Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

രണ്ടു കോടി മുടക്കി ഏഴു മാസത്തെ നവീകരണ പ്രവർത്തനം; പത്തു വർഷം വരെ ആയുസ്; അത്യാധുനിക സാങ്കേതിക സവിശേഷതയെന്നും നിർമ്മാണ കമ്പനി; 142 പേരുടെ ജീവനെടുത്ത ഗുജറാത്ത് മോർബിയയിലെ തൂക്കുപാലം ദുരന്തത്തിൽ കേസെടുത്തു; ഒറേവ ഗ്രൂപ്പിലെ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ

രണ്ടു കോടി മുടക്കി ഏഴു മാസത്തെ നവീകരണ പ്രവർത്തനം; പത്തു വർഷം വരെ ആയുസ്; അത്യാധുനിക സാങ്കേതിക സവിശേഷതയെന്നും നിർമ്മാണ കമ്പനി; 142 പേരുടെ ജീവനെടുത്ത ഗുജറാത്ത് മോർബിയയിലെ തൂക്കുപാലം ദുരന്തത്തിൽ കേസെടുത്തു; ഒറേവ ഗ്രൂപ്പിലെ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയയിൽ 142 പേരുടെ മരണത്തിന് ഇടയാക്കിയ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ സ്വകാര്യ നിർമ്മാണ കമ്പനിക്കെതിരെ കേസെടുത്തു. തൂക്കുപാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഓവേറ ഗ്രൂപ്പ് കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഒറേവ ഗ്രൂപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം

ജനങ്ങൾ കൂട്ടത്തോടെ ഇടിച്ചു കയറിയതാണ് തൂക്കുപാലം തകരാൻ കാരണമെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. അമിതഭാരം പാലത്തിന്റെ ഘടനാപരമായ സമഗ്രതയെ ദുർബലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു.

രാജ്യം നടുങ്ങിയ ദുരന്തത്തിൽ മരണ സംഖ്യ ഉയർന്ന് കൊണ്ടേയിരിക്കുന്നു. 500ഓളം പേർ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ എത്രപേർ വെള്ളത്തിൽ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോൺഉപയോഗിച്ചുള്ള തെരച്ചിലാണ കരസേന ഇന്ന് നടത്തിയത്.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാത്രി തന്നെ ദുരന്ത മേഖലയിൽ എത്തി. ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വിയാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്‌കോട്ട് എംപി മോഹൻഭായ് കല്യാൺജിയുടെ കുടുംബത്തിലെ 12 പേരും മരിച്ചവരിലുണ്ട്. ഇതിൽ 5 പേർ കുട്ടികളാണ്. ആകെ 56 കുട്ടികൾ മരിച്ചെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിട്ട വിവരം.

തൂക്കുപാലം നവീകരിച്ചത് അത്യാധുനിക സാങ്കേതിക സവിശേഷതകളോടെയാണെന്ന് സ്വകാര്യ കമ്പനി വ്യക്തമാക്കിയിരുന്നു. ഇത്തരം സാങ്കേതികതയോടെ നിർമ്മിച്ച പാലം എട്ടു മുതൽ പത്തു വർഷം വരെ യാതൊരു പ്രശ്‌നവുമില്ലാതെ നിലനിൽക്കുമെന്നായിരുന്നു ഓവേറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്‌സുഖ്ഭായി പട്ടേൽ അറിയിച്ചത്.

ഏഴു മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം പാലം ഔദ്യോഗികമായി തുറക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കമ്പനിയുടെ അവകാശവാദം. മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമ്മിച്ച 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുൻപാണു തുറന്നത്.

'ജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച് നാശനഷ്ടങ്ങൾ വരുത്താതിരുന്നാൽ ഇപ്പോൾ നവീകരിച്ച പാലം 15 വർഷം വരെ നിലനിൽക്കും' എന്നാണ് ഒവേറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അറിയിച്ചത്. 100 ശതമാനവും നവീകരിച്ചെന്നും രണ്ടു കോടി രൂപ മുതൽമുടക്കിയെന്നും അദ്ദേഹം അറിയിച്ചു. പ്രവേശനം പരിമിതപ്പെടുത്താനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രവേശന ഫീസ് ഈടാക്കുമെന്നും പറഞ്ഞിരുന്നു.

രാജ്യത്തെ നടുക്കിയ അപകടമാണ് ഇന്നലെ വൈകീട്ടോടെ ഗുജറാത്തിലെ മോർബിയിൽ സംഭവിച്ചത്. പുതുക്കിപ്പണിത തൂക്കുപാലം തകർന്നുവീണ് നിരവധി പേർ മരിച്ച ദാരുണമായ അപകടത്തിന്റെ വിശദാംശങ്ങൾ വേദനയോടെയാണ് രാജ്യം കേൾക്കുന്നത്. അഞ്ഞൂറോളം പേർ ഉൾപ്പെട്ട ദുരന്തത്തിൽ ഇനിയും മരണസംഖ്യ ഉയരുമെന്നതാണ് സൂചന.

എത്ര പേരെ രക്ഷപ്പെടുത്തിയെന്നോ, എത്ര പേർ പാലം തകർന്നുവീണ പുഴയിൽ മുങ്ങിയെന്നോ ഇനിയും സ്ഥിരീകരണമായിട്ടില്ല. അതിനാൽ തന്നെ ലഭിച്ച മൃതദേഹങ്ങളുടെ കണക്ക് മാത്രമാണ് പുറത്തുവരുന്നത്.

വൈകീട്ട് ആറരയോടെയാണ് മോർബിയിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നുവീണത്. ഈ സമയം ഒരു ഉത്സവം നടക്കുകയായിരുന്നു ഇവിടെ. അതിനാൽ തന്നെ ധാരാളം പേരും പാലത്തിലുണ്ടായിരുന്നു. നിമിഷങ്ങൾ കൊണ്ട് പാലം തകർന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനോ എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനോ മുമ്പ് തന്നെ നൂറുകണക്കിന് മനുഷ്യർ അലമുറകളോടെ പുഴയിലേക്ക് തെറിച്ചുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ആദ്യം നാട്ടുകാർ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ദേശീയ ദുരന്തനിവാരണസേനയും സജീവമായി. ദുരന്തസ്ഥലത്ത് നിന്ന് ആദ്യദിനം പിന്നിടുമ്പോൾ ഹൃദയം നുറുങ്ങുംവിധത്തിലുള്ള കാഴ്ചകളാണ് പുറം ലോകത്തെ തേടിയെത്തുന്നത്. ഏതൊരു വലിയ അപകടവും അവശേഷിപ്പിക്കുന്ന കണ്ണീർക്കാഴ്ചകൾ.

രക്ഷാപ്രവർത്തകരിൽ ചിലർ മാധ്യമങ്ങൾക്ക് നൽകിയ വിവരണങ്ങൾ തന്നെ ഈ അപകടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. 'ഞാൻ നോക്കിനിൽക്കെ, എന്റെ കൺമുന്നിലാണ് പാലം തകർന്ന് താഴെ വീണത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ്, രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് കൊണ്ടിരിക്കെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു സ്ത്രീ എനിക്കരികിൽ വന്ന് ഒരു ഫോട്ടോ കാണിച്ചു. അത് അവരുടെ കുഞ്ഞിന്റെ ഫോട്ടോ ആയിരുന്നു. ഞാൻ രക്ഷപ്പെടുത്തിയവരിൽ ആ കുഞ്ഞ് ഉണ്ടോയെന്നായിരുന്നു അവർ അന്വേഷിച്ചത്. കുഞ്ഞ് മരിച്ചുപോയി എന്ന വിവരം എനിക്കവരോട് പറയാൻ സാധിച്ചില്ല. വല്ലാത്തൊരു ആഘാതമായിരുന്നു ആ നിമിഷങ്ങൾ എന്നിലുണ്ടാക്കിയത്...'- രാത്രി മുഴുവൻ രക്ഷാപ്രവർത്തനത്തിൽ സജീവമായി നിന്ന നാട്ടുകാരനായ ആൾ പറയുന്നു.

ഇങ്ങനെ പലവിധത്തിലുള്ള വേദനാജനകമായ അനുഭവങ്ങളാണ് രക്ഷാപ്രവർത്തകർ മാധ്യമങ്ങളുമായി പങ്കിടുന്നത്. ഇപ്പോഴും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ അഞ്ച് മക്കൾ അപകടത്തിൽ മരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മാത്രം 12 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലം അറ്റകുറ്റപ്പണികൾക്ക് ശേഷം ഈ മാസം 25നാണ് തുറന്നത്. ചരിത്രപ്രാധാന്യമുള്ളതിനാൽ തന്നെ ഇവിടത്തെ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണീ പാലം. ദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP