ഇലയുള്ള കമ്പുകളൊടിച്ച് തീകെടുത്തണം; കാട്ടിലെ അഗ്നിയെ നേരിടുന്നവർക്ക് അഗ്നിശമനത്തിൽ പരിശീലനവുമില്ല; കൊറ്റമ്പത്തൂരിൽ കാട്ടുതീ ചർച്ചയാക്കുന്നത് വനംവകുപ്പിലെ അശാസ്ത്രിയതകളെ

ഇപ്പോഴും തുടരുന്നത് ബ്രിട്ടീഷുകാരുടെ ഫയർ ലൈൻ; കാട്ടുതടി രക്ഷിക്കാനുള്ള പഴഞ്ചൻ രീതിയിൽ മറക്കുന്നത് കാടിനെയാണ് രക്ഷിക്കേണ്ടതെന്ന യാഥാർത്ഥ്യം; തീ അണയ്ക്കാൻ വനപാലകരുടെ കൈയിലുള്ളത് നീളമുള്ള പൈപ്പിന്റെ അറ്റത്ത് റബ്ബർവള്ളി പിടിപ്പിച്ചുള്ള സംവിധാനം; ഫയർ ബീറ്റർ ലഭ്യമല്ലെങ്കിൽ മരങ്ങളുടെ ഇലയുള്ള കമ്പുകളൊടിച്ച് തീകെടുത്തണം; കാട്ടിലെ അഗ്നിയെ നേരിടുന്നവർക്ക് അഗ്നിശമനത്തിൽ പരിശീലനവുമില്ല; കൊറ്റമ്പത്തൂരിൽ കാട്ടുതീ ചർച്ചയാക്കുന്നത് വനംവകുപ്പിലെ അശാസ്ത്രിയതകളെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഫയർലൈൻ നയം മാത്രമാണ് കാട്ടുതീ തടയാൻ ഇപ്പോഴും സ്വീകരിക്കുന്നത്. കാട്ടുതടി രക്ഷിക്കുക എന്നതു മാത്രമായിരുന്നു ബ്രിട്ടീഷ് നയം. കാട് രക്ഷിക്കുക എന്നത് നയമല്ലായിരുന്നു. 'ഫയർ ലൈനുകൾ' ഇടാനായി ലക്ഷങ്ങളാണ് ഓരോവർഷവും ചെലാവകുന്നത്. ഇതാണ് വച്ചർമാരുടേയും ജീവനെടുക്കുന്നത്. പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ മൂന്ന് വനംവകുപ്പ് വാച്ചർമാർ വെന്തുമരിച്ചത് അതിധാരുണമായാണ്.

വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബൽ വാച്ചറുമായ കെ.വി. ദിവാകരൻ(43), താത്കാലിക ഫയർ വാച്ചർ എരുമപ്പെട്ടി കുമരനെല്ലൂർ കൊടുമ്പ് എടവണ വളപ്പിൽവീട്ടിൽ എം.കെ. വേലായുധൻ(55) താത്കാലിക ഫയർ വാച്ചർ കുമരനെല്ലൂർ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ വി.എ. ശങ്കരൻ (46) എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരൻ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.ആർ. രഞ്ജിത്ത്(37) കാട്ടുതീയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു.

കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ വനംവകുപ്പു ജീവനക്കാരുടെ ജീവൻ പൊലിഞ്ഞ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2 വർഷം മുൻപു വയനാട് പുൽപ്പള്ളി വന്യജീവി സങ്കേതത്തോടു ചേർന്നുണ്ടായ കാട്ടുതീയിൽ ഗാർഡ് ബീജാപ്പൂർ സ്വദേശി മുനിയപ്പ വെന്തുമരിച്ചിരുന്നു. 2 ഫയർ വാച്ചർമാർക്കും അന്നു ഗുരുതര പരുക്കേറ്റു. വനം കൺസർവേറ്ററുടെ ഔദ്യോഗിക വാഹനത്തിനു തീപിടിക്കുകയും ചെയ്തു.

കുളത്തൂപ്പുഴ വനത്തിൽ തീയണയ്ക്കാൻ പോയ സംഘത്തിലെ വാച്ചർ കുളത്തൂപ്പുഴ അടിപറമ്പു സ്വദേശി ഗംഗാധരനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത് ഏതാനും വർഷം മുൻപാണ്. നെടുങ്കണ്ടത്ത് കാട്ടുതീ കെടുത്തുന്നതിനിടെ തമിഴ്‌നാട് വനംവകുപ്പിലെ വാച്ചർ നമ്മാൾവാർ പൊള്ളലേറ്റു മരിച്ചതും ഏതാനും വർഷം മുൻപാണ്. വനയാത്രയ്ക്കു പോയ 37 അംഗ സംഘത്തിലെ 5 സ്ത്രീകളടക്കം 8 പേർ തമിഴ്‌നാട് കേരള അതിർത്തിയിലെ കൊരങ്ങിണിയിൽ കാട്ടുതീയിൽപ്പെട്ടു മരിച്ചത് കഴിഞ്ഞ വർഷമാണ്.

നീളമുള്ള പൈപ്പിന്റെ അറ്റത്ത് റബ്ബർവള്ളി പിടിപ്പിച്ചുള്ള സംവിധാനമാണ് തീകെടുത്താൻ വനംവകുപ്പ് ജീവനക്കാർക്ക് കൊടുത്തിട്ടുള്ളത്. ആറടി നീളമുള്ള ഇരുമ്പ് പൈപ്പിന്റെ അറ്റത്ത് മൂന്നിഞ്ച് വീതിയിൽ കീറിയ റബ്ബർ ഷീറ്റ് പിടിപ്പിച്ചാണിത് ഉണ്ടാക്കിയിരിക്കുന്നത്. ചെറിയ തീയുണ്ടായാൽ തല്ലിക്കെടുത്താം എന്നതൊഴിച്ചാൽ ഇതുകൊണ്ട് പ്രയോജനമില്ല. ഫയർ ബീറ്റർ എന്നാണ് ഇതിന്റെ പേര്. ഫയർ ബീറ്റർ ലഭ്യമല്ലെങ്കിൽ മരങ്ങളുടെ ഇലയുള്ള കമ്പുകളൊടിച്ച് തീകെടുത്തും. തീ ആളികത്തിയാൽ ഒന്നും ചെയ്യാനാകില്ല. അപരിഷ്‌കൃതവും അശാസ്ത്രീയവുമായ സംവിധാനമാണിത്. വെള്ളം നിറച്ച ബാഗും അതിൽനിന്ന് പമ്പ് ചെയ്ത് ചീറ്റിക്കാവുന്നതുമായ സംവിധാനം ഈയിടെ ഓസ്ട്രേലിയയിൽ കാട്ടുതീ ഉണ്ടായപ്പോൾ ഉപയോഗിച്ചിരുന്നു. വണ്ടിയെത്താത്തതും വെള്ളം ഇല്ലാത്തതുമായ സ്ഥലത്ത് ഇത് ഒരാൾക്ക് തോളിൽ തൂക്കി കഴിവതും വേഗം എത്താൻ സാധിക്കുന്ന സംവിധാനമാണ്. ജീവനക്കാർക്ക് തീ അണയ്ക്കുന്നതിൽ പ്രത്യേക പരിശീലനവും ആർക്കും ഇല്ല.

സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം ജീവനക്കാർ ഒരു സാധ്യത കണ്ടെത്തി തീ അണയ്ക്കുന്നു. അഗ്നിശമനം എന്നത് അവിടെ പാഠ്യവിഷയമേ അല്ല. തീ അണയ്ക്കാൻ കാട്ടിനുള്ളിലേക്കെത്താനുള്ള മൂന്ന് വാഹനങ്ങൾ വകുപ്പ് വാങ്ങിയെങ്കിലും അത് കൃത്യമായി ഉപയോഗിക്കുന്നുമില്ല. കാട്ടുതീയിൽ ഏറിയപങ്കും തനിയെ ഉണ്ടാകുന്നതല്ല. പലതും മനുഷ്യസൃഷ്ടിയാണ്. വേനലിൽ ഉണങ്ങിയ പുല്ലുകൾക്ക് തീയിടുന്നു. പിന്നെ തിരിഞ്ഞുനോക്കില്ല. അത് പടർന്ന് വലിയ കാട്ടുതീയായി മാറുന്നു. ഇത് പലപ്പോഴും കെടുത്താൻ അസാധ്യമാണ്. അടിക്കാടിനു തീപിടിക്കുന്നതാണ് കാട്ടിലെ തീ അപകടകരമാക്കുന്നത്. ഉണങ്ങിയ പുല്ലുകളിൽ അതിവേഗത്തിൽ പടരുന്നതിനാൽ തീയണയ്ക്കുക ഏറെ ശ്രമകരമാണ്. അടിക്കാടിന് തീപിടിക്കുന്നത് മണ്ണിനെ ദുർബലമാക്കുകയും ഈ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടാവുകയും ചെയ്യുന്നു. പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ പല പ്രദേശങ്ങളിലും അതിനുമുമ്പേ കാട്ടുതീ നാശം വിതച്ചിടമായിരിക്കും.

കൊറ്റമ്പത്തൂർ വനത്തിൽ 3 പേരുടെ ജീവനെടുത്തിട്ടും ഏക്കർ കണക്കിനു ഭൂമി തിന്നൊടുക്കിയിട്ടും അണയാതെ തീ പടരുകയാണ്. 3 ദിവസമായി കാടിനെ വിഴുങ്ങുന്ന തീ ഒരുപരിധി വരെ നിയന്ത്രിക്കാൻ വനംവകുപ്പ് ജീവനക്കാർക്കു കഴിഞ്ഞെങ്കിലും പൂർണമായി അണയ്ക്കാനായിട്ടില്ല. ജനവാസമേഖലയായ പള്ളിക്കര മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും. രക്ഷാപ്രവർത്തനത്തിനെത്തുന്ന സേനാംഗങ്ങൾ പുകയും ചൂടും മൂലം വലയുന്നു. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ജയരാജിന് അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനംവകുപ്പിന്റെ ഫയർ റെസ്‌പോണ്ടർ വാഹനങ്ങളും അഗ്‌നിരക്ഷാസേനയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മധ്യമേഖല സിസിഎഫ് ദീപക് മിശ്ര, ഡിഎഫ്ഒമാരായ എ. രഞ്ജൻ, എസ്.വി. വിനോദ്, ത്യാഗരാജൻ, നരേന്ദ്രബാബു, സെൻട്രൽ സർക്കിൾ ടെക്‌നിക്കൽ അസിസ്റ്റന്റ് സുർജിത്, വടക്കാഞ്ചേരി റേഞ്ച് ഓഫിസർ ഡൽട്ടോ എൽ മറോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. തൃശൂരിലെ അഗ്‌നിരക്ഷാസേനയ്ക്കു പുറമേ ഷൊർണൂരിൽ നിന്നുള്ള സംഘവും എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP